പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പേരിടാത്ത ഏറ്റവും വലിയ 21 ദ്വീപുകളെ പരമവീര ചക്ര പുരസ്‌കാരം ലഭിച്ച 21 പേരുടെ പേരില്‍ നാമകരണം ചെയ്യുന്ന ജനുവരി 23ലെ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും


പരമവീര ചക്ര പുരസ്‌ക്കാരം ലഭിച്ചവരുടെ പേരുകള്‍ ദ്വീപുകള്‍ക്ക് ഇടുന്നത് എക്കാലത്തെയുമായി അവര്‍ക്കുള്ള ആദരാഞ്ജലിയാണ്


യഥാര്‍ത്ഥ ജീവിതത്തിലെ നായകന്മാര്‍ക്ക് അര്‍ഹമായ ആദരവും അംഗീകാരവും നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പരിശ്രമത്തിന് അനുസൃതമാണിത്


നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപില്‍ നിര്‍മ്മിക്കുന്ന നേതാജിക്ക് സമര്‍പ്പിച്ച ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും



Posted On: 21 JAN 2023 6:25PM by PIB Thiruvananthpuram

പരാക്രമ ദിവസത്തില്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ പേരില്ലാത്ത 21 വലിയദ്വീപുകള്‍ക്ക് 21 പരമവീര ചക്ര അവാര്‍ഡ് ജേതാക്കളുടെ പേര് നല്‍കുന്ന ചടങ്ങില്‍ ജനുവരി 23 ന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി പങ്കെടുക്കും. നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപില്‍ നിര്‍മ്മിക്കുന്ന നേതാജിക്ക് സമര്‍പ്പിച്ചിരിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പരിപാടിയില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചരിത്രപരമായ സവിശേഷതയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണയ്ക്ക് ആദരവ് നല്‍കുന്നതും കണക്കിലെടുത്ത്, റോസ് ദ്വീപുകളെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് 2018-ല്‍ ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി പുനര്‍നാമകരണം ചെയ്തിരുന്നു. നീല്‍ ദ്വീപിന്റെയും ഹാവ്‌ലോക്ക് ദ്വീപിന്റേയും പേരുകള്‍ ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നും പുനര്‍നാമകരണം ചെയ്തു.

രാജ്യത്തെ യഥാര്‍ത്ഥ നായകന്മാര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കുന്നതിന് പ്രധാനമന്ത്രി എല്ലായ്‌പ്പോഴും ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നത്. ഈ മനോഭാവത്തോടെ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ദ്വീപ് കൂട്ടത്തിലെ പേരിടാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരമവീര ചക്ര പുരസ്‌ക്കാര ജേതാക്കളുടെ പേരുനല്‍കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും വലിയ പേരില്ലാത്ത ദ്വീപിന് ആദ്യത്തെ പരമവീര ചക്ര പുരസ്‌ക്കാരം ലഭിച്ചയാളുടെ പേരായിരിക്കും നല്‍കുക. രണ്ടാമത്തെ വലിയ പേരില്ലാത്ത ദ്വീപിന് രണ്ടാമത്തെ പരമവീര ചക്ര പുരസ്‌ക്കാര ജേതാവിന്റെ പേരും നല്‍കും. അത്തരത്തിലായിരിക്കും നാമകരണം നടത്തുക. രാഷ്ട്രത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പരമമായ ത്യാഗം സഹിച്ച നമ്മുടെ വീരന്മാര്‍ക്കുള്ള ശാശ്വതമായ ആദരാഞ്ജലി ആയിരിക്കും ഈ നടപടി.

മേജര്‍ സോമനാഥ് ശര്‍മ; സുബേദാര്‍, ഹോണി ക്യാപ്റ്റന്‍ (അന്നത്തെ ലാന്‍സ് നായിക്) കരം സിംഗ്, എം.എം; സെക്കന്റ് ലെഫ്റ്റനന്റ് രാമ രഘോബ റാണെ; നായക് ജാദുനാഥ് സിംഗ്; കമ്പനി ഹവില്‍ദാര്‍ മേജര്‍ പിരു സിംഗ്; ക്യാപ്റ്റന്‍ ജി.എസ് സലാരിയ; ലെഫ്റ്റനന്റ് കേണല്‍ (അന്നത്തെ മേജര്‍) ധന്‍സിംഗ് ഥാപ്പ; സുബേദാര്‍ ജോഗീന്ദര്‍ സിംഗ്; മേജര്‍ ഷൈതാന്‍ സിംഗ്; സി.ക്യൂ.എം.എച്ച് അബ്ദുള്‍ ഹമീദ്; ലഫ്റ്റനന്റ് കേണല്‍ അര്‍ദേശിര്‍ ബര്‍സോര്‍ജി താരാപൂര്‍; ലാന്‍സ് നായിക് ആല്‍ബര്‍ട്ട് എക്ക; മേജര്‍ ഹോഷിയാര്‍ സിംഗ്; സെക്കന്റ് ലെഫ്റ്റനന്റ് അരുണ്‍ ഖേത്രപാല്‍; ഫ്‌ളയിംഗ് ഓഫീസര്‍ നിര്‍മ്മല്‍ജിത് സിംഗ് ഷെഖോണ്‍; മേജര്‍ രാമസ്വാമി പരമേശ്വരന്‍; നായിബ് സുബേദാര്‍ ബനാ സിംഗ്; ക്യാപ്റ്റന്‍ വിക്രം ബത്ര; ലെഫ്റ്റനന്റ് മനോജ് കുമാര്‍ പാണ്ഡെ; സുബേദാര്‍ മേജര്‍ (അന്നത്തെ റൈഫിള്‍മാന്‍) സഞ്ജയ് കുമാര്‍; സുബേദാര്‍ മേജര്‍ റിട്ട. (ഓണററി  ക്യാപ്റ്റന്‍) ഗ്രനേഡിയര്‍ യോഗേന്ദ്ര സിംഗ് യാദവ്. എന്നീ 21 പരമവീര ചക്ര അവാര്‍ഡ് ജേതാക്കളുടെ പേരുകളാണ് ഈ ദ്വീപുകള്‍ക്ക് നല്‍കുന്നത്.

--ND--


(Release ID: 1892721) Visitor Counter : 272