പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ ജംബുഖോഡയില്‍ വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 01 NOV 2022 10:30PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!

ഗുജറാത്തിലെ ഗോത്രവര്‍ഗ സമൂഹത്തിനും രാജ്യത്തിനാകെയും നിര്‍ണായകമായ ദിവസമാണ് ഇന്ന്. അല്‍പം മുന്‍പ് ഞാന്‍ മന്‍ഘര്‍ ധാമിലായിരുന്നു. 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ'ത്തില്‍ എനിക്ക് മര്‍ഘര്‍ ധാമിലെ ഗോവിന്ദ ഗുരു ഉള്‍പ്പെടെ രക്തസാക്ഷിത്വം വരിച്ച ആയിരക്കണക്കിനു ഗോത്രവര്‍ഗ സഹോദരീ സഹോദരന്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുക വഴി ഗോത്രവര്‍ഗക്കാരുടെ ത്യാഗങ്ങളെ അഭിനന്ദിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം ജംബുഖോഡയിലാണ്. നമ്മുടെ ഗോതവര്‍ഗ സമൂഹം നടത്തിയ വലിയ ത്യാഗങ്ങള്‍ക്കു സാക്ഷിയാണ് ഇവിടം. ഇന്ന് അനശ്വരരായ രക്തസാക്ഷികളായ ഷഹീദ് ജോറിയ പരമേശ്വര്‍, രൂപ് സിങ് നായക്, ഗലാലിയ നായക്, രാവ്ജിദ നായക്, ബബാരിയ ഗാല്‍മ നായക് തുടങ്ങിയവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നമുക്ക് അവസരം ലഭിച്ചു. ഇന്നു നാം ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ക്കു തറക്കല്ലിടുക വഴി അടിസ്ഥാന സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ പദ്ധതികള്‍ ഗോത്രവര്‍ഗക്കാരുടെ അഭിമാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഗോവിന്ദ് ഗുരു സര്‍വകലാശാലയുടെ ഭരണ സമുച്ചയം വളരെ സുന്ദരമായിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയം അഥവാ സെന്‍ട്രല്‍ സ്‌കൂള്‍ സ്ഥാപിച്ചതിനാല്‍ വരുംതലമുറകള്‍ വര്‍ധിതമായ അഭിമാനത്തോടെ ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. പദ്ധതികള്‍ക്കു തറക്കല്ലിടുന്ന ഈ ചടങ്ങിന് ഏറെ സഹോദരീ സഹോദരന്‍മാര്‍ എത്തിയിട്ടുണ്ട്. അവര്‍ക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.

സഹോദരീ സഹോദരന്‍മാരേ,
എന്നെ സംബന്ധിച്ചിടത്തോളം ജംബുഘോഡ അപരിചിതമായ സ്ഥലമല്ല. എത്രയോ തവണ ഇവിടെ വന്നിട്ടുണ്ട്. ഈ നാട്ടില്‍ വരുമ്പോഴെല്ലാം ഒരു പുണ്യസ്ഥലത്ത് എത്തിയതുപോലെ തോന്നും. 1857ലെ വിപ്ലവത്തില്‍ പുതിയ ഊര്‍ജം പകര്‍ന്ന നായിക്ദ പ്രസ്ഥാനം ജംബുഗോഡയിലും മേഖലയിലാകെയും പുതിയ അവബോധം പ്രകടമാക്കിയിരുന്നു. പരമേശ്വര് ജോറിയ ജി ഈ പ്രസ്ഥാനം വിപുലീകരിക്കുകയും രൂപ് സിംഗ് നായക്കും അദ്ദേഹത്തോടൊപ്പം നില്‍ക്കുകയും ചെയ്തു. 1857-ലെ വിപ്ലവകാലത്തെ പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു താത്യാ തോപെ. എന്നാല്‍ താത്യാ തോപ്പെയ്‌ക്കൊപ്പം പോരാടിയവര്‍ ഇവിടെ വീര്‍ബങ്കയില്‍ ഉള്ളവരാണെന്ന് പലര്‍ക്കും അറിയില്ലായിരിക്കാം.

അവര്‍ക്ക് മാതൃരാജ്യത്തിനായി അതിശയകരമായ ധൈര്യം പ്രകടിപ്പിക്കുകയും സ്‌നേഹം പുലര്‍ത്തുകയും ചെയ്തിരുന്നു. പരിമിതമായ വിഭവങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവര്‍ ബ്രിട്ടീഷ് ഭരണത്തെ പിടിച്ചുകുലുക്കി. ത്യാഗങ്ങള്‍ ചെയ്യാന്‍ ഒരിക്കലും മടിച്ചില്ല. വീരന്മാരെ തൂക്കിലേറ്റിയ പുണ്യസ്ഥലത്തിന് മുന്നില്‍, അതായത് ആ മരത്തിന് മുന്നില്‍, തലകുനിക്കാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. 2012ല്‍ ഞാനൊരു പുസ്തകവും അവിടെ പുറത്തിറക്കി.

സുഹൃത്തുക്കളെ,
ഗുജറാത്തില്‍ വളരെ മുമ്പുതന്നെ ഞങ്ങള്‍ ഒരു സുപ്രധാന പ്രവര്‍ത്തനം ആരംഭിച്ചു. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും വരും തലമുറകള്‍ക്കും അവരുടെ പൂര്‍വികരുടെ ധീരകൃത്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് സ്‌കൂളുകള്‍ക്ക് രക്തസാക്ഷികളുടെ പേരിടുന്ന സമ്പ്രദായം ആരംഭിച്ചത്. അതിന്റെ ഫലമായി, സന്ത് ജോറിയ പരമേശ്വരയുടെയും രൂപ് സിംഗ് നായക്കിന്റെയും പേരുകള്‍ ചേര്‍ത്ത് ഞങ്ങള്‍ വഡേക്കിലെയും ദണ്ഡിയപുരയിലെയും സ്‌കൂളുകളെ അനശ്വരമാക്കുകയാണ്. ഇന്ന് ഈ സ്‌കൂളുകള്‍ പുതിയ രൂപത്തിലും പുതിയ ഫര്‍ണിച്ചറോടുകൂടിയതും ആധുനിക സൗകര്യങ്ങളോടുകൂടിയതും ആയിരിക്കുന്നു. ഗോത്രവര്‍ഗ സമൂഹം സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനായി നല്‍കിയ വിദ്യാഭ്യാസത്തിന്റെയും സംഭാവനയുടെയും ഭാഗമായി ഈ വിദ്യാലയങ്ങള്‍ മാറും.

സഹോദരീ സഹോദരന്‍മാരേ,
20-22 വര്‍ഷം മുമ്പ്, ഗുജറാത്തിനെ സേവിക്കാന്‍ നിങ്ങള്‍ എനിക്ക് അവസരം നല്‍കുന്നതിന് മുമ്പ് ആദിവാസി മേഖലകളുടെ അവസ്ഥ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. 20-22 വയസ്സുള്ള ഇന്നത്തെ യുവാക്കള്‍ക്കും യുവതികള്‍ക്കും നിങ്ങള്‍ അന്ന് ജീവിക്കേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് പോലും അറിയില്ല. മുമ്പ് പതിറ്റാണ്ടുകളായി അധികാരത്തിലിരുന്നവര്‍,ഗോത്രവര്‍ഗ, ഇതര മേഖലകള്‍ക്കിടയില്‍ വലിയ വികസന വിടവ് സൃഷ്ടിച്ചിരുന്നു. വിവേചനം വ്യാപകമായിരുന്നു. ആദിവാസി മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിമിത്തം നമ്മുടെ ആദിവാസി മേഖലയിലെ കുട്ടികള്‍ സ്‌കൂളുകളില്‍ പോകാന്‍ ആഗ്രഹിച്ചാല്‍ പോലും തടസ്സങ്ങള്‍ നേരിട്ടിരുന്നു. തക്കര്‍ ബാപ്പയുടെ ആശ്രമത്തില്‍ നിന്ന് ഏതാനും വാഹനങ്ങള്‍ സ്‌കൂളില്‍ എത്തിയിരുന്നു. പോഷകാഹാരക്കുറവിന്റെയും ഭക്ഷണ ലഭ്യതയുടെയും പ്രശ്‌നമുണ്ടായിരുന്നു. 13-14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെ ശാരീരിക വളര്‍ച്ച ശരിയായ രീതിയില്‍ ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍, 'സബ്ക പ്രയാസ്' എന്ന മനോഭാവത്തോടെ, ഈ അവസ്ഥയില്‍ നിന്ന് മുക്തി നേടാനുള്ള പ്രവര്‍ത്തനങ്ങളുമായി െൈമ മുന്നോട്ട് പോയി. മാറ്റം കൊണ്ടുവരാന്‍, എന്റെ ഗോത്രവര്‍ഗ സഹോദരങ്ങളും സഹോദരിമാരും മുന്‍കൈയെടുത്ത് എന്നോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നടന്നു. ഇന്ന്, ആയിരക്കണക്കിന് ആദിവാസി സഹോദരീസഹോദരന്മാര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകള്‍ എണ്ണമറ്റ മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. പക്ഷേ ഒരു കാര്യം മറക്കരുത്; ഈ മാറ്റങ്ങള്‍ ഒറ്റരാത്രികൊണ്ടോ ഒരു ദിവസംകൊണ്ടോ  സംഭവിച്ചതല്ല. ഇതിന് വളരെയധികം കഠിനാധ്വാനം ആവശ്യമായിരുന്നു. പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടി വന്നു, ആദിവാസി കുടുംബങ്ങള്‍ പോലും മണിക്കൂറുകളോളം അധ്വാനിച്ച് എന്നെ പിന്തുണച്ചു. അങ്ങനെയാണ് ഈ മാറ്റം നടപ്പിലായത്. ആദിവാസി മേഖലകളെക്കുറിച്ച് പറയുമ്പോള്‍, പ്രൈമറി മുതല്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ വരെ പതിനായിരത്തോളം പുതിയ സ്‌കൂളുകള്‍ നിര്‍മ്മിച്ചു. ഒന്നു ചിന്തിച്ചു നോക്കു! നമുക്ക് ഡസന്‍ കണക്കിന് ഏകലവ്യ മോഡല്‍ സ്‌കൂളുകളും പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ആധുനികവത്കരിച്ച ആശ്രമ സ്‌കൂളുകളും ഉണ്ട്. മാത്രമല്ല, നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സൗജന്യ ബസ് സൗകര്യവും സ്‌കൂളുകളില്‍ പോഷകസമൃദ്ധമായ ഭക്ഷണവും നാം ഒരുക്കിയിട്ടുണ്ട്.

സഹോദരീ സഹോദരന്‍മാരേ,
ജൂണ്‍ മാസത്തില്‍, ചുട്ടുപൊള്ളുന്ന വെയിലില്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും കന്യാ കേലവാണി രഥവുമായി ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് അലയുന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ഞങ്ങള്‍ എല്ലാ ഗ്രാമങ്ങളിലും പോയി പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കും. നമ്മുടെ ആദിവാസി സഹോദരങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനായി ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഒന്നു ചിന്തിച്ചു നോക്കു! ഉമര്‍ഗാവ് മുതല്‍ അംബാജി വരെയുള്ള നമ്മുടെ ഗോത്രമേഖല വളരെ വിശാലമാണ്. ആദിവാസി യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആകാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും സയന്‍സ് സ്‌കൂള്‍ ഇല്ലായിരുന്നു. പിന്നെ എങ്ങനെ അവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കും? ഞങ്ങള്‍ ആ പ്രശ്‌നവും പരിഹരിച്ച് പന്ത്രണ്ടാം ക്ലാസ് വരെ സയന്‍സ് സ്‌കൂളുകള്‍ ആരംഭിച്ചു. ഇന്ന്, രണ്ട് പതിറ്റാണ്ടിനുള്ളില്‍ 11 സയന്‍സ് കോളേജുകളും 11 കൊമേഴ്സ് കോളേജുകളും 23 ആര്‍ട്സ് കോളേജുകളും നൂറുകണക്കിന് ഹോസ്റ്റലുകളും തുറന്നു. നമ്മുടെ ആദിവാസി യുവാക്കളെ ജീവിതത്തില്‍ മുന്നേറാന്‍ സഹായിക്കാനാണ് ഞങ്ങള്‍ ഈ മുന്‍കൈ എടുത്തത്. ഏകദേശം 20-25 വര്‍ഷം മുമ്പ് ഗുജറാത്തിലെ ആദിവാസി മേഖലകളില്‍ സ്‌കൂളുകളുടെ കടുത്ത ക്ഷാമം ഉണ്ടായിരുന്നു. ഇന്ന് രണ്ട് ആദിവാസി സര്‍വ്വകലാശാലകളുണ്ട്. ഗോധ്രയിലെ ഗോവിന്ദ് ഗുരു സര്‍വ്വകലാശാലയും നര്‍മ്മദയിലെ ബിര്‍സ മുണ്ട സര്‍വകലാശാലയും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇവിടെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, എന്റെ ഗോത്ര സമൂഹത്തിലെ വരും തലമുറകള്‍ക്ക് അതിന്റെ ഏറ്റവും പ്രയോജനം ലഭിക്കാന്‍ പോകുന്നു. പുതിയ കാമ്പസ് വരുന്നതോടെ ഗോവിന്ദ് ഗുരു സര്‍വകലാശാലയില്‍ പഠിക്കാനുള്ള സൗകര്യങ്ങള്‍ ഇനിയും വര്‍ധിക്കും. ഒരു തരത്തില്‍, അഹമ്മദാബാദിലെ നൈപുണ്യ സര്‍വകലാശാലയുടെ കാമ്പസ്, പഞ്ച്മഹലിനും മറ്റ് ആദിവാസി മേഖലകള്‍ക്കും പ്രയോജനപ്രദമാകും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വ്വകലാശാലയാണിത്. ഇതുവഴി നമ്മുടെ ആദിവാസി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാനും ആധുനിക ലോകത്തേക്ക് പ്രവേശിക്കാനും കഴിയും. 'വന്‍ബന്ധു കല്യാണ്‍ യോജന' കഴിഞ്ഞ ദശകങ്ങളില്‍ ആദിവാസി ജില്ലകളുടെ സമഗ്രമായ വികസനം ഉണ്ടാക്കിയിട്ടുണ്ട്. 'വന്‍ബന്ധു കല്യാണ്‍ യോജന'യുടെ പ്രത്യേകത ഒരു കാര്യം എന്ത്, എത്ര, എവിടെ വേണമെന്ന് ഗ്രാമത്തില്‍ ഇരുന്ന എന്റെ ആദിവാസി സഹോദരങ്ങളും സഹോദരിമാരും തീരുമാനിക്കുന്നു, അല്ലാതെ ഗാന്ധിനഗറില്‍ നിന്നു തീരുമാനിക്കപ്പെടുകയല്ല.

കഴിഞ്ഞ 14-15 വര്‍ഷത്തിനുള്ളില്‍ നമ്മുടെ ആദിവാസി മേഖലകളില്‍ ഈ പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷം കോടിയിലധികം രൂപ ചെലവഴിച്ചു. ഗോത്രവര്‍ഗ വികസനത്തിന് വേണ്ടത്ര ബജറ്റ് വകയിരുത്താത്ത നിരവധി സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്. എന്നാല്‍ ഇത് ആദിവാസി സമൂഹത്തോടുള്ള നമ്മുടെ സ്‌നേഹത്തിന്റെയും വികാരങ്ങളുടെയും ഭക്തിയുടെയും പ്രതിഫലനമാണ്. വരും വര്‍ഷങ്ങളില്‍ അതിന്റെ വിപുലീകരണത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപം നടത്തുമെന്ന് ഗുജറാത്ത് ഗവണ്‍മെന്റ് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് ആദിവാസി മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളമെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മുഴുവന്‍ ആദിവാസി മേഖലകള്‍ക്കും മൈക്രോ ഇറിഗേഷന്‍ സൗകര്യം നല്‍കാനും ഞങ്ങള്‍ ശ്രമിക്കുന്നു. അല്ലാത്തപക്ഷം, ഞാന്‍ പുതിയ മുഖ്യമന്ത്രിയായപ്പോള്‍, അക്കാലത്തെ എംഎല്‍എമാര്‍ അവരുടെ പ്രദേശങ്ങളില്‍ ഒരു ഹാന്‍ഡ് പമ്പ് മാത്രമേ ആവശ്യപ്പെടമായിരുന്നുള്ളൂ. ഹാന്‍ഡ് പമ്പ് വെച്ചാല്‍ അവര്‍ ആഘോഷിക്കും. ഗ്രാമങ്ങളിലെ ജീവിതം അങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മോദി സാഹിബും ഭൂപേന്ദ്രഭായിയും എല്ലാ വീടുകളിലും പൈപ്പ് ജലവിതരണം ആരംഭിച്ചിരിക്കുന്നു. മാത്രവുമല്ല, പഞ്ച്മഹല്‍ പോലുള്ള ആദിവാസി മേഖലകളില്‍ ക്ഷീരമേഖലയുടെ കാര്യത്തില്‍ വികസനമില്ലായിരുന്നു. ഇന്ന് നമ്മുടെ കൂടെ ജെതാഭായി ഉണ്ട്. ഇപ്പോഴിതാ പഞ്ച്മഹല്‍ ഡയറി അമുലുമായി മത്സരിക്കുകയാണ്. ഇവിടുത്തെ വികസനത്തിന്റെ നിലവാരം അങ്ങനെയാണ്. നമ്മുടെ ആദിവാസി സഹോദരിമാരെ ശാക്തീകരിക്കുന്നതിനും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ഞങ്ങള്‍ 'സഖി മണ്ഡലങ്ങള്‍' രൂപീകരിച്ചു. ഈ സഖി മണ്ഡലങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ പണം ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവരെ സഹായിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ വ്യാവസായികവല്‍ക്കരണം അതിവേഗം വളരുമ്പോള്‍ എന്റെ യുവ ആദിവാസി സഹോദരീസഹോദരന്മാര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കണം. ഇന്ന് നിങ്ങള്‍ ഹലോലിലേക്കോ കലോലിലേക്കോ പോയാല്‍, എന്റെ പഞ്ച്മഹലിലെ ആദിവാസി യുവാക്കളാണ് മിക്കവാറും എല്ലാ ഫാക്ടറികളിലെയും തൊഴിലാളികളുടെ 50 ശതമാനത്തിലധികം. നാം ഇക്കാര്യം ചെയ്തിട്ടുണ്ട്. അല്ലാത്തപക്ഷം, നമ്മുടെ ഭൂരിഭാഗം ആദിവാസി സഹോദരീസഹോദരന്മാരും മുമ്പ് കച്ച്-കത്തിയവാറിന് ചുറ്റുമുള്ള റോഡ് നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. ഇന്ന് അവര്‍ ഫാക്ടറികളില്‍ പണിയെടുത്ത് ഗുജറാത്തിന്റെ പുരോഗതിയില്‍ പങ്കാളികളാകുകയാണ്. നാം ആധുനിക പരിശീലന കേന്ദ്രങ്ങള്‍, തൊഴിലധിഷ്ഠിത കേന്ദ്രങ്ങള്‍, ഐടിഐകള്‍, കിസാന്‍ വികാസ് കേന്ദ്രങ്ങള്‍ എന്നിവ തുറക്കുന്നു, അതിലൂടെ 18 ലക്ഷം ആദിവാസി യുവാക്കള്‍ക്ക് പരിശീലനവും നിയമനവും നല്‍കുന്നു. എന്റെ ആദിവാസി സഹോദരീ സഹോദരന്മാരേ, 20-25 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മുന്‍ ഗവണ്‍മെന്റുകള്‍ ഈ കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നില്ല. നിങ്ങള്‍ അറിഞ്ഞിരിക്കാം അല്ലെങ്കില്‍ അറിഞ്ഞില്ലായിരിക്കാം. എന്നാല്‍ ഉമര്‍ഗാവ് മുതല്‍ അംബാജിയും ഡാങ്ങും വരെയുള്ള പ്രദേശങ്ങള്‍ തലമുറകളായി അരിവാള്‍ കോശ രോഗത്താല്‍ വലയുകയായിരുന്നു! എന്നാല്‍ രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ ഞങ്ങള്‍ മുന്‍കൈയെടുത്തു. ഈ അരിവാള്‍ കോശ രോഗത്തെ ഇല്ലാതാക്കാന്‍ സാധ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ രാജ്യത്തുടനീളം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വിവിധ ശാസ്ത്രജ്ഞരെ കാണുകയും ധാരാളം പണം ഇതിനായി നിക്ഷേപിക്കുകയും ചെയ്തു. നിങ്ങളുടെ അനുഗ്രഹങ്ങളോടെ ഞങ്ങള്‍ തീര്‍ച്ചയായും പരിഹാരങ്ങള്‍ കൊണ്ടുവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ ആദിവാസി മേഖലകളില്‍ ഞങ്ങള്‍ ചെറിയ ഡിസ്‌പെന്‍സറികളും ഇപ്പോള്‍ വെല്‍നസ് സെന്ററുകളും തുറന്നിട്ടുണ്ട്. നമുക്ക് മെഡിക്കല്‍ കോളേജുകളുണ്ട്. ഇപ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ നഴ്‌സിംഗ് കോഴ്‌സുകള്‍ പഠിക്കുന്നു. ഈയിടെ ഞാന്‍ ദഹോദില്‍ ചില ആദിവാസി പെണ്‍കുട്ടികളെ കണ്ടു. അവര്‍ ഉപരിപഠനത്തിന് പോയതായിരുന്നു. വിദേശത്ത് ജോലി ലഭിച്ചതായി അവര്‍ അറിയിച്ചു. ഇപ്പോള്‍ അവര്‍ നഴ്‌സിങ് ജോലികള്‍ക്കായി അന്യരാജ്യങ്ങളിലേക്ക് പോകുന്നു.

എന്റെ ഗോത്ര വര്‍ഗ യുവാക്കള്‍ ലോകത്ത് തങ്ങള്‍ക്കായി ഒരു ഇടം കണ്ടെത്തുകയാണ്. സഹോദരീ സഹോദരന്മാരേ, നരേന്ദ്ര-ഭൂപേന്ദ്രയുടെ ഈ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ആദിവാസി മേഖലകളില്‍ 1400-ലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. നേരത്തെ ചെറിയ അസുഖങ്ങള്‍ക്ക് പോലും ചികില്‍സ തേടി നഗരങ്ങളില്‍ എത്തേണ്ടിവന്നിരുന്നു. മനുഷ്യര്‍ നടപ്പാതകളില്‍ രാത്രി ചിലവിടേണ്ടി വന്നു. അയാള്‍ക്ക് ആവശ്യമായ മരുന്ന് കിട്ടിയാല്‍, സുഖം; അല്ലെങ്കില്‍ വെറുംകൈയോടെ മടങ്ങേണ്ടി വന്നു. ഈ പഴയ അവസ്ഥ ഞങ്ങള്‍ മാറ്റുകയാണ് സഹോദരങ്ങളെ. ഇപ്പോള്‍ ഗോധ്ര-പഞ്ച്മഹലിന് സ്വന്തമായി മെഡിക്കല്‍ കോളേജ് ഉണ്ട്. നമ്മുടെ കുട്ടികള്‍ ഇവിടെ ഡോക്ടര്‍മാരാകുകയും ചെയ്യും. രണ്ടാമതായി, അവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ പഠിക്കാന്‍ കഴിയും. ഇനി പാവപ്പെട്ട മാതാപിതാക്കളുടെ മക്കളും മാതൃഭാഷയില്‍ പഠിച്ച് ഡോക്ടറും എഞ്ചിനീയറും ആകും. ഇംഗ്ലീഷ് അറിയില്ലെങ്കിലും അവന്റെ ഭാവി നശിക്കില്ല. ഗോധ്ര മെഡിക്കല്‍ കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ പണി അതിവേഗം പുരോഗമിക്കുകയാണ്. ഇതോടെ, ഉമര്‍ഗാവ് മുതല്‍ അംബാജി വരെയുള്ള സബര്‍കാന്ത, ബനസ്‌കന്ത, വല്‍സാദ് മേഖലകള്‍ ഉള്‍പ്പെടുന്ന ദഹോദില്‍ ഒരു മെഡിക്കല്‍ കോളേജ് ഉണ്ടാകും.

സഹോദരീ സഹോദരന്‍മാരേ,
ആദിവാസി ജില്ലകളില്‍ വനനിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് റോഡുകള്‍ നിര്‍മ്മിക്കുന്നതെന്ന് ഇന്നു ഞങ്ങള്‍ ഉറപ്പാക്കി. വിദൂര കോണില്‍ വരെയുള്ള അവരുടെ കുടിലുകളില്‍ 24 മണിക്കൂര്‍ വൈദ്യുതി ഉറപ്പാക്കുകയും ചെയ്തു. അതിന്റെ ഫലം ഇന്ന് നാം കാണുകയും ചെയ്യുന്നു.

സഹോദരീ സഹോദരന്മാരേ,
ഗുജറാത്തില്‍ ആദ്യമായി 24 മണിക്കൂര്‍ വൈദ്യുതി ലഭിച്ചത് ഡാങ് ജില്ലയിലാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. വോട്ട് നേടുക എന്നത് മാത്രമായിരുന്നു എന്റെ ആശങ്കയെങ്കില്‍, അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര തുടങ്ങിയ വലിയ നഗരങ്ങളില്‍ ഈ 24 മണിക്കൂര്‍ വൈദ്യുതി സൗകര്യം ഞാന്‍ കൊണ്ടുവരുമായിരുന്നു. എന്നാല്‍ എന്റെ ഹൃദയം ആദിവാസി സഹോദരന്മാര്‍ക്കൊപ്പമായതിനാല്‍ ഞാന്‍ ഒരു ആദിവാസി ജില്ല തിരഞ്ഞെടുത്തു. എന്റെ ആദിവാസി സഹോദരങ്ങളുടെ അനുഗ്രഹത്തോടെ ഞങ്ങള്‍ ജോലിയുമായി മുന്നോട്ട് പോയി, വളരെ പെട്ടെന്ന് തന്നെ ഇത് ഗുജറാത്തില്‍ മുഴുവനും പൂര്‍ത്തിയാക്കി. തല്‍ഫലമായി, ആദിവാസി മേഖലകളില്‍ വ്യവസായങ്ങള്‍ വരാന്‍ തുടങ്ങി, കുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസം ലഭിക്കാന്‍ തുടങ്ങി. സുവര്‍ണ ഇടനാഴിക്കൊപ്പം ഇരട്ട നഗരങ്ങളും വികസിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പഞ്ച്മഹലും ദാഹോദും പിന്നിലല്ല. വഡോദര, ഹലോല്‍, കലോല്‍ എന്നിവയും സമാനമായി വികസിച്ചു. ഇപ്പോള്‍ പഞ്ച്മഹല്‍ നഗരവല്‍ക്കരിക്കപ്പെട്ടതായി തോന്നുന്നു.

സുഹൃത്തുക്കളെ,
നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് വിപുലമായ ഒരു ഗോത്രസമൂഹം നിലനിന്നിരുന്നു. അതോ ഭൂപേന്ദ്രഭായിയുടെയും നരേന്ദ്രഭായിയുടെയും ഗവണ്‍മെന്റുകള്‍ രൂപീകരിച്ചതിന് ശേഷം മാത്രമാണോ ആദിവാസി സമൂഹം ഉയര്‍ന്നുവന്നത്? തീര്‍ച്ചയായും അല്ല! ശ്രീരാമന്റെ കാലത്ത് ആദിവാസി സമൂഹം ഉണ്ടായിരുന്നില്ലേ? ശബരി മാതാവിനെ നമുക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അതുകൊണ്ട് ഈ ആദിവാസി സമൂഹം പണ്ടു മുതലേ ഇവിടെയുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടല്‍ജി പ്രധാനമന്ത്രിയായി ഡല്‍ഹിയില്‍ ബിജെപി ഗവണ്‍മെന്റ് രൂപീകരിക്കുന്നത് വരെ ആദിവാസികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു മന്ത്രിസഭയും രൂപീകരിച്ചിട്ടില്ല എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. അതുവരെ ആദിവാസികള്‍ക്ക് മന്ത്രിസ്ഥാനമോ മന്ത്രിയോ ബജറ്റോ ഇല്ലായിരുന്നു. ബി.ജെ.പിക്ക് ആദിവാസികളോടുള്ള സ്നേഹം കാരണം രാജ്യത്ത് പ്രത്യേക ഗോത്രവകുപ്പ് രൂപീകരിക്കുകയും മന്ത്രിമാരെ നിയമിക്കുകയും ചെയ്തു. അന്നാണ് ആദിവാസികളുടെ ക്ഷേമത്തിനായി ബജറ്റ് വകയിരുത്തി വിനിയോഗിച്ചത്. ബിജെപി ഗവണ്‍മെന്റ് 'വന്ദന്‍' പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. എല്ലാത്തരം വനവിഭവങ്ങളും ഇന്ത്യയുടെ സമ്പത്തും നമ്മുടെ ആദിവാസികളുടെ സ്വത്താണ്. അതിനാല്‍, ഞങ്ങള്‍ ആ ദിശയില്‍ പ്രവര്‍ത്തിച്ചു. ഒന്നു ചിന്തിച്ചുനോക്കു! ബ്രിട്ടീഷുകാരുടെ കാലത്ത് ആദിവാസികളെ ശ്വാസം മുട്ടിക്കുന്ന ഇത്തരമൊരു കറുത്ത നിയമം നിലവിലുണ്ടായിരുന്നു. ആ നിയമപ്രകാരം മുളയെ മരമായി തരംതിരിച്ചതിനാല്‍ ഒരാള്‍ക്ക് മുള മുറിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു മരം മുറിച്ചാല്‍ ആ വ്യക്തി ജയിലില്‍ കിടക്കും. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ നിയമം മാറ്റി. മുള ഒരു തരം പുല്ലാണ്, മരമല്ല. ഇപ്പോള്‍ എന്റെ ആദിവാസി സഹോദരങ്ങള്‍ക്ക് മുള വളര്‍ത്താനും വെട്ടി വില്‍ക്കാനും കഴിയും. അവര്‍ മുളയില്‍ നിന്ന് മനോഹരമായ വസ്തുക്കള്‍ ഉണ്ടാക്കുകയും മുള ഉല്‍പന്നങ്ങള്‍ വിറ്റ് സമ്പാദിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ 80-ലധികം വനവിഭവങ്ങള്‍ ആദിവാസികളില്‍ നിന്ന് എംഎസ്പിയില്‍ വാങ്ങുന്നു. ആദിവാസികള്‍ക്ക് പ്രാധാന്യം നല്‍കി അവരുടെ ജീവിതം സുഗമമാക്കി ബിജെപി ഗവണ്‍മെന്റ് അവരുടെ അഭിമാനം വര്‍ധിപ്പിച്ചു. അവര്‍ക്ക് അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സഹോദരീ സഹോദരന്‍മാരേ,
ആദ്യമായി ആദിവാസി സമൂഹത്തെ അവരുടെ വികസനത്തിനായുള്ള നയരൂപീകരണത്തില്‍ പങ്കാളിയാക്കി. തല്‍ഫലമായി, ആദിവാസി സമൂഹം ഇന്ന് സ്വന്തം കാലില്‍ നില്‍ക്കുകയും ഗുജറാത്തിലാകെ കരുത്തോടെ നിലനില്‍ക്കുകയും ചെയ്യുന്നു. നമ്മുടെ ദൈവം, മഹാനായ ഗോത്രനേതാവ് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം എല്ലാ വര്‍ഷവും ഗോത്രവര്‍ഗ അഭിമാന ദിനമായി ആഘോഷിക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് തീരുമാനിച്ചു. നവംബര്‍ 15നാണ് അദ്ദേഹത്തിന്റെ ജന്മദിനം. അതിനാല്‍, ബിര്‍സ മുണ്ടയുടെ ജന്മദിനം രാജ്യം മുഴുവന്‍ ആദിവാസി അഭിമാന ദിനമായി ആഘോഷിക്കും. നമ്മുടെ ആദിവാസി സമൂഹം ആത്മാഭിമാനവും ധൈര്യവും ധീരതയും നിറഞ്ഞതാണെന്ന് രാജ്യം മുഴുവന്‍ അറിയട്ടെ. അവര്‍ ത്യാഗപ്രകൃതിയുള്ളവരും പരിസ്ഥിതി സംരക്ഷകരുമാണ്. ഇന്ത്യക്കാര്‍ക്കിടയില്‍ അവബോധം പ്രചരിപ്പിക്കാനാണ് ഞങ്ങള്‍ ഈ തീരുമാനം എടുത്തത്. ദരിദ്രര്‍, ദളിതര്‍, ദരിദ്രര്‍, പിന്നാക്കക്കാര്‍ എന്നിവരുടെയും എന്റെ ആദിവാസി സഹോദരീസഹോദരന്മാരുടെയും വരുമാനം വര്‍ധിപ്പിക്കാന്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് അശ്രാന്ത പരിശ്രമം നടത്തുകയാണ്. അതുകൊണ്ട് ഞങ്ങള്‍ 'യുവാക്കള്‍ക്ക് വിദ്യാഭ്യാസവും വരുമാനവും, കര്‍ഷകര്‍ക്ക് ജലസേചനം, പ്രായമായവര്‍ക്ക് മരുന്നുകള്‍' എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു കുറവും ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം, വരുമാനം, ജലസേചനം, വൈദ്യം എന്നിവയില്‍ ഞങ്ങള്‍ ശ്രദ്ധ ചെലുത്തിയത്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയായിരുന്നു കൊറോണ. അന്ധവിശ്വാസമുള്ള ആളുകള്‍ക്ക് പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ പ്രയാസമായിരുന്നു. ഞങ്ങള്‍ ആദിവാസി സഹോദരങ്ങളെ സഹായിക്കുകയും അവര്‍ക്ക് സൗജന്യ വാക്‌സിനുകള്‍ നല്‍കുകയും വീടുതോറുമുള്ള വാക്‌സിനേഷന്‍ ഡ്രൈവുകള്‍ നടത്തുകയും ചെയ്തു. ഞങ്ങള്‍ എന്റെ ആദിവാസി സഹോദരന്മാരുടെയും സഹോദരിമാരുടെയും ജീവന്‍ രക്ഷിച്ചു, കൂടാതെ അവരുടെ വീടുകളില്‍ ഭക്ഷണവും റേഷനും ഉറപ്പാക്കുകയും ചെയ്തു, അങ്ങനെ ഒരു കുട്ടിയും പട്ടിണി കിടക്കാന്‍ നിര്‍ബന്ധിതരായില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി 80 കോടി സഹോദരങ്ങള്‍ക്ക് ഞങ്ങള്‍ സൗജന്യമായി ഭക്ഷ്യധാന്യം നല്‍കുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അസുഖം വന്നാല്‍ ഏറ്റവും മികച്ച ചികിത്സ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍, ഓരോ ഗുണഭോക്താവിനും ഓരോ വര്‍ഷവും അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കുന്നു. അതായത്, നിങ്ങള്‍ 40 വര്‍ഷം കൂടി ജീവിച്ചാല്‍, നിങ്ങള്‍ക്ക് 40 മടങ്ങ് പണം ലഭിക്കും. പക്ഷേ നിങ്ങള്‍ക്ക് അസുഖം വരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, സഹോദരന്മാരേ. ഗര്‍ഭാവസ്ഥയില്‍, എന്റെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ലഭിക്കുന്നു, അങ്ങനെ അവര്‍ക്ക് ഗര്‍ഭകാലത്ത് പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കും. ഗര്‍ഭസ്ഥ ശിശുവിന്റെ ശാരീരിക വളര്‍ച്ചയും ഇത് ഉറപ്പാക്കും. കൂടാതെ, ജനിക്കുന്ന കുട്ടി വൈകല്യങ്ങളില്‍ നിന്ന് മുക്തനാകും. ഇത് കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ഗുണം ചെയ്യും.

ചെറുകിട കര്‍ഷകര്‍ക്ക് വളം, വൈദ്യുതി, ബില്ലുകളില്‍ ഇളവ് എന്നിവ ഉറപ്പാക്കാന്‍ ഞങ്ങള്‍ മുന്‍കൈയെടുത്തിട്ടുണ്ട്. 'കിസാന്‍ സമ്മാന്‍ നിധി' പ്രകാരം 2000 രൂപ ഓരോ വര്‍ഷവും മൂന്ന് തവണ എന്റെ ആദിവാസികളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നു. പാറ നിറഞ്ഞ ഭൂമി കാരണം, പാവപ്പെട്ട കര്‍ഷകന്‍ ചോളം അല്ലെങ്കില്‍ ബജ്‌റ കൃഷി ചെയ്യാന്‍ നിര്‍ബന്ധിതനായി. പക്ഷേ, അവന്റെ വയലില്‍ മികച്ച രീതിയില്‍ കൃഷി ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ലോകമെമ്പാടും രാസവളത്തിന് വില കൂടിയിരിക്കുന്നു. ലോകവിപണിയില്‍ ഒരു ചാക്ക് വളത്തിന് 2000 രൂപയാണ് വില. പക്ഷേ, എന്റെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ട കര്‍ഷകര്‍ കഷ്ടപ്പെടാതിരിക്കാനായി കേന്ദ്ര ഗവണ്‍മെന്റ് കൃഷിച്ചെലവിന്റെ ഭൂരിഭാഗവും വഹിക്കുകയും 260 രൂപയ്ക്ക് വളം നല്‍കുകയും ചെയ്യുന്നു. പാവപ്പെട്ടവര്‍ക്ക് നല്ല വീടുകളും ശൗചാലയങ്ങളും പണിയാനായി ഞങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു; സമൂഹത്തിലെ അവഗണിക്കപ്പെട്ട ഈ വിഭാഗത്തിന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഗ്യാസ്, വാട്ടര്‍ കണക്ഷന്‍ പോലുള്ള മറ്റ് സൗകര്യങ്ങള്‍ നല്‍കാനായും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇത് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കും. ചമ്പാനര്‍, പാവഗഢ്, സോമനാഥ്, ഹല്‍ദിഘാട്ടി തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ നമുക്കുണ്ട്. ഗോത്ര ജനതയുടെ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം ഗോത്ര വീരന്മാര്‍ക്ക് പ്രണാമം അര്‍പ്പിക്കാനായും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പാവഗഢിലെ കാളീദേവിയെ കുറിച്ച് പറയുകയാണെങ്കില്‍, അനുഗ്രഹം തേടി ധാരാളം ഭക്തര്‍ പാവഗഢ് സന്ദര്‍ശിക്കുന്നു. എന്നാല്‍ അതിന്റെ മുകളില്‍ കൊടി ഇല്ലെന്ന പരാതിയുമായാണ് ഇവര്‍ മടങ്ങുന്നത്. 500 വര്‍ഷമായി എന്റെ കാളി ദേവിയെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിച്ചതിനു ശേഷം മഹാകാളിയുടെ കൊടി ചാരുതയോടെ വീശിയടിക്കുന്നതു കാണാം. നിങ്ങള്‍ ഷംലാജിയുടെ അടുത്ത് പോയാല്‍, കാളിയദേവന്റെ ക്ഷേത്രം എത്രമാത്രം അവഗണിക്കപ്പെട്ടുവെന്ന് നിങ്ങള്‍ കാണും. എന്റെ ഗോത്രവര്‍ഗക്കാരുടെ ദൈവമെന്നാണ് കാളിയ ദേവന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇന്ന് ക്ഷേത്രം പൂര്‍ണമായും നവീകരിച്ചു. ആദിവാസി മേഖലകളിലെ ഉന്നൈ മാതാ ക്ഷേത്രം, ശ്രീ അംബേധാം തുടങ്ങിയ ആരാധനാലയങ്ങളെല്ലാം നവീകരിച്ചു. എന്റെ വികസന പദ്ധതികള്‍ വഴി ലക്ഷക്കണക്കിന് ആളുകള്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ക്ഷേത്രത്തില്‍ കയറുകയും ചെയ്യുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. അതുപോലെ, സപുതാരയുടെ വികസനം, ഏകതാ പ്രതിമ, ഈ മൊത്തത്തിലുള്ള വികസനം എന്നിവ ആദിവാസികള്‍ക്ക് ഉത്തേജനം നല്‍കും.

സഹോദരീ സഹോദരന്‍മാരേ,
തൊഴിലവസരങ്ങള്‍ നല്‍കി ജനങ്ങളെ ശാക്തീകരിക്കാനായി ഞാന്‍ പ്രവര്‍ത്തിക്കുന്നു. പഞ്ച്മഹല്‍ എന്തായാലും വനോദ സഞ്ചാരത്തിന്റെ നാടാണ്. പുരാതന വാസ്തുവിദ്യാ പാരമ്പര്യത്തിന് പേരുകേട്ടതാണ് ചമ്പാനറും പാവഗഡും. ഈ ലോക പൈതൃകവും ജംബുഗോഡയിലെ വനജീവിതവും കാണാന്‍ ആളുകള്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നു. നമ്മുടെ ഹത്നി മാതാ വെള്ളച്ചാട്ടവും കട ഡാമും വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറണം. ധന്‍പുരിയില്‍ ഇക്കോ ടൂറിസം വികസിപ്പിക്കാനും കഴിയും. ധനേശ്വരി മാതാ, ജന്‍ദ് ഹനുമാന്‍ ജി എന്നിവയും നമുക്കുണ്ട്. പിന്നെ എനിക്ക് നിങ്ങളെ നന്നായി അറിയാം. അതിനാല്‍, ഇതെല്ലാം എങ്ങനെ വികസിപ്പിക്കണമെന്ന് എനിക്കറിയാം.

സഹോദരീ സഹോദരന്മാരേ,
വിനോദസഞ്ചാരം എങ്ങനെ വികസിപ്പിക്കാം, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാം, നമ്മുടെ ആദിവാസികളുടെ അഭിമാനമായ സ്ഥലങ്ങള്‍ വികസിപ്പിക്കാം, വരുമാന സ്രോതസ്സുകള്‍ എങ്ങനെ വിപുലപ്പെടുത്താം എന്നതിനെക്കുറിച്ച് നാം ചിന്തിക്കണം. നരേന്ദ്ര-ഭൂപേന്ദ്രയുടെ ഈ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ശോഭനമായ ഭാവിക്കായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കാരണം ഞങ്ങളുടെ ഉദ്ദേശ്യങ്ങളും നയങ്ങളും വളരെ വ്യക്തമാണ്. ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന ആളുകളാണ് ഞങ്ങള്‍. അതുകൊണ്ട് സഹോദരങ്ങളേ, ജോലി പുരോഗമിക്കുന്ന വേഗത കുറയാന്‍ നാം അനുവദിക്കരുത്. ജാഗ്രതയോടെ മുന്നോട്ട് പോകണം. അമ്മമാരും സഹോദരിമാരും ഞങ്ങളെ അനുഗ്രഹിക്കാന്‍ വന്നതിനാല്‍, ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട കാര്യമില്ല. അത് ഉമര്‍ഗാവ് മുതല്‍ അംബാജി വരെയുള്ള ആദിവാസി മേഖലയോ വല്‍സാദ് മുതല്‍ മുന്ദ്ര വരെയുള്ള എന്റെ മത്സ്യത്തൊഴിലാളികളുടെ മേഖലയോ നഗരമേഖലയോ ആകട്ടെ, ഗുജറാത്ത് മുഴുവന്‍ വികസിപ്പിക്കാന്‍ നാം പരിശ്രമിക്കണം! ഇന്ത്യയുടെ വികസനത്തിന് നാം ഗുജറാത്തിനെ വികസിപ്പിക്കണം. അത്തരം ധീരരായ രക്തസാക്ഷികളെ അഭിവാദ്യം ചെയ്യുകയും അവരില്‍ നിന്ന് പ്രചോദനം തേടുകയും ചെയ്യുന്നു, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.

 
ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

--ND--



(Release ID: 1873847) Visitor Counter : 117