പ്രധാനമന്ത്രിയുടെ ഓഫീസ്‌

വരുന്ന വേനൽക്കാലത്തെ ചൂട് നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു


കാലവർഷ പ്രവചനം, റാബി വിളകളിലുണ്ടാകുന്ന സ്വാധീനം, മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങളുടെ തയ്യാറെടുപ്പ്, ചൂടുമായി ബന്ധപ്പെട്ട ദുരന്തനിവാരണ ലഘൂകരണ നടപടികൾ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു

വിവിധ പങ്കാളികൾക്കായി പ്രത്യേക ബോധവൽക്കരണ സാമഗ്രികൾ തയ്യാറാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു

എളുപ്പത്തിൽ വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന ദൈനംദിന കാലാവസ്ഥാ പ്രവചനങ്ങൾ തയ്യാറാക്കാൻ പ്രധാനമന്ത്രി ഐഎംഡിക്ക് നിർദേശം നൽകി

എല്ലാ ആശുപത്രികളിലും വിശദമായ ഫയർ ഓഡിറ്റ് നടത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി ഊന്നൽ നൽകി

അതിരൂക്ഷമായ കാലാവസ്ഥയിൽ ധാന്യങ്ങളുടെ പരമാവധി സംഭരണം ഉറപ്പാക്കാൻ തയ്യാറെടുക്കണമെന്ന് എഫ്‌സിഐയോട് ആവശ്യപ്പെട്ടു

Posted On: 06 MAR 2023 6:06PM by PIB Thiruvananthpuram

വരാനിരിക്കുന്ന വേനൽക്കാലത്തെ ചൂടുള്ള കാലാവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു രാവിലെ അദ്ദേഹത്തിന്റെ വസതിയായ 7 എൽകെഎമ്മിൽ ഉന്നതതല യോഗം ചേർന്നു.

അടുത്ത ഏതാനും മാസത്തേക്കുള്ള ദേശീയ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കാലാവസ്ഥാ പ്രവചനത്തെക്കുറിച്ചും സാധാരണ കാലവർഷത്തിന്റെ സാധ്യതയെക്കുറിച്ചും യോഗത്തിൽ പ്രധാനമന്ത്രിക്കു മുൻപാകെ വിശദീകരിച്ചു. റാബി വിളകളിലെ കാലാവസ്ഥയുടെ സ്വാധീനത്തെക്കുറിച്ചും പ്രധാന വിളകളിൽ നിന്നുള്ള പ്രതീക്ഷിത ഫലത്തെക്കുറിച്ചുമുള്ള വിവരങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ജലസേചനത്തിനുള്ള ജലവിതരണം, കാലിത്തീറ്റ, കുടിവെള്ളം എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അവലോകനം ചെയ്തു. കൂടാതെ, ആവശ്യമായ സാധനങ്ങളുടെ ലഭ്യതയിലും അടിയന്തര സാഹചര്യങ്ങൾക്കുള്ള തയ്യാറെടുപ്പിലും സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പിനെക്കുറിച്ചും, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ചൂടുമായി ബന്ധപ്പെട്ട ദുരന്തങ്ങൾക്കായുള്ള തയ്യാറെടുപ്പും, രാജ്യത്തുടനീളം നടക്കുന്ന ദുരന്ത ലഘൂകരണ നടപടികളും അദ്ദേഹത്തെ അറിയിച്ചു.

പൗരന്മാർ, മെഡിക്കൽ പ്രൊഫഷണലുകൾ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് അധികൃതർ, അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടുന്ന ദുരന്ത പ്രതികരണ സംഘങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക ബോധവൽക്കരണ സാമഗ്രികൾ തയ്യാറാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഠിനമായ ചൂടിനെ നേരിടാൻ കുട്ടികളെ ബോധവൽക്കരിക്കുന്നതിന് സ്കൂളുകളിൽ മൾട്ടിമീഡിയ പ്രഭാഷണ പരിപാടികൾ ഉൾപ്പെടുത്താനും നിർദേശം നൽകി. ചൂടുള്ള കാലാവസ്ഥാ സമയത്തെ നടപടിക്രമങ്ങളും, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും, എളുപ്പം മനസ്സിലാക്കാൻ സാധ്യമാവുന്ന തരത്തിൽ തയ്യാറാക്കണം. ജിംഗിൾസ്, സിനിമകൾ, ലഘുലേഖകൾ മുതലായ മറ്റു പരസ്യ രീതികളും തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എളുപ്പത്തിൽ വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന രീതിയിൽ ദൈനംദിന കാലാവസ്ഥാ പ്രവചനങ്ങൾ പുറപ്പെടുവിക്കാൻ പ്രധാനമന്ത്രി ദേശീയ കാലാവസ്ഥ വകുപ്പിനോട് ആവശ്യപ്പെട്ടു. വാർത്താ ചാനലുകൾ, എഫ്എം റേഡിയോ തുടങ്ങിയവ ദിവസേന കുറച്ച് മിനിറ്റുകൾ ചെലവഴിച്ച്, പൗരന്മാർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സാധ്യമാവുന്ന രീതിയിൽ ദൈനംദിന കാലാവസ്ഥാ പ്രവചനം വിശദീകരിക്കുന്ന കാര്യവും ചർച്ച ചെയ്തു.

എല്ലാ ആശുപത്രികളിലും വിശദമായ ഫയർ ഓഡിറ്റുകൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, എല്ലാ ആശുപത്രികളിലും അഗ്നിശമന സേനാംഗങ്ങളെക്കൊണ്ട് മോക്ക് ഫയർ ഡ്രില്ലുകൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കാട്ടുതീയെ നേരിടാൻ യോജിച്ചുള്ള പ്രവർത്തനത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. കാട്ടുതീ തടയുന്നതിനും നേരിടുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് വ്യവസ്ഥാപിത മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ചർച്ച ചെയ്തു.

കാലിത്തീറ്റയുടെയും ജലസംഭരണികളിലെ വെള്ളത്തിന്റെയും ലഭ്യത നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. പ്രതികൂല കാലാവസ്ഥയിൽ ധാന്യങ്ങളുടെ പരമാവധി സംഭരണം ഉറപ്പാക്കാൻ തയ്യാറെടുക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി, കൃഷി-കർഷക ക്ഷേമ സെക്രട്ടറി, ഭൗമ ശാസ്ത്ര സെക്രട്ടറി, ദേശീയ ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

-ND-

 



(Release ID: 1904671) Visitor Counter : 149