ധനകാര്യ മന്ത്രാലയം
സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ പദ്ധതിപ്രകാരം 1,33,995 അക്കൗണ്ടുകളിലേക്ക് 6 വര്‍ഷത്തിനിടെ അനുവദിച്ചത് 30,160 കോടിയിലധികം രൂപ വായ്പ
''ആനുകൂല്യങ്ങള്‍ പരിമിതമായി മാത്രം ലഭിക്കുന്ന സംരംഭകവിഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളിക്കുന്നതോടെ, 'സ്വാശ്രയ ഭാരതം ' കെട്ടിപ്പടുക്കുന്നതിലേക്കുള്ള വന്‍ മുന്നേറ്റമാണു നാം നടത്തുന്നത്'': കേന്ദ്ര ധനമന്ത്രി
Posted On:
05 APR 2022 8:00AM by PIB Thiruvananthpuram
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയുടെ ആറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഈ പദ്ധതി സംരംഭകരുടെ, സവിശേഷിച്ച് സ്ത്രീകളുടെയും പട്ടികജാതിക്കാരുടെയും (എസ് സി), പട്ടികവര്‍ഗക്കാരുടെയും (എസ് ടി) അഭിലാഷങ്ങളെ നിറവേറ്റിയത് എങ്ങനെയെന്നു പരിശോധിക്കാം. കൂടാതെ, വര്‍ഷങ്ങളായി പദ്ധതിയിലൂടെയുണ്ടായ നേട്ടങ്ങള്‍, പ്രധാന സവിശേഷതകള്‍, പദ്ധതി എങ്ങനെ മെച്ചപ്പെടുത്താം എന്നതും പരിശോധിക്കാം.
എസ് സി, എസ് ടി, വനിതാ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ്, സാമ്പത്തിക ശാക്തീകരണത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് താഴെത്തട്ടില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി 2016 ഏപ്രില്‍ 5-നാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീം ആരംഭിച്ചത്. 2019-20ല്‍, 15-ാം ധനകാര്യ കമ്മീഷന്‍ കാലയളവിനോട് അനുബന്ധിച്ച് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീം 2020-25 എന്ന മുഴുവന്‍ കാലയളവിലേക്കും ദീര്‍ഘിപ്പിച്ചു.
സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ പദ്ധതിയുടെ ആറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, ഇതുവരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരും സംരംഭകരുമായുള്ള 1.33 ലക്ഷത്തിലധികം പേര്‍ക്കു സൗകര്യമൊരുക്കിയിട്ടുണ്ട് എന്നത് ഏറെ സന്തോഷമുളവാക്കുന്ന ഒന്നാണെന്ന് കേന്ദ്ര ധനകാര്യ-കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഒരു ലക്ഷത്തിലധികം വനിതാ പ്രൊമോട്ടര്‍മാര്‍ ഈ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ടെന്നും ശ്രീമതി സീതാരാമന്‍ പറഞ്ഞു. സമ്പത്ത് സൃഷ്ടിക്കുന്നവര്‍ എന്ന നിലയില്‍ മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവര്‍ എന്ന നിലയിലുമുള്ള അവരുടെ റോളിലൂടെ സാമ്പത്തിക വളര്‍ച്ചയെ നയിക്കാന്‍ വളര്‍ന്നുവരുന്ന ഈ സംരംഭകര്‍ക്കുള്ള സാധ്യതകള്‍ ഗവണ്‍മെന്റ് മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
''ആനുകൂല്യങ്ങള്‍ പരിമിതമായി മാത്രം ലഭിക്കുന്ന സംരംഭകവിഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളിക്കുന്നതോടെ, 'സ്വാശ്രയ ഭാരതം ' കെട്ടിപ്പടുക്കുന്നതിലേക്കുള്ള വന്‍ മുന്നേറ്റമാണു നാം നടത്തുന്നത്''- ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യം അതിവേഗം വളരുന്നതിനാല്‍, വലിയ സാധ്യതകളുള്ള ഒരുകൂട്ടം സംരംഭകരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും പട്ടികജാതിക്കാരുടെയും (എസ് സി) പട്ടികവര്‍ഗക്കാരുടെയും (എസ് ടി) പ്രതീക്ഷകളും അഭിലാഷങ്ങളും വര്‍ധിക്കുകയാണ്. വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കുമായി സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. അത്തരം സംരംഭകര്‍ രാജ്യത്തുടനീളമുണ്ട്. അവര്‍ തങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ കൈമുതലായി ഉള്ളവരാണ്. എസ് സി, എസ് ടി, വനിതാ സംരംഭകരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി അവരുടെ ഊര്‍ജത്തിനും ഉത്സാഹത്തിനും പിന്തുണയേകുകയും അവരുടെ പാതയിലെ നിരവധി തടസ്സങ്ങള്‍ നീക്കുകയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീമിന്റെ ആറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഈ പദ്ധതിയുടെ സവിശേഷതകളും നേട്ടങ്ങളും പരിശോധിക്കാം.
സ്ത്രീകള്‍, പട്ടികജാതിക്കാര്‍ (എസ് സി), പട്ടികവര്‍ഗക്കാര്‍ (എസ് ടി) എന്നിവര്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ഉല്‍പ്പാദന-സേവന-വ്യാപാര മേഖലകളിലും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഗ്രീന്‍ഫീല്‍ഡ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അവരെ സഹായിക്കുക എന്നിങ്ങനെയാണ് സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയുടെ ലക്ഷ്യം.
സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയുടെ ഉദ്ദേശ്യം ഇനിപ്പറയുന്നവയാണ്:
• സ്ത്രീകള്‍, എസ് സി & എസ് ടി വിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക;
• ഉല്‍പ്പാദന-സേവന-വ്യാപാര മേഖലകളിലും കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഗ്രീന്‍ഫീല്‍ഡ് സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുക;
• ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ ഓരോ ബാങ്ക് ശാഖയിലും കുറഞ്ഞത് ഒരു പട്ടികജാതിക്കാരന്/പട്ടികവര്‍ഗക്കാരന് അല്ലെങ്കില്‍ ഒരു വനിതയ്ക്ക് 10 ലക്ഷം മുതല്‍ 1 കോടി രൂപ വരെയുള്ള ബാങ്ക് വായ്പാസൗകാര്യം ഒരുക്കുക.
എന്തുകൊണ്ട് സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ?
എസ് സി, എസ് ടി, വനിതാ സംരംഭകര്‍ സംരംഭങ്ങള്‍ക്കു തുടക്കമിടുന്നതിലും വായ്പകള്‍ നേടുന്നതിലും വ്യവസായരംഗത്ത് വിജയിക്കുന്നതിന് കാലാകാലങ്ങളില്‍ ആവശ്യമായ മറ്റ് പിന്തുണ ലഭ്യമാകുന്നതിലും നേരിടുന്ന വെല്ലുവിളികളെ അടിസ്ഥാനപ്പെടുത്തിയാണ് സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ പദ്ധതി ഒരുക്കിയിട്ടുള്ളത്. അതിനാല്‍ വ്യവസായത്തിനുള്ള സുഗമമായ അന്തരീക്ഷം ഒരുക്കുകയും അതു തുടരാനാവശ്യമായ ആവാസവ്യവസ്ഥ സജ്ജീകരിക്കുകയുമാണ് പദ്ധതി ചെയ്യുന്നത്. വായ്പയെടുക്കുന്നവര്‍ക്ക് അവരുടെ സ്വന്തം സംരംഭം തുടങ്ങുന്നതിനായി ബാങ്ക് ശാഖകളില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതിനുള്ള അവസരം ഒരുക്കുന്നതാണു പദ്ധതി. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ എല്ലാ ശാഖകളും ഉള്‍ക്കൊള്ളുന്ന ഈ പദ്ധതി മൂന്നു രീതികളിലൂടെ പ്രയോജനപ്പെടുത്താം:
• നേരിട്ട് ശാഖയില്‍നിന്ന് അല്ലെങ്കില്‍,
• സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ പോര്‍ട്ടല്‍ (www.standupmitra.in) വഴി അല്ലെങ്കില്‍,
• ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ വഴി (LDM).
വായ്പയ്ക്ക് അര്‍ഹതയുള്ളത് ആര്‍ക്കെല്ലാം?
• 18 വയസ്സിന് മുകളിലുള്ള എസ് സി/എസ് ടിക്കാര്‍ കൂടാതെ/അല്ലെങ്കില്‍ വനിതാ സംരംഭകര്‍;
• ഗ്രീന്‍ഫീല്‍ഡ് സംരംഭങ്ങള്‍ക്കു മാത്രമേ പദ്ധതിക്ക് കീഴിലുള്ള വായ്പകള്‍ ലഭ്യമാകൂ. ഉല്‍പ്പാദനം, സേവനങ്ങള്‍ അല്ലെങ്കില്‍ വ്യാപാര മേഖലയിലും കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഗുണഭോക്താവിന്റെ ആദ്യ സംരംഭത്തെയാണ് ഈ സാഹചര്യത്തില്‍ ഗ്രീന്‍ ഫീല്‍ഡ് എന്നു സൂചിപ്പിക്കുന്നത്.
• വ്യക്തിഗത ഇതര സംരംഭങ്ങളുടെ കാര്യത്തില്‍, 51% ഓഹരിയും ഓഹരി നിയന്ത്രണവും എസ് സി/എസ് ടി കൂടാതെ/അല്ലെങ്കില്‍ വനിതാ സംരംഭകരുടെ കൈയിലാകണം;
• വായ്പയെടുക്കുന്നവര്‍ ഏതെങ്കിലും ബാങ്ക്/ധനകാര്യ സ്ഥാപനത്തില്‍ കടംവീട്ടാന്‍ കഴിയാത്തവര്‍ ആകരുത്;
• അര്‍ഹതയുള്ള കേന്ദ്ര/സംസ്ഥാന സ്‌കീമുകളുമായി സംയോജിപ്പിച്ച് നല്‍കാവുന്ന '15% വരെ' മാര്‍ജിന്‍ മണിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അനുവദനീയമായ സബ്സിഡികള്‍ നേടുന്നതിനോ അല്ലെങ്കില്‍ മാര്‍ജിന്‍ മണി ആവശ്യകതകള്‍ നിറവേറ്റുന്നതിനോ ഇത്തരം സ്‌കീമുകള്‍ എടുക്കാമെങ്കിലും, എല്ലാ സാഹചര്യങ്ങളിലും, വായ്പയെടുക്കുന്നയാള്‍ സ്വന്തം വിഹിതമായി പദ്ധതിച്ചെലവിന്റെ 10% എങ്കിലും കണ്ടെത്തേണ്ടതുണ്ട്.
കൈത്താങ്ങ്:
വായ്പാന്വേഷകരെ ബാങ്കുകളുമായി ബന്ധിപ്പിക്കുന്നതിനു പുറമേ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീമിനായി സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) വികസിപ്പിച്ച www.standupmitra.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള ഉദ്യമത്തില്‍ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നുമുണ്ട്. പരിശീലനം മുതല്‍ ബാങ്ക് ആവശ്യങ്ങള്‍ക്കനുസരിച്ച് വായ്പ അപേക്ഷകള്‍ പൂരിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ നിര്‍ദേശം നല്‍കും. ഇത്തരത്തില്‍ സഹായമേകുന്ന 8,000-ലധികം ഏജന്‍സികളുടെ ഒരു ശൃംഖലയിലൂടെ, ഈ പോര്‍ട്ടല്‍ നൈപുണ്യകേന്ദ്രങ്ങള്‍, മാര്‍ഗദര്‍ശനവും പിന്തുണയും, സംരംഭകത്വ വികസന കേന്ദ്രങ്ങള്‍, ജില്ലാ വ്യവസായ കേന്ദ്രം, വിലാസങ്ങളും ബന്ധപ്പെടാനുള്ള നമ്പറും സഹിതം പ്രത്യേക വൈദഗ്ധ്യമുള്ള വിവിധ ഏജന്‍സികളുമായി വായ്പാന്വേഷകരെ ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീമിലെ മാറ്റങ്ങള്‍
2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രസംഗത്തിലെ കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് അനുസൃതമായി, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീമില്‍ ഇനിപ്പറയുന്ന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്:-
• വായ്പാന്വേഷകന്‍ കൊണ്ടുവരേണ്ട മാര്‍ജിന്‍ മണിയുടെ അളവ് പദ്ധതിച്ചെലവിന്റെ '25% വരെ' മുതല്‍ '15% വരെ' ആയി കുറച്ചു. എന്നിരുന്നാലും, വായ്പയെടുക്കുന്നയാള്‍ പദ്ധതിച്ചെലവിന്റെ 10% എങ്കിലും സ്വന്തം സംഭാവനയായി കണ്ടെത്തേണ്ടത് തുടരും;
• 'കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍' സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍. ഉദാ:- മത്സ്യകൃഷി, തേനീച്ച വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, കന്നുകാലിവളര്‍ത്തല്‍, പരിപാലനം, വര്‍ഗീകരണം, തരംതിരിക്കല്‍, അഗ്രഗേഷന്‍ അഗ്രോ ഇന്‍ഡസ്ട്രീസ്, ഡയറി, ഫിഷറീസ്, അഗ്രിക്ലിനിക്, അഗ്രിബിസിനസ് കേന്ദ്രങ്ങള്‍, ഭക്ഷ്യ-കാര്‍ഷിക സംസ്‌കരണം മുതലായവ (വിള വായ്പകള്‍, കനാലുകള്‍-കിണര്‍ പോലുള്ള ഭൂനവീകരണപ്രവര്‍ത്തനങ്ങള്‍ ഒഴികെ). ഇവയെ പിന്തുണയ്ക്കുന്ന സേവനങ്ങള്‍, സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുത്തുന്നതിനു യോഗ്യമായിരിക്കും.
ഈടുരഹിത വായ്പ കൂടുതല്‍ നല്‍കുന്നതിനായി സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയ്ക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടിന് (CGFSI) കേന്ദ്ര ഗവണ്‍മെന്റ് രൂപംനല്‍കിയിട്ടുണ്ട്. വായ്പാ സൗകര്യം നല്‍കുന്നതിനു പുറമേ, വായ്പാന്വേഷകര്‍ക്ക് കൈത്താങ്ങു നല്‍കുന്നതിനും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീം വിഭാവനം ചെയ്യുന്നു. കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ് പദ്ധതികളുമായി സംയോജിപ്പിക്കാനും ഇത് വ്യവസ്ഥ ചെയ്യുന്നു. പദ്ധതിക്ക് കീഴിലുള്ള അപേക്ഷകള്‍ പോര്‍ട്ടലിലും (www.standupmitra.in) ഓണ്‍ലൈനായി നല്‍കാം.
21.03.2022 വരെ ഈ പദ്ധതിയുടെ നേട്ടങ്ങള്‍:
• സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീമിന് കീഴില്‍ 21.03.2022 വരെ 133,995 അക്കൗണ്ടുകളിലേക്ക് 30160 കോടി രൂപ അനുവദിച്ചു.
• 21.03.2022-ലെ കണക്കനുസരിച്ച്, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീമിന് കീഴില്‍ പ്രയോജനം നേടിയ എസ് സി/എസ് ടി, സ്ത്രീ വായ്പക്കാരുടെ ആകെ എണ്ണം താഴെ കൊടുത്തിരിക്കുന്നു:
എസ് സി
|
എസ് ടി
|
വനിത
|
ആകെ
|
അക്കൗണ്ടുകളുടെ എണ്ണം
|
അനുവദിച്ച തുക
|
അക്കൗണ്ടുകളുടെ എണ്ണം
|
അനുവദിച്ച തുക
|
അക്കൗണ്ടുകളുടെ എണ്ണം
|
അനുവദിച്ച തുക
|
അക്കൗണ്ടുകളുടെ എണ്ണം
|
അനുവദിച്ച തുക
|
19310
|
3976.84
|
6435
|
1373.71
|
108250
|
24809.89
|
133995
|
30160.45
|
(Release ID: 1813444)
Visitor Counter : 222
Read this release in:
Tamil
,
Kannada
,
Bengali
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu