പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐക്യരാഷ്ട്ര പൊതുസഭയുടെ 77-ാം സമ്മേളന അധ്യക്ഷൻ സാബ കൊറോസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

 

ജലവിഭവങ്ങൾ കൈകാര്യംചെയ്യൽ, സംരക്ഷണം എന്നിവയുൾപ്പെടെ സമൂഹങ്ങൾക്കായുള്ള ഇന്ത്യയുടെ പരിവർത്തന സംരംഭങ്ങളെ സാബ കൊറോസി അഭിനന്ദിച്ചു

ആഗോള സ്ഥാപനങ്ങളെ പരിഷ്കരിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ മുൻപന്തിയിൽ നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സാബ കൊറോസി സംസാരിച്ചു

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ശാസ്ത്ര-സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പിജിഎയുടെ സമീപനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

സമകാലിക ഭൗമരാഷ്ട്രീയ യാഥാർഥ്യങ്ങൾ ശരിയായി പ്രതിഫലിപ്പിക്കുന്നതിന് യുഎൻ സുരക്ഷാസമിതി ഉൾപ്പെടെയുള്ള ബഹുമുഖ സംവിധാനം പരിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു

 

 

Posted On: 30 JAN 2023 8:00PM by PIB Thiruvananthpuram

ഐക്യരാഷ്ട്ര പൊതുസഭയുടെ (പിജിഎ) 77-ാം സമ്മേളന അധ്യക്ഷൻ സാബ കൊറോസി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ജലവിഭവ പരിപാലനം, സംരക്ഷണം എന്നിവയുൾപ്പെടെ സമൂഹങ്ങൾക്കായുള്ള ഇന്ത്യയുടെ പരിവർത്തന സംരംഭങ്ങളെ കൂടിക്കാഴ്ചയ‌ിൽ സാബ കൊറോസി പ്രശംസിച്ചു. പരിഷ്കൃത ബഹുസ്വരതയിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അംഗീകരിച്ച സാബ കൊറോസി, ആഗോള സ്ഥാപനങ്ങളെ പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇന്ത്യ മുൻപന്തിയിൽ നിൽക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.

അധികാരമേറ്റതിനുശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദർശനം ഇന്ത്യയിലേക്കു നടത്തിയതിന് സാബ കൊറോസിക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അധിഷ്ഠിതമായ സാബ കൊറോസിയുടെ സമീപനത്തെ അദ്ദേഹം അഭിനന്ദിച്ചു. യുഎൻ 2023 ജലസമ്മേളനം ഉൾപ്പെടെ 77-ാമത് യുഎൻ പൊതുസഭയിലെ അധ്യക്ഷപദത്തിന്റെ സമയത്ത് ഇന്ത്യയുടെ പൂർണ പിന്തുണ അദ്ദേഹം സാബ കൊറോസിക്ക് ഉറപ്പ് നൽകി.

സമകാലിക ഭൗമരാഷ്ട്രീയ യാഥാർഥ്യങ്ങൾ ശരിയായി പ്രതിഫലിപ്പിക്കുന്നതിന് യുഎൻ സുരക്ഷാസമിതി ഉൾപ്പെടെയുള്ള ബഹുമുഖ സംവിധാനം പരിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

--NS--(Release ID: 1894859) Visitor Counter : 97