പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90 -ാം വാര്‍ഷികം ബ്രഹ്മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ എന്നിവയോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം 

Posted On: 26 APR 2022 3:04PM by PIB Thiruvananthpuram

എല്ലാവര്‍ക്കും  നമസ്‌കാരം,

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദജി, ജനറല്‍ സെക്രട്ടറി സ്വാമി റിതംബരാനന്ദജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരും കേരള മണ്ണിന്റെ പുത്രന്മാരുമായ ശ്രീ.വി മുരളീധരന്‍ജി, രാജീവ് ചന്ദ്രശേഖര്‍ജി, ശ്രീനാരായണ ഗുരു ധര്‍മ്മ സംഘം ട്രസ്റ്റ് ഭാരവാഹികളെ, രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നാരായണീയരെ മഹതീ മഹാന്മാരെ,

ദിവ്യന്മാക്കള്‍ എന്റെ ഭവനത്തില്‍ പ്രവേശിച്ചതുപോലുള്ള  ഈ ആനന്ദനിമിഷത്തെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാവില്ല.

എല്ലാ പ്രിയപ്പെട്ട മലയാളികള്‍ക്കും എന്റെ  വിനീതമായ നമസ്‌കാരം. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവന്‍. അദ്ദേഹത്തിന്റെ ജന്മത്താല്‍ ധന്യമാകപ്പെട്ട പുണ്യഭൂമിയാണ് കേരളം.

ദിവ്യാത്മാക്കളുടെ കൃപയാലും ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്താലും മുമ്പും ഈ സവിശേഷ ഭാഗ്യം സിദ്ധിച്ചവനാണ് ഞാന്‍. ശിവഗിരിയിലെത്തി നിങ്ങളുടെ ആശീര്‍വാദം തേടാന്‍ എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവിടെ പോയപ്പോഴെല്ലാം ആ പുണ്യഭൂമിയുടെ ഊര്‍ജ്ജം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ശിവഗിരി തീര്‍ത്ഥാടനത്തിലും ബ്രഹ്മവിദ്യാലയ സുവര്‍ണ ജൂബിലിയിലും പങ്കെടുക്കാന്‍ നിങ്ങള്‍ ഇന്ന് എനിക്കു നല്‍കിയ അവസരത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങളുമായി എനിക്കുള്ള ബന്ധം എന്താണ് എന്ന് എനിക്കറിയില്ല, പക്ഷെ, അന്ന്  കേദാര്‍നാഥ് ജിയില്‍ വലിയ ദുരന്തം ഉണ്ടായപ്പോള്‍, ഇന്ത്യയിലെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ ജീവനും മരണത്തിനും മധ്യേ മല്ലടിച്ചത് എനിക്ക് ഒരിക്കലും മറക്കാനാവില്ല. അന്ന് ഉത്തരാഖണ്ഡില്‍ ഒരു കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള ശ്രീ.എകെ ആന്റണി രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്നു. എന്നിട്ടും എനിക്ക് ശിവഗിരി മഠത്തില്‍ നിന്ന ഒരു ഫോണ്‍വിളി  വന്നു. വളരെ ഭക്തര്‍ അവിടെ കുടുങ്ങിയിരിക്കുന്നു, അവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല് എന്നതായിരുന്നു ആ ഫോണ്‍ സന്ദേശം  ഞാന്‍ അന്ന് ഗുജറാത്തിലെ മുഖ്യമന്ത്രി മാത്രമാണ്. അവിടെ എന്താണ് നടക്കുന്നത് എന്നറിയില്ല, സഹായിക്കാമോ എന്നായിരുന്നു അവരുടെ അഭ്യര്‍ത്ഥന. ഒരു കേന്ദ്രഗവണ്‍മെന്റ് ഉള്ളപ്പോള്‍  ശിവഗിരി മഠത്തില്‍ നിന്ന് അത്തരം ഒരു നിര്‍ദ്ദേശം ലഭിക്കുക എന്നത് എനിക്ക് സങ്കല്‍പിക്കാന്‍  പോലും സാധിക്കാത്ത കാര്യമാണ്. ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്താല്‍ ധര്‍മപരമായ ആ ജോലി പൂര്‍ത്തിയാക്കാന്‍ എനിക്ക് അവസരം ലഭിച്ചു.  ഗുജറാത്തില്‍ വലിയ ദുരന്ത നിവാരണ സാമഗ്രികള്‍ ഒന്നും ഇല്ലാതിരുന്നിട്ടും അന്ന് എല്ലാ ഭക്തരെയും സുരക്ഷിതരായി ശിവഗിരി മഠത്തില്‍ എത്തിക്കാന്‍ എനിക്കു സാധിച്ചു. കാരണം ആ ഫോണ്‍വിളി എന്റെ ഹൃദയത്തെ അത്രമാത്രം സ്പര്‍ശിച്ചു. ആ നന്മ പ്രവൃത്തിക്കായി നിയോഗിക്കപ്പെട്ടതിലൂടെ ഞാന്‍ അനുഗ്രഹീതനുമായി.

ഇന്നും നിങ്ങള്‍ക്കൊപ്പം ചേരാന്‍ എനിക്കു ലഭിച്ചിരിക്കുന്നതും ഒരു ധന്യവേളയാണ്. ശിവഗിരി തീര്‍ത്ഥാടത്തിന്റെ 90-ാമത് വാര്‍ഷികവും ബ്രഹ്മ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലിയും ഒരു സ്ഥാപനത്തിന്റെ സാധാരണ യാത്രയല്ല. ഇന്ത്യയുടെ  ആ ആശയത്തിന്റെ  വ്യത്യസ്തങ്ങളായ മാധ്യമങ്ങളിലൂടെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന അനശ്വര യാത്രയാണ് ഇത്. ഇന്ത്യയുടെ ഈ ദര്‍ശനത്തെ സജീവമായി നിലനിര്‍ത്തിക്കൊണ്ട്  കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രത്തിന്റെ  ഈ ആദ്ധ്യാത്മിക ശാസ്ത്ര വികസന യാത്രയ്ക്ക് എന്നും ഉപകരണമാകുകയാണ്, ആവശ്യ ഘട്ടങ്ങളിലെല്ലാം അതിനെ നയിക്കുകയുമാണ്. ദക്ഷിണ കാശി എന്നാണ് നൂറ്റാണ്ടുകളായി വര്‍ക്കല അറിയപ്പെടുന്നത് തന്നെ. കാശി അത് വടക്കായാലും തെക്കായാലും,  അത് വാരാണസിയിലെ ശിവനഗരമായാലും, വര്‍ക്കലയിലെ ശിവഗിരിയായാലും ഇന്ത്യയിലെ ഓരോ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കും  ഇന്ത്യക്കാരായ നമ്മുടെ ജീവിതങ്ങളില്‍ പ്രത്യേക സ്ഥാനമുണ്ട്.  ഈ സ്ഥലങ്ങള്‍ വെറും തീര്‍ത്ഥാടന കേന്ദ്രങ്ങളല്ല, വിശ്വാസ കേന്ദ്രങ്ങളുമല്ല, മറിച്ച് ഏക ഭാരതം , ശ്രേഷ്ഠ ഭാരതം എന്ന ചൈതന്യത്തിന്റെ ഉദ്ബുദ്ധമാക്കപ്പെട്ട സ്ഥാപനങ്ങളാണ്.

ഈ അവസരത്തില്‍ ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റിനും സ്വാമി സച്ചിദാനന്ദ ജിയ്ക്കും സ്വാമി റിതംബരാനന്ദ ജിക്കും സ്വാമി ഗുരുപ്രസാദി ജിയ്ക്കും എന്റെ ഹഗൃദ്യമായ അനുമേദനങ്ങള്‍ അര്‍പ്പിക്കുന്നു. ഈ തീര്‍ത്ഥാടനവും ബ്രഹ്മ വിദ്യാലയ സുവര്‍ണ ജൂവിലി ആഘോഷവും കോടിക്കണക്കിനു ഭക്തരുടെ അനശ്വരമായ വിശ്വാസത്തിന്റെയും നിസ്തന്ദ്ര പരിശ്രമത്തിന്റെയും പരിശ്രമഫലമാണ്. എല്ലാ ശ്രീനാരായണീയര്‍ക്കും ഭക്തര്‍ക്കും ഞാന്‍  ഊഷ്മളമായ ആശംസകള്‍ നേരുന്നു.   സമൂഹത്തിന്റെ മനസാക്ഷി എപ്പോഴെല്ലാം ദുര്‍ബലമാകാന്‍ തുടങ്ങുന്നുവോ, അഥവ അന്ധകാരം വ്യാപിക്കാന്‍ തുടങ്ങുന്നുവോ അപ്പോഴെല്ലാം പുതിയ പ്രകാശവുമായി ഒരു മഹാത്മാവ് അവതരിക്കും. അതാണ് ഇന്ത്യയുടെ പ്രത്യേകത എന്ന,  ഇന്ന് ഈ ഭക്തര്‍ക്കും സദ്ച്ചരിതാത്മാക്കള്‍ക്കും മധ്യേ ആയിരിക്കുമ്പോള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇന്ന്  ലോകത്തിലുള്ള നിരവധി രാജ്യങ്ങളും നാഗരികതകളും  അവരുടെ മതത്തില്‍ നിന്നും വ്യതിചലിക്കുകയും ആദ്ധ്യാത്മികതയ്ക്കു പകരം ഭൗതികവാദത്തെ പുനപ്രതിഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ശൂന്യതയ്ക്ക് അസ്തിത്വമില്ല. അതിനാല്‍ ഭൗതികവാദം അവിടെ നിറയുന്നു. എന്നാല്‍ ഇന്ത്യ വ്യത്യസ്തമാണ്. ഇന്ത്യയിലെ  മഹര്‍ഷിമാരും, ദിവ്യാത്മാക്കളും, ഗുരുക്കന്മാരും  ശുദ്ധി ചെയ്ത, നവീകരിച്ച, ഉദ്ബുദ്ധമാക്കിയ ചിന്തകളും പ്രവൃത്തികളുമാണ് നമ്മുടേത്.

ശ്രീനാരായണ ഗുരു  ആധുനികതയെ കുറിച്ചു പ്രസംഗിച്ചു.  അതെസമയം അദ്ദേഹം ഇന്ത്യന്‍ സംസ്‌കാരവും മൂല്യങ്ങളും  സമ്പന്നമാക്കുന്നതിന് കഠിനമായി അധ്വാനിക്കുകയും ചെയ്തു.  അദ്ദേഹം വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും കുറിച്ചു പ്രസംഗിച്ചു. അതെ സമയം  സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള നമ്മുടെ പാരമ്പര്യങ്ങളെയും മതവിശ്വാസത്തെയും മുറുകെ പിടിക്കുകയും ചെയ്തു. ശിവഗിരിയിലൂടെ പുതിയ ശാസ്ത്ര ചിന്താധാരകള്‍ ഉയരുന്നുണ്ട്. ശാരദാ മഠത്തില്‍ സരസ്വതിയെ ആരാധിക്കുന്നുണ്ട്. നാരായണ ഗുരു ജി മതത്തെ സ്ഫുടം ചെയ്തു, കാലോചിതമായി മാറ്റി.  വാര്‍പ്പു മാതൃകകള്‍ക്കും തിന്മയ്ക്കും എതിരെ പ്രചാരണം നടത്തി. അതിന്റെ  യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് ഇന്ത്യയെ ബോധവത്ക്കരിച്ചു. ആ കാലഘട്ടം സാധാരണ സ്ഥിതിയിലുള്ളതല്ലായിരുന്നു. വാര്‍പ്പു മാതൃകകള്‍ക്ക് എതിരെ നില കൊള്ളുക എത്ര ചെറിയ കാര്യമായിരുന്നില്ല. നമുക്ക് ചിന്തിക്കാന്‍ പോലുമാവില്ല. എന്നാല്‍ നാരായണ ഗുരുജി അത് ചെയ്തു.  ജാതി വിവേചനത്തിന് എതിരെ അദ്ദേഹം യുക്തിപരവും പ്രായോഗികവുമായ പോരാട്ടം തന്നെ നടത്തി. ഇന്ന് ശ്രീനാരായണ ഗുരുജിയുടെ അതെ ഉദ്‌ബോധനം ഉള്‍ക്കൊണ്ട് രാജ്യം പാവങ്ങളെ, അടിച്ചമര്‍ത്തപ്പെട്ടവരെ, പിന്നോക്കക്കാരെ  സേവിക്കുന്നു. അവര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നല്കുന്നതിലാണ് നമ്മുടെ പരിഗണന. അതിനാലാണ് സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന മുദ്രാവക്യവുമായി രാജ്യം  മുന്നോട്ടു പോകുന്നത്.

സുഹൃത്തുക്കളെ,

ആദ്ധ്യാത്മിക മനസാക്ഷിയുടെ ഭാഗം മാത്രമായിരുന്നില്ല ശ്രീനാരായണ ഗുരുജി. അദ്ദേഹം ആദ്ധ്യാത്മിക പ്രബോധനത്തിന്റെ ദീപസ്തംഭമായിരുന്നു. അതുപോലെ തന്നെ അദ്ദേഹം സാമൂഹ്യ പരിഷ്‌കര്‍ത്താവും, ചിന്തകനും, ക്രാന്തദര്‍ശിയും കൂടി  ആയിരുന്നു. തന്റെ കാലത്തിനു മുന്നേ അദ്ദേഹം സഞ്ചരിച്ചു. ദീര്‍ഘദര്‍ശിയായിരുന്നു. അദ്ദേഹം മൗലിക ചിന്തകനായിരുന്നു. ഒപ്പം പ്രായോഗിക പരിഷ്‌കര്‍ത്താവും. ബലപ്രയോഗത്തിലൂടെ ഒന്നും നേടാനല്ല നാം വന്നിരിക്കുന്നത് എന്ന് അദ്ദേഹം പറയുമായിരുന്നു. മറിച്ച് അറിയാനും പഠിക്കാനുമാണ്. തര്‍ക്കങ്ങളിലൂടെ സമൂഹത്തെ പരിഷ്‌കരിക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സമൂഹത്തെ പരിഷ്‌കരിക്കണമെങ്കില്‍ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കണം, അവരുടെ വികാരങ്ങള്‍ മനസിലാക്കണം, നമ്മുടെ വികാരങ്ങള്‍ മനസിലാക്കാന്‍ അവരെ പ്രാപ്തരാക്കണം. ആരെങ്കിലുമായി നാം തര്‍ക്കിത്താന്‍ തുടങ്ങുന്ന നിമിഷം തന്നെ അയാള്‍ എതിര്‍ വാദങ്ങളും ന്യായങ്ങളുമായി അയാളുടെ ഭാഷ്യം അവതരിപ്പിക്കും. എന്നാല്‍ നാം ഒരാളെ മനസിലാക്കാന്‍ തുടങ്ങുന്ന നിമിഷം  ചോദ്യം ചെയ്യുന്ന വ്യക്തി നമ്മെ മനസിലാക്കാന്‍ തുടങ്ങും. ഈ പാരമ്പര്യമാണ് നാരായണ ഗുരുജി പിന്തുടര്‍ന്നത്. മറ്റുള്ളവരുടെ വികാരങ്ങള്‍ അദ്ദേഹം മനസിലാക്കി.  പിന്നെ തന്റെ കാഴ്ച്ചപ്പാട് വിശഗീകരിക്കും. ആ പശ്ചാത്തലം സമൂഹത്തില്‍ അദ്ദേഹം സൃഷ്ടിക്കും.  ഈ വഴിക്ക് സമൂഹത്തെ പരിഷ്‌കരിക്കാന്‍ തുടങ്ങുമ്പോള്‍ സമൂഹത്തില്‍ സ്വോത്ക്കര്‍ഷ ശക്തി ഉണരും. ഉദാഹരണത്തിന് നമ്മുടെ ഗവണ്‍മെന്റ് ബേട്ടി ബചാവോ, ബേട്ടി പഠാഹോ പ്രചാരണം തുടങ്ങി. നിയമങ്ങള്‍ മുമ്പും ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ പെണ്‍മക്കളുടെ എണ്ണം വര്‍ധിച്ചത്  അടുത്ത കാലത്തുമാത്രമാണ്. ഇതിനു കാരണം നമ്മുടെ ഗവണ്‍മെന്റ് ശരിയായ കാര്യങ്ങള്‍ക്ക്  സമൂഹത്തെ പ്രേരിപ്പിച്ചു. അതിനുള്ള ശരിയായ സാഹചര്യവും സൃഷ്ടിച്ചു. ഗവണ്‍മെന്റ് ശരിയായ കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് ജനങ്ങള്‍ക്കു ബോധ്യമായാല്‍  സാഹചര്യം വളരെ വേഗത്തില്‍ മെച്ചപ്പൊടന്‍ തുടങ്ങും. സബ്കാ പ്രയാസ(എല്ലാവരുടെയും പരിശ്രമം) ിന്റെ ഫലം ശരിയായ അര്‍ത്ഥത്തില്‍ കാണാന്‍ സാധിക്കും. ഇങ്ങനെ മാത്രമെ സമൂഹത്തെ അഭിവൃദ്ധിയിലേയ്ക്കു നയിക്കാന്‍ സാധിക്കൂ. ശ്രീനാരായണ ഗുരുവിനെ നാം കൂടുതല്‍ വായിക്കുകയും പഠിക്കുകയും മനസിലാക്കുകയും ചെയ്യുമ്പോള്‍ പാത കുറെ കൂടി വ്യക്തമാകും.

സുഹൃത്തുക്കളെ,

ശ്രീനാരായണ ഗുരു ഒരു മന്ത്രം തന്നിട്ടുണ്ട്.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.

നാരായണ ഗുരുജിയുടെ ഈ ആഹ്വാനത്തിന്റെ അര്‍ത്ഥം ആഴത്തില്‍ മനസിലാക്കുകയും അതില്‍ അന്തര്‍ലീനമായിരിക്കുന്ന സന്ദേശം ഉള്‍ക്കൊള്ളുകയും ചെയ്താല്‍ ഈ സന്ദേശവും വഴിയൊരുക്കുന്നത് സ്വാശ്രയ ഇന്ത്യയിലേയ്ക്കു തന്നെ എന്നു കാണാനാവും. നമുക്ക് ഒരു ജാതിയേയുള്ള ഇന്ത്യത്വം. ഒരു മതമേയുള്ളു ധര്‍മ സേവ. (കടമകള്‍ ചെയ്യുക) ഒരു ദൈവമേയുള്ളു. ഇന്ത്യാമാതാവിന്റെ 130 കോടി മക്കള്‍.  ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ശ്രീനാരായണ ഗുരുജിയുടെ ആഹ്വാനം നമ്മുടെ ദേശഭക്ത്യവബോധത്തിന് ആദ്ധ്യാത്മിക മാനങ്ങള്‍ നല്‍കുന്നു. നമ്മുടെ ദേശഭക്തി ശക്തി പ്രകടനമല്ല. അത് ഭാരതാംബികയോടുള്ള ആരാധനയാണ്. സഹപൗരന്മാര്‍ക്ക് സേവനം ചെയ്യലാണ്. ഇതു മനസിലാക്കി മുന്നോട്ടു പോകുകയും, ശ്രീനാരായണ ഗുരുജിയുടെ സന്ദേശങ്ങള്‍ പിന്തുടരുകയും ചെയ്താല്‍ പിന്നെ ലോകത്തില്‍  ഇന്ത്യക്കാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇന്ത്യക്കാര്‍ ഒന്നിച്ചു നിന്നാല്‍ ലോകത്തിലെ ഒരു ലക്ഷ്യവും അസാധ്യമല്ല എന്ന് നമുക്ക് അറിയാം.

സുഹൃത്തുക്കളെ,

സ്വാതന്ത്ര്യത്തിനും മുമ്പേ ശ്രീനാരായണ ഗുരു ആരംഭിച്ചതാണ് തീര്‍ത്ഥാടനത്തിന്റെ പാരമ്പര്യം. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം അമൃത മഹോത്സവമായി ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യ സമരം എന്നാല്‍ പ്രതിഷേധങ്ങളും രാഷ്ട്രിയ തന്ത്രങ്ങളും മാത്രമായിരുന്നില്ല എന്ന്് ഈ  സമയത്ത് നാം മനസിലാക്കണം. അടിമത്തത്തിന്റെ ചങ്ങലകളില്‍ നിന്നു മോചനം നേടാനുള്ള പോരാട്ടം മാതാ്രമായിരുന്നില്ല അത്. നാം എങ്ങിനെ ഒരു സ്വതന്ത്ര രാജ്യമാകും എന്ന ആശയവും ചര്‍ച്ച ചെയ്യപ്പെട്ടു. ഏതെല്ലാം  ചിന്തകളില്‍ നാം ഒന്നിച്ചാണ് എന്നതിനു കൂടുതല്‍ പ്രാധാന്യമുണ്ടായിരുന്നു. അതുകൊണ്ടാണ് മഹത്തായ പല ആശയങ്ങളും സ്വാതന്ത്ര്യ സമരം മുതല്‍ ആരംഭിച്ചത്. എല്ലാ കാലത്തും നമുക്ക് പുതിയ ചിന്തകര്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ നിരവധി സങ്കല്‍പങ്ങളും സ്വപ്‌നങ്ങളും മുന്നോട്ടു വന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം കണ്ടു മുട്ടുകയും മറ്റുള്ളവരില്‍ നിന്നു പഠിക്കുകയും ചെയ്തു.

സാങ്കേതിക വിദ്യയുടെ ഈ കാലത്ത് നമുക്ക് ഇതെല്ലാം വളരെ എളുപ്പമാണ്. എന്നാല്‍ അക്കാലത്ത് സാമൂഹിക മാധ്യമങ്ങളോ മൊബൈല്‍ ഫോണോ ഉണ്ടായിരുന്നില്ല. എന്നിട്ടും ഈ നേതാക്കള്‍ പരസ്പരണം ബോധവത്ക്കരണം നടത്തി. ആധുനിക ഇന്ത്യയുടെ  രേഖാചിത്രം വരച്ചു. നോക്കൂ, രാജ്യത്തിന്റെ കിഴക്കു ഭാഗത്തു നിന്നുള്ള ഗുരുദേവ് രവീന്ദ്ര നാഥ ടാഗോര്‍ ഇവിടെ തെക്കെ ഇന്ത്യയില്‍  എത്തി 1922 ല്‍ ശ്രീനാരായണ ഗുരുവിനെ കണ്ടു.  നാരായണ ഗുരുവിനെക്കാള്‍ വലിയ ആദ്ധ്യാത്മിക വ്യക്തിത്വത്തെ ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല എന്നാണ് ഗുരു ദേവന്‍ പറഞ്ഞത്.  1925 ല്‍ മഹാത്മ ഗാന്ധി ഗുജറാത്തില്‍ നിന്ന്  രാജ്യത്തിന്റെ ഫശ്ചിമ തീരത്ത്് നിന്ന് സബര്‍മതിയുടെ തീരത്തു നിന്ന് ഇവിടെ എത്തി. നാരായണ ഗുരുവിനെ കണ്ടു. ഗുരുവുമായി നടത്തിയ ചര്‍ച്ച ഗാന്ധിജിയെ ഒരു പരിധി വരെ സ്വാധീനിച്ചു. സ്വാമി വിവേകാനന്ദന്‍ ഗുരുവിനെ കാണാന്‍ ഇവിടെ എത്തി.അങ്ങനെ എത്രയോ മഹദ് വ്യക്തിത്വങ്ങള്‍ ഗുരുവിന്‍രെ പാദാന്തികത്തില്‍ എത്തി അദ്ദേഹവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്നു. എത്രയോ ബോധവത്കരണങ്ങള്‍ നടന്നിരിക്കുന്നു. ഈ ആശയങ്ങളാണ് അനേകം വര്‍ഷത്തെ അടിമതത്വത്തിനു ശേഷം വിത്തുകള്‍ പോലെ രാഷ്ട്രം എന്ന് നിലയില്‍ ഇന്ത്യയെ പുനര്‍ നിര്‍മ്മിച്ചത്. നിരവധി സാമൂഹിക, ആദ്ധ്യാത്മിക രാഷ്ട്രിയ നേതാക്കള്‍ ഒരുമിച്ചു കൂടി. രാജ്യത്ത് ബോധവത്ക്കരണം നടത്തി, രാജ്യത്തെ പ്രചോദിപ്പിച്ചു, രാജ്യത്തിനു ദിശാബോധം നല്‍കാന്‍ പ്രയത്‌നിച്ചു. ഇന്നു നാം കാണുന്ന ഇന്ത്യ,  സ്വാതന്ത്ര്യത്തിന്റെ കഴിഞ്ഞ 75 വര്‍ഷമായി നാം കാണുന്ന യാത്ര ആ മഹാത്മാക്കള്‍ നടത്തിയ ബോധവത്ക്കരണത്തിന്റെ ഫലമാണ്.

സുഹൃത്തുക്കളെ,

സ്വന്ത്ര്യ സമര കാലത്തു നമ്മുടെ ഋഷിമാര്‍  കാണിച്ചു തന്ന  വഴിയിലൂടെ ആ ലക്ഷ്യങ്ങളിലേയ്ക്ക് ഇന്ന് ഇന്ത്യ അടുത്തുകൊണ്ടിരിക്കുകയാണ്. ഇനി നമുക്ക് പുതിയ ലക്ഷ്യങ്ങളും പ്രതിജ്ഞകളും വേണം.  25 വര്‍ഷം കൂടി കഴിഞ്ഞാല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കും. 10 വര്‍ഷം കൂടി കഴിഞ്ഞാല്‍ ഈ യാത്ര  ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 100 വാര്‍ഷികത്തിലെത്തും. 100 വര്‍ഷത്തെ ഈ യാത്രയിലെ നേട്ടങ്ങള്‍ സാര്‍വ ലൗകികമായിരിക്കണം.  അതിന് നമ്മുടെ കാഴ്ച്ചപ്പാടും സാര്‍വ ലൗകികമാകണം.

സഹോദരി സഹോദരന്മാരെ,

ഇന്ന് ലോകം നിരവധി  സമാന വെല്ലുവിളികളും പ്രതിസന്ധികളും  നേരിടുകയാണ്. കൊറോണ കാലത്ത് നാം ഇതിന്റെ പല സൂചനകളും കാണുകയുണ്ടായി. ഭാവിയെ സംബന്ധിച്ച് മനുഷ്യരാശിയുടെ മുന്നിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇന്ത്യയുടെ അനുഭവങ്ങള്‍ക്കും ഇന്ത്യയുടെ സാംസ്്കാരിക സാധ്യതകള്‍ക്കും മാത്രമെ സാധിക്കൂ. നമ്മുടെ ആദ്ധ്യാത്മിക ഗുരുക്കന്മാരുടെ മഹത്തായ പാരമ്പര്യങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ട്. ഈ ബൗദ്ധിക ചര്‍ച്ചകളില്‍ നിന്നും ശിവഗിരി തീര്‍ത്ഥാടനത്തില്‍ നിന്നും  നമ്മുടെ പുതിയ തലമുറക്ക് അധികം പഠിക്കാനുണ്ട്. എനിക്ക് ഉറപ്പുണ്ട്, ഈ ശിവഗിരി തീര്‍ത്ഥാടനം ഇനിയും ഇതുപോലെ തുടരും. ഈ തീര്‍ത്ഥാടനങ്ങള്‍ സൗഖ്യത്തിന്റെയും ഐക്യത്തിന്റെയും ചലനാത്മകതയുടെയും പ്രതീകങ്ങളാണ്. ഇന്ത്യയെ അതിന്റെ ലക്ഷ്യത്തിലേയ്ക്കു നായിക്കാനുള്ള ശക്തമായ ഉപകരണമായി ഇതു മാറും. ഈ ചൈതന്യത്തോടെ എന്നെ ഇവിടേയ്ക്കു വിളിച്ചതിന് എന്റെ ഹൃദയത്തില്‍ നിന്നുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു. നിങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി സഹകരിക്കാന്‍ സാധിച്ചത് ഭാഗ്യമായി വിശ്വസിക്കുന്നു.
നിങ്ങളെ സ്വാഗതം ചെയ്യുന്നു,

ഒരിക്കല്‍ കൂടി നിങ്ങള്‍ക്കു നന്ദി.

--ND--



(Release ID: 1820747) Visitor Counter : 168