സഹകരണ മന്ത്രാലയം
ദേശീയ സഹകരണ നയരേഖയുടെ കരട് തയ്യാറാക്കുന്നതിനായി ദേശീയതല സമിതി രൂപീകരിച്ചു
Posted On:
06 SEP 2022 11:25AM by PIB Thiruvananthpuram
ദേശീയ സഹകരണ നയരേഖയുടെ കരട് തയ്യാറാക്കുന്നതിനായി ദേശീയതല സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിൽ 'സഹകാർ സേ സമൃദ്ധി' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനാണ് പുതിയ ദേശീയ സഹകരണ നയം രൂപീകരിക്കുന്നത്.
മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി ശ്രീ സുരേഷ് പ്രഭാകർ പ്രഭുവിന്റെ അധ്യക്ഷതയിലുള്ള ദേശീയതല സമിതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 47 അംഗങ്ങളാണുള്ളത്. സഹകരണ മേഖലയിലെ വിദഗ്ധർ; ദേശീയ / സംസ്ഥാന / ജില്ല / പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രതിനിധികൾ; സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സെക്രട്ടറിമാർ (സഹകരണം) / സഹകരണ സംഘ രജിസ്ട്രാർമാർ; കേന്ദ്ര മന്ത്രാലയങ്ങൾ / വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ സമിതിയിൽ ഉൾപ്പെടുന്നു.
സഹകരണ സംഘങ്ങളുടെ സമഗ്രമായ വികസനം സുഗമമാക്കുക, അവയ്ക്ക് ആവശ്യമായ പിന്തുണയും സഹായവും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2002-ൽ രൂപീകരിച്ചതാണ് സഹകരണ സംഘങ്ങളെ സംബന്ധിക്കുന്ന നിലവിലുള്ള ദേശീയ നയം. സ്വയംഭരണാധികാരം, സ്വാശ്രയത്വം, ജനാധിപത്യപരമായി നിയന്ത്രിക്കപ്പെടുന്നതുമായ സ്ഥാപനങ്ങളെന്ന നിലയ്ക്ക് അംഗങ്ങളോട് പൂർണ്ണമായ ഉത്തരവാദിത്തം, ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവന നൽകുക എന്നിവയും 2002-ലെ ദേശിയ നയം ലക്ഷ്യമിട്ടിരുന്നു. അംഗങ്ങൾ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവന നൽകുന്നു. ഇന്ന് ഇന്ത്യയിൽ 29 കോടിയോളം അംഗത്വമുള്ള ഏകദേശം 8.5 ലക്ഷം സഹകരണ സംഘങ്ങളുണ്ട്.
സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും താഴെത്തട്ടിൽ വരെ അതിന്റെ വ്യാപനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ ദേശീയ സഹകരണ നയ രേഖ രൂപീകരിക്കുന്നത്. സഹകരണാധിഷ്ഠിത സാമ്പത്തിക വികസന മാതൃക പ്രോത്സാഹിപ്പിക്കുക; സഹകരണ സംഘങ്ങളെ അവയുടെ സാധ്യതകൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് ഉചിതമായ നയവും നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂട് സൃഷ്ടിക്കുക എന്നിവയും ലക്ഷ്യമാണ്.
***
(Release ID: 1857089)
Visitor Counter : 265
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada