പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡല്‍ഹിയില്‍ നടന്ന 'ഉദ്യാമി ഭാരത്' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 30 JUN 2022 3:56PM by PIB Thiruvananthpuram

മന്ത്രിസഭയില്‍ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ നാരായണ്‍ റാണെ ജി, ശ്രീ ഭാനു പ്രതാപ് സിംഗ് വര്‍മ്മ ജി, മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍,എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ടു രാജ്യത്തുടനീളമുള്ള എന്റെ സംരംഭക സഹോദരങ്ങളേ, മറ്റു പ്രമുഖരേ, മഹതികളേ മാന്യരേ,


 കുട്ടിക്കാലം മുതല്‍ നാം പഠിച്ച ഒരു വാക്യം, അതു നാമെല്ലാവരും കേട്ടിട്ടുണ്ട്-

 ഉദ്യമേന്‍ ഹി സിധ്യന്തി, കാര്യാണി നാ മനോരഥേ:

 അതായത്, കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം കൈവരികയുള്ളു. വെറുതെ ചിന്തിച്ചാല്‍ ഒന്നും സംഭവിക്കില്ല, ചിന്തിക്കുന്നവര്‍ക്ക് ഒരു കുറവുമില്ല.  ഇന്നത്തെ സാഹചര്യത്തില്‍ ഈ വാക്യത്തിന്റെ വികാരം അല്‍പ്പം മാറ്റുകയാണെങ്കില്‍, 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' വിജയിക്കുമെന്നും ഇന്ത്യ ശാക്തീകരിക്കപ്പെടുന്നത് എംഎസ്എംഇകളുടെ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) സഹായത്തോടെ മാത്രമാണെന്നും ഞാന്‍ പറയും. നിങ്ങള്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ പെട്ടവരാണെങ്കിലും, 21-ാം നൂറ്റാണ്ടില്‍ ഇന്ത്യ കൈവരിക്കാന്‍ പോകുന്ന ഉയരങ്ങളില്‍ നിങ്ങളുടെ പങ്ക് വളരെ നിര്‍ണായകമാണ്.

 രാജ്യത്തെ എംഎസ്എംഇ മേഖല ശക്തമാകേണ്ടത് വളരെ പ്രധാനമാണ്.  ഇന്ത്യയുടെ കയറ്റുമതി തുടര്‍ച്ചയായി വര്‍ദ്ധിക്കുകയും ഉല്‍പ്പന്നങ്ങള്‍ പുതിയ വിപണികളില്‍ എത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍, നിങ്ങളുടെ ഈ കഴിവും ഈ മേഖലയിലെ അനന്തമായ സാധ്യതകളും കണക്കിലെടുത്ത് നമ്മുടെ ഗവണ്‍മെന്റ് തീരുമാനങ്ങള്‍ എടുക്കുകയും പുതിയ നയങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള എല്ലാ ജില്ലകളില്‍ നിന്നും തനതു പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ലോകശ്രദ്ധയില്‍ എത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഇന്ത്യയില്‍ നിര്‍മിക്കൂ മുന്നേ്റ്റത്തിനായി ഒരു പ്രാദേശിക വിതരണ ശൃംഖല സൃഷ്ടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഇത് വിദേശ രാജ്യങ്ങളോടുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കും. അതിനാല്‍, എംഎസ്എംഇ മേഖലയുടെ വിപുലീകരണത്തിന് മുമ്പില്ലാത്തവിധം ഊന്നല്‍ നല്‍കുന്നുണ്ട്.  ഇതിന്റെ ചുവടുപിടിച്ച് വിവിധ പുതിയ പദ്ധതികള്‍ ഇന്ന് ആരംഭിച്ചിട്ടുണ്ട്.  ആയിരക്കണക്കിന് കോടി രൂപയുടെ ഈ പദ്ധതികള്‍ എംഎസ്എംഇകളുടെ ഗുണനിലവാരവും പ്രോത്സാഹനവുമായി ബന്ധപ്പെട്ടതാണ്.  എംഎസ്എംഇ ആവാസവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, ഞങ്ങള്‍ ഏകദേശം 6000 കോടി രൂപയുടെ റാമ്പ് പദ്ധതിയും ആദ്യമായി കയറ്റുമതി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു പദ്ധതിയും പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടി പദ്ധതിയുടെ വ്യാപ്തി വിപുലീകരിക്കാനുള്ള തീരുമാനവും കൊണ്ടുവന്നിട്ടുണ്ട്.  ഗവണ്‍മെന്റിന്റെ ഈ സുപ്രധാന ശ്രമങ്ങള്‍ ഇന്ത്യയിലെ എംഎസ്എംഇകളെ കൂടുതല്‍ ശക്തിപ്പെടുന്നതിനു സഹായിക്കും.

 കുറച്ച് സമയത്തിന് മുമ്പ്, രാജ്യത്തെ 18,000 എംഎസ്എംഇകള്‍ക്കായി 500 കോടിയിലധികം രൂപ നിങ്ങളുടെ മുന്നില്‍ തന്നെ ഡിജിറ്റലായി കൈമാറി.  അതായത് അവരുടെ അക്കൗണ്ടുകളില്‍ പണം എത്തിക്കഴിഞ്ഞു. 50,000 കോടി രൂപയുടെ സ്വാശ്രയ ഇന്ത്യ ഫണ്ടിന് കീഴില്‍ 1400 കോടിയിലധികം രൂപ എംഎസ്എംഇകള്‍ക്കായി അനുവദിച്ചു. എല്ലാ ഗുണഭോക്താക്കളെയും മുഴുവന്‍ എംഎസ്എംഇ മേഖലയെയും ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

വേദിയില്‍ എത്തുന്നതിന് തൊട്ടുമുമ്പ്, ഗവണ്‍മെന്റിന്റെ ഒന്നോ അതിലധികമോ പദ്ധതികളില്‍ നിന്ന് പ്രയോജനം നേടിയ നിരവധി ഗുണഭോക്താക്കളുമായി സംവദിക്കാന്‍ എനിക്ക് അവസരം ലഭിച്ചു.  ഇപ്പോഴിതാ തങ്ങളുടെ കഴിവും കഠിനാധ്വാനവും കഴിവും ഉപയോഗിച്ച് അവര്‍ പുതിയൊരു ലോകം സൃഷ്ടിച്ചിരിക്കുന്നു.

 ആശയവിനിമയത്തിനിടയില്‍, അവരിലെ ആത്മവിശ്വാസം എനിക്ക് കാണാന്‍ കഴിഞ്ഞു. കൂടുതലും ചെറുപ്പക്കാരും അമ്മമാരും സഹോദരിമാരും പെണ്‍മക്കളും ഉണ്ടായിരുന്നു. ആ സംരംഭകരിലെല്ലാം എനിക്ക് ആത്മവിശ്വാസം കാണാനും സ്വാശ്രിത ഇന്ത്യക്കായുള്ള പ്രചാരണത്തിലെ പുതിയ ഊര്‍ജം അനുഭവിക്കാനും കഴിഞ്ഞു. ഒരുപക്ഷേ, എനിക്ക് കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍, ഓരോരുത്തര്‍ക്കും എന്തെങ്കിലും പറയാനുള്ളത് പോലെ ഞാന്‍ അവരോട് മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു.  അവരില്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായ അനുഭവവും ധൈര്യവും ഉണ്ടായിരുന്നു, അവരെല്ലാം അവരുടെ വിജയവും പ്രശസ്തിയും സ്വന്തം കണ്‍മുന്നില്‍ കെട്ടിപ്പടുക്കുന്നത് കണ്ടു. അത് തന്നെ ഒരു അത്ഭുതകരമായ അനുഭവമായിരുന്നു!

 ഇന്ന് പലര്‍ക്കും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. അവാര്‍ഡുകള്‍ ലഭിച്ച സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ഓര്‍ക്കുക, ഒരാള്‍ക്ക് ഒരു അവാര്‍ഡ് ലഭിക്കുമ്പോള്‍, പ്രതീക്ഷകള്‍ പലമടങ്ങ് വര്‍ദ്ധിക്കും. നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ ഒരു വലിയ കുതിച്ചുചാട്ടം നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ പലര്‍ക്കും പ്രചോദനം നല്‍കുന്നു. അതിനാല്‍, നിങ്ങളെ കൂടുതല്‍ മുന്നോട്ട് നയിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക.


 സുഹൃത്തുക്കളേ,

എംഎസ്എംഇയുടെ പൂര്‍ണ്ണ രൂപം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. എന്നാല്‍ ഈ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചാ പാതയുടെ വലിയൊരു സ്തംഭമാണ്.  ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്ന് ഭാഗവും എംഎസ്എംഇ മേഖലയാണ്.  ലളിതമായി പറഞ്ഞാല്‍, ഇന്ത്യ ഇന്ന് 100 രൂപ സമ്പാദിക്കുന്നുണ്ടെങ്കില്‍, 30 രൂപ എംഎസ്എംഇ മേഖലയില്‍ നിന്നാണ്.  Fw-എസ്എംഇ മേഖലയെ ശാക്തീകരിക്കുക എന്നതിനര്‍ത്ഥം സമൂഹത്തെ മുഴുവന്‍ ശാക്തീകരിക്കുകയും വികസനത്തിന്റെ നേട്ടങ്ങളില്‍ എല്ലാവരെയും പങ്കാളികളാക്കുകയും എല്ലാവരെയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നതാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട കോടിക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ നിന്നാണ് വരുന്നത്. അതിനാല്‍, രാജ്യത്തെ എംഎസ്എംഇ മേഖല ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്നാണ്.

 സുഹൃത്തുക്കളേ,

 ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ വേഗതയില്‍ മതിപ്പുളവാക്കുന്നു, നമ്മുടെ എംഎസ്എംഇ മേഖല അതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.  അതുകൊണ്ടാണ് ഇന്ന് സ്ഥൂല സമ്പദ്വ്യവസ്ഥയുടെ കരുത്തിന് എംഎസ്എംഇകള്‍ അനിവാര്യമായിരിക്കുന്നത്.  ഇന്ത്യ ഇന്ന് കയറ്റുമതി ചെയ്യുന്നതിന്റെ വലിയൊരു ഭാഗവും എംഎസ്എംഇ മേഖലയാണ്.  അതുകൊണ്ടാണ് ഇന്ന് പരമാവധി കയറ്റുമതിക്ക് എംഎസ്എംഇകള്‍ അനിവാര്യമായിരിക്കുന്നത്. എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്തുന്നതിന്, കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നമ്മുടെ ഗവണ്‍മെന്റ് ബജറ്റു വിഹിതം 650 ശതമാനത്തിലധികം വര്‍ധിപ്പിച്ചു. അതിനാല്‍, ഞങ്ങളെ സംബന്ധിച്ചിടത്തോളം, എംഎസ്എംഇ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പരമാവധി പിന്തുണ എന്നാണ്.

 11 കോടിയിലധികം ആളുകള്‍ ഈ മേഖലയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നു.  അതുകൊണ്ടാണ് ഇന്ന് പരമാവധി തൊഴില്‍ നല്‍കുന്നതിന് എംഎസ്എംഇകള്‍ വളരെ നിര്‍ണായകമായിരിക്കുന്നത്.  അതിനാല്‍, 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി നമ്മെ ബാധിച്ചപ്പോള്‍, നമ്മുടെ ചെറുകിട സംരംഭങ്ങളെ സംരക്ഷിക്കാനും അവയ്ക്ക് പുതിയ ശക്തി നല്‍കാനും ഞങ്ങള്‍ തീരുമാനിച്ചു. അടിയന്തര വായ്പാ പദ്ധതിക്കു കീഴില്‍ കേന്ദ്ര ഗവണ്‍മെന്റ് 3.5 ലക്ഷം കോടി രൂപ എംഎസ്എംഇകള്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്.

 ഏകദേശം 1.5 കോടി തൊഴിലവസരങ്ങള്‍ ഇതുമൂലം രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.  ഇതൊരു വലിയ കണക്കാണ്. ഈ കണക്ക് ലോകത്തിലെ പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ദുരന്തസമയത്ത് ലഭിച്ച ഈ സഹായം ഇന്ന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് രാജ്യത്തെ എംഎസ്എംഇ മേഖലയെ പ്രോത്സാഹിപ്പിക്കുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍, എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി പദ്ധതി അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടുന്നതും ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1000 രൂപയില്‍ നിന്നാണ് തുക വര്‍ധിപ്പിച്ചത്.  50,000 കോടിയില്‍ നിന്ന് 5 ലക്ഷം കോടിയിലേക്ക്. അതായത് 10 മടങ്ങ് കൂടുതല്‍.

 സുഹൃത്തുക്കളേ,

 'സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെ്' നമ്മുടെ എംഎസ്എംഇകള്‍ ഇന്ത്യയുടെ ബൃഹത്തായ സ്വാശ്രയ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. ഈ മേഖലയുടെ ശക്തിയില്‍ മുന്‍ ഗവണ്‍മെന്റുകള്‍ക്ക് വിശ്വാസമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നത് അതിന്റെ വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് അവര്‍ ഈ മേഖലയെ ഒരു വിധത്തില്‍ ചങ്ങലയില്‍ നിര്‍ത്തി. അവസരങ്ങള്‍ നോക്കി മുന്നോട്ടു പോകേണ്ടത് അവരായിരുന്നു. ഇവിടെ, ചെറുകിട വ്യവസായങ്ങളെ ചെറുതായി നിലനിര്‍ത്തി, അവയ്ക്ക് എത്ര സാധ്യതയുണ്ടെങ്കിലും! ചെറുകിട വ്യവസായങ്ങള്‍ക്ക് ഒരു ചെറിയ നിര്‍വചനം നിശ്ചയിച്ചു. അതിനാല്‍, നിങ്ങളുടെ വിറ്റുവരവ് നിശ്ചയിച്ച പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍, നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് നിര്‍ത്തുമെന്ന സമ്മര്‍ദ്ദം എല്ലായ്പ്പോഴും നിങ്ങളുടെ മേല്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സാധ്യത ഉണ്ടായിട്ടും അവര്‍ വളരാന്‍ ആഗ്രഹിക്കാത്തത്. ചിലര്‍ വളര്‍ന്നാലും അത് കടലാസില്‍ കാണിക്കില്ല. ഞാന്‍ സംസാരിക്കുന്നത് മറ്റുള്ളവരെക്കുറിച്ചാണ്, നിങ്ങളെയല്ല. നിങ്ങള്‍ക്ക് നല്ല ലക്ഷ്യമുണ്ട്.

 കൂടാതെ ഇത് തൊഴിലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.  കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിവുള്ള കമ്പനികള്‍ അങ്ങനെ ചെയ്തില്ല, കാരണം അത് സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള പരിധികള്‍ മറികടക്കും! എണ്ണം വര്‍ധിച്ചാല്‍ നിശ്ചയിച്ച പരിധികള്‍ മറികടക്കുന്നതിനെ അവര്‍ ഭയപ്പെട്ടു. ഈ ചിന്താ പ്രക്രിയയും അത്തരം നയങ്ങളും കാരണം പല വ്യവസായങ്ങളുടെയും വികസനവും പുരോഗതിയും തടസ്സപ്പെട്ടു.

 ഈ തടസ്സം മറികടക്കാന്‍ ഞങ്ങള്‍ എംഎസ്എംഇകളുടെ നിര്‍വചനം മാറ്റി. കൂടാതെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ആവശ്യങ്ങളും ഏറ്റെടുത്തു. ഈ സംരംഭങ്ങള്‍ വളരുമെന്നും ആവശ്യമായ ആനുകൂല്യങ്ങളും പിന്തുണയും തുടര്‍ന്നും ലഭിക്കുമെന്നും ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.  ഏതെങ്കിലും വ്യവസായം വളരാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കുക മാത്രമല്ല, നയങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു.

 ഇന്ന് അത് മൊത്തക്കച്ചവടക്കാരായാലും ചില്ലറ വ്യാപാരികളായാലും ചില്ലറ കച്ചവടക്കാരായാലും;  ഇവരെല്ലാം എംഎസ്എംഇയുടെ പുതിയ നിര്‍വചനത്തിന് കീഴിലുള്ള മുന്‍ഗണനാ മേഖലയിലുള്ള വായ്പകള്‍ പ്രയോജനപ്പെടുത്തുന്നു. അതിന്റെ അര്‍ത്ഥമെന്താണെന്ന് നിങ്ങള്‍ക്കറിയാം;  നിര്‍മ്മാണ മേഖലയും സേവന മേഖലയും തമ്മിലുള്ള വ്യത്യാസവും നീക്കം ചെയ്തു. ഇന്ന്, ജിഎം വഴി സര്‍ക്കാരിന് ചരക്കുകളും സേവനങ്ങളും നല്‍കുന്നതിനുള്ള ഒരു വലിയ വേദി എംഎസ്എംഇകള്‍ക്ക് ലഭിച്ചിട്ടുണ്ട്.  നിങ്ങളുടെ എല്ലാ സുഹൃത്തുക്കളോടും എംഎസ്എംഇ മേഖലയിലെ നിങ്ങളുടെ സംഘടനകളോടും ചെറുകിട സംരംഭകരോടും തീര്‍ച്ചയായും ജെം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറയണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഗവണ്‍മെന്റിന് എന്തെങ്കിലും വാങ്ങണമെങ്കില്‍, അത് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം. നിങ്ങള്‍ക്ക് ആ ഉല്‍പ്പന്നം നല്‍കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ പറഞ്ഞാല്‍, അത് മറ്റേതെങ്കിലും വില്‍പ്പനക്കാരനെ അന്വേഷിക്കും. സര്‍ക്കാര്‍ വലിയ വാങ്ങലുകാരാണ്. ഇതിന് വിവിധ വസ്തുക്കളും കൂടുതലും നിങ്ങള്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കളും ആവശ്യമാണ്. അതുകൊണ്ടാണ് നിങ്ങള്‍ ജെം പോര്‍ട്ടലില്‍ ഒരു ദൗത്യ മനോഭാവത്തോടെ പ്രചാരണം നടത്തണമെന്നു ഞാന്‍ ആഗ്രഹിക്കുന്നത്.  ഇന്ന് ആ പോര്‍ട്ടലില്‍ ഏകദേശം 50-60 ലക്ഷം വില്‍പ്പനക്കാരുണ്ട്. എന്തുകൊണ്ടാണ് നമുക്ക് ആ സംഖ്യ മൂന്ന്-നാല് കോടിയായി ഉയര്‍ത്താന്‍ കഴിയാത്തത്?  ഈ രീതിയില്‍, ഗവണ്‍മെന്റിനു പോലും ഒന്നിലധികം സാധ്യതകളും കാര്യങ്ങളുടെ തിരഞ്ഞെടുപ്പുകളും ഉണ്ടാകും.

 നോക്കൂ, നേരത്തെ ഗവണ്‍മെന്റ് സംഭരണ കാര്യത്തില്‍ എംഎസ്എംഇകള്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. വമ്പിച്ച ടെന്‍ഡര്‍ നിരതദ്രവ്യം പോലുള്ള കടുത്ത ആവശ്യകതകള്‍ ഉള്ളതിനാല്‍ അവര്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടായി. അതിനാല്‍ ആ പാവം അത് മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു തെര്‍മോസ് വില്‍ക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പോലും, സര്‍ക്കാരിന് അത് ജെം പോര്‍ട്ടല്‍ വഴി വാങ്ങാം.

എന്റെ ഓഫീസില്‍ ഒരിക്കല്‍ എനിക്ക് ഒരു തെര്‍മോസ് ആവശ്യമായിരുന്നു, അതിനാല്‍ ഞങ്ങള്‍ ജെം പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തു. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു സ്ത്രീ അത് എനിക്ക് വില്‍ക്കാന്‍ തയ്യാറായി.  കൂടാതെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഒരു തെര്‍മോസ് വന്നു. അവര്‍ക്ക് പണം കിട്ടി, ആ തെര്‍മോസില്‍ നിന്ന് എനിക്ക് ചൂട് ചായ കുടിക്കാന്‍ കിട്ടി. ഇതാണ് ജെം പോര്‍ട്ടലിന്റെ ശക്തി. ഇത് നിങ്ങളുടെ നേട്ടത്തിന് വേണ്ടിയാണ്. അത് പരമാവധി പ്രയോജനപ്പെടുത്തണം.

 രണ്ടാമതായി, നമ്മുടെ ഗവണ്‍മെന്റ് മറ്റൊരു സുപ്രധാന തീരുമാനമെടുത്തിട്ടുണ്ട്, അതായത് 200 കോടി രൂപ വരെയുള്ള ഗവണ്‍മെന്റ് സംഭരണങ്ങളില്‍ ആഗോള ടെന്‍ഡര്‍ അനുവദിക്കില്ല. ഇതിനര്‍ത്ഥം, ഇത് ഒരു തരത്തില്‍ നിങ്ങള്‍ക്കുള്ള സംവരണമാണ് ആണ്. എന്നാല്‍ അത് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇടയാക്കരുത്.  ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്താലും ഗവണ്‍മെന്റ് വാങ്ങാന്‍ നിര്‍ബന്ധിതരാകുമെന്ന് ദയവായി കരുതരുത്. പകരം 200 കോടിയില്‍ നിന്ന് 500 കോടിയായി ഉയര്‍ത്താന്‍ ഗവണ്‍മെന്റിനെ നിര്‍ബന്ധിതമാക്കുന്നതിന് നിങ്ങളുടെ കഴിവുകള്‍ കാണിക്കുക. ഇത് 500 കോടി രൂപയായി ഉയര്‍ത്താന്‍ ഞങ്ങള്‍ തയ്യാറാണ്.  ആരോഗ്യകരമായ ഒരു മത്സരത്തിലേക്ക് നമുക്ക് നീങ്ങാം.

 സുഹൃത്തുക്കളേ,

 ആഗോള വിപണിയിലും, എംഎസ്എംഇ വ്യവസായത്തിന് തുടര്‍ച്ചയായ പ്രോത്സാഹനം നല്‍കിക്കൊണ്ട് അത് രാജ്യത്തിന് അഭിമാനമേകുന്നു.  ഈ ദിശയില്‍, 'ആദ്യത്തെ എംഎസ്എംഇ കയറ്റുമതിക്കാര്‍'ക്കായി പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അത് സാമ്പത്തിക സഹായമോ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട സഹായമോ ആകട്ടെ, ഈ സൗകര്യങ്ങള്‍ 'ആദ്യത്തെ കയറ്റുമതിക്കാര്‍ക്ക്' കയറ്റുമതി പ്രക്രിയ എളുപ്പമാക്കും. നമ്മുടെ ഭൂരിഭാഗം ആളുകളും ആഗോള വിപണിയിലേക്ക് നോക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഫാക്ടറി വളരെ ചെറുതാണെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വളരെ ചെറുതാണെങ്കില്‍ വിഷമിക്കേണ്ട.  വിഷമിക്കേണ്ട, തിരയുന്നത് തുടരുക. നിങ്ങളുടെ ഉല്‍പ്പന്നത്തിനായി ലോകത്ത് ആരെങ്കിലും കാത്തിരിക്കും.

 വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എന്റെ ദൗത്യങ്ങളോട് അവര്‍ ചെയ്തുവരുന്ന നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മൂന്ന് ജോലികള്‍ കൂടി ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് അധിക കാര്യങ്ങള്‍ ഉപയോഗിച്ച് ഞാന്‍ ദൗത്യങ്ങളെ വിലയിരുത്തും: ഒന്ന് - വ്യാപാരം, രണ്ടാമത്തേത് - സാങ്കേതികവിദ്യ, മൂന്നാമത് - വിനോദസഞ്ചാരം. നിങ്ങള്‍ ഒരു രാജ്യത്ത് ഇന്ത്യയുടെ പ്രതിനിധിയാണെങ്കില്‍, ആ രാജ്യം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത മൊത്തം സാധനങ്ങള്‍ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.  ഞാന്‍ ഈ അക്കൗണ്ട് സൂക്ഷിക്കും.

 രണ്ടാമതായി, അവര്‍ക്ക് ആ രാജ്യത്ത് നിന്ന് എന്തെങ്കിലും നല്ല സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ ഇല്ലയോ എന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  അവരുടെ പ്രയത്നങ്ങള്‍ വിലയിരുത്തപ്പെടും. മൂന്നാമതായി അളക്കേണ്ടത് ആ രാജ്യത്ത് നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന ആളുകളുടെ എണ്ണമാണ്.  ഓരോ ദൗത്യവും ഈ മൂന്ന് കാര്യങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നു.  എന്നാല്‍ നിങ്ങള്‍ ദൗത്യവുമായി ബന്ധപ്പെടുന്നില്ലെങ്കില്‍, നിങ്ങളുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ച് അവരെ അറിയിച്ചില്ലെങ്കില്‍, ദൗത്യങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ എന്ത് ചെയ്യും?  നിങ്ങളെ സഹായിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാണ്. എന്നാല്‍ നിങ്ങളുടെ ഗ്രാമത്തിലും സംസ്ഥാനത്തും രാജ്യത്തും നിങ്ങളുടെ ബ്രാന്‍ഡ് വില്‍ക്കുന്നതിനുപകരം, നിങ്ങള്‍ ആഗോളതലത്തില്‍ പോകേണ്ടതുണ്ട്. ഇന്ന്, നിങ്ങളുടെ ബ്രാന്‍ഡ് ആഗോളവല്‍ക്കരിക്കപ്പെടുന്നതിന്റെ സ്വപ്നങ്ങള്‍ നിങ്ങള്‍ക്കൊപ്പം കൊണ്ടുപോകണം.  അടുത്ത തവണ, ആദ്യം 5 രാജ്യങ്ങളില്‍ എത്തിയിരുന്ന നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ 50 രാജ്യങ്ങളിലേക്ക് വര്‍ദ്ധിച്ചോ ഇല്ലയോ എന്ന് ഞാന്‍ ചോദിക്കും. അത് സൗജന്യമായി നല്‍കരുത്, വിറ്റ് പണം സമ്പാദിക്കണം.

 സുഹൃത്തുക്കളേ,

 രാജ്യത്തെ എംഎസ്എംഇ സംരംഭകരെയും കുടില്‍ വ്യവസായവുമായി ബന്ധപ്പെട്ട കരകൗശല വിദഗ്ധരെയും കൈത്തറി, കരകൗശല വസ്തുക്കളെയും നമ്മുടെ ഗവണ്‍മെന്റ് വിശ്വസിക്കുന്നതിനാലാണ് കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ എംഎസ്എംഇ മേഖല ഇത്രയധികം വികസിച്ചത്.  ഞങ്ങളുടെ ഉദ്ദേശവും ആത്മാര്‍ത്ഥതയും വളരെ വ്യക്തവും ഫലങ്ങള്‍ ദൃശ്യവുമാണ്. പ്രധാനമന്ത്രിയുടെ തൊഴില്‍ ഉല്‍പാദന പദ്ധതിയിലൂടെ ഞങ്ങള്‍ എങ്ങനെ ഒരു മാറ്റം കൊണ്ടുവന്നു എന്നതിന്റെ ഒരു ഉദാഹരണം ഞാന്‍ നിങ്ങള്‍ക്ക് തരാം. 2008ല്‍, രാജ്യവും ലോകവും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നപ്പോള്‍, ഈ പദ്ധതി നടപ്പാക്കി. അടുത്ത 4 വര്‍ഷത്തിനുള്ളില്‍ അതായത് 2008 മുതല്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് അന്ന് അവകാശപ്പെട്ടത്.  എന്നാല്‍ 4 വര്‍ഷം കഴിഞ്ഞിട്ടും ലക്ഷ്യത്തിന്റെ പകുതിയില്‍പ്പോലും എത്താന്‍ അന്നത്തെ ഗവണ്‍മെന്റിന് കഴിഞ്ഞില്ല.

 2014 ന് ശേഷം, ഞങ്ങള്‍ പുതിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുകയും പുതിയ രീതികള്‍ സ്വീകരിക്കുകയും രാജ്യത്തെ എംഎസ്എംഇകളുടെയും യുവജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കായി ഒരു പുതിയ ഊര്‍ജ്ജത്തോടെ ഈ പദ്ധതി നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് കൊറോണ പ്രതിസന്ധി ലോകത്തെ ബാധിച്ചു. മറ്റു പല പ്രതിസന്ധികളും ഒന്നിനു പുറകെ ഒന്നായി വന്നു. ലോകമെമ്പാടുമുള്ള സാഹചര്യങ്ങള്‍ നിങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നു.  ഇതൊക്കെയാണെങ്കിലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പദ്ധതിക്ക് കീഴിലും എംഎസ്എംഇ വഴിയും 40 ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിച്ചു.

 ഈ കാലയളവില്‍ ഏകദേശം 14,000 കോടി രൂപയുടെ സബ്സിഡി ഈ സംരംഭങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് പുതിയ സംരംഭങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവന്നു. രാജ്യത്തെ യുവാക്കള്‍ക്ക് വന്‍തോതില്‍ തൊഴില്‍ നല്‍കുന്നതിന്, ഈ പദ്ധതിക്ക് ഇന്ന് പുതിയ മാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ്.  ഇപ്പോള്‍, ഈ പദ്ധതിക്കു കീഴിലുള്ള പദ്ധതികളും അതിന്റെ ചെലവ് പരിധിയും വര്‍ദ്ധിപ്പിച്ചു. ഉല്‍പ്പാദന മേഖലയില്‍ 25 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായും സേവന മേഖലയില്‍ 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു, അതായത് ഇരട്ടി തുക!

 മാത്രമല്ല, 100ല്‍ കൂടുതല്‍ വികസന അഭിലാഷ ജില്ലകളെ ഞങ്ങള്‍ ഇന്ന് ആദരിച്ചു. നമ്മുടെ അഭിലാഷ ജില്ലകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് നിങ്ങള്‍ കണ്ടിരിക്കണം. മുമ്പ് സംസ്ഥാനങ്ങള്‍ പോലും അവഗണിച്ച ജില്ലകള്‍ ഇന്ന് രാഷ്ട്രം ആദരിക്കുന്ന തരത്തില്‍ ശക്തമായി മാറിയിരിക്കുന്നു. ഒരു മാറ്റം എങ്ങനെ സംഭവിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. അഭിലാഷ ജില്ലയിലെ യുവാക്കളെ നാം സഹായിക്കണം.  കൂടാതെ, നമ്മുടെ രാജ്യത്ത് മറ്റൊരു വലിയ സംരംഭം കൂടി ആരംഭിച്ചിരിക്കുന്നു. ആദ്യമായി, നമ്മുടെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് ഒരു പ്രത്യേക പദവി നല്‍കി, അവര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നതിനും അവരുടെ കഴിവുകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. ഞങ്ങള്‍ ആ ദിശയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

 നമ്മള്‍ കണ്ടുകൊണ്ടിരുന്ന സിനിമയും ശരിയായ നയങ്ങളും എല്ലാവരുടെയും പ്രയത്നവും ഉണ്ടെങ്കില്‍ വലിയൊരു മാറ്റം എങ്ങനെ സംഭവിക്കും എന്നതിന്റെ മികച്ച ഉദാഹരണം കാണിക്കുന്നു. അതാണ് നമ്മുടെ ഖാദി വ്യവസായം. സ്വാതന്ത്ര്യത്തിന്റെ തുടക്കത്തില്‍ ഖാദിക്ക് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു.  ക്രമേണ ഖാദി ചുരുങ്ങി നേതാക്കളുടെ മാത്രം വേഷമായി മാറി.  അത് നേതാക്കളില്‍ മാത്രം ഒതുങ്ങി.  അവര്‍ നീണ്ട ഖാദി കുര്‍ത്ത ധരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കും. അതായിരുന്നു രംഗം. എന്നാല്‍ ആ ഖാദി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചു.  മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന നയങ്ങള്‍ രാജ്യത്തിന് നന്നായി അറിയാം.

 ഇപ്പോഴിതാ ആദ്യമായി ഖാദി ഗ്രാമവ്യവസായത്തിന്റെ വിറ്റുവരവ് ഒരു ലക്ഷം കോടി കവിഞ്ഞു.  നമ്മുടെ ചെറുകിട സംരംഭകരും സഹോദരിമാരും പെണ്‍മക്കളും ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്തതിനാലാണ് ഇത് സാധ്യമായത്.  കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഖാദിയുടെ വില്‍പ്പന 4 മടങ്ങ് വര്‍ധിച്ചു.  കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഖാദി, ഗ്രാമ വ്യവസായ മേഖലകളില്‍ ഒന്നര കോടിയിലധികം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.  ഇപ്പോള്‍ ഇന്ത്യയുടെ ഖാദി ലോക്കലില്‍ നിന്ന് ആഗോളതലത്തിലേക്ക് പോകുന്നു.  വിദേശ ഫാഷന്‍ ബ്രാന്‍ഡുകളും ഖാദിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അതില്‍ നമുക്ക് വിശ്വാസമുണ്ടായിരിക്കണം. നമ്മള്‍ അതില്‍ വിശ്വാസമൊന്നും കാണിക്കുന്നില്ലെങ്കില്‍, ലോകം എന്തിന് വിശ്വസിക്കണം?  വീട്ടില്‍ നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ പ്രദേശത്തെ ആളുകള്‍ നിങ്ങളുടെ കുട്ടിയെ ബഹുമാനിക്കുമെന്ന് നിങ്ങള്‍ക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും? പുതിയ വിപണികള്‍ക്കായി, പുതിയ മേഖലകള്‍ക്കായി പുതിയ വഴികള്‍ സൃഷ്ടിക്കപ്പെട്ടു, ചെറുകിട വ്യവസായങ്ങള്‍ അതിന്റെ പ്രയോജനം നേടുന്നു.

 സുഹൃത്തുക്കളേ,

 നമ്മുടെ ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും നഗരങ്ങളിലെയും ദരിദ്രരായ കുടുംബങ്ങള്‍ക്ക് ഇന്ന് സംരംഭകത്വം ഒരു എളുപ്പമുള്ള സാധ്യതയായി മാറുകയാണ്. വായ്പ കിട്ടാനുള്ള എളുപ്പമാണ് ഇതിന് ഒരു പ്രധാന കാരണം. 2014-ന് മുമ്പ് ഇന്ത്യയിലെ ബാങ്കുകളുടെ പടിവാതില്‍ക്കല്‍ എത്താന്‍ സാധാരണക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഈട് ഇല്ലാതെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നത് മിക്കവാറും അസാധ്യമായിരുന്നു.  ഗ്രാമത്തിലെ ദരിദ്രര്‍ക്കും ഭൂരഹിതര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ചെറുകിട കടയുടമകള്‍ക്കും ഈടില്ലാതെ ആരാണ് വായ്പ നല്‍കുന്നത്? അയാള്‍ക്ക് പണമിടപാടുകാരന്റെ അടുത്തേക്ക് പോകേണ്ടിവന്നു. ബാങ്കുകള്‍ അവര്‍ക്ക് വായ്പ നല്‍കിയില്ല. അതിനാല്‍, അവര്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് പണം എടുക്കേണ്ടിവന്നു, പക്ഷേ അസാധാരണമായ ഉയര്‍ന്ന പലിശനിരക്ക് അവരെ തളര്‍ത്തും. കടത്തിന്റെ ഭാരത്താല്‍ അവര്‍ തകര്‍ന്നു. അതിനാല്‍ വളരെ പ്രതിരോധ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതനായി. ഇത്തരമൊരു സാഹചര്യത്തില്‍ ഗ്രാമത്തില്‍ താമസിക്കുന്ന ദരിദ്രരും അധഃസ്ഥിതരും അവശത അനുഭവിക്കുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരും പിന്നാക്കക്കാരും ആദിവാസികളും അവരുടെ ആണ്‍മക്കളും പെണ്‍മക്കളും സ്വയംതൊഴിലിനെക്കുറിച്ച് ചിന്തിച്ചുപോലുമില്ല. അവര്‍ക്ക് തൊഴിലിനായി നഗരങ്ങളിലേക്ക് പോകേണ്ടിവന്നു, ചേരികളില്‍ താമസിക്കേണ്ടിവന്നു. ഇപ്പോള്‍, നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടി ഞങ്ങള്‍ പുതിയ സാധ്യതകള്‍ കൊണ്ടുവന്നിരിക്കുന്നു. ആ പരിമിതമായ സാധ്യതകളില്‍ നിന്ന് അവരെ പുറത്തെടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

 സുഹൃത്തുക്കളേ,

 ഇത്രയും വിശാലമായ ഒരു രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനം സാധ്യമാകുന്നത് എല്ലാവരേയും ഒപ്പം കൂട്ടിക്കൊണ്ടുതന്നെയാണ്.  അതുകൊണ്ട് 2014-ല്‍, ' എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിന്' എന്ന മന്ത്രം പിന്തുടര്‍ന്ന്, ഈ വ്യാപ്തി വിപുലീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഇതിനായി ഞങ്ങള്‍ പരിഷ്‌കാരങ്ങളുടെ പാത തിരഞ്ഞെടുത്തു. പുതിയ സ്ഥാപനങ്ങള്‍ സൃഷ്ടിക്കല്‍, നൈപുണ്യ വികസനം, വായ്പാ ലഭ്യത. ഓരോ ഇന്ത്യക്കാരനും സംരംഭകത്വം എളുപ്പമാക്കുന്നതില്‍ മുദ്ര യോജനയ്ക്ക് വലിയ പങ്കുണ്ട്. ഈട് ഇല്ലാതെയുള്ള ഈ ബാങ്ക് വായ്പാ പദ്ധതി രാജ്യത്തെ ദളിത്, ആദിവാസി അല്ലെങ്കില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരു വലിയ വിഭാഗം വനിതാ സംരംഭകരെയും സംരംഭകരെയും സൃഷ്ടിച്ചു. പുതിയ പ്രദേശങ്ങളിലും വിദൂര ഗ്രാമങ്ങളിലും ഈ വിഭാഗം വന്നിട്ടുണ്ട്.

 ഇതുവരെ ഏകദേശം 19 ലക്ഷം കോടി രൂപ ഈ പദ്ധതിയില്‍ വായ്പയായി നല്‍കിയിട്ടുണ്ട്. വായ്പയെടുത്തവരില്‍ 7 കോടിയോളം സംരംഭകരുണ്ട്, അവര്‍ ആദ്യമായി ഒരു വ്യവസായം തുടങ്ങി പുതിയ സംരംഭകരായി. അതായത്, മുദ്ര യോജനയുടെ സഹായത്തോടെ 7 കോടിയിലധികം ആളുകള്‍ ആദ്യമായി സ്വയം തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, ചിലര്‍ ഒരാള്‍ക്ക്, ചിലര്‍ക്ക് രണ്ട് പേര്‍ക്ക് അല്ലെങ്കില്‍ മൂന്ന് പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്.  ഇപ്പോള്‍ അവര്‍ തൊഴിലന്വേഷകരല്ല, മറിച്ച് തൊഴില്‍ സൃഷ്ടാക്കളായി മാറിയിരിക്കുന്നു.

 സുഹൃത്തുക്കളേ,

 മുദ്ര പദ്ധതിക്കു കീഴില്‍ നല്‍കിയ 36 കോടി വായ്പകളില്‍ 70 ശതമാനവും വനിതാ സംരംഭകര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നതാണ് പദ്ധതിയുടെ മറ്റൊരു രസകരമായ കാര്യം. അത് വലിയ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും കാര്യമാണ്.  രാജ്യം എങ്ങനെ രൂപാന്തരപ്പെടുകയും വളരുകയും ചെയ്യുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ഒന്നു ചിന്തിച്ചു നോക്കു!  ഞങ്ങളുടെ നിരവധി സഹോദരിമാരും പെണ്‍മക്കളും ഈ ഒരു പദ്ധതിയിലൂടെ സംരംഭകരായി മാറുകയും സ്വയം തൊഴില്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.  തല്‍ഫലമായി, അവര്‍ ആത്മവിശ്വാസം വളര്‍ത്തിയെടുത്തു. കുടുംബത്തിലും സമൂഹത്തിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.

 സുഹൃത്തുക്കളേ,

 എംഎസ്എംഇ മേഖല പൂര്‍ണമായും ഔപചാരികമായിരിക്കില്ലെങ്കിലും വായ്പയിലേക്കുള്ള പ്രവേശനം ഔപചാരികമാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വിലയിരുത്തുന്നവര്‍ ഈ വശം അധികം ചര്‍ച്ച ചെയ്യാറില്ല. മുമ്പ് മൈക്രോഫിനാന്‍സായി കണക്കാക്കപ്പെട്ടിരുന്ന 10-20 ആയിരം രൂപയെക്കുറിച്ചല്ല നമ്മള്‍ സംസാരിക്കുന്നത്.  50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള ഈടുരഹിത വായ്പയയെക്കുറിച്ചാണ് നമ്മള്‍ ഇവിടെ സംസാരിക്കുന്നത്. അത് ഇന്ന് വനിതാ സംരംഭകരിലേക്ക് എത്തുന്നു.

 അതായത്, നേരത്തെ വനിതാ സംരംഭകത്വത്തിനുള്ള സൂക്ഷ്മ വായ്പ മൃഗസംരക്ഷണത്തിനും എംബ്രോയ്ഡറി നെയ്ത്തിനും മാത്രമായിരുന്നു നല്‍കിയിരുന്നത്. ഞങ്ങള്‍ ഗുജറാത്തിലായിരുന്നപ്പോള്‍ ചിലപ്പോഴൊക്കെ ഗവണ്‍മെന്റിന്റെ ഇത്തരം പദ്ധതികളെക്കുറിച്ച് കേള്‍ക്കാറുണ്ടായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. കോഴികളെ വാങ്ങാന്‍ അവര്‍ പണം നല്‍കുകയും ഈ കോഴികള്‍ ഇത്രയധികം കോഴികളെയും മുട്ടകളെയും ഉത്പാദിപ്പിക്കുമെന്ന് പറയുകയും ചെയ്യും. പിന്നെ ആ പാവം കടം വാങ്ങി അഞ്ച് കോഴികളെ വാങ്ങിയിരുന്നു. എന്നാല്‍ വൈകുന്നേരം ചില ഉദ്യോഗസ്ഥര്‍ വരും, രാത്രി താമസിക്കാന്‍ ആഗ്രഹിക്കുന്നു. ഒരു രാത്രി താമസിച്ചാല്‍ അഞ്ച് കോഴികളില്‍ രണ്ടെണ്ണം പോയി.  നാമെല്ലാം കണ്ടതാണ്, അല്ലേ?

 ഇന്ന് കാലം മാറിയിരിക്കുന്നു സുഹൃത്തുക്കളേ. മുമ്പ് എല്ലാം വ്യത്യസ്തമായിരുന്നു. മുദ്ര പദ്ധതിയിലൂടെ ഞങ്ങള്‍ മുഴുവന്‍ സ്ഥിതിയും മാറ്റി. ഞങ്ങള്‍ അവരെ ശക്തരും ആത്മവിശ്വാസമുള്ളവരുമാക്കി. നിങ്ങള്‍ക്ക് 10 ലക്ഷം രൂപ വേണമെങ്കില്‍, അത് എടുത്ത് അതില്‍ നിന്ന് എന്തെങ്കിലും ചെയ്യുക. ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊത്തം എംഎസ്എംഇകളില്‍ ഏകദേശം 18 ശതമാനം സ്ത്രീകളാണ് എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അത് അതിശയകരമാണ്! ഈ പങ്കാളിത്തം ഇനിയും വര്‍ദ്ധിക്കണമെങ്കില്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.

സുഹൃത്തുക്കളേ,

 സംരംഭകത്വത്തിലെ ഈ ഉള്‍പ്പെടുത്തല്‍, ഈ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സാമൂഹിക നീതിയാണ്. വഴിയോര കച്ചവടക്കാരോ റെയില്‍ പാളത്തില്‍ പണിയെടുക്കുന്നവരോ ആയ ആളുകള്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വര്‍ഷങ്ങളോളം ബാങ്ക് മാനേജര്‍ക്ക് പച്ചക്കറികളോ പത്രങ്ങളോ എത്തിച്ചുകൊടുക്കുന്ന ഒരാള്‍ക്ക് ഒരിക്കലും അയാളുടെ ബാങ്കില്‍ നിന്ന് വായ്പ ലഭിച്ചിട്ടില്ലെന്ന് ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്നു. അതിനര്‍ത്ഥം അയാള്‍ അവരെ വിശ്വസിച്ചില്ല എന്നല്ല, മറിച്ച് അവര്‍ക്കു രക്ഷപ്പെടാന്‍ കഴിയാത്ത അത്തരമൊരു സാഹചര്യം സൃഷ്ടിച്ച മാനസികാവസ്ഥയും ചിന്തയും കാരണമാണ്.

 ഇന്ന് ചെറുകിട വഴിയോരക്കച്ചവടക്കാര്‍ ബാങ്കുകളില്‍ ചെല്ലുകയും അവര്‍ക്ക് ഒരു ജാമ്യവുമില്ലാതെ പണം നല്‍കുകയും ഇതിനെ സ്വാനിധി എന്ന് വിളിക്കുകയും ചെയ്യുന്നു. ഇന്ന്, പ്രധാനമന്ത്രി സ്വാനിധി യോജനയ്ക്ക് കീഴില്‍, അത്തരം ലക്ഷക്കണക്കിന് സുഹൃത്തുക്കള്‍ വായ്പ നേടുക മാത്രമല്ല, അവരുടെ ചെറുകിട ബിസിനസുകള്‍ വലുതാക്കാനുള്ള വഴിയും കണ്ടെത്തി.  ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ഒരു സുഹൃത്തിനെപ്പോലെ വരുന്ന ഈ ആളുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുകയും അവരുടെ കുടുംബത്തെ ദാരിദ്ര്യത്തിന്റെ വലയത്തില്‍ നിന്ന് കരകയറ്റാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു.

 പച്ചക്കറി കച്ചവടക്കാരും പാല്‍ കച്ചവടക്കാരും മറ്റ് വഴിയോര കച്ചവടക്കാരും ഡിജിറ്റല്‍ പണമിടപാട് നടത്തുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ നിങ്ങള്‍ക്ക് സന്തോഷമാകും. ചിലര്‍ ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിന് മുമ്പ് 50 തവണ ചിന്തിക്കുന്നു. ഇടപാടുകള്‍ ആദായനികുതി വകുപ്പിലേക്ക് പോകുമെന്നതിനാല്‍ ഇടപാടുകള്‍ രേഖപ്പെടുത്തുമെന്ന ഭീതിയിലാണ് ഇവര്‍.  അതിനാല്‍, അവര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ ഒഴിവാക്കും. എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ്. സുഹൃത്തുക്കളേ, ഈ പുരോഗതിയില്‍ നമ്മള്‍ തുല്യ പങ്കാളികളാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.  പുരോഗതിയുടെ ഈ യാത്രയില്‍ നിങ്ങള്‍ മുന്‍കൈ എടുക്കണം. വരൂ, ഞാന്‍ നിങ്ങളോടൊപ്പം നടക്കാന്‍ തയ്യാറാണ്, നിങ്ങളെ പിന്തുണയ്ക്കുന്നു. ഇതാണ് യഥാര്‍ത്ഥ പുരോഗതി; ഇത് യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള വികസനമാണ്.

 ഇന്ന്, ഈ പരിപാടിയിലൂടെ, എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട എന്റെ എല്ലാ സഹോദരങ്ങള്‍ക്കും, നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നയങ്ങള്‍ ഉണ്ടാക്കാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. തീരുമാനങ്ങള്‍ എടുക്കാനും നിങ്ങളുടെ കൈപിടിച്ച് സജീവമായി നടക്കാനും അത് തയ്യാറാണ്. മുന്നോട്ട് വരൂ സുഹൃത്തുക്കളേ!

 സ്വാശ്രയ ഇന്ത്യയുടെ ചൈതന്യം സംരംഭകത്വ ഇന്ത്യയുടെ നേട്ടങ്ങളിലാണെന്നതില്‍ എനിക്ക് സംശയമില്ല. അത് നിങ്ങളിലും നിങ്ങളുടെ പരിശ്രമങ്ങളിലും ഉണ്ട്. കൂടാതെ രാജ്യത്തെ എംഎസ്എംഇ മേഖലയില്‍, അതായത് നിങ്ങളില്‍ എല്ലാവരിലും, രാജ്യത്തെ യുവതലമുറയിലും, പ്രത്യേകിച്ച് ധൈര്യത്തോടെ മുന്നോട്ട് പോകുന്ന നമ്മുടെ പെണ്‍മക്കളിലും എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ടാണ് ഈ രാജ്യം നിങ്ങളുടെ കണ്‍മുന്നില്‍ അതിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ പോകുന്നത് എന്ന് ഞാന്‍ പറയുന്നത്. അത് സംഭവിക്കുന്നത് നിങ്ങള്‍ കാണും; നിങ്ങളുടെ കണ്‍മുന്നില്‍ മാറ്റം നിങ്ങള്‍ കാണും.

 ഗവണ്‍മെന്റിന്റെ ഈ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ രാജ്യത്തെ എംഎസ്എംഇ മേഖലയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ നിങ്ങളുടെ കൂട്ടായ്മയെ കാണും. ഞാന്‍ ഇന്ന് മുതല്‍ ജെം പോര്‍ട്ടലിന്റെ  വഴി സൂക്ഷിക്കാന്‍ തുടങ്ങും. ഈ ആഴ്ച ഒരു കോടി ആളുകളെ കൂടി ചേര്‍ത്തിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കണം.അസോസിയേഷന്റെ ആളുകള്‍ രംഗത്തേക്കു വരട്ടെ. നിങ്ങളില്‍ നിന്ന് വാങ്ങാന്‍ ഗവണ്‍മെന്റ് തയ്യാറാണ്, എന്നാല്‍ ആദ്യം നിങ്ങള്‍ ഈ പദ്ധതിയുമായി ബന്ധപ്പെടേണ്ടതുണ്ട്.  നിങ്ങളുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ച് ഗവണ്‍മെന്റിനോട് പറയുക. ഒരു പ്രശ്‌നവുമില്ലാതെ എല്ലാം വിറ്റുതീരുന്നതു നിങ്ങള്‍ക്കു കാണാനാകും.

 സുഹൃത്തുക്കളെ, എന്റെ സുഹൃത്തുക്കളെ ആദരിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. അതിനര്‍ത്ഥം മറ്റുള്ളവര്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല. മറ്റുള്ളവരും സ്വയം തയ്യാറാകണം, അടുത്ത തവണ വിജയികളായ നിങ്ങളെയും ബഹുമാനിക്കാന്‍ എനിക്ക് അവസരം ലഭിക്കും.  നിങ്ങള്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

 ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. വളരെ നന്ദി!

-ND-
 


(Release ID: 1838732) Visitor Counter : 194