പ്രധാനമന്ത്രിയുടെ ഓഫീസ്
കനഡയിലെ ഒന്റാറിയോയിലെ സനാതന്‍ മന്ദിര്‍ സാംസ്‌കാരിക കേന്ദ്രത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
സാംസ്‌കാരിക കേന്ദ്രത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചു
''സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നമ്മുടെ സാംസ്‌കാരികമൂല്യങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായി മാറുകയും ചെയ്യുന്നു''
''ഇന്ത്യ ഒരു രാഷ്ട്രം മാത്രമല്ല, ആശയവും സംസ്‌കാരവും കൂടിയാണ്''
''മറ്റുള്ളവരെ ദ്രോഹിച്ചുള്ള ഉയര്‍ച്ച ഇന്ത്യ ആഗ്രഹിക്കുന്നില്ല''
''ആധുനികവും പുരോഗമനപരവുമായതും മാത്രമല്ല, അതിന്റെ ചിന്തകളോടും തത്വചിന്തയോടും അതിന്റെ വേരുകളോടും ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യയാണ് സ്വാതന്ത്ര്യസമരസേനാനികള്‍ സ്വപ്നം കണ്ടത്''
''സഹസ്രാബ്ദങ്ങളുടെ പൈതൃകത്തിന്റെ ഓര്‍മയ്ക്കായി സര്‍ദാര്‍ പട്ടേല്‍ സോമനാഥ ക്ഷേത്രം പുനഃസ്ഥാപിച്ചു''
''ആസാദി കാ അമൃത് മഹോത്സവ വേളയില്‍, സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നമായ നവ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞയ്ക്കായി ഞങ്ങള്‍ സ്വയം സമര്‍പ്പിക്കുകയാണ്''
''ഇന്ത്യയുടെ അമൃത പ്രതിജ്ഞകള്‍ ആഗോളതലത്തില്‍ പടരുകയും ലോകത്തെ കൂട്ടിയിണക്കുകയും ചെയ്യുന്നു''
''നമ്മുടെ കഠിനാധ്വാനം നമുക്കുവേണ്ടി മാത്രമല്ല. മുഴുവന്‍ മനുഷ്യരാശിയുടെയും ക്ഷേമമാണ് ഇന്ത്യയുടെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നത്''
Posted On:
01 MAY 2022 9:10PM by PIB Thiruvananthpuram
കനഡയിലെ ഒന്റാറിയോയിലെ മര്‍ഖാമിലെ സനാതന്‍ മന്ദിര്‍ സാംസ്‌കാരികകേന്ദ്രത്തില്‍ (എസ്എംസിസി) സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചു. വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചടങ്ങിനെ അഭിസംബോധനചെയ്തു.
ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി ആസാദി കാ അമൃത് മഹോത്സവ - ഗുജറാത്ത് ദിന ആശംസകള്‍ അറിയിച്ചു. കനഡ സന്ദര്‍ശനവേളയില്‍ സനാതന്‍ മന്ദിര്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ഗുണപരമായ സ്വാധീനം തനിക്ക് അനുഭവപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സവിശേഷിച്ച് 2015ലെ സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ വംശജരേകിയ സ്‌നേഹവാത്സല്യങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ''സനാതന്‍ മന്ദിറിലെ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായി മാറുകയും ചെയ്യും''- പ്രധാനമന്ത്രി പറഞ്ഞു.
പ്രവാസികളിലെ ഇന്ത്യന്‍ ധാര്‍മ്മികതയുടെയും മൂല്യങ്ങളുടെയും ആഴത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ഇന്ത്യക്കാര്‍ ലോകത്തെവിടെയും എത്ര തലമുറ ജീവിച്ചാലും അവരുടെ ഭാരതീയതയും ഇന്ത്യയോടുള്ള വിശ്വസ്തതയും ഒരിക്കലും കുറയില്ലെന്നും പറഞ്ഞു. ഇന്ത്യക്കാര്‍, അവര്‍ താമസിക്കുന്ന മേഖലയില്‍ പൂര്‍ണ അര്‍പ്പണബോധത്തോടെയും സമഗ്രതയോടെയും പ്രവര്‍ത്തിക്കുകയും അവരുടെ ജനാധിപത്യമൂല്യങ്ങളും കര്‍ത്തവ്യബോധവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യ ഒരു രാഷ്ട്രം മാത്രമല്ല, ആശയവും സംസ്‌കാരവും കൂടിയാണ് എന്നതാണ് ഇതിനു കാരണം. ഉന്നതനിലവാരത്തിലുള്ള ആ ചിന്തയോടെ ഇന്ത്യ 'വസുധൈവകുടുംബക'ത്തെക്കുറിച്ച് സംസാരിക്കുന്നു. മറ്റുള്ളവരെ ദ്രോഹിച്ചുള്ള ഉയര്‍ച്ച ഇന്ത്യ സ്വപ്നം കാണുന്നില്ല.''
കനഡയിലും മറ്റു രാജ്യങ്ങളിലുമുള്ള സനാതന്‍ മന്ദിര്‍ ആ രാജ്യത്തിന്റെ മൂല്യങ്ങളെ സമ്പന്നമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കനഡയില്‍ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുമ്പോള്‍, ജനാധിപത്യ മൂല്യങ്ങളുടെ പങ്കുവയ്ക്കലിന്റെ ആഘോഷമാകുകയാണത്. ''ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഈ ആഘോഷം കനഡയിലെ ജനങ്ങള്‍ക്ക് ഇന്ത്യയെ കൂടുതല്‍ അടുത്തറിയാന്‍ അവസരം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനഡയില്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ സ്ഥാപിക്കപ്പെട്ടത് നവ ഇന്ത്യയുടെ വിശാലമനോഭാവത്തെയാണു കാട്ടിത്തരുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, ആധുനികവും പുരോഗമനപരവുമായതും മാത്രമല്ല, അതിന്റെ ചിന്തകളോടും തത്വചിന്തയോടും അതിന്റെ വേരുകളോടും ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതുമായ ഇന്ത്യയാണ് സ്വാതന്ത്ര്യസമരസേനാനികള്‍ സ്വപ്നം കണ്ടതെന്നും വ്യക്തമാക്കി. അതുകൊണ്ടാണ് പുതുതായി സ്വതന്ത്ര ഇന്ത്യയില്‍ സര്‍ദാര്‍ പട്ടേല്‍ സഹസ്രാബ്ദങ്ങളുടെ പൈതൃകത്തിന്റെ ഓര്‍മയ്ക്കായി സോമനാഥ ക്ഷേത്രം പുനഃസ്ഥാപിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ന്, ആസാദി കാ അമൃത് മഹോത്സവ വേളയില്‍, സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നമായ നവ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞയ്ക്കായി ഞങ്ങള്‍ സ്വയം സമര്‍പ്പിക്കുകയാണ്. അതിന് 'ഏകതാപ്രതിമ' പ്രധാന പ്രചോദനമാണ്- പ്രധാനമന്ത്രി പറഞ്ഞു. സനാതന്‍ മന്ദിര്‍ സാംസ്‌കാരികകേന്ദ്രത്തിലെ 'ഏകതാപ്രതിമ'യുടെ പകര്‍പ്പ് അര്‍ത്ഥമാക്കുന്നത് ഇന്ത്യയുടെ അമൃത പ്രതിജ്ഞകള്‍ ഇന്ത്യയുടെ അതിരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നില്ല എന്നാണ്. ലോകത്തെ കൂട്ടിയിണക്കുന്ന ഈ പ്രതിജ്ഞ ആഗോളതലത്തില്‍ പടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അമൃതപ്രതിജ്ഞകളുടെ ആഗോളമാനത്തെക്കുറിച്ച് ആവര്‍ത്തിച്ച പ്രധാനമന്ത്രി, നാം സ്വയംപര്യാപ്ത ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ലോകത്തിന്റെ പുരോഗതിയുടെ പുതിയ സാധ്യതകള്‍ തുറക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്നു ചൂണ്ടിക്കാട്ടി. അതുപോലെ, യോഗ പ്രചരിക്കുമ്പോള്‍, എല്ലാവരും രോഗമുക്തരാണെന്ന സഹജമായ തോന്നലുണ്ടാകുന്നു. സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ മുഴുവന്‍ മനുഷ്യരാശിയെയുമാണ് ഇന്ത്യ പ്രതിനിധാനം ചെയ്യുന്നത്. ''നമ്മുടെ കഠിനാധ്വാനം നമുക്കുവേണ്ടി മാത്രമല്ല. മുഴുവന്‍ മനുഷ്യരാശിയുടെയും ക്ഷേമമാണ് ഇന്ത്യയുടെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നത്''- ഈ സന്ദേശം മുന്നോട്ടുനയിക്കുന്നതില്‍ ഇന്ത്യന്‍ പ്രവാസിസമൂഹത്തിന്റെ വലിയ നിലയിലുള്ള പങ്കാളിത്തമുണ്ടാകണമെന്ന് ആഹ്വാനം ചെയ്താണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.
--ND--
My remarks at a programme being organised by Sanatan Mandir Cultural Centre in Canada. https://t.co/KcJiIfgW46
— Narendra Modi (@narendramodi) May 1, 2022
(Release ID: 1821898)
Visitor Counter : 165
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada