പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു



“ഗോത്രസമുദായത്തില്‍നിന്നുള്ള വനിത രാജ്യത്തിന്റെ പരമോന്നതപദവി ഏറ്റെടുത്ത ഇന്നത്തെ ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുപ്രധാന ദിവസമാണ്”



“തന്റെ ദീര്‍ഘമായ രാഷ്ട്രീയജീവിതത്തില്‍ ഡോ. റാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളാണു ശ്രീ ഹര്‍മോഹന്‍ സിങ് യാദവ് മുന്നോട്ടുവച്ചത്”



“ഹര്‍മോഹന്‍ സിങ് യാദവ് സിഖ് കൂട്ടക്കൊലയ്ക്കെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുക മാത്രമല്ല ചെയ്തത്, സിഖ് സഹോദരീസഹോദരന്മാരെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുകയും പോരാടുകയും ചെയ്തു”



“സമൂഹത്തിന്റെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കുമുകളില്‍ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ താല്‍പ്പര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന പ്രവണത അടുത്തകാലത്തായി കാണപ്പെടുന്നു”



“ഒരു പാര്‍ട്ടിയുടെയോ വ്യക്തിയുടെയോ എതിരാളികള്‍ രാജ്യത്തിന്റെ പ്രതിപക്ഷമായി മാറാതിരിക്കേണ്ടത് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ഉത്തരവാദിത്വമാണ്”



“രാമായണമേളകള്‍ സംഘടിപ്പിച്ചും ഗംഗയെ പരിചരിച്ചും രാജ്യത്തിന്റെ സാംസ്കാരികശക്തിക്ക് ഊര്‍ജമേകാന്‍ ഡോ. ലോഹ്യ പ്രവര്‍ത്തിച്ചു”



“സാമൂഹ്യനീതികൊണ്ട് അര്‍ഥമാക്കുന്നതു സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കണമെന്നും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ ആര്‍ക്കും നിഷേധിക്കപ്പെടരുത് എന്നുമാണ്”


Posted On: 25 JUL 2022 5:56PM by PIB Thiruvananthpuram


ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധനചെയ്തു. മുന്‍ എംപിയും എംഎല്‍സിയും എംഎല്‍എയും ശൗര്യചക്ര പുരസ്കാരജേതാവും യാദവസമുദായത്തിന്റെ നേതാവുമായിരുന്നു അന്തരിച്ച ശ്രീ ഹര്‍മോഹന്‍ സിങ് യാദവ്.

 

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, പത്താം ചരമവാര്‍ഷികത്തില്‍ ശ്രീ ഹര്‍മോഹന്‍ സിങ് യാദവിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായി ഗിരിവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിത രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ ദിനമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമുഖ നേതാക്കളുടെ മഹത്തായ പൈതൃകം പ്രധാനമന്ത്രി അനുസ്മരിച്ചു. “ഉത്തര്‍പ്രദേശിന്റെയും കാണ്‍പൂരിന്റെയും മണ്ണില്‍നിന്നാണു ഹര്‍മോഹന്‍ സിങ് യാദവ് ജി ദീര്‍ഘകാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഡോ. റാം മനോഹര്‍ ലോഹ്യ ജിയുടെ ആശയങ്ങള്‍ മുന്നോട്ടുകൊണ്ടുപോയതെ”ന്നു പ്രധാനമന്ത്രി പറഞ്ഞു. “സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും രാഷ്ട്രീയത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളും സമൂഹത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങളും ഇപ്പോഴും തലമുറകള്‍ക്കു വഴികാട്ടിയാണ്”. ‘ഗ്രാമസഭയില്‍ നിന്നു രാജ്യസഭയിലേക്കുള്ള’ ദീര്‍ഘവും വിശിഷ്ടവുമായ യാത്രയില്‍ സമൂഹത്തിനും സമുദായത്തിനുമായുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

 

ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ അനുകരണീയമായ ധൈര്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. “ഹര്‍മോഹന്‍ സിങ് യാദവ് സിഖ് കൂട്ടക്കൊലയ്ക്കെതിരായ രാഷ്ട്രീയനിലപാടു സ്വീകരിക്കുക മാത്രമല്ല ചെയ്തത്, സിഖ് സഹോദരീസഹോദരന്മാരെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുകയും പോരാടുകയും ചെയ്തു. തന്റെ ജീവന്‍പോലും കണക്കിലെടുക്കാതെ, നിരപരാധികളായ നിരവധി സിഖ് കുടുംബങ്ങളുടെ ജീവന്‍ അദ്ദേഹം രക്ഷിച്ചു. രാജ്യം അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കുകയും അദ്ദേഹത്തിനു ശൗര്യചക്ര നല്‍കുകയും ചെയ്തു”.

 

ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ വാക്കുകള്‍ അനുസ്മരിച്ച്, കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രത്തിനു പ്രഥമസ്ഥാനം നല്‍കണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതു ജനാധിപത്യത്തിനാലാണ്. ജനാധിപത്യം നിലനില്‍ക്കുന്നതു രാജ്യമുള്ളതിനാലാണ്. നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക പാര്‍ട്ടികളും, പ്രത്യേകിച്ച് എല്ലാ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളും, ഈ ആശയവും രാജ്യത്തിനായുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ആദര്‍ശവും പിന്തുടര്‍ന്നു”. 1971ലെ യുദ്ധം, ആണവപരീക്ഷണം, അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം എന്നിവ ഉദാഹരണങ്ങളാക്കി അദ്ദേഹം രാജ്യത്തിനായി ഒന്നിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വികാരം വ്യക്തമാക്കി. “അടിയന്തരാവസ്ഥയില്‍ രാജ്യത്തെ ജനാധിപത്യം തകര്‍ന്നടിഞ്ഞപ്പോള്‍, എല്ലാ പ്രമുഖ പാര്‍ട്ടികളും, ഞങ്ങള്‍ എല്ലാവരും, ഒത്തുചേര്‍ന്നു ഭരണഘടനയെ സംരക്ഷിക്കാന്‍ പോരാടി. ചൗധരി ഹര്‍മോഹന്‍ സിങ് യാദവ് ജിയും ആ പോരാട്ടത്തിലെ ധീരനായ സൈനികനായിരുന്നു. അതായത്, നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ എല്ലായ്പ്പോഴും പ്രത്യയശാസ്ത്രങ്ങളേക്കാള്‍ വലുതാണ്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എങ്കിലും, അടുത്തകാലത്തായി സമൂഹത്തിന്റെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കുമുകളില്‍ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ താല്‍പ്പര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന പ്രവണത കാണപ്പെടുന്നു. പലതവണ, ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍ സൃഷ്ടിച്ചു. അവര്‍ അധികാരത്തിലിരുന്നപ്പോള്‍ അവര്‍ക്കു സ്വയം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്തതിനാലാണിത്. രാജ്യത്തെ ജനങ്ങള്‍ ഇതിഷ്ടപ്പെടുന്നില്ല”.- പ്രധാനമന്ത്രി പറഞ്ഞു. “ഒരു പാര്‍ട്ടിയുടെയോ വ്യക്തിയുടെയോ എതിരാളികള്‍ രാജ്യത്തിന്റെ പ്രതിപക്ഷമായി മാറാതിരിക്കേണ്ടത് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ഉത്തരവാദിത്വമാണ്. പ്രത്യയശാസ്ത്രങ്ങള്‍ക്കും രാഷ്ട്രീയ അഭിലാഷങ്ങള്‍ക്കും അതിന്റേതായ സ്ഥാനമുണ്ട്; ഉണ്ടായിരിക്കണം. പക്ഷേ, രാജ്യവും സമൂഹവും രാഷ്ട്രവുമാകണം ഒന്നാമത്”.

 

ഡോ. ലോഹ്യയുടെ സാംസ്കാരികശക്തി എന്ന ആശയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. യഥാര്‍ഥ ഇന്ത്യന്‍ ചിന്തയില്‍ സമൂഹം എന്നതു തര്‍ക്കത്തിന്റെയോ സംവാദത്തിന്റെയോ വിഷയമല്ലെന്നും അതു യോജിപ്പിന്റെയും കൂട്ടായ്മയുടെയും ചട്ടക്കൂടായാണു കാണപ്പെടുന്നതെന്നും ശ്രീ മോദി പറഞ്ഞു. രാമായണമേളകള്‍ സംഘടിപ്പിച്ചും ഗംഗയെ പരിചരിച്ചും രാജ്യത്തിന്റെ സാംസ്കാരികശക്തിക്ക് ഊര്‍ജമേകാന്‍ ഡോ. ലോഹ്യ പ്രവര്‍ത്തിച്ചതായി അദ്ദേഹം അനുസ്മരിച്ചു. സമൂഹത്തിന്റെ സാംസ്കാരികപ്രതീകങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം കടമയുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്ന നമാമി ഗംഗേ പോലുള്ള സംരംഭങ്ങളിലൂടെ ഇന്ത്യ ഈ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

സാമൂഹ്യസേവനത്തിന്, സാമൂഹ്യനീതിയെന്ന മനോഭാവം നാം അംഗീകരിക്കേണ്ടതും അതു സ്വീകരിക്കേണ്ടതും അത്യാവശ്യമാണെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍, ഇക്കാര്യം മനസിലാക്കി ഈ ദിശയിലേക്കു നീങ്ങേണ്ടത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതികൊണ്ട് അര്‍ഥമാക്കുന്നതു സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കണമെന്നും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ ആര്‍ക്കും നിഷേധിക്കപ്പെടരുത് എന്നുമാണ്- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദളിതര്‍, പിന്നാക്കക്കാര്‍, ഗിരിവര്‍ഗക്കാര്‍, സ്ത്രീകള്‍, ദിവ്യാംഗര്‍- ഇവരൊക്കെ മുന്നോട്ടുവന്നാലേ രാജ്യവും മുന്നോട്ടുപോകൂ. ഈ മാറ്റത്തിനു വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്നു ഹര്‍മോഹന്‍ ജി വിലയിരുത്തി. വിദ്യാഭ്യാസരംഗത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമേകുന്നവയാണ്. ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ, ഗിരിവര്‍ഗ മേഖലകള്‍ക്കായി ഏകലവ്യ സ്കൂളുകള്‍, മാതൃഭാഷയില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ രാജ്യം ഈ പാതയിലേക്കു നീങ്ങുകയാണ്. “വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം എന്ന മന്ത്രത്തില്‍ രാജ്യം മുന്നേറുകയാണ്. വിദ്യാഭ്യാസം തന്നെയാണു ശാക്തീകരണം.” - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ശ്രീ ഹര്‍മോഹന്‍ സിങ് യാദവ് (18 ഒക്ടോബര്‍ 1921 - 25 ജൂലൈ 2012)

 

ശ്രീ ഹര്‍മോഹന്‍ സിങ് യാദവ് (18 ഒക്ടോബര്‍ 1921 - 25 ജൂലൈ 2012) യാദവസമുദായത്തിലെ ഉന്നതനായ വ്യക്തിയും നേതാവുമായിരുന്നു. അന്തരിച്ച ഈ നേതാവു കര്‍ഷകര്‍ക്കും പിന്നാക്കക്കാര്‍ക്കും സമൂഹത്തിലെ മറ്റു വിഭാഗങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണു പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുത്തത്.

 

ശ്രീ ഹര്‍മോഹന്‍ സിങ് യാദവ് ദീര്‍ഘകാലം രാഷ്ട്രീയത്തില്‍ സജീവമായി തുടരുകയും എംഎല്‍സി, എംഎല്‍എ, രാജ്യസഭാംഗം, ‘അഖില ഭാരതീയ യാദവ മഹാസഭ’ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. തന്റെ മകന്‍ ശ്രീ സുഖ്റാം സിങ്ങിന്റെ സഹായത്തോടെ കാണ്‍പൂരിലും പരിസരത്തും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

 

1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ നിരവധി സിഖുകാരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ധീരത പ്രകടിപ്പിച്ചതിന് 1991ല്‍ ശ്രീ ഹര്‍മോഹന്‍ സിങ് യാദവിനു ശൗര്യചക്ര നല്‍കി ആദരിച്ചു.

***

-ND-

(Release ID: 1844752) Visitor Counter : 128