വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

പെൺകുട്ടികൾക്കിടയിൽ സെർവിക്കൽ ക്യാൻസർ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനും അത് തടയുന്നതിന് നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു

Posted On: 22 DEC 2022 9:24AM by PIB Thiruvananthpuram

 

ഗർഭാശയ ഗള അർബുദം (സെർവിക്കൽ ക്യാൻസർ) തടയുന്നതിനെക്കുറിച്ചും രാജ്യത്തുടനീള മുള്ള പെൺകുട്ടികൾക്കിടയിൽ എച്ച്പിവി വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു.

കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ശ്രീ സഞ്ജയ് കുമാറും കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണും സംയുക്തമായി അയച്ച കത്തിൽ, സെർവിക്കൽ ക്യാൻസർ നിർമാർജനത്തിനായി ലോകാരോഗ്യ സംഘടന സ്വീകരിക്കുന്ന ആഗോള നടപടിയുടെ പ്രധാന സ്തംഭം വാക്സിനേഷനിലൂടെയുള്ള പ്രതിരോധം ആണെന്ന് പറയുന്നു.

നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഫോർ ഇമ്മ്യൂണൈസേഷൻ (എൻ‌ടി‌എ‌ജി‌ഐ), സാർവത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടി (യു‌ഐ‌പി)യ്ക്ക് കീഴിൽ, 9-14 വയസ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികൾക്ക് ഒറ്റത്തവണ എച്ച്‌പിവി വാക്‌സിൻ അവതരിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. തുടർന്ന് എല്ലാ ഒമ്പത് വർഷങ്ങളിലും ഇത് നൽകണം.

പ്രചാരണം വിജയകരമാക്കുന്നതിന് ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഉചിതമായ തലങ്ങളിൽ ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളോട് കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്:

 

  •  വാക്സിനേഷനായി, സ്കൂളുകളിൽ HPV വാക്സിനേഷൻ കേന്ദ്രങ്ങൾ സംഘടിപ്പിക്കുക.
  • ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസറെ പിന്തുണയ്ക്കാനും ജില്ലാ മജിസ്‌ട്രേറ്റിന് കീഴിലുള്ള ജില്ലാ ടാസ്‌ക് ഫോഴ്‌സ് ഓൺ ഇമ്മ്യൂണൈസേഷന്റെ (DTFI) ശ്രമങ്ങളുടെ ഭാഗമാകാനും ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകുന്നു.
  • ജില്ലയിലെ ഗവണ്മെന്റ്/സ്വകാര്യ സ്കൂൾ മാനേജ്മെന്റ് ബോർഡുമായി ഏകോപനം.
  • വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഓരോ സ്‌കൂളിലും ഒരു നോഡൽ ഓഫിസറെ കണ്ടെത്തുകയും സ്‌കൂളിലെ 9-14 വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ എണ്ണം കൂട്ടിച്ചേർത്ത് U-WIN-ൽ ബൾക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുക.
  • പ്രത്യേക അധ്യാപക-രക്ഷാകർതൃ യോഗം നടത്തി എല്ലാ രക്ഷിതാക്കളിലും സ്കൂൾ അധ്യാപകരിലൂടെ അവബോധം സൃഷ്ടിക്കുക.
  • ഓരോ ബ്ലോക്കിലെയും എല്ലാത്തരം സ്കൂളുകളുടെയും (UDISE+) ഒരു പട്ടിക സൃഷ്ടിക്കുന്നതിനും ജിഐഎസ് മാപ്പ് സൃഷ്ടിക്കുന്നതിനും പിന്തുണ നൽകുക. ഇതുവഴി ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസർമാർക്ക് സൂക്ഷ്മമായ ആസൂത്രണം നടത്താനും വാക്സിനേഷൻ യജ്ഞത്തിൽ ഒരു സ്കൂളും ഒഴിവായി പോകാതെ സ്ഥിരീകരിക്കാനും കഴിയും.
  • പരീക്ഷയും അവധിയും ഒഴികെയുള്ള മാസങ്ങളിൽ സംസ്ഥാനത്ത് വാക്സിനേഷൻ പ്രചരണം ആസൂത്രണം ചെയ്യാൻ ആരോഗ്യ സംഘത്തെ പിന്തുണയ്ക്കുക.
****

(Release ID: 1885745) Visitor Counter : 164