പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ വഡോദരയില്‍ സി-295 വിമാനനിര്‍മാണകേന്ദ്രത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു


"'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ ഗ്ലോബ്' എന്ന മന്ത്രവുമായാണ് ഇന്ത്യ മുന്നേറുന്നത്"

"പ്രശസ്ത സാംസ്കാരിക-വിദ്യാഭ്യാസകേന്ദ്രമായ വഡോദര വ്യോമയാനമേഖലയുടെ കേന്ദ്രമെന്ന നിലയിലും പുതിയ സ്വത്വം വികസിപ്പിക്കും"

"വിമാനഗതാഗതവുമായി ബന്ധപ്പെട്ടു ലോകത്തിലെ ഏറ്റവും മികച്ച മൂന്നു രാജ്യങ്ങളിലൊന്നാകാനൊരുങ്ങുകയാണു നാം"

"മഹാമാരി, യുദ്ധം, വിതരണശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവയ്ക്കിടയിലും വളര്‍ച്ചയുടെ വേഗത ഇന്ത്യ നിലനിര്‍ത്തി"

"കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദനത്തിനും ഉയര്‍ന്ന ഉല്‍പ്പാദനത്തിനുമുള്ള അവസരങ്ങളാണ് ഇന്ത്യ ഒരുക്കുന്നത്"

"ഇന്ന്, നവീനചിന്താഗതിയിലും പുതിയ തൊഴില്‍-സംസ്കാരത്തോടെയുമാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്"

"ഇന്നു നമ്മുടെ നയങ്ങള്‍ സുസ്ഥിരവും പ്രവചനീയവും ഭാവിയിലേക്കുള്ളതുമാണ്"

'"2025ഓടെ നമ്മുടെ പ്രതിരോധ ഉല്‍പ്പാദനം 25 ബില്യണ്‍ ഡോളറിനപ്പുറത്തേക്ക് എത്തിക്കാനാണു ഞങ്ങള്‍ ലക്ഷ്യമിടുന്നത്. നമ്മുടെ പ്രതിരോധ കയറ്റുമതിയും 5 ബില്യണ്‍ ഡോളര്‍ കവിയും"


Posted On: 30 OCT 2022 4:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ വഡോദരയിൽ സി-295 വിമാനനിർമാണകേന്ദ്രത്തിനു തറക്കല്ലിട്ടു.  സ്വയംപര്യാപ്ത ഇന്ത്യക്കു കീഴിലുള്ള ബഹിരാകാശ വ്യവസായത്തിലെ സാങ്കേതിക-നിർമാണനേട്ടങ്ങൾ വെളിപ്പെടുത്തുന്ന പ്രദർശനകേന്ദ്രവും പ്രധാനമന്ത്രി സന്ദർശിച്ചു. 

ഇന്ത്യയെ ലോകത്തിന്റെ ഉൽപ്പാദനകേന്ദ്രമാക്കി മാറ്റുന്നതിനുള്ള വലിയൊരു ചുവടുവയ്പാണ് ഇന്നു നാം സ്വീകരിച്ചിരിക്കുന്നതെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു. യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, അന്തർവാഹിനികൾ, മരുന്നുകൾ, പ്രതിരോധമരുന്നുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, കാറുകൾ എന്നിവ ഇന്ത്യ നിർമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ ഗ്ലോബ്’ എന്ന സന്ദേശവുമായാണ് ഇന്ത്യ മുന്നേറുന്നതെന്നും ഇപ്പോൾ ഗതാഗതവിമാനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ നിർമാതാക്കളായി ഇന്ത്യ മാറുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന് അഭിമാനത്തോടെ പറയാവുന്ന വലിയ യാത്രാവിമാനങ്ങൾ ഇന്ത്യ ഉടൻ നിർമിക്കുമെന്നു തനിക്കു മുൻകൂട്ടി കാണാൻ കഴിയുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
 

ഇന്നു തറക്കല്ലിട്ട സ്ഥാപനത്തിനു രാജ്യത്തിന്റെ പ്രതിരോധ-ഗതാഗത മേഖലയെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രതിരോധമേഖലയിൽ ഇതാദ്യമായാണ് ഇത്രയും വലിയ നിക്ഷേപം നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ നിർമിക്കുന്ന ഗതാഗതവിമാനങ്ങൾ സായുധസേനയ്ക്കു കരുത്തുപകരുമെന്നു മാത്രമല്ല,  വിമാനനിർമാണത്തിന്റെ പുതിയ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനും ഇതു സഹായിക്കും. "സാംസ്കാരിക-വിദ്യാഭ്യാസകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ വഡോദര, വ്യോമയാനമേഖലയുടെ കേന്ദ്രമെന്ന നിലയിലും പുതിയ സ്വത്വം വികസിപ്പിക്കും"- അദ്ദേഹം പറഞ്ഞു. നൂറിലധികം എംഎസ്എംഇകളും പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഭാവിയിൽ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനുള്ള ഓർഡറുകൾ സ്വീകരിക്കാൻ പദ്ധതിക്കു കഴിയുമെന്നതിനാൽ ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ ഗ്ലോബ്’ എന്ന ഉറപ്പിന് ഈ നാട്ടിൽനിന്നു പുതിയ മുന്നേറ്റം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുടെ അതിവേഗം വളരുന്ന വ്യോമയാനമേഖലയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, വ്യോമഗതാഗതത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു രാജ്യങ്ങളിലൊന്നായി മാറാനൊരുങ്ങുകയാണു നാമെന്നും വ്യക്തമാക്കി. നിരവധി യാത്രക്കാരെ വിമാനയാത്രക്കാരാക്കി മാറ്റാൻ ഉഡാൻ പദ്ധതി സഹായിക്കുന്നു- അദ്ദേഹം പറഞ്ഞു. യാത്ര-ചരക്കുവിമാനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം ഉയർത്തിക്കാട്ടി, അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യക്ക് 2000ത്തിലധികം വിമാനങ്ങൾ വേണ്ടിവരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഈ ദിശയിലുള്ള നിർണായക ചുവടുവയ്പാണു നടത്തുന്നതെന്നും ഇന്ത്യ അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ മഹാമാരിയും യുദ്ധവുംമൂലം വലയുകയും വിതരണശൃംഖലയിലെ തടസങ്ങളാൽ ലോകം പ്രതിസന്ധിയിലാകുകയും ചെയ്യുന്ന വേളയിൽ മികച്ച അവസരമാണ് ഇന്ത്യ ലോകത്തിനു സമ്മാനിക്കുന്നതെന്നും ശ്രീ മോദി പറഞ്ഞു. അത്തരം കഠിനമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ചയുടെ വേഗത ഇന്ത്യ നിലനിർത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവർത്തനസാഹചര്യങ്ങൾ നിരന്തരം മെച്ചപ്പെടുകയാണെന്നും ചെലവിന്റെ കാര്യത്തിലുള്ള മത്സരക്ഷമതയിലും ഗുണനിലവാരത്തിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. കുറഞ്ഞ ചെലവിൽ ഉൽപ്പാദനത്തിന്റെയും ഉയർന്ന ഉൽപ്പാദനത്തിന്റെയും അവസരമാണ് ഇന്ത്യ അവതരിപ്പിക്കുന്നത്- പ്രധാനമന്ത്രി പറഞ്ഞു. വൈദഗ്ധ്യമുള്ള മനുഷ്യശക്തിയുടെ വലിയൊരുറവതന്നെ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 8 വർഷമായി ഗവണ്മെന്റ് വരുത്തിയ പരിഷ്കരണങ്ങളിലേക്കു വെളിച്ചംവീശി, രാജ്യത്ത് ഉൽപ്പാദനത്തിന് അഭൂതപൂർവമായ അന്തരീക്ഷം ഇന്ത്യ സൃഷ്ടിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ലളിതവൽക്കരിച്ച കോർപ്പറേറ്റ് നികുതിഘടനയുണ്ടാക്കി ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായതും 100 ശതമാനം എഫ്ഡിഐ പാത തുറന്നതും പ്രതിരോധ-ബഹിരാകാശ മേഖലകൾ സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുത്തതും 29 കേന്ദ്ര തൊഴിൽ നിയമങ്ങൾ 4 കോഡുകളാക്കി പരിഷ്കരിച്ച് 33,000 നിയമങ്ങൾ ചട്ടങ്ങൾ പാലിക്കലുകൾ ഒഴിവാക്കിയതും പ്രധാനമന്ത്രി ഉദാഹരണങ്ങളാക്കി. കൂടാതെ ഡസൻകണക്കിനു നികുതികളുടെ സങ്കീർണമായ നി‌രയ്ക്ക് അവസാനംകുറിച്ചു ചരക്കുസേവനനികുതി അവതരിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ന് ഇന്ത്യയിൽ സാമ്പത്തിക പരിഷ്കരണങ്ങളുടെ പുതിയ കഥ എഴുതപ്പെടുകയാണ്. സംസ്ഥാനങ്ങൾക്കുപുറമെ ഉൽപ്പാദനമേഖലയാണ് ഇതിൽനിന്ന് ഏറ്റവും കൂടുതൽ നേട്ടങ്ങൾ കൊയ്യുന്നത്”- അദ്ദേഹം പറഞ്ഞു.

ചിന്താഗതിയിൽ വന്ന മാറ്റമാണു വിജയത്തിനു കാരണമെന്നു പ്രധാനമന്ത്രി പറഞ്ഞു. "ഇന്ന്, ഇന്ത്യ നവീന ചിന്താഗതിയിൽ, പുതിയ തൊഴിൽ-സംസ്കാരത്തോടെയാണു പ്രവർത്തിക്കുന്നത്"- അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ കഴിവുകളെയും സ്വകാര്യമേഖലയുടെ ശക്തിയെയും അടിച്ചമർത്തുന്ന ചിന്താഗതിയും ഗവൺമെന്റിന് എല്ലാം അറിയാമെന്ന സങ്കൽപ്പവും  നിലനിന്നിരുന്ന കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. "ഇപ്പോൾ 'കൂട്ടായ പരിശ്രമം' എന്ന  നിലവന്നതോടെ ഗവണ്മെന്റ് പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും തുല്യപ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നു. സബ്‌സിഡിയിലൂടെ ഉൽപ്പാദന മേഖലയെ കഷ്ടിച്ച് പ്രവർത്തനക്ഷമമാക്കിയ മുൻ ഗവണ്മെന്റുകളുടെ താൽക്കാലിക സമീപനത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ലോജിസ്റ്റിക്സ്, വൈദ്യുതിവിതരണം, ജലവിതരണം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളിൽ അവഗണനയുണ്ടായിരുന്നു. “തീരുമാനങ്ങൾ താൽക്കാലികമായി എടുക്കുന്ന സമീപനം ഞങ്ങൾ ഉപേക്ഷിച്ചു. നിക്ഷേപകർക്കു വിവിധതരത്തിൽ പുതിയ പ്രോത്സാഹനങ്ങൾ കൊണ്ടുവന്നു. ഞങ്ങൾ ഉൽപ്പാദനബദ്ധിത ആനുകൂല്യ പദ്ധതി ആരംഭിച്ചു. അതു മാറ്റം ദൃശ്യമാക്കി. ഇന്നു ഞങ്ങളുടെ നയങ്ങൾ സുസ്ഥിരവും പ്രവചനീയവും ഭാവിയിലേക്കുള്ളതുമാണ്”- അദ്ദേഹം പറഞ്ഞു. 

ഉൽപ്പാദനം അപ്രാപ്യമാണെന്നു കരുതിയിരുന്നതിനാൽ സേവനമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രബലമായ ചിന്തകൾ ഉണ്ടായിരുന്ന കാലഘട്ടവും പ്രധാനമന്ത്രി അനുസ്മരിച്ചു. “ഇന്നു ഞങ്ങൾ സേവന-ഉൽപ്പാദന മേഖലകൾ മെച്ചപ്പെടുത്തുകയാണ്”- അദ്ദേഹം പറഞ്ഞു. ഉൽപ്പാദനമേഖലയിലും സേവനമേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമഗ്രമായ സമീപനത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമാണത്തിൽ എല്ലാവരേക്കാളും മുന്നിൽ നിൽക്കാൻ ഇന്ത്യ ഇന്നു തയ്യാറെടുക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. “കഴിഞ്ഞ 8 വർഷങ്ങളിൽ ഞങ്ങൾ നൈപുണ്യവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനാലാണ് ഇതു സാധ്യമായത്. ഈ മാറ്റങ്ങളെല്ലാം സ്വാംശീകരിച്ചുകൊണ്ട്, ഇന്ന് ഉൽപ്പാദന മേഖലയിലെ ഇന്ത്യയുടെ വികസനയാത്ര ഈ ഘട്ടത്തിൽ എത്തിയിരിക്കുന്നു”- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗവണ്മെന്റിന്റെ നിക്ഷേപസൗഹൃദനയങ്ങൾ ഉയർത്തിക്കാട്ടി, എഫ്ഡിഐയിൽ അതിന്റെ നേട്ടങ്ങൾ വ്യക്തമായി കാണാമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “കഴിഞ്ഞ എട്ടുവർഷത്തിനിടെ 160ലധികം രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു. ഇത്തരം വിദേശനിക്ഷേപങ്ങൾ ചില വ്യവസായങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.  ഇതു സമ്പദ്‌വ്യവസ്ഥയുടെ 61 മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതായും ഇന്ത്യയിലെ 31 സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്നതായും അദ്ദേഹം വിശദീകരിച്ചു. എയ്റോസ്പേസ് മേഖലയിൽ മാത്രം 3 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. 2014നുശേഷം ഈ മേഖലയിലെ നിക്ഷേപം 2000 മുതൽ 2014 വരെയുള്ള കാലയളവിൽ നിക്ഷേപിച്ചതിന്റെ 5 മടങ്ങു വർധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വരുംവർഷങ്ങളിൽ പ്രതിരോധ-ബഹിരാകാശ മേഖലകളാണു സ്വയംപര്യാപ്തത ഇന്ത്യ ക്യാമ്പനയിന്റെ നിർണായകസ്തംഭങ്ങളാകാൻ പോകുന്നതെന്നു ശ്രീ മോദി പറഞ്ഞു. "2025ഓടെ നമ്മുടെ പ്രതിരോധ ഉൽപ്പാദനം 25 ബില്യൺ ഡോളറിന് അപ്പുറത്തേക്ക് എത്തിക്കാനാണു ഞങ്ങൾ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ പ്രതിരോധകയറ്റുമതിയും 5 ബില്യൺ ഡോളർ കവിയും"- അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധ ഇടനാഴികൾ ഈ മേഖലയുടെ വളർച്ചയ്ക്കു വളരെയധികം സഹായിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗാന്ധിനഗറിൽ എക്കാലത്തെയും വലിയപ്രതിരോധഎക്സ്‌പോ സംഘടിപ്പിച്ചതിനു പ്രതിരോധ മന്ത്രാലയത്തെയും ഗുജറാത്ത് ഗവണ്മെന്റിനെയും ശ്രീ മോദി പ്രശംസിച്ചു. ഡിഫ്എക്സ്‌പോയിൽ പ്രദർശിപ്പിച്ച എല്ലാ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഇന്ത്യയിൽ നിർമിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. "പ്രൊജക്റ്റ് സി-295ന്റെ പ്രതിഫലനം വരുംവർഷങ്ങളിലെ ഡിഫ്എക്സ്‌പോയിൽ നമുക്കു ദൃശ്യമാകും"- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

പ്രസംഗം ഉപസംഹരിക്കവേ, ഈ സമയം രാജ്യത്തുണ്ടായിട്ടുള്ള അഭൂതപൂർവമായ നിക്ഷേപ ആത്മവിശ്വാസം പരമാവധി പ്രയോജനപ്പെടുത്താൻ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവരോടും പ്രധാനമന്ത്രി അഭ്യർഥിച്ചു. മുന്നോട്ടുപോകുന്നതിനു രാജ്യത്തെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി കൂടുതൽ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവേഷണ മേഖലയിൽ സ്വകാര്യമേഖലയുടെ വർധിച്ച പങ്കാളിത്തത്തെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “നാം ഈ ദിശയിലേക്കു നീങ്ങുകയാണെങ്കിൽ, നവീകരണത്തിന്റെയും ഉൽപ്പാദനത്തിന്റെയും കൂടുതൽ ശക്തമായ ആവാസവ്യവസ്ഥ വികസിപ്പിക്കാൻ നമുക്കു കഴിയും. കൂട്ടായ പരിശ്രമം എന്ന സന്ദേശം നിങ്ങൾ എപ്പോഴും ഓർക്കണം”- പ്രധാനമന്ത്രി ഉപസംഹരിച്ചു. 

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രത്, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, എയർബസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ക്രിസ്റ്റ്യാൻ ഷെറർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

പശ്ചാത്തലം

സ്വകാര്യമേഖലയിൽ രാജ്യത്തെ ആദ്യ വിമാനനിർമാണകേന്ദ്രമാകും സി-295 വിമാനിർമാണകേന്ദ്രം. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസും സഹകരിച്ച് ഇന്ത്യൻ വ്യോമസേനയ്ക്കായി 40 സി-295 വിമാനങ്ങൾ നിർമിക്കുന്നതിന് ഈ സൗകര്യം ഉപയോഗപ്പെടുത്തും. പ്രതിരോധമേഖലയിൽ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായിരിക്കും ഈ സംവിധാനം. മാത്രമല്ല, ഈ മേഖലയിൽ സ്വകാര്യകമ്പനികൾക്കു സാധ്യതകൾ തുറന്നുകൊടുക്കുന്നതിനും ഇതു സഹായിക്കും.

ND

(Release ID: 1872056) Visitor Counter : 168