പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജനുവരി 6നും 7നും ഡല്‍ഹിയില്‍ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ രണ്ടാം ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി അധ്യക്ഷനാകും



എംഎസ്എംഇകള്‍, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപങ്ങളും, ചട്ടങ്ങള്‍ പാലിക്കല്‍ കുറയ്ക്കല്‍, സ്ത്രീശാക്തീകരണം, ആരോഗ്യവും പോഷകാഹാരവും, നൈപുണ്യവികസനം എന്നിവ ഉള്‍ക്കൊള്ളുന്ന ആറു പ്രമേയങ്ങളിൽ ചര്‍ച്ചകള്‍ നടക്കും

എല്ലാ കോണിലുമെത്തല്‍, ജിഎസ്ടി, ആഗോള ഭൂരാഷ്ട്രതന്ത്ര വെല്ലുവിളികളും ഇന്ത്യയുടെ പ്രതികരണവും എന്നിങ്ങനെ മൂന്നു പ്രത്യേക സെഷനുകള്‍ വികസിത് ഭാരതില്‍ നടക്കും

പ്രാദേശികതയ്ക്കായുള്ള ആഹ്വാനം, അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം, ജി 20: സംസ്ഥാനങ്ങളുടെ പങ്ക്, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നിങ്ങനെ നാലു വിഷയങ്ങളില്‍ കേന്ദ്രീകൃതമായ ചര്‍ച്ചകള്‍ക്കും സമ്മേളനം സാക്ഷ്യംവഹിക്കും

ഓരോ പ്രമേയത്തിനു കീഴിലും സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള മികച്ച രീതികള്‍ അവതരിപ്പിക്കുകയും അറിവു പങ്കിടുകയും ചെയ്യും

സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും മുമ്പു നടത്തിയ മൂന്നു വെര്‍ച്വല്‍ സമ്മേളനങ്ങളിൽ നിന്നുള്ള പരിണിതഫലങ്ങൾ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും

കഴിഞ്ഞ മൂന്നു മാസങ്ങളില്‍ 150ലധികം യോഗങ്ങളിലായി കേന്ദ്രവും സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളും തമ്മിലുള്ള വിപുലമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് സമ്മേളനത്തിന്റെ അജണ്ടയ്ക്കു രൂപംനൽകിയത്


Posted On: 04 JAN 2023 8:40PM by PIB Thiruvananthpuram

2023 ജനുവരി 6നും 7നും ഡല്‍ഹിയില്‍ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ രണ്ടാം ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു പ്രധാന ചുവടുവയ്പ്പാണിത്. ചീഫ് സെക്രട്ടറിമാരുടെ ആദ്യ സമ്മേളനം നടന്നത് 2022 ജൂണില്‍ ധര്‍മ്മശാലയിലാണ്.

ഈ വര്‍ഷം ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം 2023 ജനുവരി 5 മുതല്‍ 7 വരെ ഡല്‍ഹിയില്‍ നടക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ വേഗത്തിലുള്ളതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനാണ് മൂന്ന് ദിവസത്തെ സമ്മേളനം ഊന്നല്‍ നല്‍കുന്നത്. കേന്ദ്രഗവണ്‍മെന്റ് പ്രതിനിധികള്‍, ചീഫ് സെക്രട്ടറിമാര്‍, എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണപ്രദേശങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥർ എന്നിവർ ഉള്‍പ്പെടെ 200ലധികം പേർ സമ്മേളനത്തിൽ പങ്കെടുക്കും. വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മാനവവികസനത്തിനും ഊന്നല്‍ നല്‍കി 'വികസിത് ഭാരത്' കൈവരിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം അടിത്തറ പാകും.

ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, നിതി ആയോഗ്, സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍, ഡൊമെയ്ന്‍ വിദഗ്ധര്‍ എന്നിവര്‍ തമ്മില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളിലായി നേരിട്ടും വെര്‍ച്വലായും നടത്തിയ 150ലധികം കൂടിയാലോചനാ യോഗങ്ങളിലെ വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമ്മേളനത്തിന്റെ അജണ്ട തീരുമാനിച്ചത്. (i) എംഎസ്എംഇകള്‍ക്ക് ഊന്നല്‍; (ii) അടിസ്ഥാനസൗകര്യങ്ങളും നിക്ഷേപങ്ങളും; (iii)  ചട്ടങ്ങള്‍ പാലിക്കല്‍ കുറയ്ക്കല്‍; (iv) സ്ത്രീശാക്തീകരണം; (v) ആരോഗ്യവും പോഷകാഹാരവും; (vi) നൈപുണ്യ വികസനം എന്നിങ്ങനെ പ്രധാനപ്പെട്ട ആറ് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ച നടക്കും.

(i) വികസിത് ഭാരത്: എല്ലാ കോണിലുമെത്തല്‍ (ii) അഞ്ച് വര്‍ഷത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) - പഠനങ്ങളും അനുഭവങ്ങളും; (iii) ആഗോള ഭൂരാഷ്ട്രതന്ത്ര വെല്ലുവിളികളും ഇന്ത്യയുടെ പ്രതികരണവും എന്നിങ്ങനെ മൂന്ന് പ്രത്യേക സെഷനുകള്‍ നടക്കും.

കൂടാതെ, (i) പ്രാദേശികതയ്ക്കായുള്ള ആഹ്വാനം; (ii) ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷം; (iii) ജി 20: സംസ്ഥാനങ്ങളുടെ പങ്ക്; (iv) ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നിങ്ങനെ നാല് വിഷയങ്ങളില്‍ കേന്ദ്രീകൃത ചര്‍ച്ചകള്‍ നടക്കും.

സംസ്ഥാനങ്ങള്‍ പരസ്പരം അറിവുകൾ പങ്കുവയ്ക്കുംവിധത്തിൽ ഓരോ പ്രമേയത്തിന് കീഴിലും സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ള മികച്ച രീതികളും സമ്മേളനത്തില്‍ അവതരിപ്പിക്കും.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം, പ്രധാന സമ്മേളനത്തിന് മുമ്പ് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും (i) ജില്ലകള്‍ വികസനത്തിന്റെ ആധാരം (ii) ചാക്രിക സമ്പദ്വ്യവസ്ഥ  (iii) മാതൃകാകേന്ദ്രഭരണപ്രദേശങ്ങൾ എന്നീ വിഷയങ്ങളില്‍ മൂന്ന് വെര്‍ച്വല്‍ സമ്മേളനങ്ങളും നടന്നിരുന്നു. ഈ വെര്‍ച്വല്‍ സമ്മേളനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകളും ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തില്‍ അവതരിപ്പിക്കും.

---ND---



(Release ID: 1888732) Visitor Counter : 133