പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവനയുടെ പരിഭാഷ

Posted On: 19 MAR 2022 10:55PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട പ്രധാനമന്ത്രി കിഷിദ,

വിശിഷ്ടവ്യക്തികളേ,

നമസ്‌കാരം!


ജപ്പാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ തന്റെ ആദ്യ ഇന്ത്യാസന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി കിഷിദയെ സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

അല്‍പ്പനാളുകള്‍ക്കുമുമ്പു ജപ്പാനില്‍ ഭൂകമ്പത്തില്‍ പലര്‍ക്കും ജീവനും സ്വത്തും നഷ്ടമായ സംഭവത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ പേരില്‍ ഞാന്‍ അനുശോചനം അറിയിക്കുന്നു.

സുഹൃത്തുക്കളേ,

പണ്ടുമുതലേ ഇന്ത്യയുടെ സുഹൃത്താണ് പ്രധാനമന്ത്രി കിഷിദ. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പലതവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹവുമായി വിവിധ ആശയങ്ങള്‍ കൈമാറാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയും ജപ്പാനും തമ്മില്‍ സവിശേഷമായ നയപരവും ആഗോളതളത്തിലുമുള്ള പങ്കാളിത്തത്തിലുണ്ടായ അഭൂതപൂര്‍വമായ പുരോഗതിയില്‍ പ്രധാനമന്ത്രി കിഷിദ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

വളരെ പ്രാധാന്യമര്‍ഹിക്കുന്ന സമയത്താണ് ഇന്നത്തെ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ലോകം ഇപ്പോഴും കോവിഡ്-19നെയും അതിന്റെ പ്രത്യാഘാതങ്ങളെയും നേരിടുകയാണ്.

ആഗോള സാമ്പത്തിക വീണ്ടെടുക്കല്‍ പ്രക്രിയകള്‍ക്ക് ഇപ്പോഴും തടസ്സങ്ങളുണ്ട്.

ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ വെല്ലുവിളികള്‍ നേരിടുന്നു.

ഈ സാഹചര്യത്തില്‍, ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നത് ഇരു രാജ്യങ്ങള്‍ക്കു മാത്രമല്ല പ്രധാനമാകുന്നത്. ഇത് ഇന്‍ഡോ-പസഫിക് മേഖലയിലും ആഗോളതലത്തിലും സമാധാനവും സമൃദ്ധിയും സ്ഥിരതയും പ്രോത്സാഹിപ്പിക്കും.

നമ്മുടെ സാംസ്‌കാരികബന്ധങ്ങള്‍, ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച തുടങ്ങി നാം പങ്കുവയ്ക്കുന്ന മൂല്യങ്ങള്‍ നമ്മുടെ ബന്ധങ്ങളുടെ കാതലാണ്. നമ്മുടെ പരസ്പരവിശ്വാസം അവയ്ക്കു കരുത്തേകുന്നു.

ഇന്നത്തെ നമ്മുടെ ചര്‍ച്ചകള്‍ നമ്മുടെ പരസ്പരസഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ വഴിയൊരുക്കും.

ഉഭയകക്ഷിപ്രശ്നങ്ങള്‍ക്ക് പുറമെ പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങളില്‍ ഞങ്ങള്‍ കാഴ്ചപ്പാടുകള്‍ പങ്കിട്ടു.

ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ഞങ്ങളുടെ ഏകോപനം വര്‍ദ്ധിപ്പിക്കാനും ഞങ്ങള്‍ തീരുമാനിച്ചു.

സുഹൃത്തുക്കളേ,

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക പങ്കാളിത്തം അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങളില്‍ വലിയ വിശ്വാസവും ആവേശവുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നാണ് ലോകോത്തര നിലവാരം കാത്തുസൂക്ഷിക്കുന്ന ജപ്പാന്‍.

ഈ സംഭാവനയ്ക്ക് ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്.

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതി നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. 'ഒരു സംഘം ഒരു പദ്ധതി' എന്ന സമീപനത്തോടെയാണ് ഇരു രാജ്യങ്ങളും ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തത്തിന്റെ മികച്ച ഉദാഹരണമാണ് ഈ പദ്ധതി.

2014-ല്‍ നിശ്ചയിച്ച 3.5 ട്രില്യണ്‍ ജാപ്പനീസ് യെന്‍ എന്ന നിക്ഷേപലക്ഷ്യത്തെ നാം മറികടന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ വികസനമോഹങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.  അഞ്ച് ട്രില്യണ്‍ യെന്‍ എന്ന പുതിയ ലക്ഷ്യമാണിപ്പോഴുള്ളത്. അതായത് വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 3,20,000 കോടി രൂപ.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യ സമഗ്രമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യവസായം സുഗമമാക്കാനുള്ള നടപടിക്രമങ്ങളില്‍  വലിയ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ടെന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.

'ലോകത്തിനുവേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുക' എന്ന ലക്ഷ്യത്തിനായുള്ള അനന്തമായ സാധ്യതകളാണ് ഇന്ന് ഇന്ത്യ അവതരിപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍, ജാപ്പനീസ് കമ്പനികള്‍ വളരെക്കാലമായി ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്.

സാങ്കേതികവിദ്യയിലും നൂതനാശയ മേഖലകളിലും ഞങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തിന് പുതിയ മാനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യയില്‍ ജാപ്പനീസ് കമ്പനികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

ഇന്ന് പുറത്തിറക്കിയ ഇന്ത്യ-ജപ്പാന്‍ വ്യാവസായിക മത്സരാധിഷ്ഠിത പങ്കാളിത്ത രൂപരേഖ ഇതിനുള്ള ഫലപ്രദമായ സംവിധാനമാണെന്ന് തെളിയും.

ജപ്പാനുമായുള്ള ഞങ്ങളുടെ നൈപുണ്യപങ്കാളിത്തവും ഈ ദിശയില്‍ ഫലപ്രദമായ പങ്കുവഹിക്കും.

സുഹൃത്തുക്കളേ,

സുരക്ഷിതവും വിശ്വസനീയവും പ്രവചനാത്മകവും സുസ്ഥിരവുമായ ഊര്‍ജവിതരണത്തിന്റെ പ്രാധാന്യം ഇന്ത്യയും ജപ്പാനും മനസ്സിലാക്കിയിട്ടുണ്ട്.

സുസ്ഥിര സാമ്പത്തിക വളര്‍ച്ച എന്ന ലക്ഷ്യം കൈവരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും ഇതു വളരെ ആവശ്യമാണ്.

ഞങ്ങളുടെ 'ശുദ്ധ ഊര്‍ജപങ്കാളിത്തം' ഈ ദിശയിലുള്ള ഒരു നിര്‍ണായക ചുവടുവയ്പ്പായി മാറും.

ഇന്ന് ഞങ്ങള്‍ മറ്റ് പല പ്രധാന കാര്യങ്ങളിലും കൂട്ടായ തീരുമാനങ്ങള്‍ കൈക്കൊണ്ടു പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു.

ഇന്ത്യ-ജപ്പാന്‍ പ്രത്യേക നയപര-ആഗോളിത്ത പങ്കാളിത്തത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതില്‍ പ്രധാനമന്ത്രി കിഷിദയുടെ ഈ സന്ദര്‍ശനം ഊര്‍ജം പകര്‍ന്നു.

ഒരിക്കല്‍കൂടി, പ്രധാനമന്ത്രി കിഷിദയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാന്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.

നന്ദി!

--ND--

 



(Release ID: 1807382) Visitor Counter : 175