പ്രധാനമന്ത്രിയുടെ ഓഫീസ്‌

മാതൃഭൂമി ശതാബ്ദി ആഘോഷങ്ങള്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു


''അമൃതകാലം നമുക്ക് കരുത്തുറ്റതും വികസിതവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്ത്യക്കായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കി''

''എല്ലാ മാധ്യമസ്ഥാപനങ്ങളും സ്വച്ഛ് ഭാരത് ദൗത്യം അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്തു''

''യോഗ, ശാരീരികക്ഷമത, ബേട്ടി ബചാവോ ബേട്ടി പഠാവോ എന്നിവ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിച്ചു''

''ഇന്ത്യയുടെ പ്രതിഭാധനരായ യുവജനങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് നമ്മുടെ രാജ്യം ആത്മനിര്‍ഭരത അല്ലെങ്കില്‍ സ്വയംപര്യാപ്തത എന്നതിലേക്ക് മുന്നേറുന്നു''

''ഭാവിതലമുറയ്ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുക എന്ന ആശയങ്ങളില്‍ ഊന്നിയാണ് നാം പ്രവര്‍ത്തിക്കുന്നത്''


Posted On: 18 MAR 2022 12:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാതൃഭൂമി ദിനപത്രത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു.

മാതൃഭൂമി പത്രത്തിന്റെ വളര്‍ച്ചയില്‍ സംഭാവന നല്‍കിയ എല്ലാ പ്രമുഖ വ്യക്തികള്‍ക്കും പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. ''മഹാത്മഗാന്ധിയുടെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് ശക്തി പകരാനാണ് മാതൃഭൂമി രൂപം കൊണ്ടത്''- അദ്ദേഹം പറഞ്ഞു. കോളനിവാഴ്ചയ്‌ക്കെതിരെ രാജ്യത്തെ ജനങ്ങളെ ഒരുമിച്ചുകൂട്ടാനായി ആരംഭിച്ച മാധ്യമങ്ങള്‍ക്കിടയില്‍ മാതൃഭൂമിക്കിടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച ലോകമാന്യ തിലക്, മഹാത്മാഗാന്ധി, ഗോപാല കൃഷ്ണ ഗോഖലെ, ശ്യാംജി കൃഷ്ണ വര്‍മ പോലുള്ള മഹാന്‍മാരുടെ ഉദാഹരണങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടി ക്കാനായി ശ്രീ എം പി വീരേന്ദ്രകുമാര്‍ നടത്തിയ ശ്രമങ്ങളേയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വജീവന്‍ ബലി കഴിക്കാനുള്ള അവസരം നമുക്ക് ലഭിച്ചിട്ടില്ലെങ്കിലും ഈ അമൃതകാലം കരുത്തുറ്റതും വികസിതവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ പങ്ക് ചേരാനുള്ള അവസരം നമുക്ക് നല്‍കുന്നതായി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പുതിയ ഇന്ത്യ എന്ന ലക്ഷ്യത്തെ സഹായിക്കുന്ന ക്യാംപെയ്നുകള്‍ക്കു പ്രചാരംനല്‍കിയ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ പ്രചാരണം എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. യോഗ, ശാരീരികക്ഷമത, ബേട്ടി ബചാവോ ബേട്ടി പഠാവോ പോലുള്ളവ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി. ''ഇവ രാഷ്ട്രീയത്തിനും രാഷ്ട്രീയ കക്ഷികള്‍ക്കും അതീതമാണ്. ഇവ ഇന്ത്യയെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ചതാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്'' - അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അറിയപ്പെടാത്ത ധീരന്‍മാരെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ച് അധികമാരും അറിയാത്ത കാര്യങ്ങളെക്കുറിച്ചും സമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെക്കുറിച്ചും മറ്റും റിപ്പോര്‍ട്ടുകളിലൂടെ ജനങ്ങളെ അറിയിക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ക്ക് നടത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പശ്ചാത്തലമില്ലാത്ത ഉയര്‍ന്നുവരുന്ന എഴുത്തുകാര്‍ക്ക് അവസരമൊരുക്കാനും പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം കുറവുള്ള പ്രദേശങ്ങളില്‍ അവ പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികള്‍ മാധ്യമങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കാലഘട്ടത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ പ്രതീക്ഷയെക്കുറിച്ച് സംസാരിക്കവെ കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടാന്‍ രാജ്യത്തിന് കഴിയില്ലെന്ന ചില ധാരണകളെ ഇന്ത്യ തകിടം മറിച്ചതായി ശ്രീ മോദി പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കി. 180 കോടി ഡോസ് വാക്സിന്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു. ''ഇന്ത്യയുടെ പ്രതിഭാധനരായ യുവജനങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് നമ്മുടെ രാജ്യം ആത്മനിര്‍ഭരത അല്ലെങ്കില്‍ സ്വയംപര്യാപ്തത എന്നതിലേക്ക് നീങ്ങുകയാണ്. ഇന്ത്യയെ ആഭ്യന്തര-ആഗോള ആവശ്യങ്ങള്‍ നിര്‍വഹിക്കാനുതകുന്ന ഒരു സാമ്പത്തിക ശക്തികേന്ദ്രമായി മാറ്റുകയാണ് ഈ ആശയത്തിന് പിന്നിലുള്ള ലക്ഷ്യം''- അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുമ്പെങ്ങുമില്ലാതിരുന്ന പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമായി സാമ്പത്തിക പുരോഗതി വര്‍ധിക്കും. തദ്ദേശീയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളില്‍ ഉല്‍പ്പാദനബന്ധിത ആനുകൂല്യപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഇതുവരെയുണ്ടാകാത്ത വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ യുപിഐ ഇടപാടുകളില്‍ 70 ഇരട്ടി വര്‍ധനയുണ്ടായി. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈനിനായി 110 ലക്ഷം കോടി രൂപ ചെലവഴിച്ചു. പിഎം ഗതിശക്തി വഴി അടിസ്ഥാനസൗകര്യം സൃഷ്ടിക്കലും ഭരണനിര്‍വഹണവും കൂടുതല്‍ ലളിതമാകുമെന്നും അദ്ദേഹം പറഞ്ഞു. ''രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഉറപ്പാക്കുന്നതിനായി നാം ഊര്‍ജിതമായി പ്രവര്‍ത്തിക്കുകയാണ്. ഭാവി തലമുറയ്ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തുക എന്ന ആശയങ്ങളില്‍ ഊന്നിയാണ് നാം പ്രവര്‍ത്തിക്കുന്നത്''- പ്രധാനമന്ത്രി വ്യക്തമാക്കി.

--NS--

 



(Release ID: 1807147) Visitor Counter : 219