പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ ഏകതാ പ്രതിമയില്‍ മിഷന്‍ ലൈഫ് പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
20 OCT 2022 3:04PM by PIB Thiruvananthpuram
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ജി, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ജി, രാജ്യത്തിനകത്തും പുറത്തുമുള്ള വിശിഷ്ട വ്യക്തികളെ, മഹതികളെ, മഹാന്‍മാരെ! മാഹാത്മമേറിയ ഈ പ്രദേശത്തേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതം. ശ്രീ. അന്റോണിയോ ഗുട്ടെറസിന് ഇന്ത്യ ഒരു രണ്ടാം വീട് പോലെയാണ്. താങ്കള്‍ ചെറുപ്പത്തില്‍ ഇന്ത്യയിലേക്ക് പലതവണ യാത്ര ചെയ്തിട്ടുണ്ട്. താങ്കള്‍ക്ക് ഗോവയുമായി കുടുംബ ബന്ധമുണ്ട്. ഇന്ന് എന്റെ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ ഗുജറാത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് എനിക്ക് തോന്നുന്നു. ശ്രീ. അന്റോണിയോ ഗുട്ടെറസ്, ഇവിടെ വന്നതിന് വളരെ നന്ദി! നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍! മിഷന്‍ ലൈഫ് ആരംഭിച്ചതിന് ശേഷം, പല രാജ്യങ്ങളും ഇപ്പോള്‍ ഈ ദൃഢനിശ്ചയവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഫ്രാന്‍സ് പ്രസിഡന്റ് ശ്രീ മാക്രോ, യുകെ പ്രധാനമന്ത്രി ലിസ് ട്രസ്, ഗയാന പ്രസിഡന്റ് ഇര്‍ഫാന്‍ അലി, അര്‍ജന്റീന പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത്, മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി രാജോലിന, നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ജി, മാലിദ്വീപില്‍ നിന്നുള്ള സഹോദരന്‍ സോലിഹ്, ജോര്‍ജിയ പ്രധാനമന്ത്രി ഇറാക്ലി ഗരിബാഷ്വിലി, എസ്‌തോണിയ പ്രധാനമന്ത്രി കാജാ കല്ലാസ് എന്നിവരോട് ഞാന്‍ നന്ദി പറയുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ ദേശീയ അഭിമാനമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഭീമാകാരമായ പ്രതിമയായ ഏകതാ പ്രതിമയുടെ പരിസരത്താണ് ഈ പരിപാടി നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഐക്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഉയര്‍ന്ന പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ രൂപപ്പെടുത്തുുന്നതിനും അവ നിറവേറ്റുന്നതിനും നമ്മെ പ്രചോദിപ്പിക്കും.
സുഹൃത്തുക്കളെ,
നിലവാരം ഉയര്‍ന്നതായിരിക്കുമ്പോള്‍, റെക്കോര്‍ഡുകള്‍ വളരെ വലുതായിരിക്കും. ഗുജറാത്തില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കൂടാതെ ഇത് തികച്ചും അനുയോജ്യമായ സ്ഥലവുമാണ്. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ആദ്യമായി ഏറെ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. കനാലുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുകയോ അല്ലെങ്കില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ ജലസംരക്ഷണത്തിനായി പ്രചാരണം നടത്തുകയോ ചെയ്യുക, ഗുജറാത്ത് എല്ലായ്‌പ്പോഴും ഒരു നേതാവാണ് അല്ലെങ്കില്‍ ട്രെന്‍ഡ്‌സെറ്റര്‍ ആണ്.
സുഹൃത്തുക്കളെ,
കാലാവസ്ഥാ വ്യതിയാനം നയവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഈ വിഷയത്തെ ഒരു നയത്തിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ, അബദ്ധവശാല്‍ നമ്മുടെ മനസ്സ് ചിന്തിക്കാന്‍ തുടങ്ങും, ഗവണ്‍മെന്റ് മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതുള്ളൂ അല്ലെങ്കില്‍ അന്താരാഷ്ട്ര സംഘടനകളാണ് ഇതില്‍ എന്തെങ്കിലും നടപടിയെടുക്കേണ്ടത് എന്ന്. ഗവണ്‍മെന്റും അന്താരാഷ്ട്ര സ്ഥാപനങ്ങളും അതില്‍ വലിയ പങ്കുവഹിക്കുന്നു എന്നതും അവരും അത് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു എന്നതും ശരിയാണ്. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തിന്റെ ഗൗരവം ചര്‍ച്ചയില്‍ ഒതുങ്ങാതെ ലോകത്തിന്റെ എല്ലാ കോണുകളിലും എല്ലാ വീട്ടിലും എത്തിയിരിക്കുന്നു എന്ന് നമുക്കെല്ലാവര്‍ക്കും കാണാന്‍ കഴിയും.
കാലാവസ്ഥാ വ്യതിയാനം മൂലം ആളുകള്‍ക്ക് ചുറ്റും സംഭവിക്കുന്ന മാറ്റങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളില്‍, ആഘാതം എങ്ങനെ തീവ്രമായിത്തീര്‍ന്നുവെന്നും അപ്രതീക്ഷിതമായ വിപത്തുകളെ അഭിമുഖീകരിക്കേണ്ടിവന്നു എന്നും നാം കണ്ടു. ഇന്ന് നമ്മുടെ മഞ്ഞുകട്ടകള്‍ ഉരുകുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു. നമ്മുടെ നദികള്‍ വറ്റിവരളുകയും കാലാവസ്ഥ ക്രമരഹിതമാവുകയും ചെയ്യുന്നു. ഈ മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്ന വിഷയം നയനിര്‍ണയ തലത്തില്‍ മാത്രം ഒതുക്കാവുന്ന ഒന്നല്ലെന്ന് ആളുകള്‍ ചിന്തിക്കാനിടയാക്കുന്നു. ഒരു വ്യക്തിയെന്ന നിലയിലും കുടുംബമെന്ന നിലയിലും സമൂഹമെന്ന നിലയിലും ഭൂമിയുടെ കാര്യത്തില്‍ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും വ്യക്തിപരമായ തലത്തില്‍ എന്തെങ്കിലും ചെയ്യണമെന്നും ആളുകള്‍ സ്വയം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഭൂമിയെ സംരക്ഷിക്കാന്‍, വ്യക്തിഗത തലത്തിലോ കുടുംബത്തോടും സമൂഹത്തോടും ചേര്‍ന്നോ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് അറിയാന്‍ വ്യക്തികള്‍ക്കു താല്‍പര്യമുണ്ടോ?
ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം മിഷന്‍ ലൈഫില്‍ ഉണ്ട്. 'പരിസ്ഥിതിക്കുള്ള ജീവിതശൈലി' എന്നതാണ് മിഷന്‍ ലൈഫിന്റെ മന്ത്രം. ഇന്ന് ഞാന്‍ മിഷന്‍ ലൈഫിന്റെ ഈ കാഴ്ചപ്പാട് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് ഈ ഭൂമിയിലെ ഓരോ വ്യക്തിയും അവന്റെ അല്ലെങ്കില്‍ അവളുടെ തലത്തില്‍ പരിശ്രമം നടത്തുമെന്ന പ്രതീക്ഷയോടെയാണ്. മിഷന്‍ ലൈഫ് ഈ ഭൂമിയുടെ സംരക്ഷണത്തിനായി ജനങ്ങളുടെ അധികാരങ്ങളെ ബന്ധിപ്പിക്കുകയും അത് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. മിഷന്‍ ലൈഫ് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തെ ജനാധിപത്യപരമാക്കുന്നു. അതില്‍ എല്ലാവര്‍ക്കും അവന്റെ അല്ലെങ്കില്‍ അവളുടെ കഴിവിനനുസരിച്ച് സംഭാവന നല്‍കാന്‍ കഴിയും. ചെറിയ പരിശ്രമങ്ങള്‍ പോലും വലിയ സ്വാധീനം ചെലുത്തുമെന്ന് മിഷന്‍ ലൈഫ് വിശ്വസിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി നമ്മുടെ ദൈനംദിന ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ മിഷന്‍ ലൈഫ് നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ ജീവിതശൈലി മാറ്റുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ കഴിയുമെന്ന് മിഷന്‍ ലൈഫ് വിശ്വസിക്കുന്നു. വളരെ രസകരമായ രണ്ട് ഉദാഹരണങ്ങള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിലര്‍ എസിയുടെ താപനില 17 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 18 ഡിഗ്രി സെല്‍ഷ്യസ് ആക്കുന്നത് നിങ്ങള്‍ കണ്ടിരിക്കണം. എന്നാല്‍ എസിയുടെ താപനില കുറച്ചുകഴിഞ്ഞാല്‍, ഇത്തരക്കാര്‍ പുതപ്പുകള്‍ ഉപയോഗിച്ച് ഉറങ്ങുന്നു. എസിയിലെ ഓരോ 1 ഡിഗ്രി സെല്‍ഷ്യസ് താപനിലയും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ നമ്മള്‍ ശ്രമിച്ചാല്‍ പരിസ്ഥിതിയെ സംരക്ഷിക്കാം. അതായത് നമ്മുടെ ജീവിതശൈലി മാറ്റിയാല്‍ അത് പരിസ്ഥിതിക്ക് വലിയ സഹായമാകും. നമ്മുടെ ജീവിതശൈലിയുടെ മറ്റൊരു ഉദാഹരണം പറയാം. ലിറ്ററിന് ശരാശരി 5 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന കാറിലാണ് ചിലര്‍ ജിമ്മില്‍ പോകുന്നത്; എന്നിട്ട് ജിമ്മിലെ ട്രെഡ്മില്ലില്‍ വിയര്‍ക്കുക. നിങ്ങളുടെ ലക്ഷ്യം വിയര്‍ക്കുക എന്നതാണെങ്കില്‍, വ്യായാമം ജിമ്മിലേക്ക് നടന്നോ സൈക്കിള്‍ ചവിട്ടിയോ ചെന്നശേഷം എന്തുകൊണ്ട് ചെയ്തുകൂടാ? ഇതുവഴി പരിസ്ഥിതിക്കും നമ്മുടെ ആരോഗ്യത്തിനും ഒരുപോലെ പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളെ,
ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും ചെറിയ പ്രയത്നങ്ങള്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തി വലിയ ഫലം കൊണ്ടുവരുന്നത് ഇങ്ങനെയാണ്. ഞാന്‍ മറ്റൊരു ഉദാഹരണം പങ്കിടാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂടുതല്‍ കൂടുതല്‍ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കുക, വൈദ്യുതി ചെലവ് കുറയ്ക്കുക, പരിസ്ഥിതി സംരക്ഷണം എന്നിവയായിരുന്നു ലക്ഷ്യം. എല്‍ഇഡി ബള്‍ബുകളുടെ പദ്ധതി ഗവണ്‍മെന്റ് ആരംഭിച്ചതോടെ രാജ്യത്തെ സ്വകാര്യമേഖലയും അതിന്റെ ഭാഗമായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ വീടുകളില്‍ 160 കോടിയിലധികം എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ചു എന്നറിയുമ്പോള്‍ ഇന്ന് അവിടെയെത്തിയ അന്താരാഷ്ട്ര വിദഗ്ധര്‍ അത്ഭുതപ്പെടും! തല്‍ഫലമായി, നമുക്ക് 100 ദശലക്ഷം ടണ്ണിലധികം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാന്‍ കഴിയും. ഇത് എല്ലാ വര്‍ഷവും നടക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. ഇത് ഒറ്റത്തവണ മാത്രം നേടിയ നേട്ടമല്ല! ഇത് എല്ലാ വര്‍ഷവും നമ്മെ സഹായിക്കുന്നു. ഇപ്പോള്‍ എല്‍ഇഡികള്‍ കാരണം, ഓരോ വര്‍ഷവും പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവു വളരെയധികം കുറയാന്‍ തുടങ്ങിയിരിക്കുന്നു!
സുഹൃത്തുക്കളെ,
മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമാണ് ഗുജറാത്ത്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെയും പ്രാധാന്യം പൂര്‍ണ്ണമായും മനസ്സിലാക്കിയ ചിന്തകരില്‍ ഒരാളായിരുന്നു അദ്ദേഹം. ചുമതല എന്ന ആശയം അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. മിഷന്‍ ലൈഫ് എല്ലാ പങ്കാളികളെയും പരിസ്ഥിതിയുടെ ചുമതലക്കാരാക്കുന്നു. വിഭവങ്ങളുടെ വിവേചനരഹിതമായ ഉപയോഗം അനുവദിക്കാത്ത ഒരാളാണ് ചുമതലക്കാരന്‍. ഒരു ചുമതലക്കാരന്‍ ഒരു ചൂഷകനായിട്ടല്ല, മറിച്ച് ഒരു സംരക്ഷകനായാണ് പ്രവര്‍ത്തിക്കുന്നത്. മിഷന്‍ ലൈഫ് പി3 എന്ന ആശയത്തെ ശക്തിപ്പെടുത്തും. പി3 എന്നാല്‍ പ്രോ പ്ലാനറ്റ് പീപ്പിള്‍ എന്നാണ്. ഇന്ന് നമ്മള്‍ ജീവിക്കുന്നത് ഗ്രൂപ്പിസത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ലോകത്താണ്, അതായത് ഏത് രാജ്യം് ഏത് ഗ്രൂപ്പിലാണ് അല്ലെങ്കില്‍ ഏത് രാജ്യം ഗ്രൂപ്പിനെതിരെയാണ് എന്നൊക്കെ. എന്നാല്‍ മിഷന്‍ ലൈഫ് ഭൂമിയിലെ ജനങ്ങളെ പ്രോ പ്ലാനറ്റ് പീപ്പിളുമായി ബന്ധിപ്പിക്കുന്നു, ചിന്തകളില്‍ അവരെ ഒന്നിപ്പിക്കുന്നു. 'ഭൂമിക്കു വേണ്ടി ഭൂമിയാല്‍ ഭൂമിക്കായുള്ള ജീവിത ശൈലി' എന്ന അടിസ്ഥാന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
സുഹൃത്തുക്കള്‍,
ഭൂതകാലത്തില്‍ നിന്ന് പഠിക്കുന്നതിലൂടെ മാത്രമേ നമുക്ക് നല്ല ഭാവി കെട്ടിപ്പടുക്കാന്‍ കഴിയൂ. ആയിരക്കണക്കിന് വര്‍ഷങ്ങളായി പ്രകൃതിയെ ആരാധിക്കുന്ന സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. ജലം, ഭൂമി, വായു, എല്ലാ പ്രകൃതി വസ്തുക്കളുടെയും പ്രാധാന്യം നമ്മുടെ വേദങ്ങളില്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അഥര്‍വവേദം പറയുന്നു: മാതാ ഭൂമിഃ പുത്രോയഹം പൃഥിവ്യാഃ. അതായത്, ഭൂമി നമ്മുടെ അമ്മയാണ്, നമ്മള്‍ അവളുടെ മക്കളാണ്. 'കുറക്കുക, പുനരുപയോഗിക്കുക, പുനരുപയോഗിക്കുക', വൃത്താകൃതിയിലുള്ള സമ്പദ്വ്യവസ്ഥ ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ ഇന്ത്യന്‍ ജീവിതശൈലിയുടെ ഭാഗമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും, പല രാജ്യങ്ങളിലും, പ്രകൃതിയുമായി ഇണങ്ങി നടക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഇത്തരം ആചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ പൂര്‍വ്വികര്‍ സ്വീകരിച്ച പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ജീവിതശൈലിയും മിഷന്‍ ലൈഫ് ഉള്‍ക്കൊള്ളുന്നു, അത് ഇന്നത്തെ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാക്കാം.
സുഹൃത്തുക്കളെ,
ഇന്ന് പ്രതിവര്‍ഷം 4 ടണ്‍ എന്ന ലോക ശരാശരിയെ അപേക്ഷിച്ച് ഇന്ത്യയിലെ പ്രതിശീര്‍ഷ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ 1.5 ടണ്‍ മാത്രമാണ്, എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള പ്രശ്‌നത്തെ നേരിടാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കല്‍ക്കരിയുടെയും മരത്തിന്റെയും പുകയില്‍ നിന്ന് മുക്തി നേടാന്‍ ഉജ്ജ്വല പദ്ധതി ആരംഭിച്ചിരുന്നു. ജലസുരക്ഷ മനസ്സില്‍ വെച്ചുകൊണ്ട്, ഇന്ത്യയിലെ എല്ലാ ജില്ലകളിലും 75 'അമൃത് സരോവരങ്ങള്‍' നിര്‍മ്മിക്കാനുള്ള ബൃഹത്തായ പ്രചാരണം നാം ഇന്ന് നടത്തുന്നു. 'പാഴാക്കുന്നത് സമ്പത്തിന്' എന്ന ആശയത്തിന് ഇവിടെ അഭൂതപൂര്‍വമായ ഊന്നല്‍ നല്‍കിവരുന്നു. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പുനരുപയോഗ ഊര്‍ജ്ജ ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ന് നമ്മള്‍ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജത്തില്‍ നാലാം സ്ഥാനത്തും സൗരോര്‍ജ്ജത്തില്‍ അഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞ ഏഴെട്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ശേഷി ഏകദേശം 290 ശതമാനം വര്‍ദ്ധിച്ചു. ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളില്‍ നിന്ന് വൈദ്യുത ശേഷിയുടെ 40 ശതമാനം കൈവരിക്കുക എന്ന ലക്ഷ്യം സമയപരിധിക്ക് 9 വര്‍ഷം മുമ്പ് തന്നെ നാം നേടിയിട്ടുണ്ട്. പെട്രോളില്‍ 10 ശതമാനം എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യവും നാം നേടിയിട്ടുണ്ട്; അതും സമയപരിധിക്ക് 5 മാസം മുമ്പ്. ഇപ്പോള്‍ പെട്രോളില്‍ 20 ശതമാനം എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഹൈഡ്രജന്‍ ആവാസവ്യവസ്ഥയ്ക്കായി പരിസ്ഥിതി സൗഹൃദ ഊര്‍ജ സ്രോതസ്സുകളിലേക്ക് ഇന്ത്യ വളരെ വേഗത്തില്‍ നീങ്ങുന്നു, ഗുജറാത്ത് ഈ ഹരിത ഹൈഡ്രജന്റെ കേന്ദ്രമായി മാറുകയാണ്.'നെറ്റ് സീറോ' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇത് ഇന്ത്യയെയും ലോകത്തിലെ പല രാജ്യങ്ങളെയും വളരെയധികം സഹായിക്കും.
സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യ പുരോഗതി കൈവരിക്കുക മാത്രമല്ല പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനുള്ള പരിഹാരങ്ങള്‍ നല്‍കുകയും മികച്ച മാതൃക കാണിക്കുകയും ചെയ്യുന്നു. ഇന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു, എന്നാല്‍ അതേ സമയം നമ്മുടെ വനമേഖല വികസിക്കുകയും വന്യമൃഗങ്ങളുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇന്ത്യ ഇപ്പോള്‍ ലോകവുമായുള്ള പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നു. 'ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്' തുടങ്ങിയ പ്രചരണങ്ങള്‍ അത്തരം ലക്ഷ്യങ്ങളിലേക്കുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയാണ്. 'കോയലിഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസീലിയന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍' എന്ന സംഘടനയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കുന്നതിലൂടെ, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആശയത്തെക്കുറിച്ച് ഇന്ത്യ ലോകത്തെ ബോധവാന്മാരാക്കി. മിഷന്‍ ലൈഫ് ഈ ദിശയിലുള്ള അടുത്ത ഘട്ടമാണ്.
സുഹൃത്തുക്കളെ,
ഇന്ത്യയും ഐക്യരാഷ്ട്രസഭയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴെല്ലാം ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നോട് യോജിക്കും. ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ ഇന്ത്യ അന്താരാഷ്ട്ര യോഗാദിനം നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണ കാരണം, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള പ്രചോദനമായി യോഗ മാറിയിരിക്കുന്നു. അത്തരം ഒരു ഉദാഹരണമാണ് അന്താരാഷ്ട്ര ധാന്യ വര്‍ഷം. പരമ്പരാഗതവും പരിസ്ഥിതി സൗഹൃദവുമായ നാടന്‍ ധാന്യങ്ങള്‍ ലോകത്തെ പരിചയപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിച്ചു. ഐക്യരാഷ്ട്രസഭയും ഇതിനെ പിന്തുണച്ചു. അടുത്ത വര്‍ഷം നാം ധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷം ആഘോഷിക്കാന്‍ പോകുന്നു. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോകമെമ്പാടും ആരംഭിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ, മിഷന്‍ ലൈഫ് ഒരു വന്‍ വിജയമാകുമെന്നും അത് ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എല്ലാ രാജ്യങ്ങളിലേക്കും എല്ലാ പൗരന്മാരിലേക്കും കൊണ്ടുപോകാന്‍ കഴിയുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ മന്ത്രം നാം ഓര്‍ക്കണം - പ്രകൃതി രക്ഷതി രക്ഷിതാ. അതായത്, പ്രകൃതിയെ സംരക്ഷിക്കുന്നവര്‍ പ്രകൃതിയാല്‍ സംരക്ഷിക്കപ്പെടുന്നു. ഈ മിഷന്‍ ലൈഫ് ഉപയോഗിച്ച് നമുക്ക് ഒരു മികച്ച ലോകം കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു, ഈ പിന്തുണയ്ക്ക് ഐക്യരാഷ്ട്രസഭയോട് ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നന്ദി.
--ND--
(Release ID: 1870162)
Visitor Counter : 157
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada