പ്രധാനമന്ത്രിയുടെ ഓഫീസ്‌

‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022’ ഗ്രാൻഡ് ഫിനാലെയെ ഓഗസ്റ്റ് 25നു പ്രധാനമന്ത്രി അഭിസംബോധന ചെയ്യും


75 കേന്ദ്രങ്ങളിൽ നിന്നായി 15,000ത്തിലധികം വിദ്യാർഥികൾ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും

2900ലധികം വിദ്യാലയങ്ങളിൽനിന്നും 2200 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ ഫിനാലെയിൽ 53 കേന്ദ്രമന്ത്രാലയങ്ങളിൽ നിന്നുള്ള 476 പ്രശ്നപ്രസ്താവനകൾക്കു പരിഹാരം തേടും

യുവാക്കൾക്കിടയിൽ ഉൽപ്പന്നനവീകരണം, പ്രശ്നപരിഹാരം, പരിധികൾ മറികടന്നുള്ള ചിന്താശീലം എന്നിവയുടെ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോണു’കൾ സുപ്രധാന പങ്കുവഹിച്ചു.

‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022’ ഗ്രാൻഡ് ഫിനാലെയെ ഓഗസ്റ്റ് 25നു രാത്രി 8നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്യും.


Posted On: 23 AUG 2022 4:14PM by PIB Thiruvananthpuram

രാജ്യത്ത്, പ്രത്യേകിച്ചു യുവാക്കൾക്കിടയിൽ, നവീകരണ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണിത്. ഈ കാഴ്ചപ്പാടോടെയാണ് 2017ൽ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ (എസ്ഐഎച്ച്) ആരംഭിച്ചത്. സമൂഹവും സംഘടനകളും ഗവണ്മെന്റും നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാർഥികൾക്ക് ഒരു വേദി ഒരുക്കുന്നതിനുള്ള രാജ്യവ്യാപകസംരംഭമാണ് എസ്ഐഎച്ച്. വിദ്യാർഥികളിൽ ഉൽപ്പന്ന നവീകരണം, പ്രശ്നപരിഹാരം, പരിധികൾ മറികടന്നുള്ള ചിന്താശീലം എന്നിവയുടെ സംസ്കാരം വളർത്തിയെടുക്കാനാണ് ഇതു ലക്ഷ്യമിടുന്നത്.

 ആദ്യ പതിപ്പിൽ എസ്ഐഎച്ചിൽ രജിസ്റ്റർ ചെയ്ത ടീമുകളുടെ എണ്ണം ഏകദേശം 7500 ആയിരുന്നു. ഇപ്പോൾ നടക്കുന്ന അഞ്ചാം പതിപ്പിൽ ഇത് 29,600 എന്ന നിലയിൽ നാലിരട്ടി വളർച്ച കൈവരിച്ചതിൽനിന്ന് എസ്ഐഎച്ചിന്റെ വർധിച്ചുവരുന്ന ജനപ്രീതി മനസിലാക്കാം. എസ്ഐഎച്ച് 2022 ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനായി ഈ വർഷം 15,000ത്തിലധികം വിദ്യാർഥികളും മാർഗദർശികളുമാണ് 75 നോഡൽ കേന്ദ്രങ്ങളിലേക്കെത്തുന്നത്. 2900ലധികം വിദ്യാലയങ്ങളിൽനിന്നും 2200 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ  ഗ്രാൻഡ് ഫിനാലെയിൽ 53 കേന്ദ്രമന്ത്രാലയങ്ങളിൽ നിന്നുള്ള 476 പ്രശ്നപ്രസ്താവനകളിൽ പരിഹാരംതേടും. ക്ഷേത്രലിഖിതങ്ങളുടെ ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (ഓ സി ആർ ), ദേവനാഗരി രചനകളുടെ വിവർത്തനങ്ങൾ, കേടുവരുന്ന ഭക്ഷ്യവസ്തുക്കൾക്കായി ശീതവിതരണശൃംഖലയിലുള്ള ഐഒടി അധിഷ്ഠിത ഉത്തരവാദിത്വനിരീക്ഷണ സംവിധാനം, ദുരന്തബാധിത പ്രദേശങ്ങളിലെ ഭൂപ്രകൃതിയുടെ ഉയർന്ന റെസല്യൂഷനുള്ള 3ഡി മോഡലും അടിസ്ഥാനസൗകര്യങ്ങളും റോഡുകളുടെ അവസ്ഥയും തുടങ്ങിയ പ്രശ്നങ്ങളിലാണു ഗ്രാൻഡ് ഫിനാലെയിൽ വിദ്യാർഥികൾ  പരിഹാരം തേടുന്നത്. 

സ്കൂൾ വിദ്യാർഥികളിൽ നവീനത്വ സംസ്കാരം കെട്ടിപ്പടുക്കാനും സ്കൂൾതലത്തിൽ പ്രശ്നപരിഹാരമനോഭാവം വളർത്തിയെടുക്കുന്നതിനുമുള്ള മുന്നോടിയായി ഈ വർഷം ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ - ജൂനിയറി’നും തുടക്കം കുറിച്ചു.

-ND-

(Release ID: 1853891) Visitor Counter : 162