പ്രധാനമന്ത്രിയുടെ ഓഫീസ്‌

പൂനെയിലെ ദേഹുവില്‍ ജഗദ്ഗുരു ശ്രീസന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


'ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പഴക്കം ചെന്ന നാഗരികതകളിലൊന്നാണ് ഇന്ത്യ എന്നതിന്റെ നേട്ടം ഇന്ത്യയുടെ സന്യാസ പാരമ്പര്യത്തിനും ഋഷിമാര്‍ക്കും അവകാശപ്പെട്ടതാണ്''

''നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളുമായി സമന്വയിച്ച് നീങ്ങുമ്പോള്‍ സന്ത് തുക്കാറാമിന്റെ അഭാംഗുകള്‍ നമുക്ക് ഊര്‍ജ്ജം പകരുന്നു''

''എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം എല്ലാവരുടെയൂം വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം ( സബ്കാ സാത്ത്, സബ്കാ വികാസ്. സബ്ക വിശ്വാസ് സബ്ക പ്രയാസ്)എന്നതിന്റെ ചൈതന്യം നമ്മുടെ മഹത്തായ സന്യാസ പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്''

''ദലിതര്‍, ദരിദ്രര്‍, പിന്നോക്കകാര്‍, ഗോത്രവിഭാഗങ്ങള്‍, തൊഴിലാളികള്‍ എന്നിവരുടെ ക്ഷേമത്തിനാണ് ഇന്ന് രാജ്യം പ്രഥമ പരിഗണന നല്‍കുന്നത്''

''ഇന്ന് ആധുനിക സാങ്കേതികവിദ്യയും പശ്ചാത്തല സൗകര്യങ്ങളും ഇന്ത്യയുടെ വികസനത്തിന്റെ പര്യായമായി മാറുമ്പോള്‍, വികസനവും പാരമ്പര്യവും ഒരുമിച്ച് മുന്നോട്ട് പോകുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു''


Posted On: 14 JUN 2022 3:55PM by PIB Thiruvananthpuram


പൂനെയിലെ ദേഹുവില്‍ ജഗത്ഗുരു ശ്രീസന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പുണ്യഭൂമിയായ ദേഹുവില്‍ എത്തിയതിലെ സന്തോഷവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. സന്യാസിമാരുടെ സത്സംഗം (ആത്മീയപ്രഭാഷണം) മനുഷ്യ ജന്മത്തിലെ ഏറ്റവും അപൂര്‍വമായ വിശേഷഭാഗ്യമാണെന്ന് നമ്മുടെ വേദങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സന്യാസിമാരുടെ അനുഗ്രഹം അനുഭവപ്പെട്ടാല്‍, ഈശ്വരസാക്ഷാത്കാരം സ്വയമേവ സംഭവിക്കും. ''ഇന്ന് ദേഹുവിന്റെ ഈ പുണ്യ തീര്‍ഥാടന ഭൂമിയിലേക്ക് വരുമ്പോള്‍ എനിക്കും അങ്ങനെ തന്നെ തോന്നുന്നു,'' അദ്ദേഹം പറഞ്ഞു. ദേഹുവിന്റെ ശിലാ മന്ദിര്‍ (ശിലാക്ഷേത്രം) ഭക്തിയുടെ ശക്തി കേന്ദ്രം മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക ഭാവിക്ക് വഴിയൊരുക്കുന്നതാണെന്ന് .പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. ഈ പുണ്യസ്ഥലം പുനര്‍നിര്‍മിച്ചതിന് ക്ഷേത്ര ട്രസ്റ്റിനോടും എല്ലാ ഭക്തജനങ്ങളോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു''.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് പാലിക്കി മാര്‍ഗില്‍ രണ്ട് ദേശീയ പാതകളിലെ നാലുവരിപ്പാതയുടെ തറക്കല്ലിടലിനുള്ള വിശേഷഭാഗ്യവും അദ്ദേഹം അനുസ്മരിച്ചു. ശ്രീ സന്ത് ജ്ഞാനേശ്വര്‍ മഹാരാജ് പാല്‍ക്കി മാര്‍ഗ് അഞ്ച് ഘട്ടങ്ങളായും സന്ത് തുക്കാറാം മഹാരാജ് പാല്‍ക്കി മാര്‍ഗ് മൂന്ന് ഘട്ടങ്ങളായും പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. 11,000 കോടിയിലധികം രൂപ ചെലവില്‍ 350 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള ഹൈവേകള്‍ ഈ ഘട്ടങ്ങളില്‍ നിര്‍മിക്കും.
ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പഴക്കം ചെന്ന നാഗരികതകളിലൊന്നാണ് ഇന്ത്യയെന്നതിലെ അഭിമാനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. '' ഇതിന്റെ നേട്ടംആര്‍ക്കെങ്കിലും അവകാശപ്പെട്ടതാണെങ്കില്‍ അത് ഇന്ത്യയിലെ സന്യാസി പാരമ്പര്യത്തിനും ഋഷിമാര്‍ക്കും ആണ്'', അദ്ദേഹം പറഞ്ഞു. ഇന്ത്യ ശാശ്വതമായിരിക്കുന്നത് ഇന്ത്യ സന്യാസിമാരുടെ നാടായതിനാലാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഓരോ കാലഘട്ടത്തിലും നമ്മുടെ നാടിനും സമൂഹത്തിനും ദിശാബോധം നല്‍കാന്‍ ഏതെങ്കിലും മഹാത്മാവ് ഇറങ്ങിവന്നിട്ടുണ്ട്. രാജ്യം ഇന്ന് രാജ്യം സന്ത് കബീര്‍ദാസിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. ശ്രീ സന്ത് ജ്ഞാനേശ്വര്‍ മഹാരാജ്, സന്ത് നിവൃത്തിനാഥ്, സന്ത് സോപാന്ദേവ്, ആദി-ശക്തി മുക്ത ബായ് ജി തുടങ്ങിയ സന്യാസിമാരുടെ പ്രധാന വാര്‍ഷികങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ത് തുക്കാറാം ജിയുടെ ദയയും അനുകമ്പയും സേവനവും അദ്ദേഹത്തിന്റെ 'അഭാംഗ'യുടെ രൂപത്തില്‍ ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ 'അഭാംഗങ്ങള്‍' തലമുറകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. ലയിക്കാത്തതും ശാശ്വതമായി നിലനില്‍ക്കുന്നതും കാലത്തിനനുസരിച്ച് പ്രസക്തവുമായതുമായ ഒന്നുണ്ടെങ്കില്‍ അതാണ് 'അഭാംഗ', അദ്ദേഹം വിശദീകരിച്ചു. ഇന്നും, രാജ്യം അതിന്റെ സാംസ്‌കാരിക മൂല്യങ്ങളുടെ സമന്വയത്തോടെ മുന്നോട്ട് പോകുമ്പോള്‍, സന്ത് തുക്കാറാമിന്റെ 'അഭാംഗങ്ങള്‍' നമുക്ക് ഊര്‍ജം പകരുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ' അഭാംഗ'കളുടെ വിശിഷ്ട പാരമ്പര്യത്തിനും ആ പാരമ്പര്യത്തിലെ മഹാത്മക്കളായ ഋഷികള്‍ക്കും പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. മനുഷ്യര്‍ തമ്മിലുള്ള വിവേചനത്തിനെതിരെയുള്ള അനുശാസനങ്ങളുടെ ധര്‍മ്മോപദേശം നടത്തിയ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവ ആത്മിയ സമര്‍പ്പണമായതുകൊണ്ടുതന്നെ ഈ പ്രബോധനങ്ങള്‍ രാജ്യത്തോടും സമൂഹത്തോടുമുള്ള സമര്‍പ്പണത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സന്ദേശം വാര്‍കാരി ഭക്തരുടെ വാര്‍ഷിക പന്ദാര്‍പൂര്‍ യാത്രയ്ക്ക് അടിവരയിടുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെ വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം (സബ്കാ സാത്ത്, സബ്കാ വികാസ്. സബ്ക വിശ്വാസ് സബ്ക പ്രയാസ്) എന്നതിന്റെ ചൈതന്യം അത്തരം മഹത്തായ പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. വാര്‍ക്കാരി പാരമ്പര്യത്തിലെ ലിംഗസമത്വത്തിന്റെയും അന്ത്യോദയ മനോഭാവത്തിലേയും ചൈതന്യത്തെ ഒരു പ്രചോദനമായി അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. ''ദലിതര്‍, ദരിദ്രര്‍, പിന്നോക്കക്കാര്‍, ഗോത്രവിഭാഗങ്ങള്‍, തൊഴിലാളികള്‍ എന്നിവരുടെ ക്ഷേമമാണ് രാജ്യത്തിന്റെ പ്രഥമ പരിഗണന'', പ്രധാനമന്ത്രി പറഞ്ഞു.
ഛത്രപതി ശിവജി മഹാരാജിനെപ്പോലുള്ള ദേശീയ നായകന്മാരുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചതിന് തുക്കാറാമിനെപ്പോലുള്ള സന്യാസിമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വാതന്ത്ര്യസമരത്തില്‍ വീര്‍ സവര്‍ക്കര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍, തന്റെ കൈവിലങ്ങിനെ ചിപ്‌ളി പോലെ ഉപയോഗിച്ചുകൊണ്ട് ജയിലില്‍ വച്ച് അദ്ദേഹം തുക്കാറാം ജിയുടെ അഭാംഗങ്ങള്‍ പാടിയിരുന്നതായി പ്രധാനമന്ത്രി അനുസ്മരിച്ചു. വ്യത്യസ്ത സമയങ്ങളില്‍ സന്ത് തുക്കാറാം രാജ്യത്ത് ചൈതന്യവും ഊര്‍ജവും പകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. പന്ദാര്‍പൂര്‍, ജഗന്നാഥ്, മഥുരയിലെ ബ്രിജ് പരിക്രമ അല്ലെങ്കില്‍ കാശി പഞ്ച്‌കോസി പരിക്രമ, ചാര്‍ ധാം അല്ലെങ്കില്‍ അമര്‍നാഥ് യാത്ര തുടങ്ങിയ യാത്രകള്‍ നമ്മുടെ രാജ്യത്തിന്റെ വൈവിദ്ധ്യത്തെ ഏകീകരിക്കുകയും ഒരു ഭാരതം ശ്രേഷ്ഠ ഭാരതം  എന്നതിന്റെ ചൈതന്യം സൃഷ്ടിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ പൗരാണിക സ്വത്വവും പാരമ്പര്യവും നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപ്പറഞ്ഞു. അതുകൊണ്ട്, ''ഇന്ന് ആധുനിക സാങ്കേതികവിദ്യയും പശ്ചാത്തല സൗകര്യങ്ങളും ഇന്ത്യയുടെ വികസനത്തിന്റെ പര്യായമായി മാറുമ്പോള്‍, വികസനവും പൈതൃകവും ഒരുമിച്ച് മുന്നോട്ട് പോകുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ആശയം വരച്ചുകാട്ടാന്‍ പാല്‍കി യാത്രയുടെ നവീകരണം, ചാര്‍ ധാം യാത്രയ്ക്ക് വേണ്ടിയുള്ള പുതിയ ഹൈവേകള്‍, അയോദ്ധ്യയിലെ മഹത്തായ രാമക്ഷേത്രം, കാശി വിശ്വനാഥ് ദാമിന്റെ നവീകരണം, സോമനാഥിലെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദാഹരണങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. പ്രസാദ് പദ്ധതി പ്രകാരം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാമായണ സര്‍ക്യൂട്ടും ബാബാസാഹിബിന്റെ പഞ്ച് തീര്‍ത്ഥവും വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ശ്രമം ശരിയായ ദിശയിലാണെങ്കില്‍ വഴിപ്പെടാത്ത പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ ഈ 75-ാം വര്‍ഷത്തില്‍, ക്ഷേമപദ്ധതികളുടെ പരിപൂര്‍ണ്ണതയിലൂടെ 100 ശതമാനം ശാക്തീകരണത്തിലേക്ക് രാജ്യം നീങ്ങുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പദ്ധതികളിലൂടെ പാവപ്പെട്ടവര്‍ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. സ്വച്ഛ് ഭാരത് സംഘടിതപ്രവര്‍ത്തനത്തില്‍ എല്ലാവരുടെയും പങ്കാളിത്തവും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശുചിത്വം കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതിനും ം അദ്ദേഹം ആഹ്വാനം ചെയ്തു. ഈ ദേശീയ പ്രതിജ്ഞകള്‍ തങ്ങളുടെ ആത്മീയ പ്രതിജ്ഞകളുടെ ഭാഗമാക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. യോഗയെ പൊതുസമ്മതമാക്കുന്നതിനും പ്രകൃതികൃഷിക്ക് പ്രാധാന്യം നല്‍കുന്നതിനും യോഗ ദിനം ആഘോഷിക്കുന്നതിനും അദ്ദേഹം ജനകൂട്ടത്തോട് ആവശ്യപ്പെട്ടു.
ഒരു വാര്‍ക്കാരി സന്യാസിയും കവിയുമായിരുന്ന സന്ത് തുക്കാറാം, അഭാംഗ ഭക്തി കവിതകള്‍ക്കും കീര്‍ത്തനങ്ങള്‍ എന്നറിയപ്പെടുന്ന ആത്മീയ ഗാനങ്ങളിലൂടെയുള്ള സമൂഹം അടിസ്ഥാനമാക്കിയുള്ള ആരാധനയ്ക്കും പ്രശസ്തവുമായിരുന്നു. ദേഹുവിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം ഒരു ശിലാ മന്ദിര്‍ നിര്‍മ്മിച്ചു. എന്നാല്‍ ഇത് ഔപചാരികമായി ഒരു ക്ഷേത്രമായി രൂപപ്പെടുത്തിയിരുന്നില്ല. 36 കൊടുമുടികളുള്ള ശിലാസ്ഥാപനമായി ഇത് പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്, ഒപ്പം സന്ത് തുക്കാറാമിന്റെ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.

***

DS/AK

-ND-

(Release ID: 1833884) Visitor Counter : 155