പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സെമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സ് 2022 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


''ഇന്ത്യയെ ആഗോള സെമികണ്ടക്ടര്‍ വിതരണശൃംഖലയിലെ സുപ്രധാന പങ്കാളികളില്‍ ഒന്നാക്കി മാറ്റുക എന്നതു ഞങ്ങളുടെ കൂട്ടായ ലക്ഷ്യമാണ്''

''ആരോഗ്യവും ക്ഷേമവും മുതല്‍ ഏവരെയും ഉള്‍പ്പെടുത്തുന്നതിലേക്കും ശാക്തീകരണത്തിലേക്കും വരെ ഭരണത്തിന്റെ എല്ലാ മേഖലകളിലും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു''

''അടുത്ത സാങ്കേതിക വിപ്ലവത്തിനു വഴിതെളിക്കുകയാണ് ഇന്ത്യ''

''ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഉപയോഗിച്ച് ഇന്ത്യ കരുത്തുറ്റ സാമ്പത്തിക വളര്‍ച്ചയിലേക്കു കുതിക്കുകയാണ്''

''വ്യവസായം ചെയ്യല്‍ സുഗമമാക്കുന്നതിന് വിപുലമായ പരിഷ്‌കാരങ്ങളാണ് ഇന്ത്യ നടപ്പാക്കുന്നത്''

''ലോകത്തിലെ സെമികണ്ടക്ടര്‍ ഡിസൈന്‍ എന്‍ജിനിയര്‍മാരുടെ 20% ഉള്‍പ്പെടുന്ന വിദഗ്ധരായ സെമികണ്ടക്ടര്‍ ഡിസൈനര്‍മാരുടെ നിര തന്നെ നമുക്കുണ്ട്''

''ഇന്ത്യയുടെ സ്വന്തം സെമികണ്ടക്ടര്‍ ഉപഭോഗം 2026ഓടെ 80 ബില്യണ്‍ ഡോളറും 2030ഓടെ 110 ബില്യണ്‍ ഡോളറും കവിയുമെന്നാണു പ്രതീക്ഷ''

''നൂറ്റാണ്ടിലൊരിക്കല്‍ മാത്രം വരുന്ന മഹാമാരിയുമായി മനുഷ്യരാശി പോരാടുന്ന സമയത്ത്, ഇന്ത്യ നമ്മുടെ ജനങ്ങളുടെ ആരോഗ്യത്തിനു മാത്രമല്ല, സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തിനും കരുത്തുപകരുകയായിരുന്നു''



Posted On: 29 APR 2022 11:21AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സ് 2022 ഉദ്ഘാടനം ചെയ്തു. വിദൂരദൃശ്യസംവിധാനത്തിലൂടെയാണ് ഇന്നത്തെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. കേന്ദ്രമന്ത്രിമാര്‍, സെമികണ്ടക്ടര്‍ വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, അക്കാദമിക് വിദഗ്ധര്‍, നയതന്ത്രവിദഗ്ധര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി എല്ലാവരേയും സ്വാഗതം ചെയ്യുകയും ഇന്ത്യയിലാണു കോണ്‍ഫറന്‍സ് നടക്കുന്നത് എന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ലോകത്തു സെമികണ്ടക്ടറുകള്‍ നിര്‍ണായകപങ്കാണു വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ''ഇന്ത്യയെ ആഗോള സെമികണ്ടക്ടര്‍ വിതരണശൃംഖലയിലെ സുപ്രധാന പങ്കാളികളില്‍ ഒന്നാക്കി മാറ്റുക എന്നതു ഞങ്ങളുടെ കൂട്ടായ ലക്ഷ്യമാണ്. ഉയര്‍ന്ന സാങ്കേതികവിദ്യ, ഉയര്‍ന്ന നിലവാരം, ഉയര്‍ന്ന വിശ്വാസ്യത എന്നീ നയങ്ങള്‍ അടിസ്ഥാനമാക്കി ഈ ദിശയില്‍ പ്രവര്‍ത്തിക്കാനാണു ഞങ്ങള്‍ ആഗ്രഹിക്കുന്നത്''.

സെമികണ്ടക്ടര്‍ സാങ്കേതികവിദ്യകളുടെ ആകര്‍ഷകമായ നിക്ഷേപകേന്ദ്രമായി ഇന്ത്യ മാറുന്നതിനുള്ള ആറുകാരണങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആദ്യമായി, 1.3 ബില്യണിലധികം ഇന്ത്യക്കാരെ കോര്‍ത്തിണക്കാന്‍ രാജ്യം ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നു. സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ബാങ്കിങ്, ഡിജിറ്റല്‍ പണമിടപാടുവിപ്ലവം എന്നീ മേഖലകളില്‍ ഇന്ത്യ അടുത്തിടെ കൈവരിച്ച മുന്നേറ്റങ്ങള്‍ വിവരിച്ച പ്രധാനമന്ത്രി, ''ആരോഗ്യവും ക്ഷേമവും മുതല്‍ ഏവരെയും ഉള്‍പ്പെടുത്തുന്നതിലേക്കും ശാക്തീകരണത്തിലേക്കും വരെ ഭരണത്തിന്റെ എല്ലാ മേഖലകളിലും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു''- എന്നും വ്യക്തമാക്കി.

രണ്ടാമതായി, 5ജി, ഐഒടി, ക്ലീന്‍ എനര്‍ജി സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ ശേഷീവികസനത്തിന് ആറുലക്ഷം ഗ്രാമങ്ങളെ ബ്രോഡ്ബാന്‍ഡ് നിക്ഷേപവുമായി ബന്ധിപ്പിക്കുന്നതു പോലുള്ള നടപടികളിലൂടെ ഇന്ത്യ അടുത്ത സാങ്കേതിക വിപ്ലവത്തിനു വഴിയൊരുക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

മൂന്നാമതായി, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഉപയോഗിച്ച് ഇന്ത്യ കരുത്തുറ്റ സാമ്പത്തിക വളര്‍ച്ചയിലേക്കു കുതിക്കുകയാണ്. ഇന്ത്യയുടെ സ്വന്തം സെമികണ്ടക്ടര്‍ ഉപഭോഗം 2026ഓടെ 80 ബില്യണ്‍ ഡോളറും 2030ഓടെ 110 ബില്യണ്‍ ഡോളറും കവിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

നാലാമതായി, രാജ്യത്തു വ്യവസായം ചെയ്യല്‍ സുഗമമാക്കുന്നതിനു വിപുലമായ പരിഷ്‌കാരങ്ങളാണ് ഇന്ത്യ നടപ്പാക്കുന്നത്. 25,000-ലധികം ചട്ടങ്ങള്‍ പാലിക്കുന്നത് ഒഴിവാക്കല്‍, ലൈസന്‍സുകള്‍ സ്വയംപുതുക്കല്‍, ഡിജിറ്റല്‍വല്‍ക്കരണം വഴിയുള്ള നിയന്ത്രണ ചട്ടക്കൂടിലെ സുതാര്യതയും വേഗതയും, ലോകത്തിലെ ഏറ്റവും അനുകൂലമായ നികുതി ഘടന തുടങ്ങിയ നടപടികളെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു.

21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കായി രാജ്യത്തെ യുവാക്കള്‍ക്കു നൈപുണ്യവികസനത്തിനും പരിശീലനം നല്‍കുന്നതിനുമുള്ള കനത്ത നിക്ഷേപമാണ് അഞ്ചാമത്തെ കാരണമായി പ്രധാനമന്ത്രി പറഞ്ഞത്. ''ലോകത്തിലെ സെമികണ്ടക്ടര്‍ ഡിസൈന്‍ എന്‍ജിനിയര്‍മാരുടെ 20% ഉള്‍പ്പെടുന്ന വിദഗ്ധരായ സെമികണ്ടക്ടര്‍ ഡിസൈനര്‍മാരുടെ നിര തന്നെ നമുക്കുണ്ട്. ഏറ്റവും മികച്ച 25 സെമികണ്ടക്ടര്‍ ഡിസൈന്‍ കമ്പനികളില്‍ ഏതാണ്ടെല്ലാവര്‍ക്കുംതന്നെ നമ്മുടെ രാജ്യത്തു ഡിസൈന്‍ അഥവാ ഗവേഷണ-വികസന കേന്ദ്രങ്ങളുണ്ട്.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറാമതായി, ഉല്‍പ്പാദനമേഖല നവീകരിക്കുന്നതിനായി ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''നൂറ്റാണ്ടിലൊരിക്കല്‍ മാത്രം വരുന്ന മഹാമാരിയുമായി മനുഷ്യരാശി പോരാടുന്ന സമയത്ത്, ഇന്ത്യ നമ്മുടെ ജനങ്ങളുടെ ആരോഗ്യത്തിനു മാത്രമല്ല,  സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തിനും കരുത്തുപകരുകയായിരുന്നു''- അദ്ദേഹം പറഞ്ഞു. 14 പ്രധാന മേഖലകളിലായി 26 ബില്യണ്‍ ഡോളറിലധികം ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന 'ഉല്‍പ്പാദനബന്ധിത ആനുകൂല്യ' പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖല റെക്കോര്‍ഡ് വളര്‍ച്ച കൈവരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈയിടെ പ്രഖ്യാപിച്ച 10 ബില്യണ്‍ ഡോളറിലധികം ചെലവുവരുന്ന സെമി-കോണ്‍ ഇന്ത്യ പ്രോഗ്രാമിനെക്കുറിച്ചും ശ്രീ മോദി  പറഞ്ഞു. സെമികണ്ടക്ടറുകള്‍, ഡിസ്‌പ്ലേ നിര്‍മ്മാണം, ഡിസൈന്‍ ആവാസവ്യവസ്ഥ എന്നിവയില്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.

ഗവണ്‍മെന്റ് പിന്തുണയുടെ ആവശ്യകതയെക്കുറിച്ചു പ്രധാനമന്ത്രി പറയുകയും വ്യവസായാനുകൂല അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള ഗവണ്‍മെന്റിന്റെ ഏറ്റവും മികച്ച ശ്രമങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്തു. ''വ്യവസായങ്ങള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍, ഗവണ്‍മെന്റ് അതില്‍ കൂടുതല്‍ പ്രയത്‌നിക്കണം''- അദ്ദേഹം പറഞ്ഞു.

പുതിയ ലോകക്രമത്തിന്റെ രൂപീകരണം ചൂണ്ടിക്കാട്ടി, ഉയര്‍ന്നുവരുന്ന അവസരം പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ''വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണ്. സാങ്കേതികവിദ്യക്കും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുമുള്ള ത്വര ഇന്ത്യയ്ക്കുണ്ട്. സഹായകരമായ നയസംവിധാനത്തിലൂടെ സാധ്യമായിടത്തോളം നിങ്ങള്‍ക്കായി ഞങ്ങള്‍ അനുകൂലമായ സാധ്യതകള്‍ ഒരുക്കി. ഇന്ത്യ എന്നാല്‍ വ്യവസായെമന്നാണ് അര്‍ഥമാക്കുന്നതെന്നു ഞങ്ങള്‍ തെളിയിച്ചു-  പ്രധാനമന്ത്രി പറഞ്ഞു.

-ND-

(Release ID: 1821222) Visitor Counter : 186