വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
യൗവനത്തിലേക്കുള്ള മാസ്മരികയാത്ര മനോഹരമായി വരച്ചുകാട്ടിയ കോസ്റ്റ റിക്കൻ സംവിധായിക വാലന്റീന മൗറലിന്റെ സ്പാനിഷ് ചിത്രം 'ഐ ഹാവ് ഇലക്ട്രിക് ഡ്രീംസി'ന് സുവർണമയൂരം
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം സ്പാനിഷ് ചിത്രമായ ‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസി’ന് (ടെംഗോ സൂനോസ് ഇലക്ട്രിക്കോസ്). സിനിമയുടെ വർത്തമാനവും ഭാവിയും തിരശീലയിലേക്കു കൊണ്ടുവന്നെന്നു ജൂറി വിശേഷിപ്പിച്ച സിനിമയുടെ സംവിധായിക കോസ്റ്റ റിക്കൻ ചലച്ചിത്രകാരിയായ വാലന്റീന മൗറലാണ്. 16 വയസുള്ള ഇവ എന്ന പെൺകുട്ടി യൗവനയുക്തയാകുന്നതോടെ അവളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും പ്രതിസന്ധികളും സങ്കീർണതകളും ചിത്രം വരച്ചുകാട്ടുന്നു. ജീവിതത്തിന്റെ സത്യസന്ധമായ ചിത്രീകരണം നടത്തിയ ചിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ, ഹിംസയും ദയവും കോപവും അടുപ്പവുമൊക്കെ ഒരേ അളവിൽ സഞ്ചരിക്കുന്ന തലത്തിലേക്കെത്തുന്നതായി ജൂറി അഭിപ്രായപ്പെട്ടു. "ഈ ചിത്രം മാസ്മരികവും മനസിനെ പിടിച്ചുലയ്ക്കുന്നതുമായിരുന്നു"വെന്നു ജൂറി പരാമർശിച്ചു.
ലോകത്തിന്റെ മറുഭാഗത്തുള്ള കഥകളിലൂടെ ജനങ്ങളെ തിരിച്ചറിയാനും അതേസമയം സാർവത്രികമായ കുടുംബമൂല്യങ്ങളുമായും വികാരങ്ങളുമായും കൂട്ടിയിണക്കാനും ചിത്രം സഹായിക്കുന്നു. ചിത്രത്തിന്റെ നിർമാണം ബെനോയിറ്റ് റോളണ്ടും ഗ്രെഗോയർ ഡെബെയ്‌ലിയുമാണ്.
ഇറാന്റെ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയുടെ സൂക്ഷ്മമായ ചിത്രീകരണം നടത്തിയ 'നോ എൻഡ്' എന്ന ചിത്രത്തിന്, ഇറാനിയൻ എഴുത്തുകാരനും സംവിധായകനുമായ നാദർ സയീവറിന് മികച്ച സംവിധായകനുള്ള രജതമയൂരം
ഇറാൻ രഹസ്യപോലീസിന്റെ ഉള്ളറകൾ ചിത്രീകരിക്കുന്ന നോ എൻഡ്/ബി പയാൻ എന്ന തുർക്കി ചിത്രത്തിനാണ് മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം. തന്റെ വീട് നിലനിർത്താനുള്ള തീവ്രശ്രമത്തിൽ, രഹസ്യപൊലീസ് ഉൾപ്പെടുന്ന ഒരു നുണയിൽ കുടുങ്ങുന്ന അയാസ് എന്ന സത്യസന്ധനായ വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. യഥാർത്ഥ രഹസ്യപ്പൊലീസ് രംഗത്തെത്തുമ്പോൾ കാര്യങ്ങൾ സങ്കീർണമാകുന്നു. പുരസ്കാരനിർണയം ഏകകണ്ഠമായാണെന്നു വ്യക്തമാക്കിയ ജൂറി, ഇറാനിൽ നിന്നുള്ള കഥ പിന്തിരിപ്പൻ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥയെ മനോഹരവും സൂക്ഷ്മവുമായ ആഖ്യാനത്തിലൂടെ, മന്ദഗതിയിൽ, മനസിനെ സ്പർശിക്കുംവിധത്തിൽ ഒരുക്കിയിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി.
നോ എൻഡ് എന്ന ചിത്രത്തിലെ പ്രധാനനടൻ വാഹിദ് മൊബസ്സേറിക്ക് മികച്ച നടനുള്ള രജത മയൂരം
നാദിർ സയീവർ സംവിധാനം ചെയ്ത നോ എൻഡ് എന്ന ചിത്രത്തിലെ അയാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വാഹിദ് മൊബസ്സേറിയെ മികച്ച നടനായി ജൂറി ഏകകണ്ഠമായി തെരഞ്ഞെടുത്തു. കഥാപാത്രത്തിന്റെ നൊമ്പരപ്പെടുത്തുന്ന വികാരങ്ങളുടെ സങ്കീർണ്ണത വാക്കുകളില്ലാതെ, ഭാവങ്ങളിലൂടെ മാത്രം അതിമനോഹരമായും മിതത്വത്തോടെയും അവതരിപ്പിച്ചതിനാണു പുരസ്കാരം.
‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസി’ലെ നായിക ഡാനിയേല മരിൻ നവാരോയ്ക്ക് മികച്ച നടിക്കുള്ള രജതമയൂരം
'ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്' എന്ന സ്പാനിഷ് ചിത്രത്തിലെ 16 കാരിയായ ഇവയുടെ വേഷം അവതരിപ്പിച്ച 19 കാരിയായ ഡാനിയേല മരിൻ നവാരോയാണു മികച്ച നടി. കൗമാരത്തിന്റെ സങ്കീർണത നിറഞ്ഞ കാലഘട്ടത്തിൽ, വളരെ സാധാരണമായ, നിഷ്കളങ്കത നിറഞ്ഞ, കഥാപാത്രത്തെ വളരെ വിശ്വാസ്യതയോടെ അവതരിപ്പിച്ചതിനാണു ഡാനിയേലയ്ക്കു പുരസ്കാരം. ഈ ചിത്രത്തിലെ പ്രകടനത്തിന് ലോകാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഡാനിയേലയ്ക്കു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വേവ്സ് ആർ ഗോൺ/ കപാഗ് വാലാ നാങ് എംഗാ അലോൺ എന്ന ചിത്രത്തിന് ഫിലിപ്പിനോ ചലച്ചിത്രകാരൻ ലാവ് ഡയസിന് പ്രത്യേക ജൂറി പുരസ്കാരം
ഐഎഫ്എഫ്ഐ 53ലെ സ്പെഷ്യൽ ജൂറി പുരസ്കാരം ഫിലിപ്പിനോ ചലച്ചിത്രകാരൻ ലാവ് ഡയസിന്റെ വേവ്സ് ആർ ഗോൺ എന്ന ചിത്രത്തിന്. "കുറഞ്ഞ വാക്കുകളിൽ വികാരങ്ങൾ, പ്രത്യേകിച്ച് രോഷം, പ്രതിഫലിപ്പിക്കുന്ന ഈ ചിത്രം ദൃശ്യപരമായ കഥപറച്ചിലിന്റെ കരുത്തിന് ഉദാഹരണമാണ്"- ജൂറി അഭിപ്രായപ്പെട്ടു.
ഗാഢമായ ധാർമിക പ്രതിസന്ധി അനുഭവിക്കുന്ന ഫിലിപ്പൈൻസിലെ കുറ്റാന്വേഷകന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. കഠിനമായ ഉത്കണ്ഠയിൽനിന്നും കുറ്റബോധത്തിൽനിന്നും മോചനത്തിനു ശ്രമിക്കുമ്പോഴും അയാളെ വേട്ടയാടുന്ന ഇരുണ്ട ഭൂതകാലത്തെക്കുറിച്ചാണു സിനിമ ചർച്ച ചെയ്യുന്നത്. തന്റേതായ 'സിനിമാറ്റിക് കാലം' ഒരുക്കിയെടുക്കുന്നതിൽ പ്രശസ്തനാണ് ലാവ് ഡയസ്.
മികച്ച നവാഗത സംവിധായക പുരസ്കാരം ബിഹൈൻഡ് ദി ഹെയ്സ്റ്റാക്ക്‌സിലൂടെ അസിമിന പ്രോയ്ഡ്രൂവിന്
ചലച്ചിത്രമേളയിൽ ആദ്യ അന്താരാഷ്ട്ര പ്രദർശനം നടത്തിയ 'ബിഹൈൻഡ് ദി ഹെയ്‌സ്റ്റാക്ക്‌സ്' എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകപുരസ്‌കാരം ഏഥൻസിൽ നിന്നുള്ള സംവിധായിക അസിമിന പ്രോയ്ഡ്രൂവിനു ലഭിച്ചു. "അനാവശ്യമായ ധാർമികതയുടെ തീവ്രമായ മനഃശാസ്ത്രപരമായ വിവരണം, വംശീയ അഭയാർഥി പ്രതിസന്ധിയോടുള്ള നീരസം, കൗമാര ബോധത്തെ ഉണർത്തൽ" എന്നിവയുടെ പരിപൂർണതയാണ് ഈ സിനിമയെന്ന് ജൂറി പരാമർശിച്ചു. പ്രതിസന്ധിഘട്ടത്തിൽ, അവരുടെ പ്രവൃത്തികൾക്ക് നൽകേണ്ട വില അഭിമുഖീകരിക്കേണ്ടിവരുന്ന വ്യക്തിയുടെയും അയാളുടെ ഭാര്യയുടെയും മകളുടെയും യാത്രയിലേക്കാണ് ഈ ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്.
പ്രവീൺ കന്ദ്രെഗുലയ്ക്ക് 'സിനിമാ ബന്ദി'യിലൂടെ പ്രത്യേക പരാമർശം
സംവിധായകനും എഴുത്തുകാരനും ഛായാഗ്രാഹകനുമായ പ്രവീൺ കാന്ദ്രെഗുലയുടെ സിനിമാ ബന്ദി എന്ന ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമർശം. പാവപ്പെട്ട ഓട്ടോ ഡ്രൈവറുടെ, ചലച്ചിത്രകാരനാകുന്നതിലേക്കുള്ള യാത്രയാണു ചിത്രം പറയുന്നത്. ഇന്ത്യയിലെ സിനിമയോടുള്ള അഭിനിവേശവും വികാരതീവ്രതയുമാണു ചിത്രം വിവരിക്കുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഇസ്രയേലി എഴുത്തുകാരനും ചലച്ചിത്രകാരനുമായ നദവ് ലാപിഡാണ് അന്താരാഷ്ട്രമത്സരവിഭാഗം ജുറിയെ നയിച്ചത്. അമേരിക്കൻ നിർമാതാവ് ജിങ്കോ ഗോട്ടോ, ഫ്രഞ്ച് ഫിലിം എഡിറ്റർ പാസ്കേൽ ചാവൻസ്, ഫ്രഞ്ച് ഡോക്യുമെന്ററി ചലച്ചിത്രകാരനും ചലച്ചിത്രനിരൂപകനും പത്രപ്രവർത്തകനുമായ ഹാവിയർ അംഗുലോ ബാർതുറൻ, ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ സുദീപ്തോ സെൻ എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ.
--ND--
(Release ID: 1879606)
Visitor Counter : 201
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu