പ്രധാനമന്ത്രിയുടെ ഓഫീസ്‌

ട്രായ് സില്‍വര്‍ ജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 17 MAY 2022 1:40PM by PIB Thiruvananthpuram

നമസ്‌കാരം, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ അശ്വിനി വൈഷ്ണവ് ജി, ശ്രീ ദേവുസിങ് ചൗഹാന്‍ ജി, ഡോ. എല്‍.മുരുഗന്‍ ജി, ടെലികോം-ബ്രോഡ്കാസ്റ്റിങ് മേഖലയിലെ പ്രമുഖരെ, മഹതികളെ, മഹാന്‍മാരെ!

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ - ട്രായ് സില്‍വര്‍ ജൂബിലിയില്‍ ബന്ധപ്പെട്ട എല്ലാ ആളുകള്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഇന്ന് നിങ്ങളുടെ സ്ഥാപനം 25 വര്‍ഷം പൂര്‍ത്തിയാക്കുകയും അതേ സമയം അടുത്ത 25 വര്‍ഷത്തേക്കുള്ള റോഡ്മാപ്പില്‍ രാജ്യം പ്രവര്‍ത്തിക്കുകയും 'ആസാദി കാ അമൃത് കാല'ത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നത് എത്ര അത്ഭുതകരമായ യാദൃച്ഛികതയാണ്. നമ്മുടെ തദ്ദേശീയമായ 5ജി ടെസ്റ്റ് ബെഡ് രാജ്യത്തിന് സമര്‍പ്പിക്കാനുള്ള അവസരം കുറച്ച് മുമ്പ് എനിക്ക് ലഭിച്ചു. ടെലികോം മേഖലയിലെ നിര്‍ണായകവും ആധുനികവുമായ സാങ്കേതികവിദ്യയുടെ സ്വാശ്രയത്വത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. ഐഐടികളെയും ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. കൂടാതെ, 5ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഈ ടെസ്റ്റിംഗ് സൗകര്യം ഉപയോഗിക്കാന്‍ രാജ്യത്തെ യുവ സുഹൃത്തുക്കളെയും ഗവേഷകരെയും കമ്പനികളെയും ഞാന്‍ ക്ഷണിക്കുന്നു. പ്രത്യേകിച്ചും നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള മികച്ച അവസരമാണിത്. മാത്രമല്ല, രാജ്യത്തിന്റെ സ്വന്തം 5ജി നിലവാരം 5ജിഐ രൂപത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാജ്യത്തിന് അത് അഭിമാനകരമായ കാര്യമാണ്. രാജ്യത്തെ ഗ്രാമങ്ങളിലേക്ക് 5ജി സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നതില്‍ ഇത് വലിയ പങ്ക് വഹിക്കും.

സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കണക്റ്റിവിറ്റി രാജ്യത്തിന്റെ പുരോഗതിയുടെ വേഗത നിര്‍ണ്ണയിക്കും. അതിനാല്‍ എല്ലാ തലത്തിലും കണക്റ്റിവിറ്റി നവീകരിക്കേണ്ടതുണ്ട്. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതും ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്നതും ഇതിന്റെ അടിത്തറ കെട്ടിപ്പടുക്കാന്‍ സഹായിക്കും. 5ജി സാങ്കേതികവിദ്യ രാജ്യത്തിന്റെ ഭരണം, ജീവിത സൗകര്യം, ബിസിനസ്സ് ചെയ്യുന്നതു സുഗമമാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നു. ഇത് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ചരക്കുനീക്കം തുടങ്ങി എല്ലാ മേഖലകളിലെയും വളര്‍ച്ചയെ ഉത്തേജിപ്പിക്കും. ഇത് സൗകര്യം മാത്രമല്ല, പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. വരുന്ന ഒന്നര ദശാബ്ദത്തിനുള്ളില്‍ 5ജി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് 450 ബില്യണ്‍ ഡോളറിന്റെ സംഭാവന നല്‍കുമെന്ന് കണക്കാക്കപ്പെടുന്നു. അതായത്, ഇത് ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പുരോഗതിയുടെയും തൊഴിലവസരങ്ങളുടെയും വേഗതയും വര്‍ദ്ധിപ്പിക്കും. അതിനാല്‍, 5ജി ദ്രുതഗതിയില്‍ ലഭ്യമാക്കുന്നതിനു ഗവണ്‍മെന്റിന്റെയും വ്യവസായത്തിന്റെയും യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണ്. നമ്മുടെ ദൗത്യസംഘം ഇതിനകം തന്നെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനാല്‍ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 6ജി സേവനങ്ങളും ആരംഭിക്കാന്‍ നമുക്കു കഴിയും.

സുഹൃത്തുക്കളെ,
ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പുകള്‍ ടെലികോം മേഖലയിലും 5G സാങ്കേതികവിദ്യയിലും എത്രയും വേഗം സജ്ജമാണെന്ന് ഉറപ്പുവരുത്താനും ആഗോള ചാമ്പ്യന്മാരായി മാറാനും ഞങ്ങള്‍ ശ്രമിക്കുന്നു. ഒന്നിലധികം മേഖലകളിലായി ഞങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ഡിസൈന്‍ പവര്‍ഹൗസുകളിലൊന്നാണ്. ടെലികോം ഉപകരണ വിപണിയിലും ഇന്ത്യയുടെ ഡിസൈന്‍ ചാമ്പ്യന്‍മാരുടെ ശക്തിയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. ഗവേഷണ-വികസന അടിസ്ഥാന സൗകര്യങ്ങളും അതിനാവശ്യമായ പ്രക്രിയകളും ലഘൂകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ പ്രത്യേക ശ്രദ്ധയുണ്ട്. ഈ ഉദ്യമത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പ്രധാന പങ്കുണ്ട്.

സുഹൃത്തുക്കളെ,
സ്വാശ്രയത്വവും ആരോഗ്യകരമായ മത്സരവും സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും എങ്ങനെ ഗുണപരമായ സ്വാധീനം സൃഷ്ടിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് നമ്മുടെ ടെലികോം മേഖല സൃഷ്ടിച്ചതെന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. നമുക്ക് 2ജി യുഗത്തിലേക്ക് നോക്കാം. 2ജിയുടെ കാലഘട്ടം നിരാശയും അഴിമതിയും നയപരമായ സ്തംഭനാവസ്ഥയും നിറഞ്ഞതായിരുന്നു. എന്നാല്‍ ഇന്ന്, ആ കാലഘട്ടത്തില്‍ നിന്ന് പുറത്തുവന്നതിന് ശേഷം, രാജ്യം അതിവേഗം 3ജിയില്‍ നിന്ന് 4ജിയിലേക്കും ഇപ്പോള്‍ 5ജിയിലേക്കും 6ജിയിലേക്കും മാറിയിരിക്കുന്നു. ഈ പരിവര്‍ത്തനം വളരെ സുതാര്യതയോടെ വളരെ സുഗമമായി നടക്കുന്നു. ഈ ദിശയില്‍ ട്രായ് വളരെ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മുന്‍കാല നികുതി, അല്ലെങ്കില്‍ എ.ജി.ആര്‍. പോലുള്ള വെല്ലുവിളികള്‍ വ്യവസായത്തിന് മുന്നില്‍ വന്നപ്പോഴെല്ലാം, നാം അതേ വേഗത്തില്‍ പ്രതികരിക്കാന്‍ ശ്രമിക്കുകയും ആവശ്യമുള്ളിടത്തെല്ലാം പരിഷ്‌കാരങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. അത്തരം ശ്രമങ്ങള്‍ പുതിയ വിശ്വാസം സൃഷ്ടിച്ചു. തല്‍ഫലമായി, 2014-ന് മുമ്പുള്ള ഒരു ദശാബ്ദത്തിലേറെയായി നമുക്ക് ലഭിച്ചിരുന്നതിനേക്കാള്‍ 1.5 മടങ്ങ് എഫ്ഡിഐ വെറും എട്ടു വര്‍ഷത്തിനുള്ളില്‍ ടെലികോം മേഖലയില്‍ ഒഴുകി. ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചുള്ള നിക്ഷേപകരുടെ ഈ വികാരം ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്തം നമുക്കെല്ലാമുണ്ട്.

സുഹൃത്തുക്കളെ,
ഈ വര്‍ഷങ്ങളിലെല്ലാം ഗവണ്‍മെന്റ് ഒരു പുതിയ ചിന്തയോടും സമീപനത്തോടും കൂടി പ്രവര്‍ത്തിക്കുന്ന രീതി നിങ്ങള്‍ക്ക് നന്നായി അറിയാം. 'അറകളിലിരുന്നു പ്രവര്‍ത്തിക്കുക' എന്ന മാനസികാവസ്ഥയില്‍നിന്നു പുറത്തുകടന്ന് ഇപ്പോള്‍ 'ഗവണ്‍മെന്റ് പൂര്‍ണമായും' രാജ്യം മുന്നോട്ട് എന്ന സമീപനത്തോടെ മുന്നോട്ടു പോവുകയാണ്. ലോകത്തിലെ ടെലി-സാന്ദ്രതയുടെയും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും കാര്യത്തില്‍ ഇന്ന് നമ്മള്‍ അതിവേഗം വളരുകയാണ്. ടെലികോം ഉള്‍പ്പെടെ നിരവധി മേഖലകള്‍ ഇതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് ഇന്റര്‍നെറ്റ് വഹിക്കുന്നു. 2014ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം' എന്ന ആശയത്തിനും സാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗത്തിനും നാം മുന്‍ഗണന നല്‍കി. ഇതിനായി, രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ ഒന്നിച്ച് ഗവണ്‍മെന്റുമായി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്. കൂടാതെ, കേന്ദ്രമോ സംസ്ഥാനമോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ആകട്ടെ, ഗവണ്‍മെന്റിന്റെ എല്ലാ ഘടകങ്ങളും ഒരു ജൈവ യൂണിറ്റായി ഒരുമിച്ച് നീങ്ങേണ്ടതായിരുന്നു. കുറഞ്ഞ ചെലവില്‍ അവര്‍ക്ക് യോജിക്കാനും ഗവണ്‍മെന്റ് സേവനങ്ങള്‍ അഴിമതി കൂടാതെ നേടാനും കഴിയുമെന്ന് ഞങ്ങള്‍ ഉറപ്പാക്കി. അതുകൊണ്ടാണ് ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നീ ത്രിത്വങ്ങള്‍ നേരിട്ടുള്ള ഭരണത്തിന്റെ മാധ്യമമായി കൊണ്ടുവരാന്‍ നാം തീരുമാനിച്ചത്. ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും മൊബൈല്‍ ലഭ്യമാക്കുന്നതിന്, രാജ്യത്ത് തന്നെ മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതിന് നാം ഊന്നല്‍ നല്‍കിയിട്ടുണ്ട്. തല്‍ഫലമായി, മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകളുടെ എണ്ണം രണ്ടില്‍ നിന്ന് 200-ലധികമായി വര്‍ദ്ധിച്ചു. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവാണ്. നമ്മുടെ ആവശ്യങ്ങള്‍ക്ക് ഫോണുകള്‍ ഇറക്കുമതി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാല്‍ ഇന്ന് മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ നാം പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്.

സുഹൃത്തുക്കളെ,
മൊബൈല്‍ കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിന്, കോളുകളും ഡാറ്റയും ചെലവേറിയതല്ല എന്ന് ഉറപ്പാക്കേണ്ടത് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടാണ് ടെലികോം വിപണിയില്‍ ആരോഗ്യകരമായ മത്സരം നാം പ്രോത്സാഹിപ്പിച്ചത്. തല്‍ഫലമായി, ഇന്ന് നാം ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഡാറ്റ ദാതാക്കളില്‍ ഒന്നാാ്. ഇന്ന് ഇന്ത്യ രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന തിരക്കിലാണ്. 2014-ന് മുമ്പ് ഇന്ത്യയിലെ നൂറ് ഗ്രാമപഞ്ചായത്തുകള്‍ പോലും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടില്ലായിരുന്നു എന്ന് നിങ്ങള്‍ക്കറിയാം. ഇന്ന് നാം ഏകദേശം 1.75 ലക്ഷം ഗ്രാമപഞ്ചായത്തുകളിലേക്ക് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി വ്യാപിപ്പിച്ചു. കുറച്ച് കാലം മുമ്പ്, രാജ്യത്തെ നക്സല്‍ ബാധിത പ്രദേശങ്ങളില്‍ 4ജി കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരുന്നു. ഇത് 5ജി, 6ജി സാങ്കേതികവിദ്യ യാഥാര്‍ഥ്യമാക്കുക മാത്രമല്ല, മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,
കൂടുതല്‍ക്കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഫോണും ഇന്റര്‍നെറ്റും ലഭ്യമാക്കുക വഴി ഇന്ത്യ ഒരു വലിയ സാധ്യത തുറന്നു. ഇത് രാജ്യത്ത് ശക്തമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യത്തിന് അടിത്തറയിട്ടു. ഇത് രാജ്യത്ത് സേവനത്തിന് വലിയ ഡിമാന്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും 4 ലക്ഷം പൊതു സേവന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇന്ന് നൂറുകണക്കിന് ഗവണ്‍മെന്റ് സേവനങ്ങളാണ് ഈ പൊതു സേവന കേന്ദ്രങ്ങള്‍ വഴി ഗ്രാമങ്ങളിലെ ജനങ്ങളിലേക്ക് എത്തുന്നത്. ഈ പൊതു  സേവന കേന്ദ്രങ്ങള്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന മാധ്യമമായി മാറിയിരിക്കുന്നു. അടുത്തിടെ ഗുജറാത്തില്‍ ഒരു പരിപാടിക്ക് പോയിരുന്നു. ദഹോദ് ജില്ല ഒരു ആദിവാസി മേഖലയാണ്. അവിടെ വെച്ച് ഞാന്‍ ഒരു 'ദിവ്യാംഗ' ദമ്പതികളെ കണ്ടു. അവര്‍ ഒരു പൊതു സേവന കേന്ദ്രം നടത്തുകയായിരുന്നു. ആ മനുഷ്യന്‍ പറഞ്ഞു, 'ഞാന്‍ ദിവ്യാംഗനായിന്നു. അതിനാല്‍ എനിക്ക് ചെറിയ സഹായം ലഭിച്ചതോടെ ഇത് ആരംഭിക്കാന്‍ കഴിഞ്ഞു'. ഗോത്ര മേഖലയില്‍പ്പെട്ട വിദൂര ഗ്രാമത്തിലെ വിദൂര ഗ്രാമത്തിലെ പൊതുസേവന കേന്ദ്രത്തില്‍ നിന്ന് ഇന്ന് 28-30 ആയിരം രൂപ സമ്പാദിക്കുന്നു. ഇതു വ്യക്തമാക്കുന്നത് ആദിവാസി മേഖലയിലെ പൗരന്മാര്‍ക്കും ഈ സേവനങ്ങള്‍ എന്തൊക്കെയാണെന്നും ഈ സേവനങ്ങള്‍ എത്രമാത്രം അര്‍ഥവത്താണെന്നുമാണ്. ഭിന്നശേഷിക്കാരായ ദമ്പതികള്‍ അവിടെയുള്ള ഒരു ചെറിയ ഗ്രാമത്തിലെ ജനങ്ങളെ സേവിക്കുകയും ഉപജീവനമാര്‍ഗം കണ്ടെത്തുകയും ചെയ്യുന്നു എന്നാണ് ഇതിനര്‍ത്ഥം. ഈ രീതിയിലാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഒരു പരിവര്‍ത്തനം കൊണ്ടുവരുന്നത്.

സുഹൃത്തുക്കളെ,
നമ്മുടെ ഗവണ്‍മെന്റ് തുടര്‍ച്ചയായി സാങ്കേതികവിദ്യ നവീകരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഡെലിവറി സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് രാജ്യത്തെ സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റത്തിന് സേവന-നിര്‍മ്മാണ മേഖലകളില്‍ ഒരു ഉത്തേജനം നല്‍കി. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യയെ മാറ്റിയതിന് പിന്നിലെ സുപ്രധാന കാരണം ഇതാണ്.

സുഹൃത്തുക്കളെ,
ട്രായ് പോലെയുള്ള നമ്മുടെ എല്ലാ നിയന്ത്രണ ഏജന്‍സികള്‍ക്കും ഇന്നത്തെയും ഭാവിയിലെയും വെല്ലുവിളികളെ നേരിടുന്നതില്‍ ഈ 'ഗവണ്‍മെന്റ് മുഴുവനായും' എന്ന സമീപനം നിര്‍ണായകമാണ്. ഇന്ന് നിയന്ത്രണം ഒരു മേഖലയില്‍ ഒതുങ്ങുന്നില്ല. വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് സാങ്കേതികവിദ്യ. അതുകൊണ്ടാണ് ഇന്ന് സ്വാഭാവികമായും പൊതു നിയന്ത്രണത്തിന്റെ ആവശ്യകത എല്ലാവര്‍ക്കും അനുഭവപ്പെടുന്നത്. ഇതിനായി എല്ലാ റെഗുലേറ്റര്‍മാരും ഒത്തുചേരുകയും പൊതുവായ പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കുകയും മികച്ച ഏകോപനത്തോടെ പരിഹാരങ്ങള്‍ കാണുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഈ സമ്മേളനത്തില്‍ നിന്ന് ഒരു സുപ്രധാന പരിഹാരം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാജ്യത്തെ ടെലികോം ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ലോകത്തിലെ ഏറ്റവും ലാഭകരമായ ടെലികോം വിപണിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ട്രായിയുടെ രജതജൂബിലി സമ്മേളനം 'ആസാദി കാ അമൃത് കാലി'ന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുമെന്നും പുതിയ ആത്മവിശ്വാസം പകരുമെന്നും, നമ്മുടെ സ്വപ്നങ്ങളും തീരുമാനങ്ങളും സാക്ഷാത്കരിക്കാന്‍ പുതിയൊരു കുതിച്ചുചാട്ടം നടത്താന്‍ നമ്മെ സഹായിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷയോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ നന്ദി! നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍, വളരെ നന്ദി!

 

-ND-

 



(Release ID: 1827752) Visitor Counter : 105