പ്രധാനമന്ത്രിയുടെ ഓഫീസ്
വിവിധ സഹകരണ സ്ഥാപനങ്ങളിലെ മേധാവികള്‍ക്കായുള്ള സെമിനാറിനെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
കലോളിലെ ഇഫ്കോയില്‍ നിര്‍മ്മിച്ച നാനോ യൂറിയ (ദ്രാവക) പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
''ഗ്രാമത്തിന്റെ സ്വയംപര്യാപ്തയിലേക്കുള്ള മികച്ച മാധ്യമമാണ് സഹകരണം; അതില്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഊര്‍ജമുണ്ട്''
''മഹാമാരിയെയും യുദ്ധത്തെയും തുടര്‍ന്ന് ആഗോള വിപണിയില്‍ വിലക്കയറ്റവും ലഭ്യതക്കുറവുമുണ്ടായിട്ടും കര്‍ഷകരെ പ്രതിസന്ധിയിലാക്കാന്‍ അനുവദിച്ചില്ല''
''കഴിഞ്ഞ വര്‍ഷം കേന്ദ്ര ഗവണ്‍മെന്റ് വളം സബ്‌സിഡിയായി നല്‍കിയത് 1,60,000 കോടി രൂപയാണ്; ഈ വര്‍ഷം ഈ സബ്‌സിഡി 2 ലക്ഷം കോടി രൂപയിലധികമാകും.''
''രാജ്യത്തെ കര്‍ഷകരുടെ ആവശ്യമെന്താണോ, അതെല്ലാം ചെയ്തു; തുടര്‍ന്നും ഞങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്കു കരുത്തേകും.''
''ഇന്ത്യയുടെ പല പ്രതിസന്ധികള്‍ക്കും സ്വയംപര്യാപ്തതയില്‍ പരിഹാരമുണ്ട്. സഹകരണം സ്വയംപര്യാപ്തതയുടെ മഹത്തായ മാതൃകയാണ്''
''സഹകരണ മനോഭാവത്തെ 'അമൃത കാല'ത്തിന്റെ സത്തയുമായി കൂട്ടിയിണക്കുന്നതിനുള്ള നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ട് പോകുകയാണ്''
Posted On:
28 MAY 2022 6:00PM by PIB Thiruvananthpuram
സഹകരണത്തിലൂടെ അഭിവൃദ്ധി' എന്ന വിഷയത്തില്‍ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ വിവിധ സഹകരണ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കായി നടത്തിയ സെമിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കലോളിലെ ഇഫ്കോയില്‍ (IFFCO) സ്ഥാപിച്ച നാനോ യൂറിയ (ദ്രാവക) പ്ലാന്റും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിമാരായ ശ്രീ അമിത് ഷാ, ഡോ. മന്‍സുഖ് മാണ്ഡവ്യ, പാര്‍ലമെന്റ് അംഗങ്ങള്‍, എംഎല്‍എമാര്‍, ഗുജറാത്തിലെ മന്ത്രിമാര്‍, സഹകരണ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, മഹാത്മാ മന്ദിറില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് കര്‍ഷകരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഗ്രാമത്തിന്റെ സ്വയംപര്യാപ്തതയ്ക്കുള്ള മികച്ച മാധ്യമമാണ് സഹകരണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് 'ആത്മനിര്‍ഭര്‍ ഭാരത'ത്തിന്റെ ഊര്‍ജമുണ്ട്. ഗ്രാമങ്ങളില്‍ സ്വയംപര്യാപ്തത കൊണ്ടുവരാനുള്ള വഴി ബഹുമാന്യരായ ബാപ്പുവും പട്ടേലും കാണിച്ചുതന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ വഴികളിലൂടെ നാമിന്ന് മാതൃകാ സഹകരണ ഗ്രാമം വികസിപ്പിക്കുന്നതിന്റെ പാതയില്‍ മുന്നേറുകയാണ്. സഹകരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതിനായി ഗുജറാത്തിലെ ആറ് ഗ്രാമങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലോളിലെ ഇഫ്കോയില്‍ സ്ഥാപിച്ച നാനോ യൂറിയ (ദ്രാവക) പ്ലാന്റ് ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതിലും പ്രധാനമന്ത്രി ഹൃദയംഗമമായ ആഹ്ലാദം പ്രകടിപ്പിച്ചു. ഒരു ചാക്ക് യൂറിയയുടെ കരുത്ത് അര ലിറ്ററിന്റെ കുപ്പിയില്‍ എത്തുന്നതിനാല്‍ ചരക്കുനീക്കത്തിലും സംഭരണത്തിലുമുള്ള ചെലവുകള്‍ വലിയ തോതില്‍ കുറയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാന്റ് പ്രതിദിനം 500 മില്ലി ലിറ്ററിന്റെ 1.5 ലക്ഷം കുപ്പികള്‍ ഉല്‍പ്പാദിപ്പിക്കും. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ 8 പ്ലാന്റുകള്‍ കൂടി രാജ്യത്ത് സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ''ഇത് യൂറിയയുടെ കാര്യത്തിലുള്ള വിദേശ ആശ്രിതത്വം കുറയ്ക്കുകയും രാജ്യത്തിന്റെ സമ്പാദ്യം സംരക്ഷിക്കുകയും ചെയ്യും. ഈ നവീകരണം യൂറിയയില്‍ മാത്രം ഒതുങ്ങില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഭാവിയില്‍ മറ്റു നാനോ വളങ്ങളും നമ്മുടെ കര്‍ഷകര്‍ക്കു ലഭ്യമാകും''- അദ്ദേഹം പറഞ്ഞു.
ലോകത്ത് യൂറിയയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവ് ഇന്ത്യയാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഉല്‍പ്പാദനത്തില്‍ ഇന്ത്യക്കു മൂന്നാം സ്ഥാനം മാത്രമാണെന്നും ചൂണ്ടിക്കാട്ടി. 2014-ല്‍ ഗവണ്‍മെന്റ് രൂപവല്‍ക്കരണത്തിനുശേഷം യൂറിയയില്‍ വേപ്പ് ആവരണം ചെയ്യല്‍ സമ്പൂര്‍ണമാക്കി. ഇതു രാജ്യത്തെ കര്‍ഷകര്‍ക്ക് ആവശ്യത്തിന് യൂറിയ ലഭിക്കുമെന്ന് ഉറപ്പാക്കി. ഇതോടൊപ്പം ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, തെലങ്കാന എന്നിവിടങ്ങളില്‍ അടഞ്ഞുകിടന്ന 5 വളം ഉല്‍പ്പാദനശാലകള്‍ പുനരാരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഉത്തര്‍പ്രദേശിലെയും തെലങ്കാനയിലെയും ഉല്‍പ്പാദനശാലകള്‍ ഇതിനകം ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ടെന്നും മറ്റ് മൂന്നു ശാലകളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂറിയ, ഫോസ്ഫേറ്റ്, പൊട്ടാഷ് അധിഷ്ഠിത രാസവളങ്ങള്‍ എന്നിവയുടെ കാര്യത്തിലെ ഇറക്കുമതി ആശ്രിതത്വത്തെക്കുറിച്ചു സംസാരിക്കവെ, മഹാമാരിയെയും യുദ്ധത്തെയും തുടര്‍ന്ന് ആഗോള വിപണിയില്‍ വിലക്കയറ്റവും ലഭ്യതക്കുറവുമുണ്ടായെന്ന കാര്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ കര്‍ഷകരിലേക്ക് എത്താന്‍ ഗവണ്‍മെന്റ് അനുവദിച്ചില്ല. വിഷമകരമായ സാഹചര്യമുണ്ടായിട്ടും ഇന്ത്യയില്‍ രാസവളത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി രൂപപ്പെടാന്‍ സാഹചര്യമൊരുക്കിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 3500 രൂപ വിലയുള്ള യൂറിയ ബാഗ് 300 രൂപയ്ക്ക് കര്‍ഷകന് ലഭ്യമാക്കി. ഒരു ചാക്കിന് 3200 രൂപ ഗവണ്‍മെന്റ് സബ്സിഡി നല്‍കുന്നു. അതുപോലെ ഒരു ചാക്ക് ഡിഎപിയ്ക്ക് 2500 രൂപയും ഗവണ്‍മെന്റ് നല്‍കുന്നു. മുന്‍ ഗവണ്‍മെന്റുകള്‍ 500 രൂപ മാത്രം നല്‍കിയിരുന്ന സ്ഥാനത്താണിത്. കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം 1,60,000 കോടി രൂപയുടെ സബ്‌സിഡി നല്‍കിയിരുന്നു, ഈ വര്‍ഷം ഈ സബ്‌സിഡി 2 ലക്ഷം കോടി രൂപയിലധികം വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ കര്‍ഷകരുടെ ആവശ്യമെന്താണോ, അതെല്ലാം ചെയ്യുമെന്നും തുടര്‍ന്നും ഞങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്കു കരുത്തേകുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
കഴിഞ്ഞ എട്ടു വര്‍ഷമായി, രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള അടിയന്തരവും ദീര്‍ഘകാലവുമായ പരിഹാരങ്ങള്‍ക്കായി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയുടെ ആഘാതത്തെ നേരിടാന്‍ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ഭക്ഷ്യ എണ്ണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓയില്‍ പാം ദൗത്യം, എണ്ണ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ജൈവ ഇന്ധനവും ഹൈഡ്രജന്‍ ഇന്ധനവും, പ്രകൃതിദത്ത കൃഷി, നാനോ സാങ്കേതികവിദ്യക്ക് ഊന്നല്‍ തുടങ്ങിയവയെല്ലാം ഈ സമീപനത്തിന്റെ ഫലങ്ങളാണ്. അതുപോലെ, ഇന്ത്യയുടെ പല പ്രതിസന്ധികള്‍ക്കും സ്വയംപര്യാപ്തതയില്‍ പരിഹാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്തതയുടെ മഹത്തായ മാതൃകയാണു സഹകരണമെന്നും അദ്ദേഹം പറഞ്ഞു.
ബഹുമാന്യനായ ബാപ്പുവിന്റെയും സര്‍ദാര്‍ സാഹിബിന്റെയും നേതൃത്വം ലഭിച്ചതു ഗുജറാത്തിന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദരണീയനായ ബാപ്പു കാണിച്ചുതന്ന പാതയെ സഹവര്‍ത്തിത്വത്തിലൂടെ സ്വയം സഹായത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനമാണു സര്‍ദാര്‍ സാഹിബ് ചെയ്തത്. ക്ഷീരമേഖലയുടെ സഹകരണ മാതൃകയുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദക രാജ്യമാണ്. അതില്‍ ഗുജറാത്തിനു വലിയ പങ്കുണ്ട്. ക്ഷീരമേഖല കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതിവേഗം വളരുകയും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കു കൂടുതല്‍ സംഭാവന നല്‍കുകയും ചെയ്യുന്നു. ഗുജറാത്തില്‍ പാല്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്കു വ്യാപക പ്രചാരണം ലഭിച്ചത് അതിനു ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങള്‍ കുറവായതിനാലാണ്. ഇവിടെ സൗകര്യങ്ങള്‍ ഒരുക്കുക മാത്രമാണു ഗവണ്‍മെന്റ് ചെയ്യുന്നത്. മറ്റു കാര്യങ്ങള്‍ ചെയ്യുന്നതു സഹകരണ സംഘങ്ങളോ കര്‍ഷകരോ ആണ്.
സഹകരണ മനോഭാവത്തെ 'അമൃത കാല'ത്തിന്റെ സത്തയുമായി കൂട്ടിയിണക്കുന്നതിനുള്ള നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ടു പോകുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യത്തോടെ കേന്ദ്രത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. രാജ്യത്ത് സഹകരണ അധിഷ്ഠിത സാമ്പത്തിക മാതൃക പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''സഹകരണ സംഘങ്ങളുടെ ഏറ്റവും വലിയ ശക്തി വിശ്വാസം, സഹകരണം, കൂട്ടായ ശക്തിയോടെ സംഘടനയുടെ കഴിവു വര്‍ധിപ്പിക്കല്‍ എന്നിവയാണ്. ഇതാണ് അമൃത കാലത്ത് ഇന്ത്യയുടെ വിജയത്തിന്റെ ഉറപ്പ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുതെന്നും നിസ്സാരമെന്നും തോന്നുന്നവയെ അമൃത കാലത്തു വലിയ ശക്തിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്. ഇന്ന് ചെറുകിട കര്‍ഷകര്‍ എല്ലാ വിധത്തിലും ശാക്തീകരിക്കപ്പെടുകയാണ്. അതുപോലെ, ചെറുകിട വ്യവസായങ്ങളും എംഎസ്എംഇകളും ഇന്ത്യയുടെ സ്വയംപര്യാപ്ത വിതരണ ശൃംഖലയുടെ ശക്തമായ ഭാഗമാകുന്നു. ''നമ്മുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സഹകരണം സഹായിക്കുമെന്നും ഇന്ത്യ വിജയത്തിന്റെയും സമൃദ്ധിയുടെയും പാതയില്‍ മുന്നേറുമെന്നും എനിക്ക് ഉറപ്പുണ്ട്''- പ്രധാനമന്ത്രി ഉപസംഹരിച്ചു.
--ND--
(Release ID: 1829020)
Visitor Counter : 205
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada