പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'ഭീകരതയ്ക്കു ധനസഹായമില്ല' എന്ന വിഷയത്തിലെ മൂന്നാമതു മന്ത്രിതലസമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

Posted On: 18 NOV 2022 10:39AM by PIB Thiruvananthpuram

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകൻ അമിത് ഷാ, വിശിഷ്ടാതിഥികളേ, വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളേ, ലോകമെമ്പാടുമുള്ള അന്വേഷണ ഏജന്‍സികളിലെയും സുരക്ഷാസേനകളിലെയും അംഗങ്ങളേ, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ!

ഭീകരതയ്ക്കു ധനസഹായം നിഷേധിക്കുക എന്ന ആഗോള ക്യാമ്പയിന്റെ മൂന്നാമതു മന്ത്രിതലസമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതംചെയ്യുന്നു.

സുഹൃത്തുക്കളേ,

ഈ സമ്മേളനം നടക്കുന്നത് ഇന്ത്യയിലാണെന്നതു ശ്രദ്ധേയമാണ്. ഭീകരതയെ ലോകം ഗൗരവമായി കാണുന്നതിനു വളരെമുമ്പുതന്നെ നമ്മുടെ രാജ്യം അതിനെ അഭിമുഖീകരിക്കുകയാണ്. ദശാബ്ദങ്ങളായി, വ്യത്യസ്ത പേരുകളിലും രൂപത്തിലുമുള്ള ഭീകരവാദം ഇന്ത്യയെ മുറിപ്പെടുത്താന്‍ ശ്രമിച്ചു. ആയിരക്കണക്കിനു വിലയേറിയ ജീവനുകളാണു നമുക്കു നഷ്ടമായത്. പക്ഷേ ഭീകരതയ്ക്കെതിരെ നാം ധീരമായി പോരാടി.

ഭീകരതയ്ക്കെതിരെ കാലങ്ങളായി ഉറച്ചുനിന്നു പോരാടുന്ന രാജ്യവുമായും അവിടത്തെ ജനങ്ങളുമായും ആശയവിനിമയം നടത്താന്‍ ഇതില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് അവസരമുണ്ട്. ഒരൊറ്റ ആക്രമണംപോലും വളരെയധികം നാശം വിതയ്ക്കുന്നതാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. നഷ്ടപ്പെട്ട ഓരോ ജീവനും വളരെ വിലപ്പെട്ടതാണ്. അതിനാല്‍, ഭീകരവാദം വേരോടെ പിഴുതെറിയപ്പെടുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല.

സുഹൃത്തുക്കളേ,

ഇതു വളരെ പ്രധാനപ്പെട്ട ഒത്തുചേരലാണ്. ഇതു മന്ത്രിമാരുടെമാത്രം ഒത്തുചേരലായി കാണരുത്. കാരണം ഇതു മാനവരാശിയെയാകെ ബാധിക്കുന്ന വിഷയമാണു ചര്‍ച്ചചെയ്യുന്നത്. ഭീകരവാദത്തിന്റെ ദീര്‍ഘകാല ആഘാതം ഓരോ രാജ്യത്തെയും പാവപ്പെട്ടവരെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയേയും കൂടുതലായി ബാധിക്കുന്നു. വിനോദസഞ്ചാരമായാലും വ്യാപാരമായാലും, നിരന്തരം ഭീഷണി നേരിടുന്ന പ്രദേശം ആരും ഇഷ്ടപ്പെടുന്നില്ല. ഇതുമൂലം ജനങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാകുന്നു. ഭീകരതയ്ക്കു ധനസഹായം നല്‍കുന്നതിന്റെ വേരുകളെ നാം ആക്രമിക്കുക എന്നതാണു പ്രധാനപ്പെട്ട കാര്യം.

സുഹൃത്തുക്കളേ,

ഇന്ന് ആഗോളതലത്തില്‍ ഭീകരവാദത്തിന്റെ അപകടങ്ങളെക്കുറിച്ചു ജനങ്ങളെ ആരും ഓർമിപ്പിക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും, ചിലയിടങ്ങളില്‍ ഭീകരവാദത്തെക്കുറിച്ചു ചില തെറ്റിദ്ധാരണകള്‍ ഇപ്പോഴുമുണ്ട്. വ്യത്യസ്ത ആക്രമണങ്ങളോടുള്ള പ്രതികരണത്തിന്റെ തീവ്രത അത് എവിടെ സംഭവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി വ്യത്യസ്തമാക്കാൻ കഴിയില്ല. എല്ലാ ഭീകരവാദ ആക്രമണങ്ങളും തുല്യമായതരത്തിൽ കടുത്ത പ്രതികരണവും നടപടിയും അര്‍ഹിക്കുന്നു. മാത്രമല്ല, ചിലപ്പോള്‍, ഭീകരവാദികള്‍ക്കെതിരായ നടപടി തടയാന്‍ ഭീകരവാദത്തെ പിന്തുണച്ചു പരോക്ഷമായ വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഒരാഗോള ഭീഷണി കൈകാര്യം ചെയ്യുമ്പോള്‍ അവ്യക്തമായ സമീപനത്തിന് ഇടമില്ല. ഇതു മാനവികതയ്ക്കും സ്വാതന്ത്ര്യത്തിനും സംസ്കാരത്തിനും  നേരെയുള്ള ആക്രമണമാണ്. അതിന് അതിരുകളില്ല. ഏകീകൃതവും സഹിഷ്ണുതയില്ലാത്തതുമായ സമീപനത്തിനുമാത്രമേ ഭീകരവാദത്തെ പരാജയപ്പെടുത്താന്‍ കഴിയൂ.

സുഹൃത്തുക്കളേ,

ഒരു ഭീകരനോടു പോരാടുന്നതും ഭീകരവാദത്തിനെതിരെ പോരാടുന്നതും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. ഭീകരനെ ആയുധങ്ങള്‍ ഉപയോഗിച്ചു നിര്‍വീര്യമാക്കാം. ഭീകരവാദികളോടുള്ള ഉടനടിയുള്ള തന്ത്രപരമായ പ്രതികരണങ്ങള്‍ പ്രവര്‍ത്തനവിഷയമായിരിക്കാം. എന്നാല്‍ അവരുടെ സാമ്പത്തികസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന തന്ത്രപരമായ നടപടികളാണാവശ്യം. ഭീകരവാദി‌ ഒരു വ്യക്തിയാണ്. എന്നാല്‍ ഭീകരവാദം എന്നതു വ്യക്തികളുടെയും സംഘടനകളുടെയും ശൃംഖലയാണ്. ഭീകരവാദത്തെ വേരോടെ പിഴുതെറിയുന്നതിനു കൂടുതല്‍ ക്രിയാത്മകമായ പ്രതികരണം ആവശ്യമാണ്. നമ്മുടെ പൗരന്മാര്‍ സുരക്ഷിതരായിരിക്കണമെന്നു നാം ആഗ്രഹിക്കുന്നുവെങ്കില്‍, ഭീകരത നമ്മുടെ വീടുകളില്‍ വരുന്നതുവരെ നമുക്കു കാത്തിരിക്കാനാവില്ല. നമ്മള്‍ തീവ്രവാദികളെ പിന്തുടരണം. അവരുടെ പിന്തുണാശൃംഖലകള്‍ തകര്‍ക്കണം. അവരുടെ സാമ്പത്തികസ്ഥിതി തകര്‍ക്കണം.

സുഹൃത്തുക്കളേ,

ഭീകരസംഘടനകള്‍ക്കു പല സ്രോതസുകളിലൂടെയും പണം ലഭിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു സ്രോതസ് ചില രാഷ്ട്രങ്ങളുടെതന്നെ പിന്തുണയാണ്. ചില രാജ്യങ്ങള്‍ അവരുടെ വിദേശനയത്തിന്റെ ഭാഗമായി ഭീകരവാദത്തെ പിന്തുണയ്ക്കുന്നു. അവര്‍ക്കു രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാമ്പത്തികവുമായ പിന്തുണ വാഗ്ദാനംചെയ്യുന്നു. യുദ്ധത്തിന്റെ അഭാവം സമാധാനമാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ കരുതരുത്. നിഴൽ  യുദ്ധങ്ങളും അപകടകരവും അക്രമാസക്തവുമാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ നടപടി സ്വീകരിക്കണം. ഭീകരവാദികളോടു സഹതാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സംഘടനകളെയും വ്യക്തികളെയും ഒറ്റപ്പെടുത്തണം. ഭീകരതയ്ക്കുള്ള പരസ്യവും രഹസ്യവുമായ എല്ലാവിധ പിന്തുണയ്ക്കുമെതിരെ ലോകം ഒന്നിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

ഭീകരവാദധനസഹായത്തിന്റെ ഉറവിടങ്ങളിലൊന്നു സംഘടിത കുറ്റകൃത്യങ്ങളാണ്. സംഘടിത കുറ്റകൃത്യങ്ങളെ ഒറ്റപ്പെടുത്തിക്കാണരുത്. ഈ സംഘങ്ങള്‍ക്കു പലപ്പോഴും ഭീകരവാദ സംഘടനകളുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ആയുധക്കച്ചവടം, മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവയിലൂടെ സമ്പാദിക്കുന്ന പണം ഭീകരവാദത്തിനായി ‌ഒഴുക്കുന്നു. ഈ സംഘങ്ങള്‍ ലോജിസ്റ്റിക്സ്, ആശയവിനിമയം എന്നിവയിലും ഇടപെടല്‍ നടത്തുന്നു. സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരായ നടപടി ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ വളരെ പ്രധാനമാണ്. ചില സമയങ്ങളില്‍, കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍പോലും ഭീകരവാദധനസഹായത്തിനു പിന്തുണയേകുന്നതായി പറയപ്പെടുന്നു. അതിനെതിരായ പോരാട്ടത്തിന് ആഗോള സഹകരണം ആവശ്യമാണ്.

സുഹൃത്തുക്കളേ,

അത്തരമൊരു സങ്കീര്‍ണ അന്തരീക്ഷത്തില്‍, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി, സാമ്പത്തിക നടപടികൾക്കായുള്ള ദൗത്യസംഘം, സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റുകള്‍, എഗ്മണ്ട് ഗ്രൂപ്പ് തുടങ്ങിയവ അനധികൃത ധനസഹായത്തിന്റെ ഒഴുക്കു തടയുന്നതിലും കണ്ടെത്തുന്നതിലും പിടിച്ചെടുക്കുന്നതിലും സഹകരണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദശകങ്ങളായി ഭീകരതയ്ക്കെതിരായ യുദ്ധത്തിന് ഇതു പല വിധത്തില്‍ സഹായകമായി. ഭീകരവാദധനസഹായ അപകടസാധ്യതകള്‍ മനസിലാക്കാനും ഇതു സഹായിക്കുന്നു.

സുഹൃത്തുക്കളേ,

ഇപ്പോള്‍ ഭീകരവാദത്തിന്റെ ചലനാത്മകതയ്ക്കു മാറ്റംവരികയാണ്. അതിവേഗം മുന്നേറുന്ന സാങ്കേതികവിദ്യ വെല്ലുവിളിയും, അതേസമയം ഭീകരവാദത്തിനെതിരായ പോരാട്ടത്തിനു സഹായകരവുമാണ്. ഭീകരവാദത്തിനു ധനസഹായം നല്‍കുന്നതിനും കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതിനും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു. ഡാര്‍ക്ക് നെറ്റ്, സ്വകാര്യ കറന്‍സികള്‍ എന്നിവയില്‍ നിന്നുള്ള വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നു. പുതിയ ധനകാര്യ സാങ്കേതികവിദ്യകളെക്കുറിച്ചു പൊതുവായ ധാരണ ആവശ്യമാണ്. ഈ ശ്രമങ്ങളില്‍ സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തേണ്ടതും പ്രധാനമാണ്. എന്നാല്‍ ഒരുകാര്യം നാം ശ്രദ്ധിക്കണം. സാങ്കേതികവിദ്യയെ പൈശാചികമായി ചിത്രീകരിക്കുകയല്ല വേണ്ടത്. പകരം, ഭീകരവാദം പിന്തുടരാനും കണ്ടെത്താനും നേരിടാനും സാങ്കേതികവിദ്യ ഉപയോഗിക്കുകയാണു ചെയ്യേണ്ടത്.

സുഹൃത്തുക്കളേ,

ഇന്ന്, ഭൗതികലോകത്തു മാത്രമല്ല, വെര്‍ച്വല്‍ ലോകത്തും സഹകരണം ആവശ്യമാണ്. സൈബര്‍ ഭീകരവാദത്തിനും ഓണ്‍ലൈന്‍ റാഡിക്കലൈസേഷനുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വിതരണംചെയ്യപ്പെടുന്നു. ചിലര്‍ വിദൂരസ്ഥലത്തുനിന്ന് ഓണ്‍ലൈനിലൂടെ ആയുധപരിശീലനവും വാഗ്ദാനംചെയ്യുന്നു. ആശയവിനിമയം, യാത്ര, ലോജിസ്റ്റിക്സ് എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ ശൃംഖലയുടെ നിരവധി കണ്ണികളുണ്ട്. ഓരോ രാജ്യത്തിനും, അവയുടെ കൈയെത്തുംദൂരത്തുള്ള, ശൃംഖലയുടെ കണ്ണികൾക്കെതിരെ പ്രവര്‍ത്തിക്കാനാകും.

സുഹൃത്തുക്കളേ,

പല രാജ്യങ്ങൾക്കും അവരുടേതായ നിയമസംഹിതകളും നടപടിക്രമങ്ങളും പ്രക്രിയകളുമുണ്ട്. പരമാധികാരരാഷ്ട്രങ്ങൾക്ക് അവരുടെ സ്വന്തം സംവിധാനങ്ങളിൽ അവകാശവുമുണ്ട്. എന്നിരുന്നാലും, വ്യവസ്ഥകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ദുരുപയോഗംചെയ്യാൻ ഭീകരവാദികളെ അനുവദിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. ഗവണ്മെന്റുകൾ തമ്മിലുള്ള ആഴത്തിലുള്ള ഏകോപനത്തിലൂടെയും ധാരണയിലൂടെയും ഇതു തടയാനാകും. സംയുക്തപ്രവർത്തനങ്ങൾ, രഹസ്യാന്വേഷണ ഏകോപനം, കൈമാറൽ എന്നിവ ഭീകരതയ്ക്കെതിരായ പോരാട്ടത്തെ സഹായിക്കും. റാഡിക്കലൈസേഷന്റെയും ഭീകരവാദത്തിന്റെയും പ്രശ്നങ്ങളെ നാം സംയുക്തമായി അഭിസംബോധന ചെയ്യേണ്ടതും പ്രധാനമാണ്. റാഡിക്കലൈസേഷനെ പിന്തുണയ്ക്കുന്ന ആർക്കും ഒരുരാജ്യത്തും സ്ഥാനമുണ്ടാകരുത്.

സുഹൃത്തുക്കളേ,

കഴിഞ്ഞ ഏതാനും മാസങ്ങളായി സുരക്ഷയുടെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ടു നിരവധി സമ്മേളനങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ട്. ഇന്റര്‍പോളിന്റെ ജനറല്‍ അസംബ്ലിക്ക് ഇന്ത്യ ന്യൂഡല്‍ഹിയില്‍ ആതിഥേയത്വം വഹിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ ഭീകരവിരുദ്ധസമിതിയുടെ പ്രത്യേക സമ്മേളനം മുംബൈയില്‍ നടന്നു. 'ഭീകരതയ്ക്കു ധനസഹായമില്ല'  എന്ന ഈ സമ്മേളനം ഭീകരവാദ ധനസഹായത്തിനെതിരെ ആഗോളതലത്തില്‍ ചലനമുണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമാണ്. ഭീകരതയ്ക്കെതിരായ പോരാട്ടം അടുത്ത തലത്തിലേക്കു കൊണ്ടുപോകുന്നതിനു ലോകത്തെ ഒന്നിപ്പിക്കുകയാണു ഞങ്ങളുടെ ഉദ്ദേശ്യം.

സുഹൃത്തുക്കളേ,

അടുത്ത ഏതാനും ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആശംസകള്‍ നേരുകയാണ്. ഭീകരവാദ ധനസഹായത്തെ അതിന്റെ എല്ലാ തലങ്ങളിലും ചെറുത്ത് ഇല്ലാതാക്കാന്‍ നിങ്ങള്‍ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്.

നന്ദി.

വളരെയധികം നന്ദി.

--ND--


(Release ID: 1876922) Visitor Counter : 205