പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ ഭറൂച്ചിലെ ആമോദിൽ പ്രധാനമന്ത്രി 8000 കോടിയിലധികം വരുന്ന വ‌ിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയുംചെയ്തു


“ഇന്ന്, ഗുജറാത്തിന്റെ ഈ ഭൂമികയിൽ, നർമദാ മാതാവിന്റെ തീരത്തുനിന്ന്, ബഹുമാന്യനായ മുലായം സിങ്ങിനു ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു”

“ഗുജറാത്തിന്റെയും ഇന്ത്യയുടെയും വികസനത്തിൽ ഭറൂച്ചിനു നിർണായകപങ്കുണ്ട്”

“നരേന്ദ്ര-ഭൂപേന്ദ്ര ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ പ്രയത്നഫലമായാണു പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്”

“സമൃദ്ധവും വൈവിധ്യപൂർണവുമായ പരിസ്ഥിതിക്കായുള്ള സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനു നയവും നിശ്ചയവും ആവശ്യമാണ്”


“2014ൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഞ്ചാം സ്ഥാനത്തെത്തി”


“കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഗുജറാത്ത് രാജ്യത്തെ വളരെയധികം സഹായിച്ചു. രാജ്യത്തിന്റെ ഔഷധകയറ്റുമതിയുടെ 25 ശതമാനവും ഗുജറാത്തിൽ നിന്നാണ്”

“ഗോത്രവർഗസമൂഹം വികസനത്തിന്റെ പ്രയാണത്തിൽ വളരെയധികം സംഭാവനചെയ്തിട്ടുണ്ട്”

“ഭറൂച്ചിന്റെയും അങ്കലേശ്വറിന്റെയും വികസനം ഇരട്ടനഗരവികസനത്തിന്റെ മാതൃകയിലാണു നടപ്പാക്കുന്നത്”

Posted On: 10 OCT 2022 1:09PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ഭറൂച്ചിലെ ആമോദിൽ 8000 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയുംചെയ്തു. ജംബുസറിൽ ബൾക്ക് ഡ്രഗ് പാർക്ക്, ദഹേജിൽ ആഴക്കടൽ പൈപ്പ്‌ലൈന്‍ പദ്ധതി, അങ്കലേശ്വർ വിമാനത്താവളത്തിന്റെ ഒന്നാംഘട്ടം, അങ്കലേശ്വറിലും പാനോലിയിലും ബഹുതല വ്യാവസായികശാലകളുടെ വികസനം എന്നിവയ്ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ജിഎസിഎൽ പ്ലാന്റ്, ഭറൂച്ച് അടിപ്പാതാ ജലനിർഗമനസംവിധാനം, ഐഒസിഎൽ ദഹേജ് കോയലി പൈപ്പ്‌ലൈന്‍ എന്നിവയുൾപ്പെടെ ഗുജറാത്തിലെ രാസവ്യവസായമേഖലയ്ക്ക് ഉത്തേജനം നൽകുന്ന നിരവധി പദ്ധതികളും പ്രധാനമന്ത്രി സമർപ്പിച്ചു.

 

ശ്രീ മുലായം സിങ് യാദവിന് ആദരാഞ്ജലിയർപ്പിച്ചാണു പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്. മുലായം സിങ്ങുമായി സവിശേഷമായ ബന്ധമാണു തനിക്കുണ്ടായിരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാർ എന്ന നിലയിൽ ഞങ്ങൾ കണ്ടുമുട്ടുമ്പോൾ പരസ്പരബഹുമാനവും അടുപ്പവും ഉണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിസ്ഥാനാർഥിയായതിനുശേഷം, വിവിധ പാർട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി‌യപ്പോൾ ശ്രീ മുലായം സിങ് നൽകിയ അനുഗ്രഹവും ഉപദേശവും തനിക്ക് ഇപ്പോഴും പ്രാധാന്യമുള്ളതാണെന്നു ശ്രീ മോദി പറഞ്ഞു. മാറുന്ന കാലം പരിഗണിക്കാതെ ശ്രീ മുലായം സിങ് 2013ൽ അനുഗ്രഹങ്ങളേകി. കഴിഞ്ഞ ലോക്‌സഭയുടെ അവസാനസമ്മേളനത്തിൽ ശ്രീ മുലായം സിങ്ങിന്റെ ആശീർവാദം ലഭിച്ചതും ശ്രീ മോദി അനുസ്മരിച്ചു.  “ഇന്ന്, ഗുജറാത്തിന്റെ ഈ ഭൂമികയിൽ, നർമദാമാതാവിന്റെ തീരത്തുനിന്നും ബഹുമാനപ്പെട്ട മുലായം സിങ്ങിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. സഹിക്കാനാകാത്ത ഈ വിയോഗം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും നൽകണമെന്നു ഞാൻ പ്രാർഥിക്കുന്നു”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിലാണു ഭറൂച്ചിൽ എത്തിയതെന്നു പരാമർശിച്ച അദ്ദേഹം, രാജ്യത്തിന്റെ പേരു പുതിയ ഉയരങ്ങളിലെത്തിച്ച, രാഷ്ട്രത്തിന്റെ നിരവധി കുരുന്നുകൾക്കു ജന്മംനൽകിയ മണ്ണാണ് ഇവിടത്തേതെന്നു ചൂണ്ടിക്കാട്ടി. ഭരണഘടനാ നിയമനിർമാണസഭയിലെ അംഗവും സോമനാഥ് പ്രസ്ഥാനത്തിൽ സർദാർ പട്ടേലിന്റെ പ്രധാന കൂട്ടാളിയുമായ കനൈയലാൽ മനേക്‌ലാൽ മുൻഷിയെയും ഇന്ത്യയുടെ മഹാനായ സംഗീതജ്ഞൻ പണ്ഡിറ്റ് ഓംകാർനാഥ് താക്കൂറിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു. “ഗുജറാത്തിന്റെയും ഇന്ത്യയുടെയും വികസനത്തിൽ ഭറൂച്ചിനു നിർണായകപങ്കുണ്ട്”- ശ്രീ മോദി കൂട്ടിച്ചേർത്തു, “നാം ഇന്ത്യയുടെ ചരിത്രം വായിക്കുകയും ഭാവിയെക്കുറിച്ചു സംസാരിക്കുകയും ചെയ്യുമ്പോഴെല്ലാം, ഭറൂച്ചിനെ എപ്പോഴും അഭിമാനത്തോടെയാണു ചർച്ചചെയ്യുന്നത്.” ഭറൂച്ച് ജില്ലയിൽ ഉയർന്നുവരുന്ന കോസ്മോപൊളിറ്റൻ പ്രകൃതത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

 

രാസവ്യവസായമേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്കൊപ്പം ആദ്യത്തെ ബൾക്ക് ഡ്രഗ് പാർക്കും ഭറൂച്ചിനായി സമർപ്പിച്ചുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “സമ്പർക്കസൗകര്യങ്ങളുമായി ബന്ധപ്പെട്ട രണ്ടു പ്രധാനപദ്ധതികളും ഇന്ന് ആരംഭിച്ചിട്ടുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു. ഭറൂച്ചിലെ ജനങ്ങൾക്കു ബറോഡയെയോ സൂറത്തിനെയോ ആശ്രയിക്കേണ്ടിവരാതിരിക്കാൻ അങ്കലേശ്വറിലെ ഭറൂച്ച് വിമാനത്താവളത്തിന്റെ തറക്കല്ലിടലും നടത്തിയതായി ശ്രീ മോദി അറിയിച്ചു. രാജ്യത്തെ മറ്റു ചെറിയ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ വ്യവസായങ്ങളുള്ള ജില്ലയാണു ഭറൂച്ചെന്നും പുതിയ വിമാനത്താവളപദ്ധതിയിലൂടെ ഈ മേഖല വികസനത്തിന്റെ കാര്യത്തിൽ ഉയർന്നനിലയിലെത്തുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “നരേന്ദ്ര-ഭൂപേന്ദ്ര ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ പ്രയത്നഫലമായാണു പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്”, “ഇതു ഗുജറാത്തിന്റെ പുതിയ മുഖമാണ്”, ശ്രീ മോദി കൂട്ടിച്ചേർത്തു. എല്ലാ മേഖലയിലും പിന്നാക്കം നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽനിന്ന് അഭിവൃദ്ധിപ്രാപിക്കുന്ന വ്യാവസായിക-കാർഷിക സംസ്ഥാനമായി കഴിഞ്ഞ രണ്ടുദശകങ്ങളായി ഗുജറാത്ത് മാറിയിരിക്കുന്നു. തിരക്കേറിയ തുറമുഖങ്ങളും വികസിച്ചുകൊണ്ടിരിക്കുന്ന തീരപ്രദേശവും ഗിരിവർഗ-മത്സ്യത്തൊഴിലാളിസമൂഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. ഗുജറാത്തിലെ ജനങ്ങളുടെ കഠിനാധ്വാനത്താൽ, ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിൽ, സംസ്ഥാനത്തെ യുവാക്കൾക്കു സുവർണകാലം ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തടസങ്ങളില്ലാത്ത അന്തരീക്ഷം സൃഷ്ടിച്ച് ഈ അവസരം നഷ്ടപ്പെടുത്താതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനു നയവും നിശ്ചയവും വേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു. ഭറൂച്ച് മേഖലയിലെ മെച്ചപ്പെട്ട ക്രമസമാധാനനിലയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വർഷങ്ങളായി കൃഷി, ആരോഗ്യം, കുടിവെള്ളം എന്നിവ മെച്ചപ്പെട്ടത് എങ്ങനെയെന്നും അദ്ദേഹം അനുസ്മരിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ ഒരുസമയത്തുണ്ടായ പ്രശ്നത്തോടു മല്ലിട്ട് അതു പരിഹരിച്ചതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു. “മുമ്പു സാധാരണമായിരുന്ന കർഫ്യൂ എന്ന വാക്ക് ഇന്നത്തെ കുട്ടികൾക്ക് അറിയില്ല. ഇന്ന്, നമ്മുടെ പെൺമക്കൾ അന്തസോടെ ജീവിക്കുകയും ഏറെ വൈകി ജോലിചെയ്യുകയും മാത്രമല്ല, സാമൂഹ്യജീവിതത്തെ നയിക്കുകയും ചെയ്യുന്നു”- അദ്ദേഹം പറഞ്ഞു. അതുപോലെ, യുവാക്കൾക്കു പുതിയ അവസരങ്ങൾ ഒരുക്കി ഭറൂച്ചിൽ വിദ്യാഭ്യാസസൗകര്യങ്ങളും വന്നിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണവും ഉപയോഗശൂന്യമായ വിഭവങ്ങളുടെ ഉപയോഗവും കാരണം, ഗുജറാത്ത് നിർമാണ-വ്യാവസായികകേന്ദ്രമായി ഉയർന്നുവന്നു. നിരവധി ലോകോത്തരസൗകര്യങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഇരട്ട എൻജിൻ ഗവണ്മെന്റ് ഇരട്ട പ്രയോജനങ്ങളുടെ മികച്ച ഉദാഹരണമായി മാറിയിരിക്കുന്നു- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

തദ്ദേശവാസികൾക്കുവേണ്ടി ശബ്ദമുയർത്താനുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവർത്തിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങളെ ആശ്രയി‌ക്കുന്നതിലൂടെയും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതിലൂടെയും ഓരോ പൗരനും സ്വയംപര്യാപ്ത ഇന്ത്യക്കായി സംഭാവനയേകണമെന്ന് അദ്ദേഹം പറഞ്ഞു. ദീപാവലിസമയത്തു പ്രാദേശികമായി നിർമിച്ച വസ്തുക്കൾ ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കാരണം അവ പ്രാദേശികവ്യവസായങ്ങളെയും കരകൗശലത്തൊഴിലാളികളെയും സഹായിക്കും. 2014ൽ പത്താംസ്ഥാനത്തായിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഞ്ചാംസ്ഥാനത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അതിന്റെ കോളനിവാഴ്ചക്കാലത്തെ അധികാരികളെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്നത് ഏറെ ചരിത്രപ്രാധാന്യമർഹിക്കുന്നു. ഈ യുവാക്കൾ, കർഷകർ, തൊഴിലാളികൾ, ചെറുകിട-വൻകിട വ്യവസായങ്ങൾ, വ്യവസായികൾ എന്നിവർക്കാണ് ഇതിന്റെ ഖ്യാതി നൽകേണ്ടത്- അദ്ദേഹം പറഞ്ഞു. ഔഷധനിർമാണത്തിലൂടെ ജീവൻരക്ഷിക്കുക എന്ന മഹത്തായ ദൗത്യത്തിൽ ഏർപ്പെട്ടതിനു ഭറൂച്ചിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മഹാമാരി ഔഷധമേഖലയുടെ പ്രാധാന്യത്തിൽ ഏറെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഗുജറാത്ത് രാജ്യത്തെ വളരെയധികം സഹായിച്ചു. രാജ്യത്തിന്റെ ഔഷധകയറ്റുമതിയുടെ 25 ശതമാനം പങ്കും വഹിക്കുന്നതു ഗുജറാത്താണ്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

ഭറൂച്ചിലെ വികസനപാതയിൽ ചില കുബുദ്ധികൾ തടസവുമായെത്തിയ കാലത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. 2014ൽ ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ, നരേന്ദ്രയുടെയും ഭൂപേന്ദ്രയുടെയും ഇരട്ട എൻജ‌ിൻ ശക്തി ഗുജറാത്തിന് അനുഭവപ്പെട്ടപ്പോൾ, എല്ലാ തടസങ്ങളും പിഴുതെറിയപ്പെട്ടു. സർദാർ സരോവർ അണക്കെട്ടിന്റെ വികസനവേളയിൽ അർബൻ നക്സലുകൾ സൃഷ്ടിച്ച തടസങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഝാർഖണ്ഡ്, ബ‌ിഹാർ, ഒഡിഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നക്സലൈറ്റുകളുടെ വ്യാപനം ചൂണ്ടിക്കാട്ടി, ഗുജറാത്തിൽ നക്സലുകൾക്കു സ്വാധീനമുറപ്പിക്കാൻ അനുവദിക്കാതെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനു ഗുജറാത്തിലെ ഗിരിവർഗസമൂഹങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. സംസ്ഥാനത്ത് അർബൻ നക്സലുകൾക്കു കാലുറപ്പിക്കാൻ അവസരമൊരുക്കരുതെന്നു പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി. ശാസ്ത്രത്തിലും ഗണിതത്തിലും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാതെ, ഗവണ്മെന്റിന്റെ ശ്രമങ്ങളാൽ മാത്രം, അനുകൂലനടപടികളുടെയും മറ്റു പദ്ധതികളുടെയും ശരിയായ നേട്ടം കൈവരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു ഗിരിവർഗയുവാക്കൾ പൈലറ്റ് പരിശീലനം നേടുന്നു. ഡോക്ടർമാരും ശാസ്ത്രജ്ഞരും അഭിഭാഷകരുമായി മാറുന്നു. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന്റെ പ്രയാണത്തിൽ ഗിരി‌വർഗസമൂഹം നിർണായകസംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ സംഭാവനകളെ മാനിച്ച്, ധീരരായ ഗിരിവർഗ സ്വാതന്ത്ര്യസമരസേനാനികളുടെ സ്മരണയ്ക്കായി, രാജ്യത്തുടനീളമുള്ള ഗിരിവർഗസമൂഹങ്ങൾ ആദരിക്കുന്ന ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികദിനത്തിൽ, ഗവണ്മെന്റ് ജൻജാത‌ീയ ഗൗരവ് ദിവസ് സമർപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും വികസനത്തിന്റെ ഇരട്ടനഗരമാതൃകയിലാണു ഭറൂച്ചിന്റെയും അങ്കലേശ്വറിന്റെയും വികസനം നടപ്പാക്കുന്നതെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. “ന്യൂയോർക്കിനെയും ന്യൂജേഴ്സിയെയുംകുറിച്ചു സംസാരിക്കുന്നതുപോലെ ജനങ്ങൾ ഭറൂച്ചിനെയും അങ്കലേശ്വറിനെയുംകുറിച്ചു സംസാരിക്കാൻ പോകുന്നു”- അദ്ദേഹം പറഞ്ഞു.

 

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര രാസവസ്തു-രാസവളം മന്ത്രി മൻസുഖ് മാണ്ഡവ്യ, പാർലമെന്റ് അംഗങ്ങളായ സി ആർ പാട്ടീൽ, മൻസുഖ് വാസവ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

പശ്ചാത്തലം

 

ഔഷധവ്യവസായമേഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പായി, ജംബുസറിൽ ബൾക്ക് ഡ്രഗ് പാർക്കിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. 2021-22ൽ മൊത്തം ഔഷധ ഇറക്കുമതിയുടെ 60 ശതമാനവും ബൾക്ക് മരുന്നുകളായിരുന്നു. ഇറക്കുമതി ബദൽ ഉറപ്പാക്കുന്നതിലും ബൾക്ക് മരുന്നുകളുടെ കാര്യത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിലും പദ്ധതി പ്രധാനപങ്കു വഹിക്കും. വ്യവസായ എസ്റ്റേറ്റുകളിലുപയോഗിച്ച മലിനജലം സംസ്കരിക്കാൻ സഹായിക്കുന്ന ദഹേജിലെ ആഴക്കടൽ പൈപ്പ്‌ലൈൻപദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രധാനമന്ത്രി തറക്കല്ലിട്ട മറ്റു പദ്ധതികളിൽ അങ്കലേശ്വർ വിമാനത്താവളത്തിന്റെ ഒന്നാംഘട്ടവും അങ്കലേശ്വറിലും പാനോലിയിലും ബഹുതല വ്യവസായികശാലകളുടെ വികസനവും ഉൾപ്പെടുന്നു. ഇത് എംഎസ്എംഇ മേഖലയ്ക്കും ഉത്തേജനം പകരും.

 

വ‌ിവിധ വ്യവസായപാർക്കുകളുടെ വികസന സമാരംഭവും പ്രധാനമന്ത്രി കുറിച്ചു. ഇവയിൽ നാലു ഗിരിവർഗ വ്യാവസായികപാർക്കുകൾ ഉൾപ്പെടുന്നു. വാലിയ (ഭറൂച്ച്), അമീർഗഢ് (ബനാസ്കാണ്ഠ), ചാകലിയ (ദാഹോദ്), വാനാർ (ഛോട്ടാ ഉദയ്പുർ) എന്നിവിടങ്ങളിലാണിത്. മുഡേഥയിലെ കാർഷിക-ഭക്ഷ്യ പാർക്ക് (ബനാസ്കാണ്ഠ); കാക്വാഡി ദന്തിയിലെ കടൽ വിഭവ പാർക്ക് (വൽസാഡ്); ഖാണ്ഡീവാവിലെ (മഹിസാഗർ) എംഎസ്എംഇ പാർക്ക് എന്നിവയ്ക്കും സമാരംഭം കുറിച്ചു.

 

പരിപാടിയിൽ രാസവ്യവസായമേഖലയ്ക്ക് ഉത്തേജനം നൽകുന്ന നിരവധി പദ്ധതികൾ പ്രധാനമന്ത്രി സമർപ്പിച്ചു. ദഹേജിൽ 130 മെഗാവാട്ട് കോജനറേഷൻ പവർ പ്ലാന്റുമായി സംയോജിപ്പിച്ച 800 ടിപിഡി കാസ്റ്റിക് സോഡ പ്ലാന്റ് അദ്ദേഹം സമർപ്പിച്ചു. ഇതോടൊപ്പം, ദഹേജിലെ നിലവിലുള്ള കാസ്റ്റിക് സോഡ പ്ലാന്റിന്റെ വിപുലീകരണവും അദ്ദേഹം നിർവഹിച്ചു. പ്ലാന്റിന്റെ ശേഷി പ്രതിദിനം 785 മെട്രിക് ടണ്ണിൽനിന്ന് 1310 മെട്രിക് ടണ്ണായി ഉയർത്തി. ദഹേജിൽ പ്രതിവർഷം ഒരുലക്ഷം മെട്രിക് ടൺ ക്ലോറോമീഥേനുകൾ നിർമിക്കുന്നതിനുള്ള പദ്ധതിയും പ്രധാനമന്ത്രി സമർപ്പിച്ചു. ഉൽപ്പന്നത്തിനു പകരമായി ഇറക്കുമതിചെയ്യാൻ സഹായിക്കുന്ന ദഹേജിലെ ഹൈഡ്രസീൻ ഹൈഡ്രേറ്റ് പ്ലാന്റ്, ഐഒസിഎൽ ദഹേജ്-കോയലി പൈപ്പ്‌ലൈൻപദ്ധതി, ഭറൂച്ച് ഭൂഗർഭ ജലനിർഗമനസംവിധാനവും എസ്‌ടിപി പ്രവൃത്തികളും, ഉംല്ല ആസാ പനേത റോഡിന്റെ വീതികൂട്ടലും ബലപ്പെടുത്തലും എന്നിവയാണു പ്രധാനമന്ത്രി സമർപ്പിച്ച മറ്റു പദ്ധതികൾ.

 

ND

(Release ID: 1866465) Visitor Counter : 184