ധനകാര്യ മന്ത്രാലയം

സമ്പൂർണ വിനോദസഞ്ചാര പാക്കേജാ'യി 50 ലക്ഷ്യസ്ഥാനങ്ങൾ വികസിപ്പിക്കും


വിനോദസഞ്ചാരികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കും



‘ദേഖോ അപ്നാ ദേശ്’ ഉദ്യമത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിർദിഷ്ടാമേഖലാ നൈപുണ്യവും സംരംഭകത്വ വികസനവും സംയോജിപ്പിക്കും



ഊർജസ്വല ഗ്രാമങ്ങൾ പരിപാടിക്കു കീഴിൽ അതിർത്തി ഗ്രാമങ്ങളിൽ വിനോദസഞ്ചാര അടിസ്ഥാനസൗകര്യങ്ങളും മറ്റു സൗകര്യങ്ങളും സജ്ജമാക്കും



ഒരു ജില്ല ഒരു ഉത്പന്നം , ജിഐ, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഉത്തേജനമേകാൻ സംസ്ഥാനങ്ങളിൽ ഏകതാ മാൾ സജ്ജീകരിക്കും


Posted On: 01 FEB 2023 1:06PM by PIB Thiruvananthpuram

കുറഞ്ഞത് 50 സ്ഥലങ്ങളെങ്കിലും തിരഞ്ഞെടുത്ത് വിനോദസഞ്ചാരത്തിന്റെ സമ്പൂർണ പാക്കേജായി വികസിപ്പിക്കുമെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2023-2024ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവേയാണ് മന്ത്രിയുടെ പ്രഖ്യാപനം. വിനോദസഞ്ചാരത്തിന്റെ വികസനം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളിൽ കേന്ദ്രീകരിക്കുമ്പോൾ സംയോജിതവും നൂതനവുമായ സമീപനം ഉപയോഗിച്ച് ചലഞ്ച് മോഡിലൂടെ ഈ ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഭൗതിക സമ്പർക്കസൗകര്യങ്ങൾ, വെർച്വൽ സമ്പർക്കസൗകര്യങ്ങൾ, ടൂറിസ്റ്റ് ഗൈഡുകൾ, ഭക്ഷണത്തെരുവുകളുടെ ഉയർന്ന നിലവാരം, വിനോദസഞ്ചാരികളുടെ സുരക്ഷ എന്നിവയ്ക്ക് പുറമെ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രസക്തമായ എല്ലാ വശങ്ങളും ലഭ്യമാക്കുന്ന, മികച്ച വിനോദസഞ്ചാര അനുഭവം പ്രദാനം ചെയ്യുന്ന ആപ്ലിക്കേഷൻ പുറത്തിറക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു.

ആഭ്യന്തര വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തുന്നതിന്, 2023-24ലെ ബജറ്റ്  നിർദ്ദേശിച്ച 'ദേഖോ അപ്നാ ദേശ്' പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്  നിർദ്ദിഷ്ട മേഖലാ നൈപുണ്യവും സംരംഭകത്വ വികസനവും സംയോജിപ്പിക്കും. അതിർത്തി ഗ്രാമങ്ങളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്, ഊർജസ്വല ഗ്രാമങ്ങൾ പരിപാടിക്കു കീഴിൽ വിനോദസഞ്ചാര അടിസ്ഥാനസൗകര്യങ്ങളും മറ്റു സൗകര്യങ്ങളും സജ്ജമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

"അന്താരാഷ്ട്ര വിനോദസഞ്ചാരത്തേക്കാൾ ആഭ്യന്തര വിനോദസഞ്ചാരത്തിന് മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ മധ്യവർഗത്തോടുള്ള അഭ്യർത്ഥന എന്ന നിലയിലാണ് 'ദേഖോ അപ്നാ ദേശ്' പദ്ധതി ആരംഭിച്ചത്. അതേസമയം പ്രമേയാധിഷ്ഠിത വിനോദസഞ്ചാര സർക്യൂട്ടിന്റെ സംയോജിത വികസനത്തിനായി 'സ്വദേശ് ദർശൻ പദ്ധതി'യും ആരംഭിച്ചു."- ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സ്വന്തം 'ഒരു ജില്ല, ഒരു ഉൽപ്പന്നം' (ഒ‌ഡി‌ഒ‌പി), ഭൂമിശാസ്ത്ര സൂചിക (ജിഐ), മറ്റ് കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി സംസ്ഥാനങ്ങളിൽ ഏകതാ മാൾ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. തലസ്ഥാന നഗരത്തിലോ ഏറ്റവും പ്രമുഖ വിനോദസഞ്ചാരകേന്ദ്രത്തിലോ സാമ്പത്തിക തലസ്ഥാനത്തിലോ ഇത്തരം ഏകതാമാൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഒഡിഒപികൾക്കും ജിഐ ഉൽപന്നങ്ങൾക്കും ഇടം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

“ആഭ്യന്തര വിനോദസഞ്ചാരികളെയും വിദേശ വിനോദസഞ്ചാരികളെയും രാജ്യം വളരെയധികം ആകർഷിക്കുന്നു. വിനോദസഞ്ചാരമേഖലയിൽ വലിയ സാധ്യതകളാണ് ഉള്ളത്. പ്രത്യേകിച്ച് യുവാക്കൾക്ക് തൊഴിലവസരങ്ങൾക്കും സംരംഭകത്വത്തിനും ഈ മേഖല വലിയ അവസരങ്ങൾ നൽകുന്നു. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സർക്കാർ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് വിനോദസഞ്ചാരത്തിന്റെ പ്രോത്സാഹനം ദൗത്യമെന്ന നിലയിൽ ഏറ്റെടുക്കും.”-  ഇന്ത്യയിലെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് ധനമന്ത്രി പറഞ്ഞു.

ND/NS



(Release ID: 1895519) Visitor Counter : 177