ധനകാര്യ മന്ത്രാലയം

കേന്ദ്രബജറ്റ് 2022-23 സാങ്കേതിക വിദ്യക്കു പ്രാധാന്യം നല്‍കിയുള്ള ആരോഗ്യ ബജറ്റ്


ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യത്തിന്റെ ഭാഗമായി 'ദേശീയ ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥ' എന്ന പുതിയ സംവിധാനം പ്രഖ്യാപിച്ചു; 'ഡിജിറ്റല്‍ ഇന്ത്യ'യിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പ്

23 ടെലി മാനസികാരോഗ്യകേന്ദ്രങ്ങളുടെ ശൃംഖലയ്ക്കു രൂപംനല്‍കി ദേശീയ ടെലി മാനസികാരോഗ്യ പരിപാടിക്കു തുടക്കംകുറിക്കും

Posted On: 01 FEB 2022 1:07PM by PIB Thiruvananthpuram

കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൊതുബജറ്റിലെ ആരോഗ്യമേഖല സാങ്കേതികവിദ്യക്കു പ്രാധാന്യം നല്‍കുന്നതാണ്.  രാജ്യത്തുടനീളം ആരോഗ്യ, വൈദ്യപരിചരണം ലഭ്യമാക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ വഹിക്കുന്ന പ്രധാനപങ്ക് സൂചിപ്പിക്കുന്ന രണ്ട് പുതിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

കോവിഡ്-19 മഹാമാരിയെ കണ്ടുള്ളതാണ് ഇന്നത്തെ പ്രഖ്യാപനങ്ങള്‍. മഹാമാരിയുടെ ആരോഗ്യ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സഹിക്കേണ്ടി വന്നവരോട് സഹാനുഭൂതി പ്രകടിപ്പിച്ചാണ് കേന്ദ്ര ധനമന്ത്രി തുടങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ അതിവേഗപുരോഗതിയെത്തുടര്‍ന്ന് വെല്ലുവിളികളെ നേരിടാന്‍ രാജ്യം കരുത്തുനേടിയെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ വേഗതയും പരിധിയും മഹാമാരിയെ ചെറുക്കാന്‍ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വളര്‍ച്ചയുടെ കരുത്തുറ്റ പ്രയാണം തുടരുമെന്ന് ഉറപ്പുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തുടങ്ങിവച്ച കാര്യങ്ങളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഈ ബജറ്റിലും മതിയായ വിഹിതം മാറ്റിവച്ചിട്ടുണ്ടെന്നും ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍, പ്രതിരോധകുത്തിവയ്പു പരിപാടി അതിവേഗം നടപ്പാക്കല്‍, മഹാമാരിയുടെ നിലവിലെ തരംഗത്തില്‍ രാജ്യവ്യാപകമായി പ്രതിരോധശേഷിയുള്ള പ്രതികരണം എന്നിവ എല്ലാവര്‍ക്കും വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം

ദേശീയ ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥയ്ക്കായി ഒരു പുതിയ സംവിധാനത്തിനു തുടക്കമിടും. ആരോഗ്യ ദാതാക്കളുടെയും ആരോഗ്യ സൗകര്യങ്ങളുടെയും ഡിജിറ്റല്‍ രജിസ്ട്രികള്‍, സവിശേഷമായ ആരോഗ്യ ഐഡന്റിറ്റി, സമ്മതചട്ടക്കൂട്, ആരോഗ്യ സൗകര്യങ്ങളിലേക്ക് സാര്‍വത്രിക പ്രവേശനം എന്നിവ ഇത് ഉള്‍ക്കൊള്ളുന്നു.

ദേശീയ ടെലി മാനസികാരോഗ്യ പരിപാടി

മഹാമാരി എല്ലാ പ്രായത്തിലുമുള്ളവരിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി സമ്മതിച്ചു. ഗുണനിലവാരമുള്ള മാനസികാരോഗ്യ കൗണ്‍സിലിംഗും പരിചരണ സേവനങ്ങളും ഏവര്‍ക്കും ലഭ്യമാക്കുന്നതിനായി  'ദേശീയ ടെലി മാനസികാരോഗ്യ പരിപാടി' പ്രഖ്യാപിച്ചു. ഇതില്‍ 23 ടെലി-മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖല ഉള്‍പ്പെടും. നിംഹാന്‍സാണ് നോഡല്‍ കേന്ദ്രം. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-ബാംഗ്ലൂര്‍ (ഐഐഐടിബി) സാങ്കേതിക പിന്തുണ നല്‍കും.

-ND-
 



(Release ID: 1794416) Visitor Counter : 268