പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിഖ് പ്രതിനിധികള്‍ക്കു ന്യൂഡല്‍ഹിയിലെ വസതിയില്‍ ആതിഥ്യമരുളി പ്രധാനമന്ത്രി


''ഗുരുദ്വാരകള്‍ സന്ദര്‍ശിക്കുക, 'സേവ'യില്‍ സമയം ചെലവഴിക്കുക, ലംഗാര്‍ കഴിക്കുക, സിഖ് കുടുംബങ്ങളുടെ വീടുകളില്‍ താമസിക്കുക എന്നിവ എന്റെ ജീവിതത്തിന്റെ ഭാഗമാണ്''

''നമ്മുടെ ഗുരുക്കന്മാര്‍ ധൈര്യവും സേവനവുമെന്തെന്നു നമ്മെ പഠിപ്പിച്ചു''

''പുതിയ ഇന്ത്യ പുതിയ ഉയരങ്ങള്‍ തേടുകയും ലോകമെമ്പാടും അതിന്റെ മുദ്ര പതിപ്പിക്കുകയും ചെയ്യുന്നു''

''ഞാന്‍ എപ്പോഴും ഇന്ത്യന്‍ പ്രവാസികളെ ഇന്ത്യയുടെ 'രാഷ്ട്രദൂത്' ആയി കണക്കാക്കുന്നു. നിങ്ങളേവരും ഭാരതമാതാവിന്റെ വിദേശത്തുള്ള കരുത്തുറ്റ ശബ്ദവും ശ്രേഷ്ഠമായ സ്വത്വവുമാണ്''

''ഗുരുക്കന്മാരുടെ പാദങ്ങള്‍ ഈ വിശിഷ്ടഭൂമിയെ വിശുദ്ധമാക്കുകയും ഇവിടത്തെ ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്തു''

''സിഖ് പാരമ്പര്യം 'ഏക ഭാരതം ശ്രേഷ്ഠഭാരത'ത്തിന്റെ ജീവസ്സുറ്റ പാരമ്പര്യമാണ്''

''രാജ്യത്തിന്റെ ധീരതയുടെയും ശൗര്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പര്യായമാണു സിഖ് സമൂഹം''



Posted On: 29 APR 2022 7:05PM by PIB Thiruvananthpuram

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സിഖ് പ്രതിനിധി സംഘത്തിനു സ്വീകരണം നല്‍കി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. കേന്ദ്രമന്ത്രി ശ്രീ ഹര്‍ദീപ് സിങ് പുരി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്വീകരണവേളയില്‍, സിഖ് സമൂഹവുമായുള്ള തന്റെ ദീര്‍ഘകാലബന്ധം പ്രധാനമന്ത്രി അനുസ്മരിച്ചു. ''ഗുരുദ്വാരകള്‍ സന്ദര്‍ശിക്കുക, 'സേവ'യില്‍ സമയം ചെലവഴിക്കുക, ലംഗാര്‍ (ഗുരുദ്വാരയില്‍ ലഭ്യമാകുന്ന സൗജന്യഭക്ഷണം) കഴിക്കുക, സിഖ് കുടുംബങ്ങളുടെ വീടുകളില്‍ താമസിക്കുക എന്നിവ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇവിടെ, പ്രധാനമന്ത്രിയുടെ വസതിയില്‍ ഇടയ്ക്കിടെ സിഖ് സന്ന്യാസിമാരുടെ പാദങ്ങള്‍ പതിയുന്നു. അവരുടെ സഹവാസത്താല്‍ എനിക്കെന്നും നന്മകളുണ്ടാകുന്നു''- പ്രധാനമന്ത്രി പറഞ്ഞു. വിദേശസന്ദര്‍ശനവേളകളില്‍ ലോകമെമ്പാടുമുള്ള സിഖ് പൈതൃകകേന്ദ്രങ്ങളിലേക്കുള്ള തന്റെ സന്ദര്‍ശനങ്ങളും പ്രധാനമന്ത്രി അനുസ്മരിച്ചു.

നമ്മുടെ ഗുരുക്കന്മാര്‍ ധൈര്യവും സേവനവുമെന്തെന്നു നമ്മെ പഠിപ്പിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ''കൈയിലൊന്നുമില്ലാതെ ഇന്ത്യയിലെ ജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോയി അവരുടെ അധ്വാനത്തിലൂടെ വിജയം നേടിയിട്ടുണ്ട്. ഇന്നത്തെ പുതിയ ഇന്ത്യയുടെ സത്തയും ഇതാണ്.''- അദ്ദേഹം പറഞ്ഞു.

പുതിയ ഇന്ത്യയുടെ മനോഭാവത്തോടു തനിക്കുള്ള മതിപ്പ് ആവര്‍ത്തിച്ച പ്രധാനമന്ത്രി, പുതിയ ഇന്ത്യ പുതിയ ഉയരങ്ങള്‍ തേടുകയും ലോകമെമ്പാടും അതിന്റെ മുദ്ര പതിപ്പിക്കുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കി. ''അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൊറോണ മഹാമാരിയുടെ കാലഘട്ടം. മഹാമാരിയുടെ ആരംഭകാലത്ത് പഴഞ്ചന്‍ ചിന്താഗതിക്കാര്‍ ഇന്ത്യയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, മഹാമാരി കൈകാര്യം ചെയ്തതിനു ജനങ്ങള്‍ ഇന്ത്യയെ ഉദാഹരണമാക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ ആധിക്യത്തെക്കുറിച്ചു നേരത്തെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പിന്റെ കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍, പ്രതിരോധമരുന്നുല്‍പ്പാദനത്തില്‍ രാജ്യമിന്നു വലിയ ശക്തിയായി മാറിയിരിക്കുന്നു. പ്രതിരോധകുത്തിവയ്പുകളുടെ 99 ശതമാനവും നമ്മുടെ സ്വന്തം 'മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍' വഴിയാണെന്നറിയുമ്പോള്‍ നിങ്ങള്‍ക്കും അഭിമാനിക്കാം''- അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികളുടെ ഈ കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ''നമ്മുടെ യുണികോണുകളുടെ എണ്ണം നിരന്തരം വര്‍ദ്ധിക്കുകയാണ്. ഇന്ത്യയുടെ ഈ ഉയര്‍ന്ന വളര്‍ച്ചയും വിശ്വാസ്യതയും നമ്മുടെ പ്രവാസികള്‍ക്ക് പരമാവധി സംതൃപ്തിയും അഭിമാനവും നല്‍കുന്നു.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഞാന്‍ എപ്പോഴും നമ്മുടെ ഇന്ത്യന്‍ പ്രവാസികളെ ഇന്ത്യയുടെ 'രാഷ്ട്രദൂത്' ആയി കണക്കാക്കുന്നു. നിങ്ങളേവരും ഭാരതമാതാവിന്റെ വിദേശത്തുള്ള കരുത്തുറ്റ ശബ്ദവും ശ്രേഷ്ഠമായ സ്വത്വവുമാണ്''- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയുടെ കുതിപ്പില്‍ പ്രവാസികള്‍ക്കും അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ''നാം ലോകത്ത് എവിടെയായിരുന്നാലും, 'ഇന്ത്യയാണ് ആദ്യം' എന്നതാകണം നമ്മുടെ പ്രാഥമിക ചിന്ത''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുക്കന്മാരുടെ മഹത്തായ സംഭാവനകള്‍ക്കും ത്യാഗങ്ങള്‍ക്കും മുന്നില്‍ ശിരസ്സുനമിച്ച പ്രധാനമന്ത്രി, ഗുരു നാനാക്ക് ദേവ് ജി രാജ്യത്തിന്റെ മുഴുവന്‍ ചേതനയെയും ഉണര്‍ത്തുകയും രാജ്യത്തെ ഇരുളില്‍ നിന്നു വെളിച്ചത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്തതെങ്ങനെയെന്ന് അനുസ്മരിച്ചു. ഗുരുക്കന്മാര്‍ രാജ്യമൊട്ടാകെ സഞ്ചരിച്ചിട്ടുണ്ടെന്നും എല്ലായിടത്തും അവരുടെ മുദ്രകളും പ്രചോദനങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ സംപൂജ്യരാണ്. എല്ലായിടത്തും അവരില്‍ വിശ്വാസമുണ്ട്. ഗുരുക്കന്മാരുടെ പാദങ്ങള്‍ ഈ വിശിഷ്ടഭൂമിയെ വിശുദ്ധമാക്കുകയും ഇവിടത്തെ ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സിഖ് പാരമ്പര്യം 'ഏക ഭാരതം ശ്രേഷ്ഠഭാരത'ത്തിന്റെ ജീവസ്സുറ്റ പാരമ്പര്യമാണ്. സ്വാതന്ത്ര്യസമരകാലത്തും സ്വാതന്ത്ര്യത്തിനുശേഷവും സിഖ് സമൂഹം നല്‍കിയ സംഭാവനകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി നന്ദി അറിയിച്ചു.''രാജ്യത്തിന്റെ ധീരതയുടെയും ശൗര്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പര്യായമാണു സിഖ് സമൂഹ''മെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി ഒരിക്കല്‍ കൂടി വിശദീകരിച്ചു. ഈ സമരം പരിമിതമായ കാലഘട്ടത്തില്‍ ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും ആയിരക്കണക്കിനു വര്‍ഷത്തെ പ്രബുദ്ധതയുടെയും ആദര്‍ശങ്ങളുടെയും ആത്മീയമൂല്യങ്ങളുടെയും 'തപസ്യ'യുടെയും സാക്ഷാത്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുരു തേജ് ബഹാദൂറിന്റെ 400-ാം പ്രകാശ് പൂരബ് (ജന്മവാര്‍ഷികം), ഗുരു നാനാക്ക് ദേവ്ജിയുടെ 550-ാം പ്രകാശ് പൂരബ്, ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 350-ാം പ്രകാശ് പൂരബ് മുതലായ നാഴികക്കല്ലുകളില്‍ സഹകരിക്കാന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. കര്‍താര്‍പൂര്‍ ഇടനാഴിയുടെ നിര്‍മ്മാണം, ലംഗാറുകള്‍ നികുതിരഹിതമാക്കല്‍, ഹര്‍മന്ദിര്‍ സാഹിബിനുള്ള എഫ്സിആര്‍എ അനുമതി, ഗുരുദ്വാരകള്‍ക്ക് ചുറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങളും ശുചിത്വവും മെച്ചപ്പെടുത്തല്‍ തുടങ്ങിയവ ഈ ഗവണ്‍മെന്റിന്റെ കാലത്ത് നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമൃതകാലത്തെ കടമകള്‍ക്കു നല്‍കുന്ന അതേ പ്രാധാന്യത്തോടെ ഗുരുക്കളുടെ ആഹ്വാനങ്ങളെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം എന്ന സന്ദേശം ഈ ചൈതന്യത്തിന്റെ ഉദ്ബോധനമാണെന്നും വ്യക്തമാക്കി. ഈ കര്‍ത്തവ്യബോധം വര്‍ത്തമാനകാലത്തിന് മാത്രമല്ല, നമ്മുടെ ഭാവിതലമുറയ്ക്കും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി, പോഷണം, സാംസ്‌കാരിക മൂല്യങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി എപ്പോഴും പ്രയത്‌നിക്കുന്ന സിഖ് സമൂഹത്തെ അദ്ദേഹം പ്രശംസിച്ചു. 'അമൃത് സരോവരങ്ങള്‍'ക്കായി അടുത്തിടെ ആരംഭിച്ച ക്യാമ്പെയ്നില്‍ തങ്ങളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഏവരോടും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്.

-ND-

(Release ID: 1821422) Visitor Counter : 130