പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഓഗസ്റ്റ് 27നും 28നും ഗുജറാത്ത് സന്ദർശിക്കും


ഭുജിലെ സ്മൃതിവൻ സ്മാരകം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും; 2001ൽ നാശംവിതച്ച ഭൂകമ്പത്തിനുശേഷം പൂർവസ്ഥിതിയിലേക്കു തിരികെവരുന്നതിനുള്ള ജനങ്ങളുടെ മനോഭാവം ആഘോഷിക്കുന്നതിനുള്ള സംരംഭമാണിത്

അത്യാധുനികമായ സ്മൃതിവൻ ഭൂകമ്പ മ്യൂസിയം പുനർജന്മം, പുനരന്വേഷണം, പുനഃസ്ഥാപനം, പുനർനിർമാണം, പുനർവിചിന്തനം, പുനരുജ്ജീവനം, പുതുക്കൽ എന്നീ ഏഴു വിഷയങ്ങളിലായി ഏഴു ബ്ലോക്കുകളിലായാണു സ്ഥാപിച്ചിരിക്കുന്നത്

ഭുജിൽ 4400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

മേഖലയിലെ ജലവിതരണം മെച്ചപ്പെടുത്തുന്ന സർദാർ സരോവർ പദ്ധതിയുടെ കച്ച് ശാഖാ കനാൽ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും

ഖാദിക്ക് ആദരമർപ്പിച്ചും സ്വാതന്ത്ര്യസമരകാലത്തെ ഖാദിയുടെ പ്രാധാന്യം കണക്കിലെടുത്തും സംഘടിപ്പിക്കുന്ന ഖാദി ഉത്സവിൽ പ്രധാനമന്ത്രി പങ്കെടുക്കും


സമാനതകളില്ലാത്ത സവിശേഷത: 7500 വനിതാ ഖാദി കരകൗശല തൊഴിലാളികൾ ഒരേസമയം ഒരേസ്ഥലത്ത് തത്സമയം ചർക്കയിൽ നൂൽനൂൽക്കും

ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാർഷികം കുറിക്കുന്ന പരിപാടിയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി സുസുക്കി ഗ്രൂപ്പിന്റെ ഇന്ത്യയിലെ രണ്ടു പ്രധാന പദ്ധതികളുടെ തറക്കല്ലിടലും നിർവഹിക്കും


Posted On: 25 AUG 2022 3:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 27നും 28നും ഗുജറാത്ത് സന്ദർശിക്കും. ഓഗസ്റ്റ് 27നു വൈകിട്ട് 5.30നു പ്രധാനമന്ത്രി അഹമ്മദാബാദിലെ സബർമതി നദീതീരത്തു ഖാദി ഉത്സവിനെ അഭിസംബോധന ചെയ്യും. 28നു രാവിലെ 10നു പ്രധാനമന്ത്രി ഭുജിൽ സ്മൃതിവൻ സ്മാരകം ഉദ്ഘാടനംചെയ്യും. അതിനുശേഷം, പന്ത്രണ്ടോടെ പ്രധാനമന്ത്രി ഭുജിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും  തറക്കല്ലിടലും നിർവഹിക്കും. ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാർഷികത്തിന്റെ ഭാഗമായി ഗാന്ധിനഗറിൽ നടക്കുന്ന പരിപാടിയിൽ വൈകുന്നേരം 5നു പ്രധാനമന്ത്രി പ്രസംഗിക്കും. 

ഖാദി ഉത്സവം 

ഖാദിയെ ജനപ്രിയമാക്കുന്നതിനും ഖാദി ഉൽപ്പന്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും യുവാക്കൾക്കിടയിൽ ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പതിവായി പ്രയത്നിക്കുന്ന വ്യക്തിയാണു പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമായി, 2014 മുതൽ, ഇന്ത്യയിൽ ഖാദി വിൽപ്പനയിൽ നാലിരട്ടി വർധനയാണുണ്ടായത്. ഗുജറാത്തിൽ ഖാദി വിൽപ്പന എട്ടുമടങ്ങും വർധിച്ചു. 

‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി ഖാദിക്ക് ആദരമർപ്പിച്ചും സ്വാതന്ത്ര്യസമരകാലത്തെ ഖാദിയുടെ പ്രാധാന്യം കണക്കിലെടുത്തുമാണു ഖാദി ഉത്സവ് സംഘടിപ്പിക്കുന്നത്. അഹമ്മദാബാദിലെ സബർമതി നദീതീരത്തു സംഘടിപ്പിക്കുന്ന ഉത്സവത്തിൽ ഗുജറാത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 7500 വനിതാ ഖാദി കരകൗശല തൊഴിലാളികൾ തത്സമയം ഒരേ സ്ഥലത്ത് ഒരേ സമയം ചർക്കയിൽ നൂൽനൂൽക്കും. 1920 മുതൽ ഉപയോഗിച്ചിരുന്ന വിവിധ തലമുറകളിൽ നിന്നുള്ള 22 ചർക്കകൾ പ്രദർശിപ്പിച്ചുകൊണ്ട് “ചർക്കകളുടെ പരിണാമം” വെളിവാക്കുന്ന പ്രദർശനവും നടക്കും. സ്വാതന്ത്ര്യസമരകാലത്ത് ഉപയോഗിച്ചിരുന്ന ചർക്കകളുടെ പ്രതീകമായ “യേർവാദ ചർക്ക” മുതൽ ഇന്നുപയോഗിക്കുന്ന നവീന സാങ്കേതികവിദ്യയാൽ പ്രവർത്തിക്കുന്ന ചർക്കകൾവരെ പ്രദർശനത്തിലുണ്ടാകും. പൊന്ദൂരു ഖാദി നിർമാണത്തിന്റെ തത്സമയ പ്രദർശനവുമുണ്ടാകും. ഗുജറാത്ത് രാജ്യ ഖാദി ഗ്രാമോദ്യോഗ് ബോർഡിന്റെ പുതിയ ഓഫീസ് കെട്ടിടവും സബർമതിയിൽ കാൽനടമേൽപ്പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി ഭുജിൽ

ഭുജ് ജില്ലയിൽ സ്മൃതിവൻ സ്മാരകം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും. പ്രധാനമന്ത്രിയാണു സ്മൃതിവൻ വിഭാവനം ചെയ്തത്. ഭുജ് പ്രഭവകേന്ദ്രമായിരുന്ന 2001ലെ ഭൂകമ്പത്തിൽ 13,000ത്തോളംപേരുടെ ജീവൻ നഷ്ടമായശേഷം പൂർവാവസ്ഥയിലേക്കു തിരിച്ചുവരുന്നതിനായി ജനങ്ങൾ കാട്ടിയ മനോഭാവം ആഘോഷിക്കാൻ ഏകദേശം 470 ഏക്കർ വിസ്തൃതിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്. ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പേരുകൾ സ്മാരകത്തിൽ പതിച്ചിട്ടുണ്ട്. 

അത്യാധുനികമായ സ്മൃതിവൻ ഭൂകമ്പമ്യൂസിയം പുനർജന്മം, പുനരന്വേഷണം, പുനഃസ്ഥാപനം, പുനർനിർമാണം, പുനർവിചിന്തനം, പുനരുജ്ജീവനം, പുതുക്കൽ എന്നീ ഏഴു വിഷയങ്ങളിലായി ഏഴു ബ്ലോക്കുകളിലായാണു സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയുടെ പരിണാമവും ഓരോ തവണയും തരണംചെയ്യുന്നതിനുള്ള ഭൂമിയുടെ കഴിവും വെളിവാക്കുന്നതാണ് പുനർജന്മത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ ബ്ലോക്ക്. രണ്ടാമത്തെ ബ്ലോക്ക് ഗുജറാത്തിന്റെ ഭൂപ്രകൃതിയും സംസ്ഥാനത്തെ ബാധിക്കുന്ന വിവിധ പ്രകൃതി ദുരന്തങ്ങളും കാണിക്കുന്നു. മൂന്നാമത്തെ ബ്ലോക്ക് 2001ലെ ഭൂകമ്പത്തിനുശേഷമുള്ള ഉടനടിയുള്ള പ്രത്യാഘാതങ്ങളിലേക്കാണു തിരികെകൊണ്ടുപോകുന്നത്. ഈ ബ്ലോക്കിലെ ഗാലറികൾ വ്യക്തികളും സംഘടനകളും നടത്തുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ചു പറയുന്നു. നാലാമത്തെ ബ്ലോക്ക് 2001ലെ ഭൂകമ്പത്തിനു ശേഷമുള്ള ഗുജറാത്തിന്റെ പുനർനിർമാണസംരംഭങ്ങളും വിജയഗാഥകളും പ്രദർശിപ്പിക്കുന്നു. അഞ്ചാമത്തെ ബ്ലോക്ക് സന്ദർശകനെ വ്യത്യസ്തതരത്തിലുള്ള ദുരന്തങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്തുന്നതിനൊപ്പം, ഭാവിയിൽ ഏതുസമയത്തും ഏതുതരത്തിലുമുള്ള ദുരന്തങ്ങളെ നേരിടാൻ സന്നദ്ധനാകാനും ചിന്തിക്കാനും പഠിക്കാനും പ്രേരിപ്പിക്കുന്നു. ഒരു സിമുലേറ്ററിന്റെ സഹായത്തോടെ ഭൂകമ്പസമാന അനുഭവമൊരുക്കുകയാണ് ആറാമത്തെ ബ്ലോക്ക്. ഒരു 5ഡി സിമുലേറ്ററിന്റെ സഹായത്തോടെയാണ് ഇതു രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭൂകമ്പത്തിന്റെ ആഘാതം എത്രത്തോളമെന്നു സന്ദർശകർക്കു മനസിലാക്കിക്കൊടുക്കുന്നതിനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഭൂകമ്പത്തിൽ ജീവൻ നഷ്ടമായവരുടെ സ്മരണയ്ക്കുമുന്നിൽ ശ്രദ്ധാഞ്ജലിയർപ്പിക്കാനാണ് ഏഴാമത്തെ ബ്ലോക്കിൽ അവസരമൊരുക്കിയിരിക്കുന്നത്.

 ഭുജിൽ 4400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. സർദാർ സരോവർ പദ്ധതിയുടെ കച്ച് ശാഖാ കനാൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കനാലിന്റെ ആകെ നീളം ഏകദേശം 357 കിലോമീറ്ററാണ്. കനാലിന്റെ ഒരു ഭാഗം 2017ൽ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തിരുന്നു. ബാക്കി ഭാഗമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. കച്ചിലെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനും കച്ച് ജില്ലയിലെ 948 ഗ്രാമങ്ങളിലും 10 പട്ടണങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനും കനാൽ സഹായിക്കും. സർഹദ് ഡയറിയുടെ പുതിയ ഓട്ടോമാറ്റിക് പാൽ സംസ്കരണ-പാക്കിങ് പ്ലാന്റ്, ഭുജിലെ പ്രാദേശിക ശാസ്ത്രകേന്ദ്രം, ഗാന്ധിധാമിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ കൺവെൻഷൻ സെന്റർ, അഞ്ജാറിലെ വീർ ബൽ സ്മാരകം; നഖത്രാണയിലെ ഭുജ് 2 സബ്‌സ്റ്റേഷൻ എന്നിവയുൾപ്പെടെയുള്ള വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും. ഭുജ്-ഭീമാസർ റോഡ് ഉൾപ്പെടെ 1500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 

പ്രധാനമന്ത്രി ഗാന്ധിനഗറിൽ 

ഇന്ത്യയിൽ സുസുക്കി 40 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടക്കുന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധനചെയ്യും. ചടങ്ങിൽ സുസുക്കി ഗ്രൂപ്പിന്റെ ഇന്ത്യയിലെ രണ്ടു പ്രധാന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഗുജറാത്തിലെ ഹൻസൽപൂരിൽ സുസുക്കി മോട്ടോർ ഗുജറാത്ത് വൈദ്യുതവാഹന ബാറ്ററി നിർമാണയൂണിറ്റിന്റെയും ഹരിയാനയിലെ ഖാർഖോഡയിൽ മാരുതി സുസുക്കിയുടെ വാഹനനിർമാണകേന്ദ്രത്തിന്റെയും തറക്കല്ലിടലാണു പ്രധാനമന്ത്രി നിർവഹിക്കുന്നത്. 

വൈദ്യുത വാഹനങ്ങൾക്കായി അഡ്വാൻസ് കെമിസ്ട്രി സെൽ ബാറ്ററികൾ നിർമിക്കാൻ ഏകദേശം 7300 കോടി രൂപ മുതൽമുടക്കിലാണു ഗുജറാത്തിലെ ഹൻസൽപൂരിൽ സുസുക്കി മോട്ടോർ ഗുജറാത്ത് വൈദ്യുതവാഹന ബാറ്ററി നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നത്. ഹരിയാനയിലെ ഖാർഖോഡയിലുള്ള വാഹനനിർമാണകേന്ദ്രത്തിനു പ്രതിവർഷം 10 ലക്ഷം  യാത്രാവാഹനങ്ങൾ നിർമിക്കാൻ കഴിയും. ഒരു യൂണിറ്റിൽ ഏറ്റവും കൂടുതൽ യാത്രാവാഹനങ്ങൾ നിർമിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ കേന്ദ്രമായി ഇതു മാറും. 11,000 കോടി രൂപ മുതൽമുടക്കിലാണു പദ്ധതിയുടെ ആദ്യഘട്ടത്തിനു തുടക്കംകുറിക്കുന്നത്.

 

-ND-



(Release ID: 1854393) Visitor Counter : 146