പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി തെലങ്കാനയിലെ രാമഗുണ്ഡത്തിൽ 9500 കോടിരൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു

രാമഗുണ്ഡത്തെ വളം പ്ലാന്റ് സമർപ്പിച്ചു

“ലോകമെമ്പാടുമുള്ള വിദഗ്ധർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാപാതയുടെ കാര്യത്തിൽ ആവേശഭരിതരാണ്” 

“പുതിയ ഇന്ത്യ ലോകത്തിനുമുന്നിൽ അതിനെ സ്വയം അവതരിപ്പിക്കുന്നത് ആത്മവിശ്വാസത്തോടെയും വികസനത്വരയോടെയുമാണ്” 

“കേന്ദ്രഗവണ്മെന്റിന്റെ ആത്മാർഥമായ പ്രവർത്തനങ്ങളുടെ തെളിവാണു രാസവളം മേഖല” 

“എസ്‌സി‌സി‌എൽ സ്വകാര്യവൽക്കരിക്കാനുള്ള നിർദേശമൊന്നും കേന്ദ്രഗവണ്മെന്റിന്റെ പരിഗണനയിലില്ല”


“തെലങ്കാന ഗവണ്മെന്റിന് എസ്‌സി‌സി‌എല്ലിൽ 51% ഓഹരിയുണ്ട്; കേന്ദ്രഗവണ്മെന്റിന് 49 ശതമാനവും. എസ്‌സി‌സി‌എൽ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ടു കേന്ദ്രഗവണ്മെന്റിനു സ്വന്തംനിലയിൽ തീരുമാനമെടുക്കാൻ കഴിയില്ല”


Posted On: 12 NOV 2022 5:49PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തെലങ്കാനയിലെ രാമഗുണ്ഡത്തിൽ 9500 കോടിരൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. അതിനുമുമ്പായി ഇന്നു രാവിലെ പ്രധാനമന്ത്രി രാമഗുണ്ഡം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (ആര്‍എഫ്‌സിഎല്‍) പ്ലാന്റ് സന്ദർശിച്ചു. 

ഇന്നു തുടക്കംകുറിച്ചതും തറക്കല്ലിട്ടതുമായ പദ്ധതികൾ കൃഷിയെയും കാർഷികവളർച്ചയെയും പ്രോത്സാഹിപ്പിക്കുമെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഒരുവശത്ത്, ലോകമാകെ കൊറോണ മഹാമാരിയെ നേരിടുകയാണെന്നും യുദ്ധത്താലും സൈനികനടപടികളാലുമുള്ള ദുഷ്കരസാഹചര്യങ്ങൾ ബാധിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “എന്നാൽ ഇതിനെല്ലാമിടയിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള ദിശയിലേക്കു മുന്നേറുകയാണെന്നാണു വിദഗ്ധർ പ്രവചിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. 90കളിൽനിന്നു 30 വർഷത്തിനു തുല്യമായ വളർച്ച വരുംവർഷങ്ങളിൽ ഉണ്ടാകുമെന്നും വിദഗ്ധർ പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. “കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യത്തുണ്ടായ മാറ്റമാണ് ഈ ധാരണയുടെ പ്രധാന കാരണം. കഴിഞ്ഞ 8 വർഷമായി പ്രവൃത്തിചെയ്യുന്നതിനുള്ള ഇന്ത്യയുടെ സമീപനം മാറി. ഈ 8 വർഷത്തിനുള്ളിൽ ഭരണത്തിന്റെ ചിന്താഗതിയും സമീപനവും പരിവർത്തനത്തിനു വിധേയമായിട്ടുണ്ട്”-അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യം, ഗവണ്മെന്റ് പ്രക്രിയകൾ, വ്യവസായനടത്തി‌പ്പു സുഗമമാക്കൽ, വികസനത്വരയുള്ള ഇന്ത്യൻ സമൂഹത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടുള്ള പരിവർത്തനങ്ങൾ എന്നിവയിൽ ഇതു കാണാൻ കഴിയും- അദ്ദേഹം കൂട്ടിച്ചേർത്തു. 

“പുതിയ ഇന്ത്യ ലോകത്തിനുമുന്നിൽ അതിനെ സ്വയം അവതരിപ്പിക്കുന്നത് ആത്മവിശ്വാസത്തോടെയും വികസനത്വരയോടെയുമാണ്”- അദ്ദേഹം പറഞ്ഞു. വർഷത്തിൽ 365 ദിവസവും രാജ്യത്തു നടക്കുന്ന തുടർച്ചയായ ദൗത്യമാണു വികസനമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു പദ്ധതി സമർപ്പിക്കുമ്പോൾ, പുതിയ പദ്ധതികളുടെ പ്രവർത്തനങ്ങൾ അതേസമയം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തറക്കല്ലിട്ട പദ്ധതികളുടെ വികസനം വേഗത്തിലാക്കാൻ പ്രയത്നിക്കുന്നുണ്ടെന്നും രാമഗുണ്ഡം പദ്ധതി അതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2016 ഓഗസ്റ്റ് 7നാണു പ്രധാനമന്ത്രി രാമഗുണ്ഡം പദ്ധതിക്കു തറക്കല്ലിട്ടത്. 

21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് ഏറ്റവും വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു മുന്നേറാൻ കഴിയുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “വലിയ സ്വപ്നങ്ങൾ ലക്ഷ്യംവയ്ക്കുമ്പോൾ, നമുക്കു പുതിയ രീതികൾ ആവിഷ്കരിക്കുകയും പുതിയ സൗകര്യങ്ങൾ സൃഷ്ടിക്കുകയും വേണം”- പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രഗവണ്മെന്റിന്റെ ആത്മാർഥമായ പ്രവർത്തനങ്ങളുടെ തെളിവാണു വളംമേഖലയെന്നു ശ്രീ മോദി പറഞ്ഞു. രാസവളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യ വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്ന കാലത്തെ അനുസ്മരിച്ച്, രാമഗുണ്ഡം പ്ലാന്റ് ഉൾപ്പെടെയുള്ള, കാലഹരണപ്പെട്ട സാങ്കേതികവിദ്യകളാൽ മുമ്പു സ്ഥാപിച്ച, പല രാസവളം പ്ലാന്റുകളും അടച്ചുപൂട്ടാൻ നിർബന്ധിതമായെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അമിതവിലയ്ക്ക് ഇറക്കുമതിചെയ്യുന്ന യൂറിയ കർഷകരിലേക്ക് എത്താതെ മറ്റാവശ്യങ്ങൾക്കായി കരിഞ്ചന്തയിലേക്കു പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

 • ·     വളം ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ
 • ·     യൂറിയയിൽ 100% വേപ്പെണ്ണപുരട്ടൽ
 • ·      അടഞ്ഞുകിടക്കുന്ന 5 വൻകിട പ്ലാന്റുകൾ തുറക്കൽ; ഇതിലൂടെ 60 ലക്ഷം ടണ്ണിലധികം യൂറിയ ഉൽപ്പാദിപ്പിക്കാം
 • ·      നാനോ യൂറിയയ്ക്ക് ഉത്തേജനം
 • ·      അഖിലേന്ത്യാതലത്തിൽ ഏക ബ്രാൻഡ്- 'ഭാരത് ബ്രാൻഡ്'
 • ·      വളം മിതമായ നിരക്കിൽ നിലനിർത്താൻ 8 വർഷത്തിൽ ചെലവഴിച്ചത് 9.5 ലക്ഷം കോടിരൂപ
 • ·      ഈ വർഷം ചെലവഴിച്ചതു രണ്ടരലക്ഷത്തിലധികം
 • ·      യൂറിയ ചാക്കിനു രാജ്യാന്തര വില 2000; കർഷകർ നൽകുന്നത് 270 രൂപ
 • ·      ഓരോ ഡിഎപി വളം ചാക്കിനും 2500രൂപ സബ്സിഡി
 • ·      വളത്തെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നതറിയാൻ സോയിൽ ഹെൽത്ത് കാർഡ്
 • ·      പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്കുകീഴിൽ 2.25 ലക്ഷം കോടിരൂപ കൈമാറി 

 

2014നുശേഷം കേന്ദ്രഗവണ്മെന്റ് സ്വീകരിച്ച ആദ്യ നടപടികളിലൊന്നു യൂറിയയുടെ 100% വേപ്പെണ്ണപുരട്ടൽ ഉറപ്പാക്കലും കരിഞ്ചന്ത നിർത്തലാക്കലുമാണ്. സോയിൽ ഹെൽത്ത് കാർഡ് ക്യാമ്പയിൻ കർഷകർക്കിടയിൽ അവരുടെ വയലുകളുടെ ശരിയായ വിനിയോഗത്തെക്കുറിച്ചുള്ള അറിവ് ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന അഞ്ചു വൻകിട വളം പ്ലാന്റുകളാണു പുനരാരംഭിക്കുന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പുർ പ്ലാന്റ് ഉൽപ്പാദനം ആരംഭിച്ചു. രാമഗുണ്ഡം പ്ലാന്റ് രാജ്യത്തിനു സമർപ്പിച്ചു. ഈ അഞ്ചു പ്ലാന്റുകളും പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ രാജ്യത്തിന് 60 ലക്ഷം ടൺ യൂറിയ ലഭിക്കും. ഇത് ഇറക്കുമതിയിൽ വലിയ ലാഭമുണ്ടാക്കാനും യൂറിയയുടെ ലഭ്യത സുഗമമാക്കാനും ഇടയാക്കും. തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടകം, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കർഷകർക്കു രാമഗുണ്ഡം വളം പ്ലാന്റിന്റെ സേവനം ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു. ചുറ്റുമുള്ള പ്രദേശങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പ്ലാന്റ് ഉത്തേജിപ്പിക്കും. മേഖലയിൽ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് ഉത്തേജനമേകുകയും ചെയ്യും. “കേന്ദ്രഗവണ്മെന്റ് നിക്ഷേപിച്ച 6000 കോടി രൂപ തെലങ്കാനയിലെ യുവാക്കൾക്ക് ആയിരക്കണക്കിനു രൂപയുടെ നേട്ടമുണ്ടാക്കും”- അദ്ദേഹം പറഞ്ഞു. രാസവളം മേഖലയിലെ സാങ്കേതികമുന്നേറ്റങ്ങളെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി, നാനോ യൂറിയ ഈ രംഗത്തു വലിയ മാറ്റം കൊണ്ടുവരുമെന്നു പറഞ്ഞു. സ്വയംപര്യാപ്തതയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മഹാമാരിയും യുദ്ധവും കാരണമുണ്ടായ രാസവളത്തിന്റെ ആഗോള വിലക്കയറ്റം കർഷകരെ ബാധിക്കാതിരുന്നത് എങ്ങനെയെന്നും പരാമർശിച്ചു. 2000 രൂപയുടെ ഒരു ചാക്ക് യൂറിയ 270 രൂപയ്ക്കാണു കർഷകനു ലഭ്യമാക്കിയത്. അതുപോലെ, രാജ്യാന്തരവിപണിയിൽ ബാഗിന് 4000 രൂപ വിലയുള്ള ഡിഎപിക്ക് ബാഗിന് 2500 രൂപ സബ്സിഡി നൽകുന്നു. 

“കഴിഞ്ഞ 8 വർഷത്തിനിടയിൽ, കർഷകർക്കു രാസവളങ്ങളുടെ കാര്യത്തിൽ ബാധ്യതയുണ്ടാകാതിരിക്കാൻ കേന്ദ്രഗവണ്മെന്റ് ഇതിനകം ഏകദേശം 10 ലക്ഷം കോടി രൂപ ചെലവഴിച്ചു”- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ കർഷകർക്കു കുറഞ്ഞവിലയിൽ വളം ലഭ്യമാക്കാൻ കേന്ദ്രഗവണ്മെന്റ് ഈ വർഷം ഇതുവരെ 2.5 ലക്ഷം കോടിരൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്കുകീഴിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രഗവണ്മെന്റ് ഏകദേശം 2.25 ലക്ഷം കോടി രൂപ കൈമാറിയതായി പ്രധാനമന്ത്രി അറിയിച്ചു. നിരവധിബ്രാൻഡുകളുടെ വളങ്ങൾ വിപണിയിൽ ലഭ്യമാകുന്നത്, പതിറ്റാണ്ടുകളായി കർഷകർക്ക് ആശങ്കയുണ്ടാക്കിയിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. “യൂറിയയ്ക്ക് ഇനി ഇന്ത്യയിൽ ഒരു ബ്രാൻഡ് മാത്രമേ ഉണ്ടാകൂ. അതാണ് ഭാരത് ബ്രാൻഡ്. അതിന്റെ ഗുണനിലവാരവും വിലയും ഇതിനകം നിശ്ചയിച്ചിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു. ചെറുകിട കർഷകർക്കായി ഈ മേഖലയെ ഗവണ്മെന്റ് എങ്ങനെ പരിഷ്കരിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. 

സമ്പർക്കസംവിധാന അടിസ്ഥാനസൗകര്യങ്ങളുടെ വെല്ലുവിളിയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും ആധുനിക ഹൈവേകൾ, വിമാനത്താവളങ്ങൾ, ജലപാതകൾ, റെയിൽവേ, ഇന്റർനെറ്റ് ഹൈവേകൾ എന്നിവ നൽകി ഈ വെല്ലുവിളി മറികടക്കാൻ ഗവണ്മെന്റ് പ്രവർത്തിക്കുന്നു. പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയിലൂടെ ഇതിനു പുതിയ ഊർജം ലഭിക്കുന്നു. ഏകോപനവും വിവരസംവിധാനവുമുള്ള പ്രവർത്തനശൈലിയും ദീർഘകാലത്തേക്കു പദ്ധതികൾ മുടങ്ങാനുള്ള സാധ്യത ഇല്ലാതാക്കുന്നു- അദ്ദേഹം പറഞ്ഞു. ഭദ്രാദ്രി കൊത്തഗൂഡെം ജില്ലയെയും ഖമ്മത്തെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാത 4 വർഷംകൊണ്ടു സജ്ജമാക്കിയതു പ്രദേശവാസികൾക്കു വളരെയധികം പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, ഇന്നു പ്രവർത്തനമാരംഭിച്ച മൂന്നു ഹൈവേകൾ വ്യവസായമേഖലയ്ക്കും കരിമ്പ്-മഞ്ഞൾ കർഷകർക്കും പ്രയോജനപ്പെടും. 

രാജ്യത്തു വികസനപ്രവർത്തനങ്ങൾ വേഗത്തിലാകുമ്പോൾ ഉയരുന്ന അഭ്യൂഹങ്ങളുടെ കാര്യം പരാമർശിച്ച്, രാഷ്ട്രീയനേട്ടങ്ങൾക്കായി ചില ശക്തികൾ തടസങ്ങൾ സൃഷ്ടിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ്-എസ്‌സി‌സി‌എൽ’, വിവിധ കൽക്കരി ഖനികൾ എന്നിവയുമായി ബന്ധപ്പെട്ടു സമാനമായ കിംവദന്തികൾ തെലങ്കാനയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “തെലങ്കാന ഗവണ്മെന്റിന് എസ്‌സി‌സി‌എല്ലിൽ 51% ഓഹരിയുണ്ട്; കേന്ദ്രഗവണ്മെന്റിന് 49 ശതമാനവും. എസ്‌സി‌സി‌എൽ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ടു കേന്ദ്രഗവണ്മെന്റിനു സ്വന്തംനിലയിൽ തീരുമാനമെടുക്കാൻ കഴിയില്ല”. എസ്‌സി‌സി‌എൽ സ്വകാര്യവൽക്കരിക്കാനുള്ള നിർദേശമൊന്നും കേന്ദ്രഗവണ്മെന്റിന്റെ പരിഗണനയിലില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 

കൽക്കരിഖനികളുമായി ബന്ധപ്പെട്ടു രാജ്യത്തെ ബാധിച്ച ആയിരക്കണക്കിനു കോടിരൂപയുടെ നിരവധി അഴിമതികളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനും തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ഈ ഖനികൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾക്കും കനത്ത നാശനഷ്ടങ്ങളുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തു വർധിച്ചുവരുന്ന കൽക്കരിയുടെ ആവശ്യകത കണക്കിലെടുത്തു തികച്ചും സുതാര്യമായാണു കൽക്കരിഖനികൾ ലേലം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ധാതുക്കൾ വേർതിരിച്ചെടുക്കുന്ന പ്രദേശത്തു താമസിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ ഞങ്ങളുടെ ഗവണ്മെന്റ് ഡിഎംഎഫ് (ജില്ലാ ധാതുനിധി) സൃഷ്ടിച്ചു. ഈ നിധിക്കുകീഴിൽ സംസ്ഥാനങ്ങൾക്ക് ആയിരക്കണക്കിനു കോടിരൂപ അനുവദിച്ചിട്ടുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു. 

 “ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം എന്ന സന്ദേശമുയർത്തിപ്പിടിച്ചു തെലങ്കാനയെ മുന്നോട്ടുനയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”- പ്രധാനമന്ത്രി ഉപസംഹരിച്ചു. 

തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, എംപിമാർ, എംഎൽഎമാർ തുടങ്ങ‌ിയവർ ചടങ്ങിൽ പങ്കെടുത്തു. 70 മണ്ഡലങ്ങളിൽനിന്നുള്ള കർഷകർ പരിപാടിയുടെ ഭാഗമായി.
 
പശ്ചാത്തലം : 

രാമഗുണ്ഡത്തെ രാസവളം പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. 2016 ഓഗസ്റ്റ് 7നു പ്രധാനമന്ത്രി തന്നെയാണു രാമഗുണ്ഡം പദ്ധതിക്കു തറക്കല്ലിട്ടതും. യൂറിയ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണു രാസവളം പ്ലാന്റിന്റെ പുനരുജ്ജീവനത്തിനു പിന്നിലെ ചാലകശക്തി. രാമഗുണ്ഡം പ്ലാന്റ് പ്രതിവര്‍ഷം 12.7 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) വേപ്പെണ്ണപുരട്ടിയ തദ്ദേശീയ യൂറിയ ഉല്‍പ്പാദിപ്പിക്കും. 

നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ് (എന്‍എഫ്എല്‍), എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎല്‍), ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എഫ്‌സിഐഎല്‍) എന്നിവയുടെ സംയുക്ത സംരംഭമായ രാമഗുണ്ഡം ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിന്റെ (ആര്‍എഫ്‌സിഎല്‍) നേതൃത്വത്തിലാണു പദ്ധതി ആരംഭിച്ചിരിക്കുന്നത്. 6300 കോടി രൂപയിലധികം നിക്ഷേപമുള്ള പുതിയ അമോണിയ-യൂറിയ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്വം ആര്‍എഫ്‌സിഎലിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ജഗദീഷ്പുര്‍ - ഫുല്‍പുര്‍ - ഹാല്‍ദിയ പൈപ്പ് ലൈന്‍ വഴിയാണ് ആര്‍എഫ്‌സിഎല്‍ പ്ലാന്റിലേക്കു വാതകം വിതരണം ചെയ്യുന്നത്. 

തെലങ്കാന സംസ്ഥാനത്തിലെയും ആന്ധ്രാപ്രദേശ്, കര്‍ണാടകം, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെയും കര്‍ഷകര്‍ക്ക് ആവശ്യത്തിനും സമയബന്ധിതമായും യൂറിയ വളത്തിന്റെ വിതരണം പ്ലാന്റ് ഉറപ്പാക്കും. പ്ലാന്റ് രാസവളത്തിന്റെ ലഭ്യത മെച്ചപ്പെടുത്തുക മാത്രമല്ല, റോഡുകള്‍, റെയില്‍വേ, അനുബന്ധ വ്യവസായം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ഉള്‍പ്പെടെ മേഖലയിലെ മൊത്തത്തിലുള്ള സാമ്പത്തികവികസനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതുകൂടാതെ, ഫാക്ടറിക്കുവേണ്ട വിവിധ തരം ചരക്കുകള്‍ വിതരണം ചെയ്യുന്നതിനുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വികസനത്തിന്റെ പ്രയോജനവും ഈ മേഖലയ്ക്കുണ്ടാകും. ആര്‍എഫ്‌സിഎലിന്റെ ‘ഭാരത് യൂറിയ’ ഇറക്കുമതി കുറച്ചുകൊണ്ടു മാത്രമല്ല, രാസവളങ്ങളുടെ സമയോചിത വിതരണത്തിലൂടെയും വിപുലീകൃത സേവനങ്ങളിലൂടെയും പ്രാദേശിക കര്‍ഷകര്‍ക്കു പ്രചോദനം നല്‍കുന്നതിലൂടെയും സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ഉത്തേജനം നല്‍കും. 

ഏകദേശം 1000 കോടിരൂപ ചെലവില്‍ നിർമിച്ച ഭദ്രാചലം റോഡ്-സത്തുപള്ളി റെയില്‍പാത പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. എന്‍എച്ച്-765ഡിജിയുടെ മേടക്-സിദ്ധിപേട്ട്-എല്‍കതുര്‍ത്തി ഭാഗം; എന്‍എച്ച്-161ബിബിയുടെ ബോധന്‍-ബസാര്‍-ഭൈന്‍സ ഭാഗം; എന്‍എച്ച്-353സിയുടെ സിറോഞ്ച മുതല്‍ മഹാദേവ്പൂര്‍ വരെയുള്ള ഭാഗം എന്നിങ്ങനെ 2200 കോടിയിലധികം രൂപയുടെ വിവിധ റോഡ് പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

--ND--

 

Happy to be in Ramagundam. Addressing a programme at launch of various development works. https://t.co/f86T8uVT1Z

— Narendra Modi (@narendramodi) November 12, 2022

Experts around the world are upbeat about the growth trajectory of Indian economy. pic.twitter.com/Q3nZbR4L4C

— PMO India (@PMOIndia) November 12, 2022

आज विकसित होने की आकांक्षा लिए, आत्मविश्वास से भरा हुआ नया भारत दुनिया के सामने है। pic.twitter.com/k9mXNlTfGa

— PMO India (@PMOIndia) November 12, 2022

For us, development is an ongoing process. pic.twitter.com/cQvtAbrTYu

— PMO India (@PMOIndia) November 12, 2022

Neem coating of urea and Soil Health Cards are initiatives which have greatly benefitted our hardworking farmers. pic.twitter.com/1wONSVZKar

— PMO India (@PMOIndia) November 12, 2022

One Nation, One Fertilizer. pic.twitter.com/05ooWPqtSw

— PMO India (@PMOIndia) November 12, 2022

*****(Release ID: 1875497) Visitor Counter : 125