പ്രധാനമന്ത്രിയുടെ ഓഫീസ്
വരാണസിയിലെ രുദ്രാകാഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 'വണ്‍ വേള്‍ഡ് ടി.ബി ഉച്ചകോടി'യില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
Posted On:
24 MAR 2023 2:33PM by PIB Thiruvananthpuram
ഹര്‍ ഹര്‍ മഹാദേവ്!
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി. ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ ജി, ഉപമുഖ്യമന്ത്രി ശ്രീ ബ്രിജേഷ് പഥക് ജി, വിവിധ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍, ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടര്‍, എല്ലാ വിശിഷ്ട വ്യക്തികള്‍, സ്‌റ്റോപ്പ് ടി.ബി പങ്കാളിത്തം ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ പ്രതിനിധികള്‍, മഹതികളെ മഹാന്മാരെ!
'വണ്‍ വേള്‍ഡ് ടി.ബി ഉച്ചകോടി' കാശിയില്‍ നടക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഭാഗ്യവശാല്‍ ഞാനും കാശിയില്‍ നിന്നുള്ള എം.പിയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യരാശിയുടെ കഠിനാദ്ധ്വാനത്തിനും പ്രയത്‌നത്തിനും സാക്ഷ്യം വഹിച്ച അനശ്വര പ്രവാഹമാണ് കാശി നഗരം. വെല്ലുവിളി എത്ര വലിയതാണെങ്കിലും എല്ലാവരുടെയും പരിശ്രമത്തിലൂടെ പുതിയൊരു പരിഹാരം ഉയര്‍ന്നുവരുമെന്ന് കാശി സാക്ഷ്യപ്പെടുത്തുന്നു. ടി.ബി (ക്ഷയം) പോലുള്ള രോഗത്തിനെതിരായ നമ്മുടെ ആഗോള പരിഹാരത്തിനും കാശി ഒരു പുതിയ ഉത്തേജനം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
'വണ്‍ വേള്‍ഡ് ടി.ബി ഉച്ചകോടി'ക്കായി ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും കാശിയിലെത്തിയ എല്ലാ അതിഥികളെയും ഞാന്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
ഒരു രാജ്യം എന്ന നിലയില്‍ലുള്ള ഇന്ത്യയുടെ പ്രത്യയശാസ്ത്രത്തിന്റെ ആത്മാവ് ലോകം മുഴുവന്‍ ഒരു കുടുംബം! എന്ന 'വസുധൈവ കുടുംബകത്തിലാണ്' പ്രതിഫലിക്കുന്നത്. ഈ പുരാതന വിശ്വാസം ഇന്ന് ആധുനിക ലോകത്തിന് സമഗ്രമായ കാഴ്ചപ്പാടും സംയോജിത പരിഹാരങ്ങളും നല്‍കുന്നു. അതിനാലാണ്, ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടിയില്‍ 'ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി 'എന്ന ആശയം നിര്‍ദ്ദേശിച്ചുത്! ഒരു കുടുംബമെന്ന നിലയില്‍ ലോകം മുഴുവന്‍ പങ്കിടുന്ന ഭാവിയുടെ പ്രമേയമാണ് ഈ ആശയം. അടുത്തിടെ, 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യയും മുന്‍കൈ എടുത്തിട്ടുണ്ട്. ഇപ്പോഴിതാ, 'വണ്‍ വേള്‍ഡ് ടി.ബി ഉച്ചകോടിയി'ലൂടെ ഇന്ത്യ ആഗോള നന്മയുടെ മറ്റൊരു പ്രതിജ്ഞയും നിറവേറ്റുകയാണ്.
സുഹൃത്തുക്കളെ,
യഥാര്‍ത്ഥത്തില്‍ മുന്‍പൊന്നുമുണ്ടാകാത്ത തരത്തിലാണ് ഇന്ത്യ 2014 മുതല്‍ ക്ഷയരോഗത്തിനെതിരെ പുതിയ ചിന്തയോടെയും സമീപനത്തോടെയും പ്രവര്‍ത്തിച്ചുതുടങ്ങിയത്. ക്ഷയരോഗത്തിനെതിരായ ആഗോള പോരാട്ടത്തില്‍ ഇത് ഒരു പുതിയ മാതൃകയായതിനാല്‍ ഇന്ന്, ലോകം മുഴുവന്‍ ഇന്ത്യയുടെ ഈ പരിശ്രമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി ടി.ബിക്കെതിരായ പോരാട്ടത്തില്‍ പല മുന്നണികളിലും ഇന്ത്യ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ജനകീയ പങ്കാളിത്തം - ജന്‍ ഭാഗിദാരി; പോഷകാഹാരം മെച്ചപ്പെടുത്തല്‍ -- പോഷകാഹാരത്തിനായുള്ള ഒരു പ്രത്യേക സംഘടിതപ്രവര്‍ത്തനം; നൂതനാശയ ചികിത്സ (ട്രീറ്റ്‌മെന്റ് ഇന്നൊവേഷന്‍) - ചികിത്സയ്ക്കുള്ള ഒരു പുതിയ തന്ത്രം; സാങ്കേിതകവിദ്യാ സംയോജനം (ടെക് ഇന്റഗ്രേഷന്‍) - സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം; സൗഖ്യവും പ്രതിരോധവും -നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ, യോഗ തുടങ്ങിയ സംഘടിതപ്രവര്‍ത്തനങ്ങള്‍.
സുഹൃത്തുക്കളെ,
ജനകീയ പങ്കാളിത്തമാണ് ക്ഷയരോഗത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ നടത്തിയ അസാധാരണമായ പ്രവര്‍ത്തനം. അതുല്യമായ ഈ സംഘടിത പ്രവര്‍ത്തനത്തിന് ഇന്ത്യ എങ്ങനെയാണ് സമാരംഭം കുറിച്ചതെന്ന് അറിയുന്നത് വിദേശത്ത് നിന്നുള്ള നമ്മുടെ അതിഥികള്‍ക്ക് വളരെ രസകരമായിരിക്കും.
സുഹൃത്തുക്കളെ,
ടി.ബി. മുക്ത് (സ്വതന്ത്ര) ഭാരതം എന്ന സംഘടിത പ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ 'നി-ക്ഷയ് മിത്ര' ആകാന്‍ ഞങ്ങള്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ക്ഷയം എന്നതാണ് ടി.ബിക്ക് ഇന്ത്യയിലെ സംസാര പദം. ഈ സംഘടിതപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ശേഷം ഏകദേശം 10 ലക്ഷം ക്ഷയരോഗികളെ രാജ്യത്തെ പൗരന്മാര്‍ ദത്തെടുത്തിട്ടുണ്ട്. നമ്മുടെ രാജ്യത്ത് 10-12 വയസ്സുള്ള കുട്ടികള്‍ പോലും 'നി-ക്ഷയ് മിത്ര' ആയി ക്ഷയത്തിനെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യമുണ്ടാകും. തങ്ങളുടെ പിഗ്ഗി ബാങ്ക് (കുടുക്ക) തകര്‍ത്ത് ക്ഷയരോഗികളെ ദത്തെടുത്ത നിരവധി കുട്ടികളുണ്ട്. ക്ഷയരോഗബാധിതര്‍ക്കുള്ള ഈ 'നി-ക്ഷയ് മിത്ര'കളുടെ സാമ്പത്തിക സഹായം 1,000 കോടി രൂപയ്ക്ക് മുകളിലെത്തി. ക്ഷയത്തിനെതിരെ ഇത്തരമൊരു ബൃഹത്തായ സാമൂഹിക മുന്‍കൈ നടപ്പിലാകുന്നുവെന്നത് തന്നെ വളരെ പ്രചോദനകരമാണ്. ധാരാളം വിദേശ ഇന്ത്യക്കാരും ഈ ശ്രമത്തിന്റെ ഭാഗമായി മാറിയതില്‍ എനിക്ക് സന്തോഷമുണ്ട്. മാത്രമല്ല നിങ്ങളോടും ഞാന്‍ നന്ദിയുള്ളവനാണ്. ഇന്ന് വാരണാസിയില്‍ നിന്ന് അഞ്ച് പേരെ ദത്തെടുക്കുമെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചു.
സുഹൃത്തുക്കളെ,
വലിയ വെല്ലുവിളിയെ നേരിടാന്‍ ക്ഷയരോഗികളെ ഈ നി-ക്ഷയ് മിത്ര സംഘടിതപ്രവര്‍ത്തനം വളരെയധികം സഹായിച്ചിട്ടുണ്ട്. ക്ഷയരോഗികളുടെ പോഷകാഹാരമാണ് ഈ വെല്ലുവിളി. ഇത് കണക്കിലെടുത്ത്, 2018-ല്‍ ക്ഷയരോഗികള്‍ക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഞങ്ങള്‍ പ്രഖ്യാപിച്ചു. അതുമുതല്‍ ഏകദേശം 2,000 കോടി രൂപ ക്ഷയരോഗികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്തിട്ടുണ്ട്. ഏകദേശം 75 ലക്ഷം രോഗികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. ഇപ്പോള്‍ 'നി-ക്ഷയ് മിത്ര' പദ്ധതി ക്ഷയരോഗികള്‍ക്ക് പുത്തന്‍ ഊര്‍ജം പകരുന്നു.
സുഹൃത്തുക്കളെ,
പഴയ സമീപനം തുടരുമ്പോള്‍ മികച്ച ഫലം ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഒരു ക്ഷയരോഗിക്കും ചികിത്സ ലഭിക്കാതിരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ഒരു പുതിയ തന്ത്രത്തിന് രൂപം നല്‍കി. ക്ഷയരോഗികളുടെ പരിശോധനയും അവരുടെ ചികിത്സയും ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ഞങ്ങള്‍ ബന്ധിപ്പിച്ചു. സൗജന്യ ക്ഷയരോഗ പരിശോധനയ്ക്കായി രാജ്യത്തുടനീളമുള്ള ലാബുകളുടെ എണ്ണം ഞങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ക്ഷയരോഗികളുടെ എണ്ണം വളരെ കൂടുതലുള്ള സ്ഥലങ്ങളെ, ഞങ്ങള്‍ പ്രത്യേക ശ്രദ്ധാകേന്ദ്രമാക്കി കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു. ഈ പരിശ്രമങ്ങളുടെ ഭാഗത്തില്‍ 'ക്ഷയരോഗ വിമുക്ത പഞ്ചായത്ത്' ഒരു സുപ്രധാന ചുവടുവയ്പാണ്. 'ക്ഷയരോഗ വിമുക്ത പഞ്ചായത്തിന്' കീഴില്‍, എല്ലാ ഗ്രാമങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അവരുടെ ഗ്രാമത്തില്‍ ഒരു ക്ഷയരോഗി പോലും ഇല്ലായെന്നും അവരുടെ മികച്ച ആരോഗ്യം ഉറപ്പാക്കുമെന്നുമുള്ള പ്രതിജ്ഞയെടുക്കും. സാധാരണ ആറ് മാസത്തെ കോഴ്‌സിന് പകരം ക്ഷയരോഗ പ്രതിരോധത്തിനായി ഞങ്ങള്‍ മൂന്ന് മാസത്തെ ചികിത്സയ്ക്കും ആരംഭം കുറിയ്ക്കുന്നു. മുന്‍പ് ആറുമാസത്തേയ്ക്ക് രോഗികള്‍ എല്ലാ ദിവസവും മരുന്ന് കഴിക്കണമായിരുന്നു. പുതിയ സംവിധാനത്തിന് കീഴില്‍ രോഗികള്‍ ആഴ്ചയില്‍ ഒരിക്കല്‍ മരുന്ന് കഴിച്ചാല്‍ മതി. ഇത് രോഗികള്‍ക്ക് ആശ്വാസകരമാകുമെന്ന് മാത്രമല്ല, മരുന്നുകള്‍ കുറയുന്നുവെന്നതുകൂടി അര്‍ത്ഥമാക്കുന്നു.
സുഹൃത്തുക്കളെ,
ഈ ക്ഷയരോഗമുക്ത സംഘടിതപ്രവര്‍ത്തനത്തിനായി സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗത്തിനും ഇന്ത്യയും ഊന്നല്‍ നല്‍കുന്നു. ഓരോ ക്ഷയരോഗിക്കും അവര്‍ക്ക് ആവശ്യമായ പരിചരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഞങ്ങള്‍ നി-ക്ഷയ് പോര്‍ട്ടലിനും രൂപം നല്‍കിയിട്ടുണ്ട്. എല്ലാ ആധുനിക വഴികളിലും ഞങ്ങള്‍ ഡാറ്റ സയന്‍സും ഉപയോഗിക്കുന്നു. ആരോഗ്യ മന്ത്രാലയവും ഐ.സി.എം.ആറും സംയുക്തമായി ഉപ-ദേശീയ രോഗനിരീക്ഷണത്തിനായി ഒരു പുതിയ രീതി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് പുറമെ അത്തരമൊരു മാതൃക വികസിപ്പിച്ച ഒരേയൊരു രാജ്യം ഇന്ത്യയാണ്.
സുഹൃത്തുക്കളെ,
ഇത്തരം ശ്രമങ്ങള്‍ മൂലം ഇന്ത്യയില്‍ ക്ഷയരോഗികളുടെ എണ്ണം ഇന്ന് അതിവേഗം കുറഞ്ഞുവരികയാണ്. കര്‍ണാടകയും ജമ്മു കശ്മീരും ക്ഷയരോഗ വിമുക്ത പുരസ്‌ക്കാരത്തിന് അര്‍ഹരായി. ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരങ്ങളും നല്‍കിയിട്ടുണ്ട്. ഈ വിജയം നേടിയ എല്ലാവരേയും ഞാന്‍ അഭിനന്ദിക്കുകയും അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു. ഈ ഫലങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യ ഒരു വലിയ പ്രതിജ്ഞ എടുത്തിട്ടുണ്ട്. 2030 ഓടെ ക്ഷയരോഗം ഇല്ലാതാക്കണമെന്നതാണ് ആഗോള ലക്ഷ്യം. എന്നാല്‍ 2025-ഓടെ ക്ഷയരോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ ലക്ഷ്യത്തിന് അഞ്ച് വര്‍ഷം മുമ്പ്, ഇത്രയും വലിയ രാജ്യം ഇത്തരമൊരു ബൃഹത്തായ പ്രതിജ്ഞ! രാജ്യവാസികളുടെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രതിജ്ഞ. കോവിഡ് കാലത്ത് ഇന്ത്യയില്‍ ആരോഗ്യ അടിസ്ഥാനസൗകര്യ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കണ്ടെത്തുക ( ട്രേസ്) പരിശോധിക്കുക (ടെസ്റ്റ്),പിന്തുടരുക (ട്രാക്ക്), ചികിത്സിക്കുക (ട്രീറ്റ്), സാങ്കേതിക വിദ്യ തന്ത്രം (ടെക്‌നോളജി സ്ട്രാറ്റജി) എന്നിവയില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ക്ഷയരോഗത്തിനെതിരായ നമ്മുടെ പോരാട്ടത്തിലും ഈ തന്ത്രം നമ്മെ വളരെയധികം സഹായിക്കുന്നു. ഇന്ത്യയുടെ ഈ തദ്ദേശീയ സമീപനത്തില്‍ വലിയ ആഗോള സാദ്ധ്യതകളുണ്ട്, അത് നമ്മള്‍ ഒരുമിച്ച് ഉപയോഗിക്കേണം. ഇന്ന്, ക്ഷയരോഗ ചികിത്സയ്ക്കുള്ള 80 ശതമാനം മരുന്നുകളും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ഫാര്‍മ കമ്പനികളുടെ ഈ കഴിവ് ക്ഷയരോഗത്തിനെതിരായ ആഗോള സംഘടിത പ്രവര്‍ത്തനത്തിന് വലിയ കരുത്താണ്. ആഗോള നന്മയ്ക്കായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായതിനാല്‍, ഇന്ത്യയുടെ ഇത്തരം സംഘടിതപ്രവര്‍ത്തനങ്ങളുടെയും നൂതനാശയങ്ങളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും പ്രയോജനം കൂടുതല്‍ രാജ്യങ്ങള്‍ക്ക് ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഇതിനുള്ള ഒരു സംവിധാനം വികസിപ്പിക്കാന്‍ കഴിയും. അതെ, നമുക്ക് 'ക്ഷയരോഗം അവസാനിപ്പിക്കാം' എന്ന നമ്മുടെ പ്രതിജ്ഞ തീര്‍ച്ചയായും നിറവേറ്റാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. 'ക്ഷയരോഗം പരാജയപ്പെടും, ഇന്ത്യ വിജയിക്കും', മാത്രതമല്ല നിങ്ങള്‍ പറഞ്ഞതുപോലെ 'ക്ഷയരോഗം പരാജയപ്പെടും, ലോകം വിജയിക്കും'.
സുഹൃത്തുക്കളെ,
നിങ്ങളോട് സംസാരിക്കുമ്പോള്‍ പഴയ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. അത് നിങ്ങള്‍ എല്ലാവരുമായും പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. സബര്‍മതി ആശ്രമത്തില്‍ അദ്ദേഹം താമസിക്കുമ്പോള്‍ ഒരിക്കല്‍ അഹമ്മദാബാദിലെ ഒരു കുഷ്ഠരോഗാശുപത്രി ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചു. അന്ന് ആ ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ ഗാന്ധിജി വിസമ്മതിച്ചു. ഗാന്ധിജിക്ക് അദ്ദേഹത്തിന്റേതായ ഒരു പ്രത്യേകതയുണ്ട്. ഉദ്ഘാടനത്തിന് വരില്ലെന്നും ഒരു കുഷ്ഠരോഗാശുപത്രി പൂട്ടാനാണ് ക്ഷണിക്കുന്നതെങ്കില്‍ വളരെ സന്തോഷിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആ ആശുപത്രി തന്നെ അടച്ചുപൂട്ടി കുഷ്ഠരോഗം ഇല്ലാതാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഗാന്ധിജിയുടെ മരണശേഷവും പതിറ്റാണ്ടുകള്‍ ആ ആശുപത്രി പ്രവര്‍ത്തിച്ചു. 2001ല്‍ ഗുജറാത്തിനെ സേവിക്കാന്‍ ജനങ്ങള്‍ എനിക്ക് അവസരം നല്‍കിയപ്പോള്‍, ആ ആശുപത്രി പൂട്ടണമെന്ന ഗാന്ധിജിയുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുഷ്ഠരോഗത്തിനെതിരായ സംഘടിതപ്രവര്‍ത്തനത്തിന് പുതിയ ചലനക്ഷമത നല്‍കി. പിന്നെ എന്തായിരുന്നു ഫലം? ഗുജറാത്തിലെ കുഷ്ഠരോഗ നിരക്ക് 23 ശതമാനത്തില്‍ നിന്ന് 1 ശതമാനത്തില്‍ താഴെയായി കുറഞ്ഞു. 2007ല്‍ ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആ ആശുപത്രി പൂട്ടിയതോടെ ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. നിരവധി സാമൂഹിക സംഘടനകളും പൊതുജന പങ്കാളിത്തവും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ട്, ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ വിജയത്തില്‍ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്.
അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പേരുകേട്ടതാണ് ഇന്നത്തെ നവഇന്ത്യ. വെളിയിട വിസര്‍ജ്ജനം മുക്തമാക്കുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുക്കുകയും അത് നേടുകയും ചെയ്തു. സൗരോര്‍ജ ഉല്‍പ്പാദന ശേഷി എന്ന ലക്ഷ്യവും ഇന്ത്യ നിശ്ചിത സമയത്തിന് മുന്‍പ് തന്നെ നേടിയെടുത്തു. പെട്രോളില്‍ നിശ്ചിത ശതമാനം എഥനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യവും നിശ്ചയിച്ച സമയത്തിന് മുന്‍പ് ഇന്ത്യ കൈവരിച്ചു. പൊതുജന പങ്കാളിത്തത്തിന്റെ ഈ കരുത്ത് ലോകത്തിന്റെയാകെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം പുരോഗമിക്കുന്നതിലെ വിജയം പൊതുജന പങ്കാളിത്തത്തിന്റെ കൂടി ഫലമായാണ്. അതെ, നിങ്ങളോട് ഒരു അഭ്യര്‍ത്ഥന നടത്താനും ഞാന്‍ ആഗ്രഹിക്കുന്നു. ക്ഷയരോഗികളില്‍ പലപ്പോഴും അവബോധമില്ലായ്മ കാണാറുണ്ട്, സമൂഹത്തില്‍ പ്രബലമായിരുന്ന ഒരു പഴയ ചിന്താഗതി കാരണം അവര്‍ ഈ രോഗം മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിനാല്‍, ഈ രോഗികളെ കൂടുതല്‍ ബോധവാന്മാരാക്കുന്നതിലും നാം തുല്യ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
കാശിയില്‍ വര്‍ഷങ്ങളായി നടക്കുന്ന ആരോഗ്യ സേവനങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനം ക്ഷയരോഗം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സഹായകമായിട്ടുണ്ട്. ഇന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വാരാണസി ശാഖയുടെ തറക്കല്ലിടലും ഇവിടെ നടന്നു. പൊതുജനാരോഗ്യ നിരീക്ഷണ (പബ്ലിക് ഹെല്‍ത്ത് സര്‍വൈലന്‍സ്) യൂണിറ്റും ഇന്ന് പ്രവര്‍ത്തനം തുടങ്ങിയട്ടുണ്ട്. ഭൂ (ബി.എച്ച്.യു)വിലെ ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബ്ലഡ് ബാങ്ക് നവീകരണം, ആധുനിക ട്രോമ സെന്റര്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങിയവയും ഇന്ന്, ബനാറസിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാണ്. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ കാന്‍സര്‍ സെന്റര്‍ ഇതുവരെ 70,000-ത്തിലധികം രോഗികളെ ചികിത്സിച്ചു. ഈ ആളുകള്‍ക്ക് ചികിത്സയ്ക്കായി ലഖ്‌നൗവിലോ ഡല്‍ഹിയിലോ മുംബൈയിലോ പോകേണ്ട ആവശ്യമില്ല. അതുപോലെ, കബീര്‍ ചൗര ആശുപത്രി, ജില്ലാ ആശുപത്രി, ഡയാലിസിസ്, സി.ടി സ്‌കാന്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ബനാറസില്‍ വിപുലീകരിച്ചു. കാശി മേഖലയിലെ ഗ്രാമങ്ങളില്‍ ആധുനിക ആരോഗ്യ സൗകര്യങ്ങളും വികസിപ്പിക്കുന്നുണ്ട്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റുകളും ഓക്‌സിജന്‍ ബെഡുകളും സ്ഥാപിക്കുന്നുണ്ട്. ജില്ലയില്‍ നിരവധി സൗകര്യങ്ങളോടെ ആരോഗ്യ, സൗഖ്യകേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് കീഴില്‍, ബനാറസിലെ 1.5 ലക്ഷത്തിലധികം ആളുകള്‍ക്ക് ഈ ആശുപത്രികളിലും സൗഖ്യകേന്ദ്രങ്ങളിലും സൗജന്യ ചികിത്സ ലഭിച്ചിട്ടുമുണ്ട്.
എഴുപതോളം ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് രോഗികള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ മരുന്നുകളും ലഭിക്കുന്നു. പുര്‍വാഞ്ചലിലേയും അയല്‍ സംസ്ഥാനമായ ബിഹാറിലേയും ജനങ്ങള്‍ക്കും ഈ നടപടികളുടെയെല്ലാം പ്രയോജനം ലഭിക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
ഇന്ത്യ അതിന്റെ അനുഭവപരിചയവും വൈദഗ്ധ്യവും ഇച്ഛാശക്തിയുമോടെ ക്ഷയരോഗത്തില്‍ നിന്ന് മുക്തി നേടാനുള്ള സംഘടിതപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളുമായും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇന്ത്യ എപ്പോഴും തയ്യാറാണ്. എല്ലാവരുടെയും പരിശ്രമത്തിലൂടെ മാത്രമേ ക്ഷയരോഗത്തിനെതിരായ നമ്മുടെ സംഘടിതപ്രവര്‍ത്തനത്തിന് വിജയിക്കാനാകൂ. നമ്മുടെ പ്രയത്‌നങ്ങള്‍ നമ്മുടെ സുരക്ഷിതമായ ഭാവിയുടെ അടിത്തറയെ ശക്തിപ്പെടുത്തുമെന്നും നമ്മുടെ ഭാവി തലമുറകള്‍ക്ക് മെച്ചപ്പെട്ട ഒരു ലോകം നല്‍കാന്‍ നമുക്ക് കഴിയുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയെ ഇത്രയധികം അഭിനന്ദിച്ചതിനും എന്നെ ക്ഷണിച്ചതിനും ഞാന്‍ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. നിങ്ങളോട് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ ശുഭകരമായ തുടക്കത്തിലും ലോക ക്ഷയരോഗ ദിന വേളയിലും, അതിന്റെ വിജയത്തിനും ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകുന്നതിനും നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. വളരെ നന്ദി!
ND
***
(Release ID: 1910933)
Visitor Counter : 149
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada