പ്രധാനമന്ത്രിയുടെ ഓഫീസ്
ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
“‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നത് ഉദ്ദേശ്യങ്ങളുടെ ഐക്യത്തിന്റെയും പ്രവർത്തനത്തിന്റെ ഐക്യത്തിന്റെയും ആവശ്യകതയെ സൂചിപ്പിക്കുന്നു”
“ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഗോള ഭരണം ഭാവിയിലെ യുദ്ധങ്ങൾ തടയുന്നതിലും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുന്നതിലും പരാജയപ്പെട്ടു”
“തങ്ങളുടെ തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ശ്രദ്ധിക്കാതെ ഒരു സംഘത്തിനും ആഗോള നേതൃത്വം അവകാശപ്പെടാൻ കഴിയില്ല”
“ഇന്ത്യയുടെ ജി 20 അധ്യക്ഷപദം ഗ്ലോബൽ സൗത്തിനു ശബ്ദമേകാനാണു ശ്രമിക്കുന്നത്”
“നമുക്ക് ഒരുമിച്ചു പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ നമുക്കു പരിഹരിക്കാൻ കഴിയുന്നവയ്ക്കു തടസമാകരുത്”
“ഒരുവശത്തു വളർച്ചയും കാര്യക്ഷമതയും, മറുവശത്ത് അതിജീവനവും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തുന്നതിൽ ജി 20ക്കു നിർണായക പങ്കുണ്ട്”
Posted On:
02 MAR 2023 9:34AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയം ജി 20 അധ്യക്ഷപദത്തിനായി ഇന്ത്യ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നു വിശദീകരിച്ചാണു പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്തത്. പ്രവർത്തനത്തിന്റെ ഐക്യത്തോടൊപ്പം ഉദ്ദേശ്യങ്ങളുടെ ഐക്യത്തിന്റെയും ആവശ്യകതയെയാണ് ഇതു സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുവായതും പ്രത്യക്ഷമായതുമായ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഒത്തുചേരാനുള്ള മനോഭാവം ഇന്നത്തെ യോഗം പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ബഹുസ്വരത ഇന്നു ലോകത്തു പ്രതിസന്ധിയിലാണെന്നു പറഞ്ഞ പ്രധാനമന്ത്രി, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സൃഷ്ടിക്കപ്പെട്ട ആഗോള ഭരണത്തിന്റെ രൂപകൽപ്പനയിൽ നിറവേറ്റേണ്ടിയിരുന്ന രണ്ടു പ്രധാന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി. ഒന്നാമതായി, മത്സര താൽപ്പര്യങ്ങൾ സന്തുലിതമാക്കി ഭാവിയിലെ യുദ്ധങ്ങൾ തടയുക; രണ്ടാമതായി, പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണം വളർത്തുക. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാവ്യതിയാനം, മഹാമാരി, ഭീകരവാദം, യുദ്ധങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മേൽപ്പറഞ്ഞ രണ്ടുകാര്യങ്ങളിലും ആഗോള ഭരണത്തിന്റെ പരാജയത്തിലേക്കു വിരൽചൂണ്ടി. ഈ പരാജയത്തിന്റെ ദാരുണ പ്രത്യാഘാതങ്ങൾ മിക്കവാറും എല്ലാ വികസ്വര രാജ്യങ്ങളും അഭിമുഖീകരിക്കുകയാണെന്നും വർഷങ്ങളുടെ പുരോഗതിക്കുശേഷം ലോകം സുസ്ഥിര വികസനത്തിൽനിന്നു പിൻവലിയാനുള്ള സന്ദേഹത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല വികസ്വര രാജ്യങ്ങളും, തങ്ങളുടെ ജനങ്ങൾക്കു ഭക്ഷ്യ-ഊർജ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ, താങ്ങാനാകാത്ത കടവുമായി മല്ലിടുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമ്പന്ന രാജ്യങ്ങൾ സൃഷ്ടിക്കുന്ന ആഗോളതാപനം ഏറ്റവും കൂടുതൽ ബാധിക്കുന്നതു വികസ്വര രാജ്യങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയുടെ ജി 20 അധ്യക്ഷപദം ഗ്ലോബൽ സൗത്തിനു ശബ്ദമേകാനാണു ശ്രമിക്കുന്നത്”. തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ശ്രദ്ധിക്കാതെ ഒരു സംഘത്തിനും ആഗോള നേതൃത്വം അവകാശപ്പെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആഴത്തിലുള്ള ആഗോള ഭിന്നിപ്പിന്റെ സമയത്താണ് ഇന്നത്തെ കൂടിക്കാഴ്ച നടക്കുന്നതെന്നും വിദേശകാര്യ മന്ത്രിമാർ എന്ന നിലയിൽ ഇന്നത്തെ ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ ചർച്ചകളെ ബാധിക്കുക സ്വാഭാവികമാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു. “ഈ പിരിമുറുക്കങ്ങൾ എങ്ങനെ പരിഹരിക്കണം എന്നതിനെക്കുറിച്ചു നമുക്കെല്ലാവർക്കും നമ്മുടെ നിലപാടുകളും കാഴ്ചപ്പാടുകളും ഉണ്ട്” - പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ മുൻനിര സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ, ഈ ചർച്ചാമുറിയിൽ ഇല്ലാത്തവരോടുള്ള ഉത്തരവാദിത്വം നമ്മുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കി. “വളർച്ച, വികസനം, സാമ്പത്തിക പുനരുജ്ജീവനം, ദുരന്തത്തെ അതിജീവിക്കൽ, സാമ്പത്തിക സ്ഥിരത, അന്തർദേശീയ കുറ്റകൃത്യങ്ങൾ, അഴിമതി, ഭീകരവാദം, ഭക്ഷ്യ-ഊർജ സുരക്ഷ തുടങ്ങിയ വെല്ലുവിളികൾ ലഘൂകരിക്കാൻ ലോകം ജി 20യെ ഉറ്റുനോക്കുകയാണ്” - ഈ മേഖലകളിലെല്ലാം സമവായം ഉണ്ടാക്കാനും കൃത്യമായ ഫലങ്ങൾ നൽകാനുമുള്ള ശേഷിയുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഒരുമിച്ചു പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കാവുന്നവയ്ക്കു തടസമാകരുതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെയും ബുദ്ധന്റെയും മണ്ണിലാണു കൂടിക്കാഴ്ച നടക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നമ്മെ വിഭജിക്കുന്ന കാര്യങ്ങളിലല്ല, മറിച്ച്, നമ്മെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയുടെ നാഗരിക ധർമചിന്തയിൽനിന്നു പ്രചോദനം ഉൾക്കൊള്ളാൻ വിശിഷ്ടാതിഥികളോട് അഭ്യർഥിച്ചു.
പ്രകൃതിദുരന്തങ്ങളിലും ലോകം അഭിമുഖീകരിച്ച വിനാശകരമായ മഹാമാരിയിലും നഷ്ടപ്പെട്ട ആയിരക്കണക്കിനു ജീവിതങ്ങളിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, സമ്മർദത്തിന്റെയും പ്രക്ഷുബ്ധതയുടെയും സമയത്ത് ആഗോള വിതരണ ശൃംഖല എങ്ങനെ തകർന്നുവെന്നു ചൂണ്ടിക്കാട്ടി. സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥകൾ പെട്ടെന്നു കടബാധ്യതകളിലും സാമ്പത്തിക പ്രതിസന്ധികളിലും മുങ്ങിയെന്നു പറഞ്ഞ പ്രധാനമന്ത്രി, നമ്മുടെ സമൂഹങ്ങളിലും സമ്പദ്‌വ്യവസ്ഥകളിലും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും പുനരുജ്ജീവനം വേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി. “ഒരുവശത്തു വളർച്ചയും കാര്യക്ഷമതയും, മറുവശത്തു പുനരുജ്ജീവനും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തുന്നതിൽ ജി 20ക്കു നിർണായക പങ്കു വഹിക്കാനുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഈ സന്തുലിതാവസ്ഥ കൂടുതൽ എളുപ്പത്തിൽ കൈവരിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസംഗം ഉപസംഹരിക്കവേ, കൂട്ടായ വിവേകത്തിലും കഴിവിലും ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, അഭിപ്രായവ്യത്യാസങ്ങൾക്ക് അതീതമായി തീരുമാനങ്ങൾ എടുക്കുന്ന ഇന്നത്തെ യോഗം അഭിലാഷപൂർണവും ഏവരെയും ഉൾക്കൊള്ളുന്നതും പ്രവർത്തനാധിഷ്ഠിതവുമായി മാറുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.
Addressing the Opening Segment of G20 Foreign Ministers' meeting. @g20org https://t.co/s73ypWruBf
— Narendra Modi (@narendramodi) March 2, 2023
India's theme of ‘One Earth, One Family, One Future’ for its G20 Presidency, signals the need for unity of purpose and unity of action. pic.twitter.com/ZfaRaqAUtH
— PMO India (@PMOIndia) March 2, 2023
We must all acknowledge that multilateralism is in crisis today. pic.twitter.com/5PZooUANTY
— PMO India (@PMOIndia) March 2, 2023
India’s G20 Presidency has tried to give a voice to the Global South. pic.twitter.com/lDg6gjvgxX
— PMO India (@PMOIndia) March 2, 2023
G20 has capacity to build consensus and deliver concrete results. pic.twitter.com/gKJdpvb0kF
— PMO India (@PMOIndia) March 2, 2023
***
--ND--
(Release ID: 1903544)
Visitor Counter : 137
Read this release in:
Kannada
,
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu