പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മൈസൂരുവിലെ  പാലസ് ഗ്രൗണ്ടില്‍ നടന്ന സമൂഹ യോഗാ  അവതരണത്തിൽ   പ്രധാനമന്ത്രി പങ്കെടുത്തു


മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗാ പരിപാടിയ്‌ക്കൊപ്പം, രാജ്യത്തെ 75 പ്രമുഖ സ്ഥലങ്ങളില്‍ സമൂഹ യോഗാ പരിപാടികള്‍ നടന്നു


കോടിക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് രാജ്യത്തുടനീളം വിവിധ ഗവണ്‍മെന്റിതര സംഘടനകളും സമൂഹ യോഗാ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.


ഒരു സൂര്യന്‍, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്ന 'ഗാര്‍ഡിയന്‍ യോഗ റിംഗ്' എന്ന നൂതന പരിപാടിയുടെ ഭാഗമാണ് മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പരിപാടി


''യോഗ ഒരു വ്യക്തിക്ക് വേണ്ടിയല്ല മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ളതാണ്''


''യോഗ നമ്മുടെ സമൂഹത്തിനും രാജ്യങ്ങള്‍ക്കും ലോകത്തിനും സമാധാനം കൊണ്ടുവരുന്നു, യോഗ നമ്മുടെ പ്രപഞ്ചത്തിനും സമാധാനം നല്‍കുന്നു''


''ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം പകര്‍ന്ന ഇന്ത്യയുടെ അമൃത ആത്മാവിന്റെ സ്വീകാര്യതയാണ് യോഗ ദിനത്തിന് ലഭിക്കുന്ന വ്യാപകമായ സ്വീകാര്യത''


''ഇന്ത്യയുടെ ചരിത്ര സ്ഥലങ്ങളിലെ കൂട്ടായ യോഗയുടെ അനുഭവം ഇന്ത്യയുടെ ഭൂതകാലത്തെയും ഇന്ത്യയുടെ വൈവിദ്ധ്യത്തെയും ഇന്ത്യയുടെ വികാസത്തെയും ഒരുമിച്ച് ബന്ധിപ്പിക്കുന്നത് പോലെയാണ്'

Posted On: 21 JUN 2022 8:11AM by PIB Thiruvananthpuram

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മൈസൂരു പോലുള്ള ഇന്ത്യയിലെ ആത്മീയ കേന്ദ്രങ്ങള്‍ നൂറ്റാണ്ടുകളായി പരിപോഷിപ്പിച്ച യോഗ ഊര്‍ജ്ജം ഇന്ന് ആഗോള ആരോഗ്യത്തിന് ദിശാബോധം നല്‍കുന്നതായി ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് യോഗ ആഗോള സഹകരണത്തിന്റെ അടിസ്ഥാനമായി മാറുകയും മനുഷ്യരാശിക്ക് ആരോഗ്യകരമായ ജീവിതത്തിന്റെ വിശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗ വീടുകളില്‍ നിന്ന് പുറത്തുവന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നതായി ഇന്ന് നാം കാണുന്നുവെന്നും ഇത് ആത്മീയ സാക്ഷാത്കാരത്തിന്റെയും പ്രത്യേകിച്ച് മുമ്പൊന്നുമുണ്ടാകാത്ത തരത്തിലുള്ള മഹാമാരിയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രകൃതിദത്തവും പങ്കാളിത്തവുമായ മനുഷ്യ ബോധത്തിന്റെ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ''യോഗ ഇപ്പോള്‍ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു. യോഗ ഒരു വ്യക്തിക്കു മാത്രമുള്ളതല്ല, അത് മനുഷ്യരാശിക്ക് മുഴുവനും വേണ്ടിയുള്ളതാണ്. അതിനാല്‍, ഇത്തവണത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ വിഷയം - യോഗ മനുഷ്യരാശിക്ക് വേണ്ടിയുള്ളത് എന്നാണ്'', അദ്ദേഹം പറഞ്ഞു. ഈ വിഷയം ആഗോളതലത്തില്‍ ഏറ്റെടുത്തതിന് ഐക്യരാഷ്ട്ര സഭയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

''യോഗ നമുക്ക് സമാധാനം കൊണ്ടുവരുന്നു. യോഗയില്‍ നിന്നുള്ള സമാധാനം കേവലം വ്യക്തികള്‍ക്ക് മാത്രമുള്ളതല്ല. യോഗ നമ്മുടെ സമൂഹത്തിന് സമാധാനം കൊണ്ടുവരുന്നു. യോഗ നമ്മുടെ രാജ്യങ്ങള്‍ക്കും ലോകത്തിനും സമാധാനം നല്‍കുന്നു. കൂടാതെ, യോഗ നമ്മുടെ പ്രപഞ്ചത്തിന് സമാധാനം നല്‍കുന്നു. ഇന്ത്യന്‍ സന്യാസിമാരെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. '' ഈ പ്രപഞ്ചമാകെ ആരംഭിക്കുന്നത് നമ്മുടെ സ്വന്തം ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്. പ്രപഞ്ചം ആരംഭിക്കുന്നത് നമ്മില്‍ നിന്നാണ്. മാത്രമല്ല, നമ്മുടെ ഉള്ളിലുള്ള എല്ലാറ്റിനെയും കുറിച്ച് യോഗ ബോധമുണ്ടാക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നു'' , അദ്ദേഹം തുടര്‍ന്നു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യ യോഗ ദിനവും ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം പകര്‍ന്ന ഇന്ത്യയുടെ ആ അമൃത് ചൈതന്യത്തിന്റെ സ്വീകാര്യതയാണ് യോഗ ദിനത്തിന് ലഭിച്ച ഈ വ്യാപകമായ സ്വീകാര്യതയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഇന്ത്യയുടെ മഹത്തായ ചരിത്രത്തിന് സാക്ഷ്യം വഹിച്ചതും സാംസ്‌കാരിക ഊര്‍ജത്തിന്റെ കേന്ദ്രവുമായ രാജ്യത്തുടനീളമുള്ള 75 പ്രതികാത്മക സ്ഥലങ്ങളില്‍ കൂട്ടയോഗാ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത്. ''ഇന്ത്യയുടെ ചരിത്ര സ്ഥലങ്ങളിലെ കൂട്ടായ യോഗയുടെ അനുഭവം ഇന്ത്യയുടെ ഭൂതകാലത്തെയും ഇന്ത്യയുടെ വൈവിദ്ധ്യത്തെയും ഇന്ത്യയുടെ വികാസത്തെയും ഒന്നിച്ച് ബന്ധിപ്പിക്കുന്നത് പോലെയാണ്'', അദ്ദേഹം വിശദീകരിച്ചു. 79 രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളും ചേര്‍ന്ന് ദേശീയ അതിര്‍ത്തികള്‍ മറികടക്കുന്ന യോഗയുടെ ഏകീകൃത ശക്തിയെ ചിത്രീകരിക്കുന്നതിനായി നടത്തുന്ന 'ഗാര്‍ഡിയന്‍ യോഗ റിംഗ്' എന്ന നൂതന പരിപാടിയെക്കുറിച്ചും അദ്ദേഹം അറിയിച്ചു. സൂര്യന്‍ പ്രത്യക്ഷത്തില്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ലോകമെമ്പാടും നീങ്ങുമ്പോള്‍, പങ്കെടുക്കുന്ന രാജ്യങ്ങളിലെ സമൂഹ യോഗാ പ്രകടനങ്ങള്‍, ഭൂമിയിലെ ഏതെങ്കിലും ഒരു ബിന്ദുവില്‍ നിന്ന് നോക്കിയാല്‍, ഒരേസമയം ഒന്നിന് പിറകെ ഒന്നായി സംഭവിക്കുന്നതായി തോന്നുന്നതുപോലെ നടക്കും, അങ്ങനെ ഇത് 'ഒരു സൂര്യന്‍, ഒരു ഭൂമി' എന്ന ആശയത്തിന് , അടിവരയിടും. ഈ യോഗപരിശീലനങ്ങള്‍ ആരോഗ്യത്തിനും സന്തുലിതാവസ്ഥയ്ക്കും സഹകരണത്തിനും അത്ഭുതകരമായ പ്രചോദനം നല്‍കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് യോഗ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമല്ല, അത് ഒരു ജീവിതരീതിയായി മാറിയിരിക്കുകയാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. യോഗയെ ഒരു പ്രത്യേക സമയത്തും സ്ഥലത്തും പരിമിതപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ''നാം എത്ര സമ്മര്‍ദ്ദത്തിലാണെങ്കിലും, കുറച്ച് നിമിഷങ്ങളിലെ ധ്യാനം നമ്മെ ശാന്തമാക്കുകയും നമ്മിലെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് യോഗയെ ഒരു അധിക ജോലിയായി എടുക്കേണ്ടതില്ല. നമ്മള്‍ യോഗയെക്കുറിച്ചും അറിയണം, നമ്മള്‍ യോഗ ജീവിതമാക്കണം. നമ്മള്‍ യോഗ നേടണം, നമ്മള്‍ യോഗയേയും സ്വീകരിക്കണം. നമ്മള്‍ യോഗ ജീവിതമാക്കാന്‍ തുടങ്ങുമ്പോള്‍, യോഗ ദിനം യോഗ ചെയ്യാനുള്ള ദിവസമായിരിക്കില്ല നമുക്ക് മറിച്ച് അത് നമ്മുടെ ആരോഗ്യം സന്തോഷം സമാധാനം എന്നിവ ആഘോഷിക്കാനുള്ള ഒരു മാധ്യമമായി മാറും'', അദ്ദേഹം പറഞ്ഞു
യോഗയുമായി ബന്ധപ്പെട്ട അനന്തമായ സാദ്ധ്യതകള്‍ തിരിച്ചറിയാനുള്ള സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് യോഗയുടെ രംഗത്ത് വലിയതോതിലുള്ള പുത്തന്‍ ആശയങ്ങളുമായി നമ്മുടെ യുവജനങ്ങള്‍ ധാരാളമായി വരുന്നുണ്ട്. ആയുഷ് മന്ത്രാലയത്തിന്റെ സ്റ്റാര്‍ട്ടപ്പ് യോഗ ചലഞ്ചിനെ കുറിച്ചും അദ്ദേഹം അറിയിച്ചു. യോഗയുടെ പ്രോത്സാഹനത്തിനും വികസനത്തിനുമുള്ള മികച്ച സംഭാവനകള്‍ക്കുള്ള പ്രധാനമന്ത്രിയുടെ 2021-ലെ പുരസ്‌ക്കാര ജേതാക്കളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗപ്രകടനത്തോടൊപ്പം ആസാദി കാ അമൃത് മഹോത്സവവുമായി എട്ടാം അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (ഐ.ഡി.വൈ)ആഘോഷങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് 75 കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ രാജ്യത്തെ 75 പ്രമുഖ സ്ഥലങ്ങളില്‍ കൂട്ടയോഗാ പ്രകടനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മറ്റ് പൗരസമൂഹ സംഘടനകളും രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന യോഗാ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

79 രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളും ചേര്‍ന്ന് ദേശീയ അതിര്‍ത്തികള്‍ മറികടക്കുന്ന യോഗയുടെ ഏകീകൃത ശക്തി വ്യക്തമാക്കുന്ന 'ഗാര്‍ഡിയന്‍ യോഗ റിംഗ്' എന്ന നൂതനപരിപാടിയുടെ ഭാഗമാണ് മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പരിപാടി.

2015 മുതല്‍, എല്ലാ വര്‍ഷവും ജൂണ്‍ 21 ന് അന്താരാഷ്ര്ട യോഗ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നുണ്ട്. ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ ആശയം 'യോഗ മാനവരാശിക്ക് വേണ്ടി' എന്നതാണ്. കോവിഡ് മഹാമാരി സമയത്ത് കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിന് യോഗ മനുഷ്യരാശിയെ എങ്ങനെ സേവിച്ചുവെന്നത് ഈ ആശയം വിശദീകരിക്കുന്നു.

-ND-- 



(Release ID: 1835725) Visitor Counter : 171