പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആന്ധ്രാപ്രദേശിലെ ഭീമാവാരത്തു നടന്ന അല്ലൂരി സീതാരാമ രാജു 125ാമതു ജയന്തി ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

Posted On: 04 JUL 2022 2:33PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!

ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ശ്രീ ബിശ്വഭൂഷണ്‍ ഹരിചന്ദന്‍ ജി, മുഖ്യമന്ത്രി ശ്രീ ജഗന്‍ മോഹന്‍ റെഡ്ഡി ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഈ ചരിത്ര സംഭവത്തില്‍ നമ്മോടൊപ്പം വേദിയില്‍ സന്നിഹിതരായ മറ്റു പ്രമുഖരെ, ആന്ധ്രാപ്രദേശിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!

നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍!
ഇത്രയും സമ്പന്നമായ പൈതൃകമുള്ള നാടിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു! ഇന്ന്, ഒരു വശത്ത്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി 'അമൃത മഹോത്സവം' ആഘോഷിക്കുമ്പോള്‍, മറുവശത്ത് ഇത് അല്ലൂരി സീതാറാം രാജു ഗാരുവിന്റെ 125-ാം ജന്മവാര്‍ഷികമാണ്. അതേ സമയം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള 'റാംപ വിപ്ലവ'ത്തിന് 100 വര്‍ഷം തികയുകയാണ്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ 'മന്യം വീരുഡു' അല്ലൂരി സീതാരാമ രാജുവിന്റെ കാല്‍ക്കല്‍ വണങ്ങി മുഴുവന്‍ രാജ്യത്തിനും വേണ്ടി ഞാന്‍ എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നമ്മെ അനുഗ്രഹിക്കാന്‍ എത്തിയിട്ടുണ്ട്. നമ്മള്‍ ശരിക്കും ഭാഗ്യവാന്മാരാണ്. മഹത്തായ പാരമ്പര്യത്തില്‍ പെട്ട കുടുംബത്തിന്റെ അനുഗ്രഹം തേടാനുള്ള വിശേഷാവസരം നമുക്കെല്ലാവര്‍ക്കും ഉണ്ട്. ആന്ധ്രയുടെ മഹത്തായ ഗോത്രപാരമ്പര്യത്തെയും ഈ പാരമ്പര്യത്തില്‍ പെട്ട എല്ലാ മഹാവിപ്ലവകാരികളെയും ജീവത്യാഗം ചെയ്തവരെയും ഞാന്‍ ആദരപൂര്‍വം നമിക്കുന്നു.

സുഹൃത്തുക്കളെ,
അല്ലൂരി സീതാരാമ രാജു ഗാരുവിന്റെ 125-ാം ജന്മവാര്‍ഷികവും റമ്പാ കലാപത്തിന്റെ 100-ാം വാര്‍ഷികവും വര്‍ഷം മുഴുവന്‍ ആഘോഷിക്കും. പാണ്ഡരംഗിയിലെ അദ്ദേഹത്തിന്റെ ജന്മസ്ഥലം നന്നാക്കല്‍, ചിന്താപ്പള്ളി പോലീസ് സ്റ്റേഷന്‍ നവീകരണം, മൊഗല്ലുവിലെ അല്ലൂരി ധ്യാനക്ഷേത്രത്തിന്റെ നിര്‍മ്മാണം എന്നിവയെല്ലാം നമ്മുടെ അമൃത മഹോത്സവ സങ്കല്‍പ്പത്തിന്റെ ഭാഗമാണ്. ഈ എല്ലാ ശ്രമങ്ങള്‍ക്കും ഈ വാര്‍ഷിക ഉത്സവത്തിനും ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. പ്രത്യേകിച്ചും, നമ്മുടെ മഹത്തായ ചരിത്രം ഓരോ വ്യക്തികളിലേക്കും എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സുഹൃത്തുക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു. 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' വേളയില്‍, രാജ്യം അതിന്റെ സ്വാതന്ത്ര്യ സമര ചരിത്രവും അതു പകരുന്ന ആവേശവും തിരിച്ചറിഞ്ഞുകഴിഞ്ഞു എന്ന് ഉറപ്പാക്കാന്‍ നാമെല്ലാവരും പ്രതിജ്ഞയെടുത്തു. ഇന്നത്തെ പരിപാടിയും അതിന്റെ പ്രതിഫലനമാണ്.

സുഹൃത്തുക്കളെ,
സ്വാതന്ത്ര്യ സമരമെന്നത് ഏതാനും വര്‍ഷങ്ങളുടെയോ ചില പ്രദേശങ്ങളുടെയോ ചില ആളുകളുടെയോ മാത്രം ചരിത്രമല്ല. ഇത് ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും ഉള്ള പലതരം ത്യാഗങ്ങളുടെ ചരിത്രമാണ്. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം നമ്മുടെ വൈവിധ്യത്തിന്റെയും സാംസ്‌കാരിക ശക്തിയുടെയും ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമാണ്. അല്ലൂരി സീതാരാമ രാജു ഗാരു ഇന്ത്യയുടെ സാംസ്‌കാരിക, ഗോത്ര സ്വത്വം, ഇന്ത്യയുടെ ധീരത, ആദര്‍ശങ്ങള്‍, മൂല്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ രാജ്യത്തെ ഒന്നിപ്പിക്കുന്ന 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രതീകമാണ് സീതാറാം രാജു ഗാരു. സീതാറാം രാജു ഗാരുവിന്റെ ജനനം മുതല്‍ ത്യാഗം വരെയുള്ള അദ്ദേഹത്തിന്റെ ജീവിതയാത്ര നമുക്കെല്ലാവര്‍ക്കും പ്രചോദനമേകുന്നു. ഗോത്രവര്‍ഗ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായും പ്രതിസന്ധി ഘട്ടങ്ങളില്‍ അവരെ പിന്തുണയ്ക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. സീതാറാം രാജു ഗാരു വിപ്ലവത്തിനായുള്ള മുറവിളി ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു - 'മാനദേ രാജ്യം' അതായത് നമ്മുടെ സംസ്ഥാനം. വന്ദേമാതരത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ശ്രമങ്ങളുടെ മഹത്തായ ഉദാഹരണമാണിത്.
ഇന്ത്യയുടെ ആത്മീയത സീതാറാം രാജു ഗരുവില്‍ അനുകമ്പയും സത്യവും, സമചിത്തത, ആദിവാസി സമൂഹത്തോടുള്ള വാത്സല്യവും അതുപോലെ ത്യാഗവും ധൈര്യവും നിറച്ചു. സീതാറാം രാജു ഗാരു വിദേശ ഭരണത്തിന്റെ ക്രൂരതകള്‍ക്കെതിരെ യുദ്ധം തുടങ്ങുമ്പോള്‍ അദ്ദേഹത്തിന് 24-25 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 27-ാം വയസ്സില്‍ അദ്ദേഹം തന്റെ മാതൃരാജ്യമായ ഇന്ത്യക്ക് വേണ്ടി രക്തസാക്ഷിയായി. റമ്പാ കലാപത്തില്‍ പങ്കെടുത്തവരും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുമായ നിരവധി ചെറുപ്പക്കാര്‍ ഏകദേശം ഒരേ പ്രായക്കാരായിരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്തിന് ഊര്‍ജവും പ്രചോദനവും നല്‍കുന്നവരാണ് സ്വാതന്ത്ര്യ സമരത്തിലെ ഈ യുവ നായകന്മാര്‍. യുവാക്കള്‍ മുന്നോട്ട് വന്ന് രാജ്യത്തിന് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കി.
നവഭാരതത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇന്നത്തെ യുവജനങ്ങള്‍ക്ക് മുന്നോട്ടുവരാനുള്ള ഏറ്റവും നല്ല അവസരമാണിത്. ഇന്ന് രാജ്യത്ത് പുതിയ അവസരങ്ങളുണ്ട്, പുതിയ മാനങ്ങള്‍ തുറക്കുന്നു. പുതിയ ചിന്തയുണ്ട്. ഒപ്പം പുതിയ സാധ്യതകളും പിറവിയെടുക്കുന്നു. ഈ സാധ്യതകള്‍ നിറവേറ്റുന്നതിനായി, നമ്മുടെ ഒരു വലിയ കൂട്ടം യുവാക്കള്‍ ഈ ഉത്തരവാദിത്തങ്ങള്‍ തങ്ങളുടെ ചുമലിലേറ്റി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നു. വീരന്മാരുടെയും ദേശസ്‌നേഹികളുടെയും നാടാണ് ആന്ധ്രാപ്രദേശ്. രാജ്യത്തിന്റെ പതാക രൂപകല്പന ചെയ്ത പിംഗളി വെങ്കയ്യയെപ്പോലുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ ഉണ്ടായിരുന്നു. കനേഗന്തി ഹനുമന്തു, കണ്ടുകുരി വീരേശലിംഗം പന്തുലു, പോറ്റി ശ്രീരാമുലു തുടങ്ങിയ വീരന്മാരുടെ നാടാണിത്. ഇവിടെ ബ്രിട്ടീഷുകാരുടെ അതിക്രമങ്ങള്‍ക്കെതിരെ ഉയ്യലവാഡ നരസിംഹ റെഡ്ഡിയെപ്പോലുള്ള പോരാളികള്‍ ശബ്ദമുയര്‍ത്തി. 'അമൃതകാല'ത്തിലെ ഈ പോരാളികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കേണ്ടത് ഇന്ന് എല്ലാ രാജ്യക്കാരുടെയും, 130 കോടി ഇന്ത്യക്കാരുടെയും ഉത്തരവാദിത്തമാണ്. നമ്മുടെ പുതിയ ഇന്ത്യ അവരുടെ സ്വപ്നങ്ങളുടെ ഇന്ത്യയാകണം; ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പിന്നാക്കക്കാര്‍ക്കും ആദിവാസികള്‍ക്കും തുല്യ അവസരങ്ങളുള്ള ഇന്ത്യയാവണം. കഴിഞ്ഞ എട്ട് വര്‍ഷമായി, ഈ ദൃഢനിശ്ചയം നിറവേറ്റുന്നതിനുള്ള നയങ്ങളും രാജ്യം ഉണ്ടാക്കിയിട്ടുണ്ട്, കൂടാതെ തികഞ്ഞ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. ശ്രീ അല്ലൂരിയുടെയും മറ്റ് പോരാളികളുടെയും ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന്, ആദിവാസി സഹോദരങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി രാജ്യം രാവും പകലും പ്രവര്‍ത്തിച്ചു എന്നത് ശ്രദ്ധേയമാണ്.

സ്വാതന്ത്ര്യ സമരത്തില്‍ ആദിവാസി സമൂഹം നല്‍കിയ അതുല്യമായ സംഭാവനകള്‍ ഓരോ വീട്ടിലും എത്തിക്കാന്‍ അമൃത മഹോത്സവത്തില്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് രാജ്യത്തിന്റെ ഗോത്രവര്‍ഗ പ്രൗഢിയും പൈതൃകവും പ്രകടമാക്കാന്‍ ഗോത്രവര്‍ഗ മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നത്. 'അല്ലൂരി സീതാരാമ രാജു മെമ്മോറിയല്‍ ട്രൈബല്‍ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം' ആന്ധ്രാപ്രദേശിലെ ലംബാസിംഗിയില്‍ നിര്‍മിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍, രാജ്യം ഭഗബന്‍ ബിര്‍സ മുണ്ട ജയന്തി നവംബര്‍ 15 ന് 'ദേശീയ ഗോത്രവര്‍ഗ അഭിമാന ദിനമായി' ആഘോഷിക്കാന്‍ തുടങ്ങി. വിദേശ ഭരണം നമ്മുടെ ആദിവാസികളോട് ഏറ്റവും കടുത്ത അതിക്രമങ്ങള്‍ നടത്തുകയും അവരുടെ സംസ്‌കാരം നശിപ്പിക്കാന്‍ പോലും ശ്രമിക്കുകയും ചെയ്തു. ഇന്ന് നടക്കുന്ന ശ്രമങ്ങള്‍ ആ ത്യാഗപൂര്‍ണമായ ഭൂതകാലത്തെ പ്രകടമാക്കുകയും വരും തലമുറകള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യും. സീതാറാം രാജു ഗാരുവിന്റെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് രാജ്യം ഇന്ന് ആദിവാസി യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. നമ്മുടെ വന സമ്പത്ത് ആദിവാസി സമൂഹത്തിലെ യുവാക്കള്‍ക്ക് തൊഴിലും അവസരങ്ങളും നല്‍കുന്ന ഒരു മാധ്യമമാക്കി മാറ്റാന്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

നൈപുണ്യ ഇന്ത്യ മിഷനിലൂടെ ഇന്ന് ആദിവാസി കലാ-നൈപുണ്യത്തിന് ഒരു പുതിയ വ്യക്തിത്വം ലഭിക്കുന്നു. 'പ്രാദേശികതയ്ക്കായി ശബ്ദമുയര്‍ത്തുക' പദ്ധതി ആദിവാസി പുരാവസ്തുക്കളെ വരുമാന മാര്‍ഗ്ഗമാക്കുന്നു. മുള പോലുള്ള വനോല്‍പന്നങ്ങള്‍ വെട്ടിമാറ്റുന്നതില്‍ നിന്ന് ആദിവാസികളെ തടയുന്ന, ദശാബ്ദങ്ങള്‍ പഴക്കമുള്ള നിയമങ്ങള്‍ മാറ്റി, വന ഉല്‍പന്നങ്ങളുടെമേല്‍ നാം അവര്‍ക്ക് അവകാശം നല്‍കി. ഇന്ന്, വന ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിരവധി പുതിയ ശ്രമങ്ങള്‍ നടത്തുന്നു. എട്ട് വര്‍ഷം മുമ്പ് വരെ 12 വന ഉല്‍പന്നങ്ങള്‍ മാത്രമാണ് എംഎസ്പി നിരക്കില്‍ സംഭരിച്ചിരുന്നത്, എന്നാല്‍ ഇന്ന് 90 ഓളം ഉല്‍പ്പന്നങ്ങള്‍ എംഎസ്പി വാങ്ങല്‍ പട്ടികയില്‍ വനോത്പന്നങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വന്‍ ധന്‍ യോജനയിലൂടെ വനസമ്പത്തിനെ ആധുനിക അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനവും രാജ്യം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, മൂവായിരത്തിലധികം വന്‍ ധന്‍ വികാസ് കേന്ദ്രങ്ങളും 50,000-ലധികം വന്‍ ധന്‍ സ്വയം സഹായ സംഘങ്ങളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഗോത്രവര്‍ഗ ഗവേഷണ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ വികസനത്തിനായി നടത്തുന്ന പ്രചാരണത്തിന്റെ ഫലമായി വലിയ നേട്ടമാണ് ആദിവാസി മേഖലകള്‍ക്ക് ലഭിക്കുന്നത്. ആദിവാസി യുവാക്കളുടെ വിദ്യാഭ്യാസത്തിനായി 750 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷയില്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയത് ആദിവാസി കുട്ടികളെ പഠനത്തില്‍ സഹായിക്കും.

ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിനിടെ അല്ലൂരി സീതാരാമ രാജുവാണ് 'മന്യം വീരുഡു'- 'നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ എന്നെ തടയൂ!' എന്ന രീതിയില്‍ പ്രതികരിച്ചത്. ഇന്ന് രാജ്യവും 130 കോടി ജനങ്ങളും വെല്ലുവിളികളെ അതേ ധൈര്യത്തോടെയും കരുത്തോടെയും ഐക്യത്തോടെയും അഭിമുഖീകരിക്കുകയും 'നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങളെ തടയൂ' എന്ന് പറയുകയും ചെയ്യുന്നു. നമ്മുടെ യുവാക്കള്‍, ആദിവാസികള്‍, സ്ത്രീകള്‍, ദളിതര്‍, സമൂഹത്തിലെ അവശരും പിന്നാക്ക വിഭാഗങ്ങളും എന്നിവര്‍ ചേര്‍ന്ന് രാജ്യത്തെ നയിക്കുമ്പോള്‍, ഒരു പുതിയ ഇന്ത്യയുടെ രൂപീകരണത്തെ തടയാന്‍ ആര്‍ക്കും കഴിയില്ല. സീതാറാം രാജു ഗാരുവിന്റെ പ്രചോദനം ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മെ അനന്തമായ ഉയരങ്ങളില്‍ എത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ മനസ്സോടെ, ആന്ധ്രാ മണ്ണില്‍ നിന്നുള്ള മഹാനായ സ്വാതന്ത്ര്യ സമര സേനാനികളുടെ കാല്‍ക്കല്‍ ഒരിക്കല്‍ കൂടി ഞാന്‍ പ്രണമിക്കുന്നു. സ്വാതന്ത്ര്യ സമര നായകന്മാരെ മറക്കില്ലെന്നും അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും ഇന്നത്തെ പരിപാടിയും ഈ തീക്ഷ്ണതയും ആവേശവും ജനസാഗരവും ലോകത്തോടും നാട്ടുകാരോടും പറയുന്നു. ധീരരായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ നിങ്ങളെ ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി പറയുന്നു.

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

നന്ദി!

-ND-(Release ID: 1839436) Visitor Counter : 136