പ്രധാനമന്ത്രിയുടെ ഓഫീസ്‌

കര്‍ണാടകത്തിലെ മൈസൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

Posted On: 21 JUN 2022 9:22AM by PIB Thiruvananthpuram

സംസ്ഥാന ഗവര്‍ണര്‍ ശ്രീ താവര്‍ ചന്ദ് ഗെഹ്‌ലോട്ട് ജി, മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ ജി, ശ്രീ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാഡിയാര്‍ ജി, രാജ്മാതാ പ്രമോദാ ദേവി, മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ ജി. എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ രാജ്യത്തേയും ലോകത്തേയും എല്ലാ ആളുകള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

ഇന്ന്, യോഗ ദിനത്തില്‍, ആത്മീയതയുടെയും യോഗയുടെയും നാടായ കര്‍ണാടകയുടെ സാംസ്‌കാരിക തലസ്ഥാനത്തെ, അതായത് മൈസൂരുവിനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു! മൈസൂരു പോലുള്ള ഇന്ത്യയുടെ ആത്മീയ കേന്ദ്രങ്ങള്‍ നൂറ്റാണ്ടുകളായി പരിപോഷിപ്പിച്ച യോഗ ഊര്‍ജ്ജം ഇന്ന് ലോകാരോഗ്യത്തിന് ദിശാബോധം നല്‍കുന്നു. ഇന്ന് ആഗോള സഹകരണത്തിനുള്ള ഒരു പൊതു മാധ്യമമായി യോഗ മാറുകയാണ്. ഇന്ന് യോഗ മനുഷ്യരില്‍ ആരോഗ്യകരമായ ജീവിതശൈലിയുടെ ആത്മവിശ്വാസം പകരുകയാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ചില വീടുകളിലും ആത്മീയ കേന്ദ്രങ്ങളിലും മാത്രം കണ്ടിരുന്ന യോഗയുടെ ചിത്രങ്ങള്‍ രാവിലെ മുതല്‍ നമ്മള്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കാണുകയാണ്. ഈ ചിത്രങ്ങള്‍ ആത്മീയ സാക്ഷാത്കാരത്തിന്റെ വികാസത്തെ അടയാളപ്പെടുത്തുന്നതാണ്. ഈ ചിത്രങ്ങള്‍ സ്വതസിദ്ധവും സ്വാഭാവികവും പൊതുവായതുമായ ഒരു മനുഷ്യ ബോധത്തെ ചിത്രീകരിക്കുന്നു, പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകം നൂറ്റാണ്ടിലെ ഇത്തരമൊരു ഭയാനകമായ മഹാമാരിയെ അഭിമുഖീകരിച്ച സമയത്ത്! ഈ സാഹചര്യത്തില്‍ രാജ്യത്തുടനീളം, ഉപഭൂഖണ്ഡത്തിലാകെ, മുഴുവന്‍ ഭൂഖണ്ഡത്തിലും വ്യാപിച്ച യോഗ ദിനത്തിന്റെ ഈ ആവേശം നമ്മുടെ ചൈതന്യത്തിന്റെ തെളിവ് കൂടിയാണ്.

യോഗ ഇപ്പോള്‍ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു. യോഗ ഒരു വ്യക്തിക്ക് മാത്രമുള്ളതല്ല, മറിച്ച് മുഴുവന്‍ മാനവരാശിക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ്, ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ആശയം - 'യോഗ മനുഷ്യരാശിക്ക് വേണ്ടി' എന്നായത് ! ഈ ആശയത്തിലൂടെ യോഗയുടെ ഈ സന്ദേശം മുഴുവന്‍ മനുഷ്യരിലേക്കും എത്തിച്ചതിന് ഐക്യരാഷ്ട്രസഭയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. ഓരോ ഇന്ത്യക്കാരനും വേണ്ടി ലോകത്തിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

യോഗയെക്കുറിച്ച് 
“शांतिम् योगेन विंदति”।

“शांतिम् योगेन विंदति”। എന്ന്‌

നമ്മുടെ ഋഷിമാരും സന്യാസിമാരും ആചാര്യന്മാരും പറഞ്ഞിട്ടുണ്ട്.

യോഗ നമുക്ക് സമാധാനം നല്‍കുന്നു എന്നാണ് ഇതിനര്‍ത്ഥം. യോഗയില്‍ നിന്നുള്ള സമാധാനം വ്യക്തികള്‍ക്ക് മാത്രമല്ല. യോഗ നമ്മുടെ സമൂഹത്തിന് സമാധാനം നല്‍കുന്നു. യോഗ നമ്മുടെ രാജ്യങ്ങള്‍ക്കും ലോകത്തിനും സമാധാനം കൊണ്ടുവരുന്നു. മാത്രമല്ല, യോഗ നമ്മുടെ പ്രപഞ്ചത്തിന് തന്നെ സമാധാനം നല്‍കുന്നു. ഇത് ആര്‍ക്കെങ്കിലും അസാധാരണ ചിന്തയായി തോന്നിയേക്കാം, എന്നാല്‍ നമ്മുടെ ഭാരതീയ ഋഷിമാര്‍  “यत् पिंडे तत् ब्रह्मांडे”।     എന്ന ലളിതമായ ഒരു മന്ത്രം ഉപയോഗിച്ച് ഇതിന് ഉത്തരം നല്‍കിയിട്ടുണ്ട്.

ഈ പ്രപഞ്ചം മുഴുവനും നമ്മുടെ സ്വന്തം ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്ആരംഭിക്കുന്നത്. പ്രപഞ്ചം ആരംഭിക്കുന്നത് നമ്മില്‍ നിന്നാണ്. കൂടാതെ, യോഗ നമ്മുടെ ഉള്ളിലുള്ള എല്ലാറ്റിനെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നു. സ്വയം അവബോധത്തില്‍ നിന്ന് അത് ആരംഭിച്ച് ലോകത്തെക്കുറിച്ചുള്ള അവബോധത്തിലേക്ക് നീങ്ങുന്നു. നമ്മള്‍ നമ്മളെക്കുറിച്ചും നമ്മുടെ ലോകത്തെക്കുറിച്ചും ബോധവാന്മാരാകുമ്പോള്‍, നമ്മിലും ലോകത്തിലും മാറ്റേണ്ട കാര്യങ്ങളും നാം കണ്ടെത്താന്‍ തുടങ്ങുന്നു.

ഇത് വ്യക്തിഗത ജീവിതശൈലി പ്രശ്‌നങ്ങളോ കാലാവസ്ഥാ വ്യതിയാനവും അന്തര്‍ദേശീയ സംഘട്ടനങ്ങളും പോലുള്ള ആഗോള വെല്ലുവിളികളോ ആകാം. ഈ വെല്ലുവിളികള്‍ക്ക് നേരെ യോഗ നമ്മെ ബോധമുള്ളവരും കഴിവുള്ളവരും അനുകമ്പയുള്ളവരുമാക്കുന്നു. പൊതു ബോധവും സമവായവുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍, ആന്തരിക സമാധാനമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ചേര്‍ന്ന് ആഗോള സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അങ്ങനെയാണ് യോഗയ്ക്ക് ആളുകളെ ബന്ധിപ്പിക്കാന്‍ കഴിയുന്നത്. അങ്ങനെയാണ് യോഗയ്ക്ക് രാജ്യങ്ങളെ ബന്ധിപ്പിക്കാന്‍ കഴിയുന്നത്. അങ്ങനെയാണ് യോഗ നമ്മുടെ എല്ലാവരുടെയും പ്രശ്‌നപരിഹാരിയായി മാറുന്നത്.

സുഹൃത്തുക്കളെ,
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം അതായത് അമൃത് മഹോത്സവം ആഘോഷിക്കുന്ന സമയത്താണ് ഇത്തവണ ഇന്ത്യയില്‍ നാം  യോഗ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഊര്‍ജം പകര്‍ന്ന ഇന്ത്യയുടെ അമൃതിന്റെ ചൈതന്യത്തിന്റെ സ്വീകാര്യതയാണ് യോഗ ദിനത്തിന്റെ ഈ വമ്പിച്ച വ്യാപനവും ഈ സ്വീകാര്യതയും.

ഈ ചൈതന്യം ആഘോഷിക്കുന്നതിനായി, ഇന്ന് രാജ്യത്തെ 75 വ്യത്യസ്ത നഗരങ്ങളിലെ 75 ചരിത്ര സ്ഥലങ്ങള്‍ക്ക് പുറമെ മറ്റ് നഗരങ്ങളിലെ ആളുകളും ചരിത്ര സ്ഥലങ്ങളില്‍ യോഗ ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിന് സാക്ഷ്യം വഹിച്ച സ്ഥലങ്ങളും സാംസ്‌കാരിക ഊര്‍ജം പേറുന്ന സ്ഥലങ്ങളും ഇന്ന് യോഗാ ദിനത്തിലൂടെ ഒന്നിക്കുന്നു.

ഈ മൈസൂരു കൊട്ടാരത്തിനും ചരിത്രത്തില്‍ അതിന്റേതായ പ്രത്യേക സ്ഥാനമുണ്ട്. ഇന്ത്യയുടെ ചരിത്ര സ്ഥലങ്ങളിലെ സമൂഹയോഗയുടെ അനുഭവം ഇന്ത്യയുടെ ഭൂതകാലം, ഇന്ത്യയുടെ വൈവിദ്ധ്യം, ഇന്ത്യയുടെ വികാസം എന്നിവയെ ഇഴചേര്‍ക്കുന്നതാണ്. അന്താരാഷ്ട്ര തലത്തിലും, ഇത്തവണ നമുക്ക് ''ഗാര്‍ഡിയന്‍ റിംഗ് ഓഫ് യോഗ'' ഉണ്ട്. നൂതനമായ ഈ ''ഗാര്‍ഡിയന്‍ റിംഗ് ഓഫ് യോഗ'' ഇന്ന് ലോകമെമ്പാടും ഉപയോഗിക്കുകയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ സൂര്യോദയവും സൂര്യന്റെ സ്ഥാനവും ഉപയോഗിച്ച് യോഗയുമായി ബന്ധിപ്പിക്കുകയും പ്രകടനം നടത്തുകയും ചെയ്യുന്നു. സൂര്യന്‍ ഉദിക്കുകയും അതിന്റെ സ്ഥാനം മാറുകയും ചെയ്യുമ്പോള്‍, വിവിധ രാജ്യങ്ങളിലെ ആളുകള്‍ അതിന്റെ ആദ്യ കിരണത്തോടൊപ്പം ഇതില്‍ ചേരുകയും, ഭൂമിയെ ചുറ്റി യോഗയുടെ ഒരു വളയം രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇതാണ് യോഗയുടെ ഗാര്‍ഡിയന്‍ റിംഗ്. യോഗയുടെ ഈ പരിശീലനങ്ങള്‍ ആരോഗ്യം, സന്തുലിതാവസ്ഥ, സഹകരണം എന്നിവയ്ക്കുള്ള പ്രചോദനത്തിന്റെ അത്ഭുതകരമായ ഉറവിടങ്ങളാണ്.

സുഹൃത്തുക്കളെ,

ലോകജനതയെ സംബന്ധിച്ചിടത്തോളം യോഗ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമല്ല. ദയവായി ശ്രദ്ധിക്കുക; യോഗ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമല്ല, ഇപ്പോള്‍ ഒരു ജീവിതരീതി കൂടിയാണ്. നമ്മുടെ ദിവസം ആരംഭിക്കുന്നത് യോഗയില്‍ നിന്നാണ്. ഒരു ദിവസം തുടങ്ങാന്‍ ഇതിലും നല്ല മാര്‍ഗ്ഗം മറ്റെന്താണ്? എന്നാല്‍, യോഗയെ ഒരു പ്രത്യേക സമയത്തും സ്ഥലത്തുമായി നാം പരിമിതപ്പെടുത്തേണ്ടതില്ല. നമ്മുടെ വീട്ടിലെ മുതിര്‍ന്നവരും യോഗാചാര്യന്മാരും ദിവസത്തിന്റെ വിവിധ സമയങ്ങളില്‍ പ്രാണായാമം ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പലരും ഓഫീസില്‍ അവരുടെ ജോലിയ്ക്കിടയില്‍ കുറച്ചുനേരം ദണ്ഡാസനം ചെയ്ത ശേഷം വീണ്ടും ജോലിയില്‍ തുടരാറുമുണ്ട്. നമ്മള്‍ എത്ര സമ്മര്‍ദമുള്ളവരാണെന്നത് പ്രസക്തമല്ല, കുറച്ച് നിമിഷത്തെ ധ്യാനം നമുക്ക് ആശ്വാസംതരികയും നമ്മുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അതുകൊണ്ട് യോഗയെ ഒരു അധിക ജോലിയായി നാം കണക്കാക്കരുത്. നമ്മള്‍ യോഗയെ മനസ്സിലാക്കുക മാത്രമല്ല, യോഗയില്‍ ജീവിക്കുകയും വേണം. നമ്മള്‍ യോഗ പരിശീലിക്കുകയും യോഗ സ്വീകരിക്കുകയും യോഗ വികസിപ്പിക്കുകയും വേണം. നമ്മള്‍ യോഗയില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍, യോഗാദിനം വെറും അവതരിപ്പിക്കാനുള്ളത് മാത്രമല്ല, നമ്മുടെ ആരോഗ്യം, സന്തോഷം, സമാധാനം എന്നിവ ആഘോഷിക്കുന്നതിനുള്ള ഒരു മാധ്യമമായും മാറും.

സുഹൃത്തുക്കളെ,

യോഗയുമായി ബന്ധപ്പെട്ട അനന്തമായ സാധ്യതകള്‍ തിരിച്ചറിയാനുള്ള സമയമാണിത്. ഇന്ന് നമ്മുടെ യുവജനങ്ങള്‍ യോഗയുടെ രംഗത്ത് വന്‍തോതില്‍ പുതിയ ആശയങ്ങളുമായി വരുന്നു. ഈ ദിശയില്‍, നമ്മുടെ രാജ്യത്ത് സ്റ്റാര്‍ട്ട്-അപ്പ് യോഗ ചലഞ്ച് ആയുഷ് മന്ത്രാലയം ആരംഭിച്ചു. യോഗയുടെ ഭൂതകാലവും യോഗയുടെ യാത്രയും യോഗയുമായി ബന്ധപ്പെട്ട സാദ്ധ്യതകളും പര്യവേഷണം ചെയ്യുന്നതിനായി മൈസൂരുവിലെ ദസറ മൈതാനത്ത് ഒരു നൂതനാശയ ഡിജിറ്റല്‍ പ്രദര്‍ശനവും നടക്കുന്നുണ്ട്.

ഇത്തരം ശ്രമങ്ങളുടെ ഭാഗമാകാന്‍ രാജ്യത്തേയും ലോകത്തേയും എല്ലാ യുവജനങ്ങളോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു. യോഗയുടെ പ്രോത്സാഹനത്തിനും വികസനത്തിനുമുള്ള മികച്ച സംഭാവനകള്‍ക്കുള്ള 2021-ലെ പ്രധാനമന്ത്രിയുടെ പുരസ്‌ക്കാരങ്ങള്‍ നേടിയ എല്ലാ വിജയികളേയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. യോഗയുടെ ഈ ശാശ്വതമായ യാത്ര ഇതുപോലെയുള്ള നിതാന്തമായ ഭാവിയുടെ ദിശയില്‍ തുടരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

'സര്‍വേ ഭവന്തു സുഖിനഃ, സര്‍വേ സന്തു നിരാമയഃ' എന്ന ചൈതന്യത്തോടെ യോഗയിലൂടെ ആരോഗ്യകരവും സമാധാനപരവുമായ ഒരു ലോകത്തിന് നാം വേഗതകൂട്ടുകയും ചെയ്യും. അതേ ചൈതന്യത്തോടെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും യോഗാദിനാശംസകള്‍ നേരുന്നു,

അഭിനന്ദനങ്ങള്‍!

നന്ദി!

--ND--



(Release ID: 1836005) Visitor Counter : 132