പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള യു പി ഐ -പേ നൗ ലിങ്കേജിന്റെ സംയുക്ത വെർച്വൽ ലോഞ്ചിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

Posted On: 21 FEB 2023 12:24PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ലീ,

മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ മാനേജിംഗ് ഡയറക്ടർ,

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ,

ഇന്ത്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുള്ള എന്റെ സുഹൃത്തുക്കളേ ,


ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സൗഹൃദം വളരെ പഴക്കമുള്ളതും കാലത്തിന്റെ പരീക്ഷണത്തെ  അതിജീവിച്ചു്  നിലകൊള്ളുന്നതുമാണ്. നമ്മുടെ ജനങ്ങളുമായുള്ള ബന്ധമാണ് അതിന്റെ മുഖ്യഘടകം. യു പി ഐ -പേ നൗ ലിങ്കിന്റെ സമാരംഭം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് അവർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു സമ്മാനമാണ്. ഈ അവസരത്തിൽ ഇന്ത്യയിലെയും സിംഗപ്പൂരിലെയും ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ ,

ഇന്നത്തെ ലോകത്ത്, സാങ്കേതികവിദ്യ നമ്മെ പല തരത്തിൽ ബന്ധിപ്പിക്കുന്നു. ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു മേഖല കൂടിയാണ് ഫിൻടെക്. സാധാരണയായി, ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ അതിന്റെ വ്യാപ്തി പരിമിതമാണ്. എന്നാൽ, ഇന്നത്തെ ലോഞ്ച് ക്രോസ്-ബോർഡർ ഫിൻടെക് കണക്റ്റിവിറ്റിയിൽ ഒരു പുതിയ അധ്യായം തുറക്കുന്നു.

ഇന്നു മുതൽ, സിംഗപ്പൂരിലെയും ഇന്ത്യയിലെയും ആളുകൾക്ക് അവരുടെ രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ തന്നെ അവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് പണം കൈമാറാൻ കഴിയും. ഇരു രാജ്യങ്ങളിലെയും ആളുകൾക്ക് അവരുടെ മൊബൈലിൽ നിന്ന് തൽക്ഷണം കുറഞ്ഞ ചെലവിൽ പണം കൈമാറാൻ ഇത് സഹായിക്കും. ഈ സൗകര്യം ഉപയോഗിച്ച്, ഇരു രാജ്യങ്ങൾക്കുമിടയിൽ പണമയയ്‌ക്കുന്നതിനുള്ള വിലകുറഞ്ഞതും തത്സമയവുമായ ഓപ്ഷൻ സാധ്യമാകും. ഇത് നമ്മുടെ വിദേശത്തുള്ള സഹോദരീസഹോദരന്മാർക്കും പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേകിച്ചും പ്രയോജനം ചെയ്യും.

സുഹൃത്തുക്കളേ ,

വർഷങ്ങളായി, നവീകരണത്തിനും ആധുനികവൽക്കരണത്തിനും പ്രാപ്തമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇന്ത്യ ഏറ്റവും ഉയർന്ന മുൻഗണന നൽകിയിട്ടുണ്ട്. കൂടാതെ, ഞങ്ങളുടെ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം ബിസിനസ്സ് ചെയ്യാനുള്ള എളുപ്പവും ഇന്ത്യയിൽ ജീവിക്കാനുള്ള എളുപ്പവും മെച്ചപ്പെടുത്തി. ഇത് ഡിജിറ്റൽ കണക്റ്റിവിറ്റിക്കൊപ്പം സാമ്പത്തിക ഉൾപ്പെടുത്തലിന് അഭൂതപൂർവമായ ആക്കം കൂട്ടി.

ഡിജിറ്റൽ ഇന്ത്യ കാമ്പയിൻ ഭരണത്തിലും പൊതുസേവന വിതരണത്തിലും അഭൂതപൂർവമായ പരിഷ്കാരങ്ങൾ സാധ്യമാക്കി. കോവിഡ് പാൻഡെമിക് കാലത്ത് കോടിക്കണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറാൻ കഴിഞ്ഞത് ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ശക്തിയാണ്.

സുഹൃത്തുക്കളേ ,

അഞ്ച് വർഷം മുമ്പ്, ഞാൻ സിംഗപ്പൂരിൽ പറഞ്ഞു, ഫിൻ‌ടെക് യുവത്വ-ഊർജ്ജത്തിലുള്ള നവീകരണത്തിന്റെയും വിശ്വാസത്തിന്റെയും വലിയ ആഘോഷമാണെന്ന്. ഫിൻടെക്കിലും ഡിജിറ്റൽ വിപ്ലവത്തിലും ഇന്ത്യയുടെ വിജയത്തിന് നേതൃത്വം നൽകുന്നത് നമ്മുടെ സാങ്കേതികവിദ്യയിൽ പരിശീലനം ലഭിച്ച യുവാക്കളാണ്. ഇന്ന്, ഇന്ത്യയിൽ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ ഫിൻടെക്കിന്റെ ലോകത്ത് തങ്ങളുടെ മുദ്ര പതിപ്പിക്കുന്നു. ഈ ഊർജ്ജം കാരണം, തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിൽ ഇന്ത്യ ഇന്ന് ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ്.

ഇന്ന് ഇന്ത്യയിലെ ഏറ്റവും ഇഷ്ടപ്പെട്ട പേയ്‌മെന്റ് സംവിധാനമായി യുപിഐ മാറിയിരിക്കുന്നു. വ്യാപാരികളും ഉപഭോക്താക്കളും ഇത് കൂടുതൽ കൂടുതൽ സ്വീകരിക്കുന്നു. അതിനാൽ, ഇന്ത്യയിൽ ഉടൻ തന്നെ ഡിജിറ്റൽ വാലറ്റ് ഇടപാടുകൾ പണമിടപാടുകളെ മറികടക്കുമെന്ന് ഇന്ന് പല വിദഗ്ധരും ഊഹിക്കുന്നു. കഴിഞ്ഞ വർഷം അതായത് 2022ൽ ഏകദേശം 126 ലക്ഷം കോടി രൂപ, അതായത് 2 ട്രില്യൺ സിംഗപ്പൂർ ഡോളറിലധികം ഇടപാടുകൾ യുപിഐ വഴി നടന്നിട്ടുണ്ട്. ഇടപാടുകളുടെ എണ്ണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അതും 7400 കോടിയിലധികം. ഇന്ത്യയുടെ യുപിഐ സംവിധാനം എങ്ങനെയാണ് വലിയൊരു വിഭാഗം ആളുകളെ എളുപ്പത്തിലും സുരക്ഷിതമായും കൈകാര്യം ചെയ്യുന്നതെന്ന് ഇത് കാണിക്കുന്നു.

വിവിധ രാജ്യങ്ങളുമായുള്ള യുപിഐയുടെ പങ്കാളിത്തവും വർദ്ധിക്കുന്നു എന്നതാണ് നല്ല കാര്യം. വ്യക്തിഗതമായി പണമടയ്ക്കാനുള്ള സൗകര്യം ഇന്ന് ആരംഭിച്ച ആദ്യ രാജ്യമാണ് സിംഗപ്പൂർ. സിംഗപ്പൂരിലെ മോണിറ്ററി അതോറിറ്റി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഈ ശ്രമം വിജയിപ്പിക്കുന്നതിൽ പങ്കാളികളായ എല്ലാവർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഇരു രാജ്യങ്ങളിലെയും ജനങ്ങളെ ഒരിക്കൽ കൂടി ഞാൻ അഭിനന്ദിക്കുകയും പ്രധാനമന്ത്രിയോട് ഹൃദയംഗമമായ നന്ദി അറിയിക്കുകയും ചെയ്യുന്നു.

 

-ND-


(Release ID: 1901229) Visitor Counter : 132