രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതിയായി ചുമതലയേറ്റവേളയില്‍ ശ്രീമതി ദ്രൗപദി മുര്‍മു രാഷ്ട്രത്തോട് നടത്തിയ അഭിസംബോധന
Posted On:
25 JUL 2022 12:48PM by PIB Thiruvananthpuram
ജോഹര്‍!
നമസ്‌കാരം!
ഇന്ത്യയുടെ പരമോന്നത ഭരണഘടനാപദവിയിലേക്ക് എന്നെ തെരഞ്ഞെടുത്തതിന് എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭകള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
നിങ്ങള്‍ എനിക്കായി വോട്ടുചെയ്തതു രാജ്യത്തെ കോടിക്കണക്കിനു പൗരന്മാരുടെ വിശ്വാസത്തിന്റെ പ്രകടനമാണ്.
ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും പ്രതീകമായ ഈ പവിത്രമായ പാര്‍ലമെന്റില്‍നിന്ന് എല്ലാ സഹപൗരന്മാരെയും ഞാന്‍ വിനയത്തോടെ അഭിവാദ്യം ചെയ്യുന്നു.
നിങ്ങളുടെ സ്നേഹവും വിശ്വാസവും പിന്തുണയും, എന്റെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതില്‍ എനിക്കുള്ള ഏറ്റവും വലിയ ശക്തിയായിരിക്കും.
'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്ന പ്രധാനപ്പെട്ട സമയത്താണു രാജ്യം എന്നെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് എന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് എന്നതും യാദൃച്ഛികമാണ്.
ഇന്ന്, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍, ഈ പുതിയ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ചിരിക്കുന്നു.
അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇന്ത്യ പൂര്‍ണമായ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുന്ന അത്തരമൊരു ചരിത്രഘട്ടത്തില്‍ ഈ ഉത്തരവാദിത്വം നിറവേറ്റാനായി എന്നെ തെരഞ്ഞെടുത്തത് അഭിമാനമായി കരുതുന്നു.
സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച രാജ്യത്തെ ആദ്യത്തെ രാഷ്ട്രപതികൂടിയാണ് ഞാന്‍.
സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാരില്‍നിന്നുള്ള നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഈ അമൃതകാലത്തില്‍ നാം ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഈ 25 വര്‍ഷം അമൃതകാലത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പാത രണ്ടു വഴികളിലായി മുന്നോട്ട് പോകും - 'സബ്കാ പ്രയാസ് ഔര്‍ സബ്കാ കര്‍ത്തവ്യ' (എല്ലാവരുടെയും പരിശ്രമവും എല്ലാവരുടെയും കടമയും).
ഇന്ത്യയുടെ ശോഭനമായ ഭാവിയിലേക്കുള്ള പുതിയ വികസന യാത്ര നമ്മുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ ഏറ്റെടുക്കേണ്ടതുണ്ട്.
നാളെ, അതായത് , ജൂലൈ 26ന്, കാര്‍ഗില്‍ വിജയ ദിവസം ആചരിക്കുകയാണു നാം. ഇന്ത്യന്‍ സായുധസേനയുടെ ധീരതയുടെയും സംയമനത്തിന്റെയും പ്രതീകമാണ് ഈ ദിനം.
രാജ്യത്തെ സായുധസേനയ്ക്കും എല്ലാ പൗരന്മാര്‍ക്കും ഞാന്‍ മുന്‍കൂര്‍ ആശംസകള്‍ നേരുന്നു
ബഹുമാന്യരേ,
രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ഒഡിഷയിലെ ഒരു ചെറിയ ഗിരിവര്‍ഗഗ്രാമത്തില്‍ നിന്നാണു ഞാന്‍ എന്റെ ജീവിതയാത്ര ആരംഭിച്ചത്.
ഞാന്‍ വന്ന പശ്ചാത്തലത്തില്‍ നിന്ന്, പ്രാഥമിക വിദ്യാഭ്യാസം നേടുക എന്നത് എനിക്ക് ഒരു സ്വപ്നം പോലെയായിരുന്നു.
എന്നാല്‍ നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും, എന്റെ നിശ്ചയദാര്‍ഢ്യം തകരാതെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു. കോളേജില്‍ പോകുന്ന എന്റെ ഗ്രാമത്തിലെ ആദ്യത്തെ പെണ്‍കുട്ടിയായി ഞാന്‍ മാറി.
ഞാന്‍ ഗോത്രസമൂഹത്തില്‍പെട്ടയാളാണ്. വാര്‍ഡ് കൗണ്‍സിലര്‍ എന്ന നിലയില്‍ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായി ഉയര്‍ന്നുവരാന്‍ എനിക്ക് അവസരം ലഭിച്ചു. ഇതാണ് ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ മഹത്വം.
വിദൂര ഗോത്രമേഖലയിലെ ദരിദ്ര ഭവനത്തില്‍ ജനിക്കുന്ന മകള്‍ക്ക് ഇന്ത്യയിലെ പരമോന്നത ഭരണഘടനാ പദവിയിലെത്താന്‍ കഴിയുമെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണ് പ്രകടമാക്കുന്നത്.
എന്റെ രാഷ്ട്രപതി സ്ഥാനം വ്യക്തിപരമായ നേട്ടമല്ല, മറിച്ച് ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും നേട്ടമാണ്.
ഇന്ത്യയിലെ ദരിദ്രര്‍ക്ക് സ്വപ്നങ്ങള്‍ കാണാനും അവ സാക്ഷാത്കരിക്കാനും കഴിയുമെന്നതിന്റെ തെളിവാണ് എന്റെ തിരഞ്ഞെടുപ്പ്.
നൂറ്റാണ്ടുകളായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും വികസനത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരും ദരിദ്രരും അധഃസ്ഥിതരും പിന്നോക്കക്കാരും ഗിരിവര്‍ഗക്കാരും എന്നില്‍ അവരെ കാണുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സംതൃപ്തി നല്‍കുന്ന കാര്യമാണ്.
എന്റെ ഈ തിരഞ്ഞെടുപ്പിന് രാജ്യത്തെ ദരിദ്രരുടെ അനുഗ്രഹമുണ്ട്. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെയും പെണ്‍മക്കളുടെയും സ്വപ്നങ്ങളെയും സാധ്യതകളെയും ഇത് പ്രതിഫലിപ്പിക്കുന്നു.
പുതിയ പാതകളിലൂടെ നടക്കാനും തെറ്റായ പാതകളില്‍ നിന്ന് മാറിനില്‍ക്കാനും തയ്യാറുള്ള ഇന്ത്യയിലെ ഇന്നത്തെ യുവജനങ്ങളുടെ ധൈര്യത്തിന്റെ പ്രതിഫലനം കൂടിയാണ് എന്റെ ഈ തിരഞ്ഞെടുപ്പ് കാണിക്കുന്നത്.
അത്തരമൊരു പുരോഗമന ഇന്ത്യയെ നയിക്കാന്‍ കഴിഞ്ഞതില്‍ ഇന്ന് ഞാന്‍ അഭിമാനിക്കുന്നു.
എല്ലാ സഹ പൗരന്മാര്‍ക്കും, പ്രത്യേകിച്ച് ഇന്ത്യയിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും, അവരുടെ താല്‍പര്യങ്ങള്‍ എനിക്ക് പരമപ്രധാനമായിരിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍ കുന്നു.
ബഹുമാന്യരേ,
ലോകത്തിന് മുമ്പില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ പ്രസിഡന്‍സിയുടെ മഹത്തായ പാരമ്പര്യം എന്റെ മുമ്പിലുണ്ട്.
രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് മുതല്‍ ശ്രീ രാംനാഥ് കോവിന്ദ്ജി വരെയുള്ള പ്രമുഖര്‍ ഈ പദവി അലങ്കരിച്ചിട്ടുണ്ട്.
ഈ പദവിക്കൊപ്പം, ഈ മഹത്തായ പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യാനുള്ള ഉത്തരവാദിത്വവും രാജ്യം എന്നെ ഏല്‍പ്പിച്ചിരിക്കുന്നു.
ഭരണഘടനയുടെ വെളിച്ചത്തില്‍, ഞാന്‍ എന്റെ കടമകള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കും.
എന്നെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുടെയും എല്ലാ പൗരന്മാരുടെയും ജനാധിപത്യ-സാംസ്‌കാരിക ആദര്‍ശങ്ങള്‍ എല്ലായ്പ്പോഴും എന്റെ ഊര്‍ജ സ്രോതസ്സായിരിക്കും.
ബഹുമാന്യരേ,
നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ പുതിയ യാത്രയ്ക്കുള്ള മാര്‍ഗരേഖ തയ്യാറാക്കി.
നമ്മുടെ സ്വാതന്ത്ര്യസമരം സ്വതന്ത്ര ഇന്ത്യയുടെ നിരവധി ആദര്‍ശങ്ങളും സാധ്യതകളും പരിപോഷിപ്പിച്ച ആ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും തുടര്‍ച്ചയായ പ്രവാഹമായിരുന്നു.
ഭാരതീയ സാംസ്‌കാരത്തിലൂന്നിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള വഴി നമുക്ക് കാണിച്ചുതരാന്‍ ബഹുമാന്യനായ ബാപ്പുജി സ്വരാജ്, സ്വദേശി, ശുചിത്വം, സത്യഗ്രഹം എന്നിവയെ ആയുധമാക്കി.
നേതാജി സുഭാഷ് ചന്ദ്രബോസ്, നെഹ്റുജി, സര്‍ദാര്‍ പട്ടേല്‍, ബാബാസാഹെബ് അംബേദ്കര്‍, ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ എണ്ണമറ്റ വ്യക്തിത്വങ്ങള്‍ രാജ്യത്തിന്റെ അഭിമാനം പരമപ്രധാനമായി നിലനിര്‍ത്താന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
റാണി ലക്ഷ്മി ബായി, റാണി വേലു നാച്ചിയാര്‍, റാണി ഗൈഡിന്‍ലിയു, റാണി ചെന്നമ്മ തുടങ്ങിയ നിരവധി ധീര വനിതകള്‍ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിലും കെട്ടിപ്പടുക്കുന്നതിലും സ്ത്രീശക്തിയുടെ പങ്ക് പുതിയ തലങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
സന്താള്‍ പ്രക്ഷോഭവും പൈക പ്രക്ഷോഭവും മുതല്‍ കല്‍ക്കരി പ്രക്ഷോഭവും ഭില്‍ പ്രക്ഷോഭവുംവരെയുള്ള ഈ സമരങ്ങളിലെല്ലാം സ്വാതന്ത്ര്യസമരത്തിലെ ഗോത്രസംഭാവനകള്‍ പ്രധാനമായിരുന്നു.
സാമൂഹിക ഉന്നമനത്തിനും ദേശസ്നേഹത്തിനുമായി 'ധര്‍ത്തി ആബ' ഭഗവാന്‍ ബിര്‍സ മുണ്ട ജിയുടെ ത്യാഗത്തില്‍ നിന്ന് നാം പ്രചോദനം ഉള്‍ക്കൊള്ളുകയുണ്ടായി.
രാജ്യത്തുടനീളം നമ്മുടെ സ്വാതന്ത്ര്യസമരത്തിലെ ഗോത്രസമൂഹങ്ങളുടെ പങ്ക് അടയാളപ്പെടുത്തുന്ന നിരവധി മ്യൂസിയങ്ങള്‍ നിര്‍മിക്കപ്പെടുന്നതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്.
മഹതികളെ മാന്യന്മാരെ,
പാർലമെന്ററി ജനാധിപത്യ രാജ്യമെന്ന നിലയിൽ 75 വർഷത്തിനിടയിൽ, പങ്കാളിത്തത്തിലൂടെയും സമവായത്തിലൂടെയും പുരോഗതി കൈവരിക്കാനുള്ള ദൃഢനിശ്ചയം ഇന്ത്യ മുന്നോട്ട് കൊണ്ടുപോയി.
വൈവിധ്യങ്ങൾ നിറഞ്ഞ നമ്മുടെ രാജ്യം നിരവധി ഭാഷകൾ, മതങ്ങൾ, വിഭാഗങ്ങൾ, ഭക്ഷണ ശീലങ്ങൾ, ജീവിത ശൈലികൾ, ആചാരങ്ങൾ എന്നിവ സ്വീകരിച്ച് കൊണ്ട 'ഏക ഭാരതം - ശ്രേഷ്ഠ ഭാരതം' എന്നതിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോടെ ആരംഭിക്കുന്ന അമൃത കാലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ ലക്ഷ്യങ്ങളുടെ കാലഘട്ടമാണ്.
ഇന്ന് എന്റെ രാജ്യം പ്രചോദനം ഉൾക്കൊണ്ട് പുതിയ ചിന്തകളോടെ ഈ പുതിയ കാലഘട്ടത്തെ സ്വാഗതം ചെയ്യാൻ തയ്യാറായി നിൽക്കുന്നത് ഞാൻ കാണുന്നു.
ഇന്ന് ഇന്ത്യ എല്ലാ മേഖലയിലും വികസനത്തിന്റെ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കുകയാണ്.
കൊറോണ മഹാമാരിയുടെ ആഗോള പ്രതിസന്ധിയെ ചെറുക്കുന്നതിൽ ഇന്ത്യ പ്രകടിപ്പിച്ച കഴിവ് ലോകമെമ്പാടും ഇന്ത്യയുടെ വിശ്വാസ്യത വർധിപ്പിച്ചു.
നാം ഇന്ത്യക്കാർ ഈ ആഗോള വെല്ലുവിളിയെ നമ്മുടെ പ്രയത്‌നത്തിലൂടെ നേരിട്ടു. മാത്രമല്ല ലോകത്തിന് പുതിയ മാതൃകകൾ സൃഷ്ടിക്കുകയും ചെയ്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് 200 കോടി ഡോസ് നൽകിയതിന്റെ റെക്കോർഡ് ഇന്ത്യ സ്ഥാപിച്ചു.
ഈ പോരാട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ കാണിച്ച ക്ഷമയും ധൈര്യവും സഹകരണവും ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ വളരുന്ന ശക്തിയുടെയും സംവേദനക്ഷമതയുടെയും പ്രതീകമാണ്.
ഈ പ്രയാസകരമായ സാഹചര്യങ്ങളിൽ ഇന്ത്യ സ്വയം സംരക്ഷിക്കുക മാത്രമല്ല ലോകത്തെ സഹായിക്കുകയും ചെയ്തു.
കൊറോണ എന്ന മഹാമാരി സൃഷ്ടിച്ച അന്തരീക്ഷത്തിൽ ഇന്ന് ലോകം, ഒരു നവ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യയെ കാണുന്നത്.
ആഗോള സാമ്പത്തിക സുസ്ഥിരത, തടസ്സമില്ലാത്ത വിതരണ ശൃംഖല, സമാധാനം എന്നിവ ഉറപ്പാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന് ഇന്ത്യയിൽ നിന്ന് വലിയ പ്രതീക്ഷയുണ്ട്.
വരും മാസങ്ങളിൽ ജി-20 ഗ്രൂപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ പോകുകയാണ്.
ഈ ഗ്രൂപ്പിംഗിൽ, ലോകത്തിലെ ഇരുപത് വലിയ രാജ്യങ്ങൾ ഇന്ത്യയുടെ അധ്യക്ഷതയിൽ ആഗോള പ്രശ്‌നങ്ങളെക്കുറിച്ച് വിശാലമായ ചർച്ച നടത്തും.
ഇന്ത്യയിലെ ഈ വിശാലമായ ചർച്ചയിൽ നിന്ന് ഉരുത്തിരിയുന്ന നിഗമനങ്ങളും നയങ്ങളും വരും ദശകങ്ങളുടെ ദിശ നിർണ്ണയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
മഹതികളെ മാന്യന്മാരെ,
പതിറ്റാണ്ടുകൾക്ക് മുമ്പ്, റായ് രംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, നാം ശ്രീ അരബിന്ദോയുടെ 150-ാം ജന്മ വാർഷികം ആചരിക്കും.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ശ്രീ അരബിന്ദോയുടെ ചിന്തകൾ ഇന്നും എന്നെ പ്രചോദിപ്പിക്കുന്നു.
ജനപ്രതിനിധിയായും പിന്നീട് ഗവർണറായും വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച എനിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സജീവമായ ബന്ധമുണ്ട്.
രാജ്യത്തെ യുവാക്കളുടെ ആവേശവും ആത്മവിശ്വാസവും ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചു.
നമ്മുടെ ആദരണീയനായ അടൽജി പറയാറുണ്ടായിരുന്നു, രാജ്യത്തെ യുവാക്കൾ പുരോഗമിക്കുമ്പോൾ, അവർ അവരുടെ സ്വന്തം വിധി രൂപപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുകയും ചെയ്യുന്നു.
അത് യാഥാർത്ഥ്യമാകുന്നതിന് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നു.
'വോക്കൽ ഫോർ ലോക്കൽ' മുതൽ 'ഡിജിറ്റൽ ഇന്ത്യ' വരെ - എല്ലാ മേഖലകളിലും മുന്നേറുന്ന ഇന്നത്തെ ഇന്ത്യ, ലോകത്തിനൊപ്പം ഓരോ ചുവടും മുന്നേറുന്നു. നാം 'വ്യാവസായിക വിപ്ലവം 4.0 ' യ്ക്ക് സജ്ജമാണ്.
സ്റ്റാർട്ടപ്പുകളുടെ റെക്കോഡ് എണ്ണം സൃഷ്ടിക്കുന്നതിലും, നിരവധി കണ്ടുപിടുത്തങ്ങളിലും, വിദൂര പ്രദേശങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലും ഇന്ത്യയിലെ യുവാക്കൾക്ക് വലിയ പങ്കുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി, സ്ത്രീ ശാക്തീകരണത്തിനായി എടുത്ത തീരുമാനങ്ങളും നയങ്ങളും, രാജ്യത്ത് ഒരു പുതിയ ഊർജ്ജം പകർന്നിട്ടുണ്ട്.
നമ്മുടെ എല്ലാ സഹോദരിമാരും പെൺമക്കളും കൂടുതൽ കൂടുതൽ ശാക്തീകരിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിലൂടെ രാഷ്ട്രനിർമ്മാണത്തിന്റെ സമസ്ത മേഖലകളിലും അവരുടെ വർദ്ധിത സംഭാവനകൾ തുടരും.
നിങ്ങളുടെ സ്വന്തം ഭാവി കെട്ടിപ്പടുക്കുക മാത്രമല്ല, ഭാവിഭാരതത്തിന് അടിത്തറ പാകുക കൂടിയാണ് നിങ്ങൾ ചെയ്യുന്നതെന്ന് നമ്മുടെ രാജ്യത്തെ യുവജനങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
രാഷ്‌ട്രപതി എന്ന നിലയിൽ, എപ്പോഴും നിങ്ങൾക്ക് എന്റെ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്യുന്നു.
മഹതികളെ മാന്യന്മാരെ,
വളർച്ചയും പുരോഗതിയും അർത്ഥമാക്കുന്നത് അനുപദം മുന്നോട്ട് ഗമിക്കുക എന്നതാണ്. എന്നാൽ അതു പോലെ പ്രധാനമാണ് ഒരാളുടെ ഭൂതകാലത്തെക്കുറിച്ചുള്ള അവബോധവും എന്നറിയണം
സുസ്ഥിര ഗ്രഹത്തെക്കുറിച്ച് ലോകമിന്ന് വാചാലമാകുമ്പോൾ, ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളുടെയും സുസ്ഥിര ജീവിതശൈലിയുടെയും പ്രാധാന്യം കൂടുതൽ വെളിവാകുന്നു
ആയിരക്കണക്കിന് വർഷങ്ങളായി പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ആ ഗോത്ര പാരമ്പര്യത്തിലാണ് ഞാൻ ജനിച്ചത്.
എന്റെ ജീവിതത്തിലുടനീളം വനങ്ങളുടെയും ജലാശയങ്ങളുടെയും പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞു.
നാം പ്രകൃതിയിൽ നിന്ന് ആവശ്യമായ സ്വീകരിക്കുകയും തുല്യ ബഹുമാനത്തോടെ പ്രകൃതിയെ സേവിക്കുകയും വേണം.
ഈ സംവേദനക്ഷമത ഇന്ന് ആഗോള അനിവാര്യതയായി മാറിയിരിക്കുന്നു.
പരിസ്ഥിതി സംരക്ഷണ രംഗത്ത് ഇന്ത്യ ലോകത്തിന് മാർഗ്ഗദർശനമേകുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
മഹതികളെ മാന്യന്മാരെ,
എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ജനസേവനത്തിലൂടെ മാത്രമാണ് ജീവിതത്തിന് ഞാൻ അർത്ഥം കണ്ടെത്തിയത്.
ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ പ്രശസ്ത കവിയായ ഭീം ഭോയ് ജിയുടെ കവിതയിലെ പ്രശസ്തമായ ഒരു വരിയുണ്ട്-
"മോ ജീബൻ പച്ചേ നർകെ പാഡി തൗ, ജഗതോ ഉദ്ധർ ഹെയു".
ലോക ക്ഷേമത്തിനായി പ്രവർത്തിക്കുന്നതാണ് സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനേക്കാൾ ഏറെ മഹത്തരം
ലോക ക്ഷേമമെന്ന ലക്ഷ്യസാക്ഷാത്ക്കാരത്തിനായി, നിങ്ങൾ എന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് അനുഗുണമായും പൂർണ്ണമായ അർപ്പണബോധത്തോടെയും പ്രവർത്തിക്കാൻ ഞാൻ സദാ സന്നദ്ധമായിരിക്കും.
മഹത്വപൂർണ്ണവും സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ നമുക്കൊത്തു ചേർന്ന് കർത്തവ്യത്തിന്റെ പാതയിൽ സമർപ്പണ മനോഭാവത്തോടെ മുന്നേറാം.
നന്ദി,
ജയ് ഹിന്ദ്!
NS
(Release ID: 1844577)
Visitor Counter : 617
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada