പ്രധാനമന്ത്രിയുടെ ഓഫീസ്
ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ ഐ.എഫ്.എസ്.സി.എ. ആസ്ഥാനത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
29 JUL 2022 7:40PM by PIB Thiruvananthpuram
നമസ്‌കാരം !
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ്, കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മല ജി, മന്ത്രിസഭയിലെ എന്റെ മറ്റ് സഹപ്രവര്‍ത്തകരെ, ബിസിനസ് ലോകത്തെ പ്രമുഖരെ, ഇവിടെ സന്നിഹിതരായ മറ്റെല്ലാ പ്രമുഖരെ, മഹതികളേ, മഹാന്‍മാരേ!
ഈ ദിവസം വളരെ പ്രധാനമാണ്. ഇന്ത്യയുടെ വളരുന്ന സാമ്പത്തിക സാധ്യതകള്‍ക്കും ഇന്ത്യയുടെ വളരുന്ന സാങ്കേതിക കഴിവുകള്‍ക്കും ഇന്ത്യയിലുള്ള ലോകത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വിശ്വാസത്തിനും ഇത് നിര്‍ണായകമാണ്. ഇന്ത്യ 'ആസാദി കാ അമൃത മഹോത്സവം' ആഘോഷിക്കുന്ന വേളയില്‍, ആധുനിക ഇന്ത്യയുടെ ഇത്തരം പുതിയ സ്ഥാപനങ്ങളും പുതിയ സംവിധാനങ്ങളും ഇന്ത്യയെ അഭിമാനം കൊള്ളിക്കുന്നു.
ഇന്ന് ജി.ഐ.എഫ്.ടി. സിറ്റിയില്‍, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി - ഐ.എഫ്.എസ്.സി.എ. ആസ്ഥാന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നടന്നു. ഈ കെട്ടിടം അതിന്റെ വാസ്തുവിദ്യയില്‍ മികച്ചതാകുമെന്നും ഇന്ത്യയെ ഒരു സാമ്പത്തിക വന്‍ശക്തി ആക്കാന്‍ ആവശ്യമായ അപരിമിതമായ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഐഎഫ്എസ്സിഎ സഹായമാവുക മാത്രമല്ല, നവീകരണത്തെ പിന്തുണയ്ക്കുകയും വളര്‍ച്ചാ അവസരങ്ങള്‍ക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഗിഫ്റ്റ് സിറ്റിയില്‍ എന്‍എസ്ഇ ഐഎഫ്എസ്സി-എസ്ജിഎക്‌സ് കണക്റ്റിന്റെ സമാരംഭത്തിലൂടെയാണ് ഇത് ഇന്ന് ആരംഭിക്കുന്നത്.
സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ചും ആരംഭിച്ചു. ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ ഇന്ത്യന്‍ റീജിയണല്‍ ഓഫീസ്, 3 വിദേശ ബാങ്കുകള്‍, 4 ഇന്റര്‍നാഷണല്‍ ട്രേഡ് ഫിനാന്‍സിംഗ് സര്‍വീസസ് പ്ലാറ്റ്ഫോമുകള്‍ എന്നിവ ഉപയോഗപ്പെടുത്തി നാം ഇന്ന് നിരവധി സുപ്രധാന നാഴികക്കല്ലുകള്‍ പിന്നിട്ടു. 130 കോടി പൗരന്‍മാരുടെ സാധ്യതകളെ ആധുനിക ആഗോള സമ്പദ്വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നതിന് ഇവ കൂടുതല്‍ സഹായിക്കും.
ആഗോള ധനകാര്യം രൂപപ്പെടുത്തുന്ന യുഎസ്എ, യുകെ, സിംഗപ്പൂര്‍ തുടങ്ങിയ ലോകത്തിലെ പ്രധാന രാജ്യങ്ങളുമായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുകയാണ് ഇന്ത്യ. ഈ അവസരത്തില്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും, എല്ലാ പൗരന്‍മാര്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. സിംഗപ്പൂരില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കളെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അവരുടെ സഹകരണം ഇരു രാജ്യങ്ങള്‍ക്കും സാധ്യതകള്‍ തുറക്കുന്നു.
സുഹൃത്തുക്കളെ,
ഗുജറാത്തില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ ഗിഫ്റ്റ് സിറ്റി വിഭാവനം ചെയ്യുമ്പോള്‍, ആശയം ബിസിനസ്സിലോ വ്യാപാരത്തിലോ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലോ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. രാജ്യത്തെ സാധാരണക്കാരന്റെ അഭിലാഷങ്ങള്‍ ഗിഫ്റ്റ് സിറ്റിയുടെ കാഴ്ചപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഗിഫ്റ്റ് സിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു; ഇന്ത്യയുടെ സുവര്‍ണ്ണ ഭൂതകാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും അതുമായി ബന്ധപ്പെട്ടിരിക്കുന്നു.
2013 ജനുവരിയില്‍ 'ഗിഫ്റ്റ് വണ്‍' ഉദ്ഘാടനത്തിന് വന്നപ്പോള്‍ ഗുജറാത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നാണ് ആളുകള്‍ ഇതിനെ വിളിച്ചിരുന്നത്. ചിലര്‍ക്ക് ഇത് മാത്രമായിരുന്നു അതിന് നല്‍കിയ സവിശേഷത. പക്ഷേ, ഗിഫ്റ്റ് സിറ്റി അതിന്റെ കാലത്തിനു മുമ്പുള്ള ഒരു ആശയമായിരുന്നു. ഓര്‍ത്തുനോക്കൂ; 2008 ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും മാന്ദ്യത്തിന്റെയും കാലഘട്ടമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയിലും നയപരമായ തളര്‍ച്ചയുടെ അന്തരീക്ഷമായിരുന്നു അക്കാലത്ത്. അപ്പോള്‍ ലോകത്തിന്റെ അവസ്ഥ ഒന്ന് സങ്കല്‍പ്പിക്കുക. പക്ഷേ, അക്കാലത്ത് ഗുജറാത്ത് ഫിന്‍ടെക് രംഗത്ത് പുതിയതും പ്രധാനപ്പെട്ടതുമായ ചുവടുകള്‍ എടുക്കുകയായിരുന്നു. അതേ ആശയം ഇന്ന് ഇത്രത്തോളം പുരോഗമിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. വാണിജ്യത്തിന്റെയും സാങ്കേതിക വിദ്യയുടെയും കേന്ദ്രമെന്ന നിലയില്‍ ഗിഫ്റ്റ് സിറ്റി ശക്തമായി അടയാളപ്പെടുത്തുകയാണ്. ഗിഫ്റ്റ് സിറ്റി സമ്പത്തും ജ്ഞാനവും ആഘോഷിക്കുന്നു. ഗിഫ്റ്റ് സിറ്റിയിലൂടെ ഇന്ത്യ ആഗോളതലത്തില്‍ സേവന മേഖലയില്‍ ശക്തമായി മുന്നേറുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
ട്രൈ-സിറ്റി സമീപനത്തിന്റെ പ്രധാന സ്തംഭമാണ് ഗിഫ്റ്റ് സിറ്റിയുടെ മറ്റൊരു പ്രത്യേകത. അഹമ്മദാബാദ്, ഗാന്ധിനഗര്‍, ഗിഫ്റ്റ് സിറ്റി എന്നിവയ്‌ക്കെല്ലാം ഇടയിലുള്ള ദൂരം 30 മിനുട്ടിന്റേതു മാത്രമാണ്. മൂന്നിനും അവയുടേതായ പ്രത്യേക സവിശേഷതയുണ്ട്. അഹമ്മദാബാദിനു മഹത്തായ ചരിത്രമുണ്ട്. ഗാന്ധിനഗര്‍ ഭരണ കേന്ദ്രവും നയങ്ങളുടെയും തീരുമാനങ്ങളുടെയും പ്രധാന കേന്ദ്രവുമാണ്. ഗിഫ്റ്റ് സിറ്റി സമ്പദ്വ്യവസ്ഥയുടെ പ്രധാന കേന്ദ്രമാണ്. അതായത്, ഈ മൂന്ന് നഗരങ്ങളില്‍ ഏതെങ്കിലുമൊന്നിലേക്ക് നിങ്ങള്‍ പോയാല്‍, ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയില്‍ നിന്ന് നിങ്ങള്‍ 30 മിനിറ്റ് മാത്രം അകലെയാണ്.
സുഹൃത്തുക്കളെ,
ഗിഫ്റ്റ് സിറ്റിയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ 'വ്യാപാരം എളുപ്പമാക്കാനും' 'ജീവിതം എളുപ്പമാക്കാനും' വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ്. ഊര്‍ജ്ജസ്വലമായ ഒരു ഫിന്‍ടെക് മേഖല അര്‍ത്ഥമാക്കുന്നത് എളുപ്പമുള്ള ബിസിനസ്സ് കാലാവസ്ഥയും പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും മാത്രമല്ല. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്ക് മെച്ചപ്പെട്ട ജീവിതവും പുതിയ അവസരങ്ങളും നല്‍കുന്ന ഒരു മാധ്യമം കൂടിയാണിത്.
പുതിയ ആശയങ്ങള്‍ ഉയര്‍ന്നുവരുന്ന, സമ്പത്തിന്റെ സൃഷ്ടി നടക്കുന്ന, ലോകത്തിലെ ഏറ്റവും മികച്ച മനസ്സുകള്‍ പഠിക്കാനും വളരാനും എത്തുന്ന സ്ഥലമായി ഗിഫ്റ്റ് സിറ്റി മാറുകയാണ്. അതായത്, ഒരു തരത്തില്‍, ഇന്ത്യയുടെ പഴയ സാമ്പത്തിക പ്രതാപം കൈവരിക്കുന്നതിനുള്ള ഒരു മാധ്യമം കൂടിയായി ഗിഫ്റ്റ് സിറ്റി മാറുകയാണ്. നൂറുകണക്കിന് വര്‍ഷങ്ങളായി ഇന്ത്യയിലെ ജനങ്ങള്‍ ബിസിനസ്സിനും വ്യാപാരത്തിനുമായി ലോകമെമ്പാടും സഞ്ചരിക്കുന്നുണ്ടെന്ന് ഇവിടുത്തെ വ്യവസായ പ്രമുഖര്‍ക്ക് അറിയാം. ഇന്ത്യക്കാര്‍ എത്തിയിട്ടില്ലാത്ത പ്രദേശങ്ങള്‍ ലോകത്തു വിരളമാണ്. ഇന്ത്യന്‍ വ്യാപാരികള്‍ നൂതന ധനസഹായ വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്.
ഞാന്‍ വന്ന സ്ഥലത്ത്, എന്റെ ജന്മസ്ഥലമായ വഡ്നഗര്‍ എന്ന സ്ഥലത്ത് ഖനനം നടക്കുന്നു. ഖനനത്തില്‍ പുരാതന നാണയങ്ങളും അവിടെ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ വ്യാപാര സംവിധാനവും ബന്ധങ്ങളും എത്രത്തോളം വിപുലമായിരുന്നു എന്നതിന്റെ തെളിവാണിത്. പക്ഷേ, സ്വാതന്ത്ര്യാനന്തരം, നമ്മുടെ പൈതൃകത്തെയും ഈ ശക്തിയെയും തിരിച്ചറിയുന്നതില്‍ നിന്ന് നാം പിന്തിരിയാന്‍ തുടങ്ങി. കൊളോണിയലിസവും ആത്മവിശ്വാസക്കുറവും മൂലമാകാം നാം തൊഴില്‍വൈദഗ്ധ്യപരവും സാംസ്‌കാരികപരവും മറ്റുമായ ബന്ധങ്ങള്‍ ഇത്രയധികം പരിമിതപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ പുതിയ ഇന്ത്യ ഈ പഴയ ചിന്താഗതിയും മാറ്റുകയാണ്. ഇന്ന് നമുക്ക് ഏറ്റവും പ്രധാനപ്പെട്ട അജണ്ടയാണ് ഏകീകരണം. ആഗോള വിപണികള്‍ക്കൊപ്പം, ആഗോള വിതരണ ശൃംഖലകളുമായി നാം അതിവേഗം സമന്വയിപ്പിക്കുകയാണ്. ഇന്ത്യയെ ആഗോള അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കവാടമാണ് ഗിഫ്റ്റ് സിറ്റി. നിങ്ങള്‍ ഗിഫ്റ്റ് സിറ്റിയുമായി ചേരുമ്പോള്‍, നിങ്ങള്‍ ലോകം മുഴുവനുമായും സംയോജിപ്പിക്കപ്പെടും.
സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ്. അതിനാല്‍, ഭാവിയില്‍ നമ്മുടെ സമ്പദ്വ്യവസ്ഥ ഇന്നത്തേതിനേക്കാള്‍ വളരെ വലുതാകുമെന്നതിനാല്‍ അതിന് അനുയോജ്യമാംവിധം നമ്മള്‍ ഇപ്പോള്‍ തന്നെ തയ്യാറെടുക്കണം. ഇതിനായി, ആഗോള സമ്പദ്വ്യവസ്ഥയില്‍ നമ്മുടെ ഇന്നത്തെയും ഭാവിയിലെയും പങ്കു നിറവേറ്റാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ നമുക്ക് ആവശ്യമാണ്. ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് - ഐഐബിഎക്‌സ് ഈ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്.
ഇന്ത്യയിലെ ജനങ്ങളുടെ സ്വര്‍ണ്ണത്തോടുള്ള സ്‌നേഹം ആരില്‍ നിന്നും മറച്ചുവെക്കപ്പെട്ടിട്ടില്ല. ഇന്ത്യയിലെ സ്ത്രീകളുടെ സാമ്പത്തിക ശക്തിയുടെ പ്രധാന ഉറവിടമാണ് സ്വര്‍ണ്ണം. സ്ത്രീകള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള പ്രത്യേക സ്‌നേഹം കാരണം, ആ ലോഹം നമ്മുടെ സമൂഹത്തിന്റെയും സാംസ്‌കാരിക വ്യവസ്ഥയുടെയും ഒരു പ്രധാന ഭാഗമാണ്. ഇന്ത്യ ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും മേഖലയില്‍ വളരെ വലിയ വിപണിയായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. പക്ഷേ, അത് മാത്രമാണോ ഇന്ത്യയുടെ സവിശേഷത? ഇന്ത്യയുടെ സവിശേഷത ഒരു വിപണി സ്രഷ്ടാവ് എന്നതായിരിക്കണം. ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഐ.ഐ.ബി.എക്‌സ്. ഇത് സ്വര്‍ണ്ണ വ്യവസായത്തിലെ നമ്മുടെ ആള്‍ക്കാര്‍, പ്രത്യേകിച്ച് സ്വര്‍ണവില്‍പനശാലകള്‍ വികസിക്കുന്നതിനു സഹായകമാകും. അവര്‍ക്ക് പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കും. അവര്‍ക്ക് നേരിട്ട്, സുതാര്യമായ രീതിയില്‍ സ്വര്‍ണം വാങ്ങാന്‍ കഴിയും. കൂടാതെ അന്താരാഷ്ട്ര വില നിര്‍ണയത്തില്‍ പങ്കാളിത്തം വഹിക്കാനും കഴിയും. കൂടാതെ, ഐഐബിഎക്സ് എക്സ്ചേഞ്ച് വഴി നേരിട്ട് സ്വര്‍ണ്ണ വ്യാപാരം നടത്താനുള്ള അവസരവും നല്‍കും. സ്വര്‍ണ്ണ വ്യാപാര വിപണി സംഘടിതമാകുമ്പോള്‍, ഇന്ത്യയിലെ സ്വര്‍ണ്ണത്തിന്റെ ആവശ്യകതയും സ്വര്‍ണ്ണ വിലയെ ബാധിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും.
സുഹൃത്തുക്കളെ,
ഭാവിയില്‍ ഇന്ത്യയില്‍ എന്ത് സംഭവിച്ചാലും അത് ലോകത്തെ മുഴുവന്‍ ബാധിക്കും. അത് ലോകത്തിനാകെ ദിശാബോധം നല്‍കും. ഞങ്ങള്‍ പ്രാദേശിക അഭിലാഷങ്ങളെ വിലമതിക്കുകയും ആഗോള സഹകരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു വശത്ത്, ഞങ്ങള്‍ പ്രാദേശിക ക്ഷേമത്തിനായി ആഗോള മൂലധനം കൊണ്ടുവരുന്നു. മറുവശത്ത്, ആഗോള ക്ഷേമത്തിനായി ഞങ്ങള്‍ പ്രാദേശിക ഉല്‍പാദനക്ഷമത ഉപയോഗപ്പെടുത്തുന്നു. റെക്കോര്‍ഡ് വിദേശ നിക്ഷേപമാണ് ഇന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നത്. ഈ നിക്ഷേപം രാജ്യത്ത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും യുവാക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. ഇത് നമ്മുടെ വ്യവസായങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ഉല്‍പ്പാദനക്ഷമത ഇന്ത്യയുടെ ശക്തിയായി മാറുക മാത്രമല്ല, ലോകത്തിനാകെ ഗുണം ചെയ്യുകയും ചെയ്യുന്നു. ഇന്ന് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തില്‍ നിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട സ്വാധീനവും സാധ്യതകളും ഇതിനെക്കാള്‍ വളരെ വിശാലമാണ്. ഇന്ന് നമ്മുടെ കയറ്റുമതി റെക്കോര്‍ഡ് തലത്തിലേക്ക് ഉയരുകയാണ്. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ പുതിയ രാജ്യങ്ങളിലേക്കും പുതിയ വിപണികളിലേക്കും എത്തുകയാണ്.
ആഗോള വിതരണ ശൃംഖലകള്‍ അനിശ്ചിതത്വത്തിന് വിധേയമാകുകയും ലോകം ഈ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഒരു സമയത്ത്, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലോകത്തിന് ഇന്ത്യ ഉറപ്പ് നല്‍കുന്നു. അതുകൊണ്ട്, ഞാന്‍ പറഞ്ഞതുപോലെ ഇത് പ്രാദേശിക ക്ഷേമത്തിനായുള്ള ആഗോള മൂലധനത്തിന്റെയും ആഗോള ക്ഷേമത്തിനായുള്ള പ്രാദേശിക ഉല്‍പാദനക്ഷമതയുടെയും അത്ഭുതകരമായ സംയോജനമാണ്. ഗിഫ്റ്റ് സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കും. ആഗോള സാന്നിധ്യവും പ്രാദേശിക ബന്ധങ്ങളുമുള്ള നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്.
സുഹൃത്തുക്കളെ,
പുതിയ ഇന്ത്യയിലെ പുതിയ സ്ഥാപനങ്ങളില്‍ നിന്നും പുതിയ സംവിധാനങ്ങളില്‍ നിന്നും എനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്; എനിക്ക് നിന്നില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സാമ്പത്തിക രംഗവും സാങ്കേതികവിദ്യയും പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നു. സാങ്കേതികവിദ്യ, ശാസ്ത്രം, സോഫ്റ്റ്വെയര്‍ എന്നിവയുടെ കാര്യമെടുത്താല്‍ ഇന്ത്യക്കും ഒരു മുന്‍നിരയും അനുഭവപരിചയവുമുണ്ട്. ഇന്ന്, തത്സമയ ഡിജിറ്റല്‍ പേയ്മെന്റില്‍ ലോകമെമ്പാടുമുള്ളതിന്റെ 40 ശതമാനം വിഹിതം ഇന്ത്യയുടേതാണ്. ഇന്ന് നമ്മള്‍ ഇതില്‍ നേതാക്കള്‍ ആണ്. ഫിന്‍ടെക് രംഗത്തെ ഇന്ത്യയുടെ ഈ ശക്തി ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കുകയാണ്. അതിനാല്‍, നിങ്ങള്‍ എല്ലാവരും ഫിന്‍ടെക്കില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ലക്ഷ്യമിടുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് ഐ.എഫ്.എസ്.സി. ഫിന്‍ടെക്കിന്റെ ആഗോള പരീക്ഷണശാലയായി ഉയര്‍ന്നുവരുന്നു.
സുഹൃത്തുക്കളെ,
മറ്റൊരു നിര്‍ണായക വശത്തേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിജയവും സേവനവും പര്യായങ്ങളാണ്. പൊതുക്ഷേമം, ആഗോള ക്ഷേമം എന്നതാണ് നമ്മുടെ മുദ്രാവാക്യം. അതുകൊണ്ടാണ് സുസ്ഥിര വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇന്ന് ലോകത്തെ നയിക്കുന്നത്. കാര്‍ബണ്‍ നിര്‍ഗമന രഹിതമാവുകയെന്ന ലക്ഷ്യമാണ് നാം നിശ്ചയിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍, നാം ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ പിന്തുടരുകയും പുനരുപയോഗ ഊര്‍ജത്തിനും ഇ-മൊബിലിറ്റിക്കും വേണ്ടി പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയാണ് രാജ്യാന്തര സൗരോര്‍ജ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. നമ്മുടെ സമര്‍പ്പണം വലിയ സാധ്യതകള്‍ തുറക്കുന്ന ഒരു മേഖലയാണിത്. ഗിഫ്റ്റ ഐ.എഫ്.എസ്.സി. സുസ്ഥിരവും കാലാവസ്ഥാ പദ്ധതികള്‍ക്കും ആഗോള കടത്തിലേക്കും ഇക്വിറ്റി മൂലധനത്തിലേക്കുമുള്ള പ്രവേശന കവാടമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുപോലെ വിമാനങ്ങല്‍ പാട്ടത്തിനു നല്‍കല്‍, കപ്പലുകള്‍ക്കു ധനസഹായം നല്‍കല്‍, കാര്‍ബണ്‍ ട്രേഡിംഗ്, ഡിജിറ്റല്‍ കറന്‍സി, ഐപി അവകാശങ്ങള്‍, നിക്ഷേപ മാനേജ്‌മെന്റ് തുടങ്ങി ഇന്ത്യയ്ക്ക് നിരവധി സാമ്പത്തിക നവീകരണങ്ങള്‍ ആവശ്യമാണ്. ഐ.എഫ്.എസ്.സി.എ. ഈ ദിശയില്‍ പ്രവര്‍ത്തിക്കണം. ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐ.എഫ്.എസ്.സി.എയുടെ നിയന്ത്രണവും പ്രവര്‍ത്തനച്ചെലവും മത്സരാധിഷ്ഠിതമാക്കണം. നിയന്ത്രണങ്ങളുടെ കാര്യത്തില്‍ ഐ.എഫ്.എസ്.സി.എയെ ഒരു നേതാവായി മാറ്റുക, നിയമവാഴ്ചയ്ക്ക് ഉയര്‍ന്ന നിലവാരം ഉറപ്പാക്കുക, ലോകത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ആര്‍ബിട്രേഷന്‍ കേന്ദ്രമായി ഉയര്‍ന്നുവരുക എന്നിവ നിങ്ങളുടെ ലക്ഷ്യമായിരിക്കണം.
സുഹൃത്തുക്കളെ,
ബാങ്കിംഗ് മേഖലയുടെ പിന്തുണയോടെ കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ഒരു പുതിയ തരംഗത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. പരമ ദരിദ്രര്‍ പോലും ഇന്ന് ഔപചാരിക ധനകാര്യ സ്ഥാപനങ്ങളുടെ ഭാഗമാവുന്നു. ഇന്ന്, ജനസംഖ്യയുടെ വലിയൊരു വിഭാഗം ധനകാര്യവുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒരുമിച്ച് മുന്നോട്ട് പോകണം. ഉദാഹരണത്തിന്, ഇന്ന്, അടിസ്ഥാന ബാങ്കിംഗിനെക്കാള്‍ ഉയര്‍ന്ന്, സാമ്പത്തിക സാക്ഷരതയ്ക്കും സാമ്പത്തിക വിദ്യാഭ്യാസത്തിനും വലിയ സാധ്യതകളുണ്ട്. വളര്‍ച്ചയ്ക്ക് വേണ്ടി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ഇന്ന് ഇന്ത്യയില്‍ ഉണ്ട്. വിവിധ സാമ്പത്തിക ഉപകരണങ്ങളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും പഠിപ്പിക്കാന്‍ കഴിയുന്ന സാമ്പത്തിക കോഴ്‌സുകള്‍ അവര്‍ക്കായി ഉണ്ടെങ്കില്‍, അത് അവരെ വളരെയധികം സഹായിക്കും.
മ്യൂച്വല്‍ ഫണ്ടുകളുടെ ഉദാഹരണം എടുക്കാം. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ടുകളുടെ കണക്കനുസരിച്ച്, 2014-ല്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി ഏകദേശം 10 ലക്ഷം കോടിയായിരുന്നു. ഈ എട്ട് വര്‍ഷത്തിനിടെ, 2022 ജൂണില്‍ ഇത് 250 ശതമാനം വര്‍ധിച്ച് 35 ലക്ഷം കോടിയായി. അതായത്, ആളുകള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ അതിന് തയ്യാറാണ്. അവര്‍ക്ക് വിദ്യാഭ്യാസവും അറിവും നല്‍കണം. നമ്മുടെ സാമ്പത്തിക ആവാസ വ്യവസ്ഥയെ ധനകാര്യ ഇതര കോളേജുകളുമായി ബന്ധിപ്പിക്കണമെന്നും യുവാക്കള്‍ വിദ്യാഭ്യാസമുള്ളവരാകണമെന്നും ഞാന്‍ നിര്‍ദ്ദേശിക്കുന്നു. എല്ലാത്തിനുമുപരി, വരും കാലത്ത് വരുമാനക്കാരും നിക്ഷേപകരുമായി മാറുന്നത് യുവാക്കളാണ്. ഈ കോഴ്സുകളില്‍ ജനങ്ങളുടെ വിശ്വാസം വളര്‍ത്തിയെടുക്കാന്‍, അവ ലാഭേച്ഛയില്ലാത്ത രീതിയില്‍ നടത്തണം. ഗിഫ്റ്റ് സിറ്റിക്ക് സ്വകാര്യ മേഖലയില്‍ ഉള്ളവരുടെ പ്ര ഇതിനുള്ള നവര്‍ത്തനം വിലയിരുത്തി രൂപരേഖയും അടിസ്ഥാന നിയമങ്ങളും തയ്യാറാക്കാനും കഴിയും. ഗിഫ്റ്റ് സിറ്റിയിലെ വിദേശ സര്‍വകലാശാലകളെ സംബന്ധിച്ച ഈ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനവും ഇതിന് ഗുണം ചെയ്യും.
സുഹൃത്തുക്കളെ,
ഈ അമൃതകാലത്തില്‍ നിങ്ങള്‍ രാജ്യത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കുമെന്നും രാജ്യത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്നും എനിക്ക് ഉറപ്പുണ്ട്. വളരെ നന്ദി! ഗിഫ്റ്റ് സിറ്റിയുടെ ഈ ബൃഹത്തായ ദൗത്യത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് ഗവണ്‍മെന്റിന്റെ നയങ്ങള്‍ പരസ്പര പൂരകവും പൂര്‍ത്തീകരണവുമായി മാറുന്നതിനാല്‍ ഞാന്‍ ഗുജറാത്ത് ഗവണ്‍മെന്റിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കൂടാതെ ഗുജറാത്ത് ഗവണ്‍മെന്റിന്റെ എല്ലാ സംരംഭങ്ങളെയും ഞാന്‍ അഭിനന്ദിക്കുകയും അതിനായി ഗുജറാത്ത് മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്യുന്നു.
രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും ലോകത്ത് നിന്നുള്ള ധാരാളം പേരെ ഇവിടെ കാണാനുണ്ട്. ഈ അവസരത്തിന്റെ അന്തസ്സത്ത അവര്‍ക്കും നന്നായി മനസ്സിലായിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വലിയ അവസരത്തെക്കുറിച്ച് അവര്‍ക്ക് നന്നായി അറിയാം, അവര്‍ അത് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തും. ഈ വിശ്വാസത്തോടെ, ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് വളരെയധികം നന്ദി പറയുന്നു, നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
നന്ദി!
--ND--
(Release ID: 1846699)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu