പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫിജിയിലെ ശ്രീ സത്യസായി സഞ്ജീവനി കുട്ടികളുടെ ഹൃദ്രോഗ ആശുപത്രിയുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 27 APR 2022 12:27PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട ഫിജി പ്രധാനമന്ത്രി, ബൈനിമരാമ ജി, സദ്ഗുരു മധുസൂദന്‍ സായ്, സായി പ്രേം ഫൗണ്ടേഷന്റെ മുഴുവന്‍ ട്രസ്റ്റിമാര്‍, ആശുപത്രിയിലെ ജീവനക്കാര്‍, വിശിഷ്ടാതിഥികളേ, ഫിജിയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,

 'നി-സാം ബുല വിനാകാ',

 നമസ്‌കാരം!

സുവയിലെ ശ്രീ സത്യസായി സഞ്ജീവനി ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ ഈ ഉദ്ഘാടനച്ചടങ്ങുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇതിന് ഫിജിയിലെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോടും ഫിജിയിലെ ജനങ്ങളോടും ഞാന്‍ നന്ദി പറയുന്നു.  ഇത് നമ്മുടെ പരസ്പര ബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും മറ്റൊരു പ്രതീകമാണ്; ഇന്ത്യയുടെയും ഫിജിയുടെയും പങ്കിടപ്പെട്ട യാത്രയിലെ മറ്റൊരു അധ്യായം. ഈ കുട്ടികളുടെ ഹൃദ്രോഗ ആശുപത്രി ഫിജിയില്‍ മാത്രമല്ല, ദക്ഷിണ പസഫിക് മേഖലയിലെത്തന്നെ ആദ്യത്തെ ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ഹോസ്പിറ്റലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്ന ഒരു പ്രദേശത്തിന്, ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഈ ആശുപത്രി നവജീവന്റെ മാധ്യമമായിരിക്കും. ഇവിടെയുള്ള ഓരോ കുട്ടിക്കും ലോകോത്തര ചികിത്സ മാത്രമല്ല, എല്ലാ ശസ്ത്രക്രിയകളും 'സൗജന്യമായി' ലഭിക്കുമെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഫിജി ഗവണ്‍മെന്റിനോടും ഫിജി സായി പ്രേം ഫൗണ്ടേഷനോടും ശ്രീ സത്യസായി സഞ്ജീവനി ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ആശുപത്രിയോടും ഞാന്‍ ആത്മാര്‍ത്ഥമായ അഭിനന്ദനം അറിയിക്കുന്നു.

പ്രത്യേകിച്ച് ഈ അവസരത്തില്‍ ഞാന്‍ യശശ്ശരീരനായ ശ്രീ സത്യസായി ബാബയെ വണങ്ങുന്നു. മാനവിക സേവനത്തിനായി അദ്ദേഹം നട്ടുപിടിപ്പിച്ച വിത്ത് ഇന്ന് ഒരു ആല്‍മരം പോലെ ആളുകളെ സേവിക്കുന്നു. ആത്മീയതയെ ആചാരങ്ങളില്‍ നിന്ന് മോചിപ്പിച്ച് പൊതുക്ഷേമവുമായി ബന്ധിപ്പിക്കുന്ന മഹത്തായ പ്രവര്‍ത്തനമാണ് സത്യസായി ബാബ ചെയ്തതെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യരംഗത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം, പാവപ്പെട്ടവര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, അവശത അനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനം ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ഗുജറാത്ത് ഭൂകമ്പത്തില്‍ തകര്‍ന്നപ്പോള്‍ ബാബയുടെ അനുയായികള്‍ ദുരിതബാധിതരെ സേവിച്ച രീതി ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. സത്യസായിബാബയില്‍നിന്ന് തുടര്‍ച്ചയായി അനുഗ്രഹിക്കപ്പെട്ടത് എന്റെ മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. പതിറ്റാണ്ടുകളായി ഞാന്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇന്നും എനിക്ക് അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കുന്നു.

 സുഹൃത്തുക്കളേ,

''പരോപകാരായ സതാം വിഭൂതയഃ'' എന്നാണ് ഇന്ത്യയില്‍ പറയാറുള്ളത്. അതായത്, ദാനധര്‍മ്മം ഒരു കുലീനനായ മനുഷ്യന്റെ സമ്പത്താണ്. നമ്മുടെ വിഭവങ്ങള്‍ മനുഷ്യരുടെ സേവനത്തിനും ജീവജാലങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ളതാണ്.  ഇന്ത്യയുടെയും ഫിജിയുടെയും പൊതുപൈതൃകം നിലനിന്നത് ഈ മൂല്യങ്ങളിലാണ്.  ഈ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന്, കൊറോണ മഹാമാരി പോലുള്ള പ്രയാസകരമായ സമയങ്ങളിലും ഇന്ത്യ അതിന്റെ കടമകള്‍ നിര്‍വഹിച്ചു. 'വസുധൈവ കുടുംബകം' എന്നും പറയപ്പെടുന്നു. അതായത് ലോകം മുഴുവന്‍ ഒരു കുടുംബമാണ്. ഈ മുദ്രാവാക്യം കണക്കിലെടുത്ത്, ലോകത്തെ 150 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകളും അവശ്യവസ്തുക്കളും അയച്ചു.  കോടിക്കണക്കിന് പൗരന്മാര്‍ക്ക് പുറമേ, ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ ജനങ്ങളെയും ഇന്ത്യ പരിപാലിച്ചു. ഏകദേശം 100 രാജ്യങ്ങളിലേക്ക് ഞങ്ങള്‍ 100 ദശലക്ഷം വാക്‌സിനുകള്‍ അയച്ചിട്ടുണ്ട്. ഈ ഉദ്യമത്തില്‍, ഫിജിയെ ഞങ്ങള്‍ മുന്‍ഗണനയായി നിലനിര്‍ത്തിയിട്ടുണ്ട്. ഫിജിയോടുള്ള ഇന്ത്യയുടെ ആഭിമുഖ്യത്തിന്റെ വികാരം മുന്നോട്ട് കൊണ്ടുപോകാന്‍ സായ് പ്രേം ഫൗണ്ടേഷന്‍ ഇവിടെയുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

നമ്മുടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു വലിയ കടല്‍ ഉണ്ട്. എന്നാല്‍ നമ്മുടെ സംസ്‌കാരം നമ്മെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. നമ്മുടെ ബന്ധങ്ങള്‍ പരസ്പര ബഹുമാനം, സഹകരണം, നമ്മുടെ ജനങ്ങളുടെ ശക്തമായ പരസ്പര ബന്ധങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമാണ്. ഫിജിയുടെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ പങ്ക് വഹിക്കാനും സംഭാവന നല്‍കാനും അവസരം ലഭിക്കുന്നത് ഇന്ത്യയുടെ ഭാഗ്യമാണ്. കഴിഞ്ഞ ദശകങ്ങളില്‍, ഇന്ത്യ-ഫിജി ബന്ധം എല്ലാ മേഖലകളിലും തുടര്‍ച്ചയായി അഭിവൃദ്ധി പ്രാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. ഫിജിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെയും സഹകരണത്തോടെ ഈ ബന്ധം വരും കാലങ്ങളില്‍ കൂടുതല്‍ ശക്തമാകും. ആകസ്മികമായി, ഇത് എന്റെ സുഹൃത്ത് പ്രധാനമന്ത്രി ബൈനിമരാമ ജിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരുന്നു. ശ്രീ സത്യസായി സഞ്ജീവനി ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും ഒരിക്കല്‍ കൂടി എന്റെ ആശംസകള്‍ അറിയിക്കുന്നു. ഈ ആശുപത്രി ഫിജിയിലും മേഖലയിലും മൊത്തത്തില്‍ സേവനത്തിനുള്ള ശക്തമായ സ്ഥാപനമായി മാറുമെന്നും ഇന്ത്യ-ഫിജി ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്.

 വളരെ നന്ദി!

--ND--



(Release ID: 1820746) Visitor Counter : 109