വനിതാ, ശിശു വികസന മന്ത്രാലയം
അഞ്ചാമതു ‘ദേശീയ പോഷണമാസാചരണം 2022’നു തുടക്കമായി
‘സ്ത്രീകളും ആരോഗ്യവും’, ‘കുട്ടികളും വിദ്യാഭ്യാസവും’ എന്നിവയിൽ ഊന്നൽ നൽകി ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ പരിപാടികൾ സംഘടിപ്പിക്കും
വിളർച്ച പരിശോധന ക്യാമ്പുകൾ, മഴവെള്ളസംഭരണ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും
പ്രാദേശിക ആഘോഷങ്ങളുമായി മാസാചരണം സമന്വയിപ്പിക്കും
Posted On:
31 AUG 2022 10:17PM by PIB Thiruvananthpuram
കേന്ദ്ര വനിത-ശിശുവികസനമന്ത്രാലയത്തിന്റെ അഞ്ചാമതു ‘ദേശീയ പോഷണ മാസാചരണം 2022’നു തുടക്കമായി. 2022 സെപ്തംബർ ഒന്നിരാരംഭിച്ച മാസാചരണം 30 വരെ നീളും. ഈ വർഷം ‘സ്ത്രീകളും ആരോഗ്യവും’, ‘കുട്ടികളും വിദ്യാഭ്യാസവും’ എന്നീ വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു പോഷൺ പഞ്ചായത്തുകളായി ഗ്രാമപഞ്ചായത്തുകളെ കണക്കിലെടുത്താണു പോഷണ മാസം ആചരിക്കുന്നത്.
ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും ആറുവയസിനു താഴെയുള്ള കുട്ടികൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും പ്രത്യേക ശ്രദ്ധ നൽകുന്ന ബോധവൽക്കരണ പരിപാടികൾ, ഔട്ട്റീച്ച് പ്രോഗ്രാമുകൾ, തിരിച്ചറിയൽ പരിപാടികൾ, ക്യാമ്പുകൾ, മേളകൾ എന്നിവയിലൂടെ രാജ്യത്തുടനീളം പോഷണമാസം ആചരിക്കും. 'സ്വസ്ഥ് ഭാരത്' എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണു പരിപാടികൾ സംഘടിപ്പിക്കുന്നത്.
പഞ്ചായത്തുതലത്തിൽ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർമാരുടെയും സിഡിപിഒമാരു ടെയും നേതൃത്വത്തിൽ പ്രാദേശിക ഭാരവാഹികൾ ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്തും. അങ്കണവാടി കേന്ദ്രങ്ങൾ, ഗ്രാമാരോഗ്യ-പോഷണദിനം തുടങ്ങിയ വേദികളിലൂടെ പ്രശ്നപരിഹാരത്തിനും സേവനവിതരണം പ്രാപ്തമാക്കുന്നതിനും പോഷൺ പഞ്ചായത്തു സമിതികൾ മുൻനിരആരോഗ്യപ്രവർത്തകർ, ആശമാർ തുടങ്ങിയ പ്രാദേശികപ്രവർത്തകരുമായി ചേർന്നു പ്രവർത്തിക്കും. അങ്കണവാടി സേവനങ്ങൾ, മികച്ച ആരോഗ്യസമ്പ്രദായങ്ങൾ എന്നിവയെക്കുറിച്ചു ബോധവൽക്കരണപരിപാടികളും സംഘടിപ്പിക്കും. അങ്കണവാടി സേവനങ്ങളുടെ പരിധിയിൽ കൂടുതൽ ഗുണഭോക്താക്കളെ കൊണ്ടുവരുന്നതിനു 'സ്വസ്ഥ് ബാലക് സ്പർധ'യുടെ കീഴിൽ പ്രത്യേകപരിപാടികൾ സംഘടിപ്പിക്കും. കൗമാരക്കാരായ പെൺകുട്ടികളുടെ വിളർച്ച പരിശോധനകൾക്കായി അങ്കണവാടികേന്ദ്രങ്ങളിൽ പ്രത്യേക ആരോഗ്യക്യാമ്പുകൾ സംഘടിപ്പിക്കും.
‘ന്യൂട്രി ഗാർഡൻസ്’ അഥവാ പോഷണവാടികകൾക്കായി അങ്കണവാടി കേന്ദ്രങ്ങളിലോ പരിസരങ്ങളിലോ സ്ഥലം കണ്ടെത്തും. അങ്കണവാടികളിലെ സ്ത്രീകൾക്കിടയിൽ മഴവെള്ള സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവൽക്കരണം നടത്തും. ഗിരിവർഗ മേഖലയിൽ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ആരോഗ്യകരമായ പരമ്പരാഗത ഭക്ഷണങ്ങൾ നൽകുന്നതിനും പ്രത്യേക ശ്രദ്ധ നൽകും.
സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് കീഴിൽ, ‘അമ്മാ കി രസോയിദ അഥവാ മുത്തശ്ശിയുടെ അടുക്കള പരിപാടി സംഘടിപ്പിക്കും. പരമ്പരാഗത പോഷകാഹാര പാചകങ്ങൾക്കായാണ് ഈ പരിപാടി ഒരുക്കുന്നത്. ഈ മാസത്തെ പ്രാദേശിക ഉത്സവങ്ങളുമായി പരമ്പരാഗത ഭക്ഷണങ്ങളെ ബന്ധിപ്പിക്കുന്നതിനും വിപുലമായ ശ്രമങ്ങൾ നടത്തും. അങ്കണവാടികളിൽ തദ്ദേശീയവും പ്രാദേശികവുമായ കളിപ്പാട്ടങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയതല കളിപ്പാട്ട നിർമാണ ശിൽപ്പശാലയും സംഘടിപ്പിക്കും.
പോഷകാഹാരത്തിലേക്കും നല്ല ആരോഗ്യത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള വേദിയായാണു ദേശീയ പോഷകാഹാര മാസം ആചരിക്കുന്നത്. ‘സുപോഷിത് ഭാരത്’ എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ഈ ബഹുജനപ്രസ്ഥാനത്തെ ജനകീയപങ്കാളിത്തത്തോടെ വിജയിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. 6 വയസിനു താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരക്കുറവുണ്ടാകാതിരിക്കാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ സുപ്രധാന പരിപാടിയായ പോഷൺ അഭിയാന്റെ ഭാഗമായാണു പോഷൺ മാസാചരണം സംഘടിപ്പിക്കുന്നത്.
--ND--
(Release ID: 1856006)
Visitor Counter : 374