രാഷ്ട്രപതിയുടെ കാര്യാലയം

പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും  സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗം

Posted On: 31 JAN 2022 12:14PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട അംഗങ്ങളെ,

1. കൊറോണ വൈറസ് സൃഷ്ടിച്ച മഹാമാരിയുടെ മൂന്നാം വര്‍ഷത്തിലാണ് നാം .  ഈ വര്‍ഷങ്ങളില്‍, ഇന്ത്യയിലെ ജനങ്ങള്‍ ജനാധിപത്യ മൂല്യങ്ങളിലും അച്ചടക്കത്തിലും ഉത്തരവാദിത്തബോധത്തിലും അഗാധമായ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.  സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ ഇന്ത്യ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ സമയത്ത്, ഓരോ ഇന്ത്യക്കാരന്റെയും ഈ ഇച്ഛാശക്തി രാജ്യത്തിന്റെ ശോഭനമായ ഭാവിയ്ക്ക് വേണ്ട  ആത്മവിശ്വാസം സൃഷ്ടിക്കുന്നു.  ഈ ആത്മവിശ്വാസത്തോടെ, പാര്‍ലമെന്റിന്റെ ഈ ചരിത്രപ്രസിദ്ധമായ സെന്‍ട്രല്‍ ഹാളില്‍ നിന്ന് ഓരോ ഇന്ത്യക്കാരനും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു.

2. ഇന്ന് ഒരുമിച്ച് ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ട്, തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ക്ക് ഏറ്റവും മുന്‍ഗണന നല്‍കുകയും രാജ്യത്തിന്റെ  അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്ത ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ 75 വര്‍ഷങ്ങളില്‍  നമ്മുടെ രാജ്യത്തിന്റെ വികസന-യാത്രയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് എല്ലാ മഹാരഥന്മാരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

3. അമൃത് മഹോത്സവത്തിന്റെ ഈ കാലഘട്ടത്തില്‍, രാജ്യത്തെ മഹദ് വ്യക്തികളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും നമ്മെ പ്രചോദിപ്പിക്കുന്നു.  ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാം പ്രകാശ് പര്‍വ്, ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാര്‍ഷികം, വി.ഒ.ചിദംബരം പിള്ളയുടെ 150-ാജന്മവാര്‍ഷികം,നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികം എന്നിവയുടെ പുണ്യ സന്ദര്‍ഭങ്ങള്‍ എന്റെ ഗവണ്‍മെന്റ് ഗംഭീരമായി ആഘോഷിക്കുകയാണ്. ഈ വര്‍ഷം മുതല്‍ നേതാജിയുടെ ജന്മദിനമായ ജനുവരി 23 മുതലാണ് ഗവണ്‍മെന്റ്  റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിച്ചത്.

4. ഭൂതകാലത്തെ ഓര്‍മ്മിക്കുകയും അതില്‍ നിന്ന് പഠിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ സുരക്ഷിതമായ ഭാവിക്ക് ഒരുപോലെ പ്രധാനമാണെന്ന് എന്റെ  ഗവണ്‍മെന്റ് വിശ്വസിക്കുന്നു. സാഹിബ്സാദാസിന്റെ ത്യാഗത്തിന്റെ സ്മരണയ്ക്കായി ഡിസംബര്‍ 26-ന് 'വീര്‍ബാല്‍  ദിവസ്', ഓഗസ്റ്റ് 14-ന് 'വിഭജന്‍ വിഭിഷിക സ്മൃതി ദിവസ്'  എന്നിവ ആചരിക്കുന്നത് ഈ ചിന്തയുടെ പ്രതിഫലനമാണ്.  ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15 ന് അദ്ദേഹത്തിനോടുള്ള ആദരാഞ്ജലിയായി 'ജന്‍-ജാതിയ ഗൗരവ് ദിവസ്' ആയി ആഘോഷിക്കാനും ഗവണ്‍മെന്റ്  തീരുമാനിച്ചു.

ബഹുമാനപ്പെട്ട അംഗങ്ങളെ,

5. ആസാദി കാ അമൃത് മഹോത്സവം എല്ലാ ഇന്ത്യക്കാര്‍ക്കും അടുത്ത 25 വര്‍ഷത്തേക്കുള്ള ആശയങ്ങള്‍ക്ക് മൂര്‍ത്തമായ രൂപം നല്‍കാനുള്ള ഒരു പുണ്യ അവസരമാണ്.  ' എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം  എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം ' എന്ന മന്ത്രത്തെ പിന്തുടര്‍ന്ന് അടുത്ത 25 വര്‍ഷത്തേക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കാന്‍ എന്റെ ഗവണ്‍മെന്റ്  അതിവേഗം നീങ്ങുകയാണ്.  ഈ അടിത്തറയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആശയം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന, ശക്തവും സ്വാശ്രയവുമായ  ഒരു ഇന്ത്യയുടെ സൃഷ്ടിയാണ്.  കൊറോണയുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടം സാധ്യമായ വേഗതയില്‍ നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നമ്മെ പ്രചോദിപ്പിച്ചിരിക്കുന്നു.

ബഹുമാനപ്പെട്ട അംഗങ്ങളെ,

6. കോവിഡ് മഹാമാരി ഇന്ത്യയുള്‍പ്പെടെ  ലോകത്തെ മുഴുവനും  ബാധിച്ചു. നമ്മുടെ പ്രിയപ്പെട്ടവരില്‍ പലരും നമ്മില്‍ നിന്ന് വിടവാങ്ങി  .  ഈ സാഹചര്യത്തില്‍ കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളും   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭരണകൂടവും  ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും നമ്മുടെ ശാസ്ത്രജ്ഞരും സംരംഭകരുമെല്ലാം ഒറ്റക്കെട്ടായി   പ്രവര്‍ത്തിച്ചു.  ഗവണ്‍മെന്റും  പൗരന്മാരും തമ്മിലുള്ള  അഭൂതപൂര്‍വമായ പരസ്പര വിശ്വാസവും ഏകോപനവും സഹകരണവും നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയുടെ  ഉദാഹരണമാണ്.  ഇതിനായി, എല്ലാ ആരോഗ്യ, മുന്‍നിര പ്രവര്‍ത്തകരെയും ഓരോ പൗരനെയും ഞാന്‍ അഭിനന്ദിക്കുന്നു.

7. കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ കഴിവ് ,കോവിഡ് വാക്‌സിനേഷന്‍ പരിപാടിയില്‍ വ്യക്തമാണ്.  ഒരു വര്‍ഷത്തിനുള്ളില്‍ 150 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതിന്റെ റെക്കോര്‍ഡ് ഞങ്ങള്‍ മറികടന്നു.  ഇന്ന് നമ്മള്‍ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കുന്ന ലോകത്തിലെ മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണ്.   നമ്മുടെ പൗരന്മാര്‍ക്ക് മെച്ചപ്പെട്ട സംരക്ഷണം നല്‍കുകയും  അവരുടെ മനോവീര്യം വര്‍ധിപ്പിക്കുകയും ചെയ്തു കൊണ്ട് രാജ്യത്തിന് ഒരു കവചം നല്‍കാനായി എന്നതാണ് ഈ പരിപാടിയുടെ വിജയം.

8. ഇന്ന്, രാജ്യത്തെ 90 ശതമാനത്തിലധികം പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചു, അതേസമയം 70 ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസുകളും   നല്‍കിയിട്ടുണ്ട്.  'ഹര്‍ ഘര്‍ ദസ്തക്' പ്രചാരണ പരിപാടിയിലൂടെ ഗവണ്‍മെന്റ് ശേഷിക്കുന്ന  ജനങ്ങളിലേക്കും എത്തിച്ചേരുന്നു.  15 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരെയും ഈ മാസം മുതല്‍ വാക്‌സിനേഷന്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  മുന്‍നിര തൊഴിലാളികള്‍ക്കും മറ്റു അസുഖങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള മുന്‍കരുതല്‍ ഡോസും നല്‍കാന്‍ ആരംഭിച്ചു.

9. രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി ഇതുവരെ എട്ട് വാക്സിനുകള്‍ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മൂന്ന് വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ലോകത്തെ മുഴുവന്‍ മഹാമാരിയില്‍ നിന്ന് മുക്തമാക്കുന്നതിലും കോടിക്കണക്കിന് ജീവന്‍ രക്ഷിക്കുന്നതിലും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഈ വാക്‌സിനുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ബഹുമാനപ്പെട്ട അംഗങ്ങളെ,

10. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഉടനടിയുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല രാജ്യത്തിന്റെ ശ്രമങ്ങള്‍.  ഭാവിയിലും ഫലപ്രദവും പ്രയോജനകരവുമായ ദൂരവ്യാപകമായ പരിഹാരങ്ങള്‍  എന്റെ ഗവണ്‍മെന്റ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.  64,000 കോടി രൂപ മുതല്‍മുടക്കില്‍ പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം  ആരംഭിച്ചത് പ്രശംസനീയമായ ഒരു ഉദാഹരണമാണ്.  ഇത് നിലവിലെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുമെന്ന് മാത്രമല്ല, ഭാവിയിലെ ഏത് പ്രതിസന്ധി നേരിടുന്നതിനും  രാജ്യത്തെ സജ്ജമാക്കുകയും ചെയ്യും.

11. എന്റെ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമുള്ള  നയങ്ങള്‍ കാരണം ആരോഗ്യ സൗകര്യങ്ങള്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകും.  80,000-ലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളും കോടിക്കണക്കിന് ആയുഷ്മാന്‍ ഭാരത് കാര്‍ഡുകളും പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭിക്കുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.  8,000-ലധികം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കി ഗവണ്‍മെന്റ്, ചികിത്സാ ചെലവ് കുറച്ചു.   ആരോഗ്യസേവനങ്ങള്‍  വേഗത്തിലും എളുപ്പവും നല്‍കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് 'ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍'.

ബഹുമാനപ്പെട്ട അംഗങ്ങളെ,

12. കൊറോണ കാലത്ത് ഇന്ത്യന്‍ ഔഷധ നിര്‍മ്മാണ മേഖലയും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവില്‍, ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ 180 ലധികം രാജ്യങ്ങളില്‍ എത്തുന്നുണ്ട്. എന്നിരുന്നാലും, ഈ മേഖലയില്‍ ഇന്ത്യയ്ക്ക് വിപുലമായ അവസരങ്ങളുണ്ട്. ഔഷധ വ്യവസായത്തിനായി എന്റെ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പിഎല്‍ഐ പദ്ധതി, അവസരങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുകയും ഗവേഷണത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും.

13. യോഗ, ആയുര്‍വേദം, പരമ്പരാഗത ചികിത്സാരീതികള്‍ എന്നിവയും ഗവണ്‍മെന്റിന്റെ ശ്രമഫലമായി കൂടുതല്‍ പ്രചാരത്തിലുണ്ട്. 2014ല്‍ 6,600 കോടി രൂപയുടെ ആയുഷ് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത്, ഇപ്പോള്‍ 11,000 കോടിയിലധികം ആയി വര്‍ദ്ധിച്ചിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ ' ലോകാരോഗ്യ സംഘടന ആഗോള പാരമ്പര്യ ഔഷധ കേന്ദ്രം' ഇന്ത്യ സ്ഥാപിക്കാന്‍ പോകുന്നു.

ബഹുമാനപ്പെട്ട അംഗങ്ങളെ,

14. നമ്മുടെ ഭരണഘടനയുടെ മുഖ്യ ശില്പിയായ ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കര്‍ ഇപ്രകാരം പറഞ്ഞു:

'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയില്‍ അധിഷ്ഠിതമായ ഒരു സമൂഹമാണ് എന്റെ ആദര്‍ശം... ജനാധിപത്യം വെറുമൊരു ഗവണ്‍മെന്റിന്റെ  രൂപമല്ല... അത് അടിസ്ഥാനപരമായി സഹജീവികളോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും ഒരു മനോഭാവമാണ്'.

ബാബാ സാഹിബിന്റെ ഈ ആദര്‍ശങ്ങളെയാണ് എന്റെ ഗവണ്‍മെന്റ് അതിന്റെ മുദ്രാവാക്യമായി കണക്കാക്കുന്നത്. സാമൂഹിക നീതി, സമത്വം, ബഹുമാനം, തുല്യ അവസരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അന്ത്യോദയ മന്ത്രത്തില്‍ എന്റെ ഗവണ്‍മെന്റ് വിശ്വസിക്കുന്നു. അതിനാല്‍, ഗവണ്‍മെന്റിന്റെ നയങ്ങളില്‍, ഗ്രാമങ്ങള്‍, ദരിദ്രര്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, പിന്നാക്ക സമുദായങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സമീപ വര്‍ഷങ്ങളിലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഈ മനോഭാവം വ്യക്തമായി പ്രതിഫലിക്കുന്നു. ഇന്ത്യയെപ്പോലുള്ള വൈവിധ്യമാര്‍ന്ന രാജ്യത്ത്, പൗരന്മാര്‍ ആത്മാര്‍പ്പണത്തോടെ രാഷ്ട്ര സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അവര്‍ ഇന്ത്യയുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു.

ബഹുമാനപ്പെട്ട അംഗങ്ങളേ, 

15.  നിരവധി മുന്‍നിര രാജ്യങ്ങളാണ് കൊറോണാ ദുരന്ത കാലയളവില്‍ ഭക്ഷ്യ ദൗര്‍ലഭ്യം, പട്ടിണി എന്നിവയെ നേരിട്ടത്. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മികച്ച നടപടികള്‍ സ്വീകരിക്കുന്ന എന്റെ ഗവണ്‍മെന്റ് ആകട്ടെ, നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഹാമാരിയ്ക്കിടയിലും രാജ്യത്തെ ഒരു വ്യക്തി പോലും പട്ടിണി കിടക്കുന്നില്ല എന്നത് ഉറപ്പാക്കിയിരുന്നു. പ്രധാന മന്ത്രി ഗരിബ് കല്യാണ്‍  അന്ന പദ്ധതിക്ക് കീഴില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി എല്ലാ മാസവും സൗജന്യ റേഷന്‍ എന്റെ ഭരണകൂടം നല്‍കിവരുന്നു. 2,60,000 കോടി രൂപ അടങ്കല്‍ ഉള്ള ഈ പദ്ധതി ലോകത്തിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ പരിപാടിയാണ്. 19 മാസക്കാലയളവില്‍ 80 കോടി ഗുണഭോക്താക്കള്‍ക്ക് ആണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. നിലവിലെ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് തന്നെ 2022 മാര്‍ച്ച് വരെ ഭരണകൂടം ഈ പദ്ധതി നീട്ടുകയും ചെയ്തു.  

16. പാവപ്പെട്ടവരുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുക, അവരുടെ ജീവനോപാധികള്‍ക്ക് കൊറോണ കാലയളവില്‍ ഉള്‍പ്പടെ സംരക്ഷണം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജങസ്വനിധി പദ്ധതി ഭരണകൂടം നടപ്പാക്കിവരുന്നു. വഴിയോര കച്ചവടക്കാര്‍ക്ക് വലിയ ഗുണമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. പദ്ധതിക്ക് കീഴില്‍ 28 ലക്ഷം വഴിയോരക്കച്ചവടക്കാര്‍ക്കായി 2,900 കോടി രൂപയിലേറെ നല്‍കിക്കഴിഞ്ഞു. മാത്രമല്ല ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംരംഭങ്ങളുമായി വഴിയോര കച്ചവടക്കാരെ ബന്ധിപ്പിക്കുന്നതിനും ഭരണകൂടം ശ്രമങ്ങള്‍ നടത്തി വരികയാണ്. തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് ഒരു ലശ്രം പോര്‍ട്ടലിന് ഭരണകൂടം തുടക്കം കുറിച്ചു കഴിഞ്ഞു. ഇതുവരെ 23 കോടിയിലേറെ തൊഴിലാളികളാണ് പോര്‍ട്ടലിന്റെ ഭാഗമായത്.   

17. പൗരന്‍മാരുടെ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് എന്റെ ഭരണകൂടം നടപ്പാക്കിയ ജാം ത്രിത്വത്തിന്റെ (ജന്‍ധന്‍ - ആധാര്‍ - മൊബൈല്‍) മാറ്റങ്ങള്‍ നമുക്ക് മുന്‍പില്‍ ദൃശ്യമാണ്. 44 കോടിയിലേറെ പാവപ്പെട്ട ജനങ്ങള്‍ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമായതോടെ, മഹാമാരി കാലത്ത് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിന്റെ പ്രയോജനം കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് ലഭിച്ചത്.  
 

18. ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റല്‍ സമ്പത്ത് വ്യവസ്ഥ എന്നിവയില്‍ കൈവരിച്ച പുരോഗതിയ്‌ക്കൊപ്പം, രാജ്യത്തിന്റെ യുപിഐ പ്ലാറ്റ്‌ഫോം വിജയകരമാക്കുന്നതിനായി ഭരണകൂടം പുലര്‍ത്തിയ ദര്‍ശനത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. 2021 ഡിസംബറില്‍ യുപിഐ-യിലൂടെ 8 ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള പണമിടപാടുകള്‍ ആണ് രാജ്യത്ത് നടന്നത്. എത്രവേഗമാണ് നമ്മുടെ ജനങ്ങള്‍ സാങ്കേതികവിദ്യ, ദ്രുത ഗതിയിലുള്ള മാറ്റങ്ങള്‍ എന്നിവ സ്വായത്തമാക്കുന്നത് എന്നതിനുള്ള വലിയ ഉദാഹരണമാണ് ഇത്.

ബഹുമാനപ്പെട്ട അംഗങ്ങളേ, 

19. പാവപ്പെട്ടവരെ ശാക്തീകരിക്കുവാനും അവരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനുമുള്ള വഴിയായാണ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നതിനെ എന്റെ ഭരണകൂടം കാണുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടത്തിയ പരിശ്രമങ്ങളുടെ ഫലമായി പ്രധാനമന്ത്രി ആവാസ് പദ്ധതിക്ക് കീഴില്‍ രണ്ട് കോടിയിലേറെ പക്കാ ഭവനങ്ങളാണ് പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ സാധിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവില്‍ ഒന്നരലക്ഷം കോടി രൂപയിലേറെ ചിലവില്‍ പ്രധാനമന്ത്രി ആവാസ് പദ്ധതി - ഗ്രാമീണ്‍-ന് കീഴില്‍ ഒരു കോടി 17 ലക്ഷം ഭവനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. 

20. എല്ലാ ഭവനങ്ങളിലും ജലം എന്ന ലക്ഷ്യത്തോടുകൂടി തുടക്കം കുറിച്ച ജല്‍ ജീവന്‍ ദൗത്യം രാജ്യത്തെ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും ആറ് കോടിയോളം ഗ്രാമീണ ഭവനങ്ങള്‍ക്ക് പൈപ്പ് വെള്ള കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിച്ചു. നമ്മുടെ ഗ്രാമങ്ങളിലെ സ്ത്രീകള്‍, സഹോദരിമാര്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് വലിയ പ്രയോജനമാണ് ഇതിലൂടെ ലഭിച്ചത്. 

21. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ വസ്തുവകകള്‍ സംബന്ധിച്ച രേഖകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടക്കം കുറിച്ച 

സ്വമിത്വ പദ്ധതി അനിതരസാധാരണമായ ഒരു മുന്നേറ്റമാണ്. ഇതിന്റെ ഭാഗമായി 27,000 ഗ്രാമങ്ങളില്‍ 40 ലക്ഷത്തിലേറെ പ്രോപ്പര്‍ട്ടി കാര്‍ഡുകളാണ് വിതരണം ചെയ്തു കഴിഞ്ഞത്. കേവലം തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് അപ്പുറം, ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ഗ്രാമീണ ജനതയെ സഹായിക്കുകയും ചെയ്യുന്നു.  

ബഹുമാനപ്പെട്ട അംഗങ്ങളേ,

22. നമ്മുടെ കര്‍ഷകര്‍, ഗ്രാമീണ സമ്പദ് വ്യവസ്ഥ എന്നിവയെ ശാക്തീകരിക്കുന്നതിനായി നിതാന്ത പരിശ്രമം ആണ് എന്റെ ഭരണകൂടം നടത്തുന്നത്. മഹാമാരിയ്ക്ക് ഇടയിലും 2020-21 കാലയളവില്‍ 30 കോടിയിലേറെ ടണ്‍ ഭക്ഷ്യധാന്യങ്ങളും, 33 കോടി ടണ്‍ പഴം പച്ചക്കറികളും ഉത്പാദിപ്പിക്കാന്‍ നമ്മുടെ കര്‍ഷകര്‍ക്ക് സാധിച്ചു. ഈ റെക്കോര്‍ഡ് ഉത്പാദനത്തിന് മറുപടി എന്നവണ്ണം റെക്കോര്‍ഡ് അളവിലാണ് ഭരണകൂടം ഇവ സംഭരിച്ചത്. റാബി കാലയളവില്‍ 433 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് ഭരണകൂടം സംഭരിച്ചത്. ഇതിലൂടെ 50 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചു. ഖാരീഫ്കാലയളവില്‍ ആകട്ടെ 900 ലക്ഷം മെട്രിക് ടണ്‍ എന്ന റെക്കോര്‍ഡ് അളവില്‍ ഭരണകൂടം നെല്ല് സംഭരിച്ചു. ഒരുകോടി 30 ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഇത്പ്രയോജനം ചെയ്തു. 

23. ഭരണകൂട പരിശ്രമങ്ങളുടെ ഫലമായി കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയിലും റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ നമുക്ക് സാധിച്ചു. 2020 -21 കാലയളവില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 25 ശതമാനം വളര്‍ച്ചയാണ് കാര്‍ഷികോത്പന്ന കയറ്റുമതിയില്‍ ദൃശ്യമായത്. 3 ലക്ഷം കോടി രൂപയോളം മൂല്യമുള്ള ഉത്പന്നങ്ങളാണ് ഈ കാലയളവില്‍ നമുക്ക് കയറ്റുമതി ചെയ്യാന്‍ സാധിച്ചത് 

24. പഴം-പച്ചക്കറി കൃഷി, തേന്‍ ഉത്പാദനം എന്നിവ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കുന്ന പുതിയ മേഖലകളാണ്. മാത്രമല്ല മികച്ച രീതിയിലുള്ള വിപണി പ്രവേശനവും ഇതിലൂടെ അവര്‍ക്ക് സാധ്യമാകുന്നു. തേന്‍ ഉല്‍പാദനത്തിന് നല്‍കുന്ന ആനുകൂല്യങ്ങളുടെ ഫലമായി, 2020-21 കാലയളവില്‍ രാജ്യത്തെ ആഭ്യന്തര തേന്‍ ഉത്പാദനം ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം മെട്രിക് ടണ്ണില്‍ എത്തിയിരിക്കുകയാണ്. 2014-15 കാലയളവിനെ അപേക്ഷിച്ച് 55 ശതമാനത്തോളം വര്‍ദ്ധനയാണ് ഇത്. ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി ചെയ്യുന്ന തേനിന്റെ അളവില്‍ 102 ശതമാനത്തോളം ഉയര്‍ച്ചയും രേഖപ്പെടുത്തുന്നു. 

 
25. തങ്ങളുടെ വിളകള്‍ക്ക് അര്‍ഹിക്കുന്ന വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന്, ഉത്പ്പന്നങ്ങള്‍ ശരിയായ വിപണിക്ക് എത്തിച്ചേരേണ്ടത് അനിവാര്യമാണ്. ഇത് കണക്കിലെടുത്തുകൊണ്ട് കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി കിസാന്‍ റെയില്‍ സേവനത്തിന് ഭരണകൂടം തുടക്കം കുറിച്ചു. കൊറോണ കാലയളവില്‍ ആയിരത്തിത്തൊള്ളായിരത്തിലേറെ കിസാന്‍ റെയില്‍ സര്‍വീസുകളാണ് ഭാരതീയ റെയില്‍വേ നടത്തിയത്. 150-ല്‍ പരം റൂട്ടുകളിലായി പച്ചക്കറികള്‍, പഴം, പാല്‍ തുടങ്ങി വേഗത്തില്‍ നശിച്ചുപോകുന്ന ഉത്പന്നങ്ങള്‍ വിതരണം ചെയ്തു. ആറ് ലക്ഷം മെട്രിക് ടണ്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ചരക്കുനീക്കമാണ് ഇതിലൂടെ നടന്നത്. ചിന്തകള്‍ നൂതനമെങ്കില്‍, കയ്യിലുള്ള വിഭവങ്ങളില്‍ നിന്ന് തന്നെ പുത്തന്‍ അവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കാം എന്നതിനുള്ള ഉദാഹരണമാണ് ഇത്.  

ബഹുമാനപ്പെട്ട അംഗങ്ങളെ,
26. സ്ഥിരമായ ഈ വിജയത്തിനും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ ചെറുകിട കര്‍ഷകരെ പരമാവധി ശ്ലാഘിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കര്‍ഷക സമൂഹത്തിന്റെ 80 ശതമാനവും വരുന്ന ചെറുകിട കര്‍ഷകരുടെ താല്‍പ്പര്യങ്ങളാണ് എക്കാലവും നമ്മുടെ സര്‍ക്കാരിന്റെ കേന്ദ്രീസ്ഥാനത്തുള്ളത്. പ്രധാനമന്ത്രി-കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 11 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഒരുലക്ഷത്തി 80,000 കോടി രൂപ ലഭ്യമാക്കി കഴിഞ്ഞു. ഈ നിക്ഷേപത്തിലൂടെ കാര്‍ഷിക മേഖല ഇന്ന് വലിയ പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. വിള ഇന്‍ഷുറന്‍സ് പദ്ധതിയിലെ പുതിയ മാറ്റങ്ങളും രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് നേട്ടമായിട്ടുണ്ട്. ഈ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് ശേഷം ഏകദേശം എട്ടു കോടി കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടിയിലധികം രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുമുണ്ട്.

27. കൃഷിയിടങ്ങള്‍ക്ക് സമീപം ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഗവണ്‍മെന്റ് മുമ്പൊന്നുമില്ലാത്ത തലത്തില്‍ നിക്ഷേപം നടത്തുകയാണ്. ഒരു ലക്ഷം കോടി രൂപയുടെ കോര്‍പ്പസ് ഉള്ള കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് കീഴില്‍ ആയിരക്കണക്കിന് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഭക്ഷ്യ എണ്ണയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി, 11,000 കോടി രൂപ മുതല്‍മുടക്കില്‍ നാഷണല്‍ മിഷന്‍ ഓണ്‍ എഡിബിള്‍ ഓയില്‍സ് (ദേശീയ ഭക്ഷ്യ എണ്ണ ദൗത്യം ) ഓയില്‍ പാം എന്ന പദ്ധതിയ്ക്കും എന്റെ ഗവണ്‍മെന്റ് തുടക്കം കുറിച്ചിട്ടുണ്ട്. ജൈവകൃഷി, പ്രകൃതികൃഷി, വിള വൈവിദ്ധ്യവല്‍ക്കരണം തുടങ്ങിയ പ്രത്യേക ശ്രമങ്ങളും ഗവണ്‍മെന്റ് നടത്തുന്നുണ്ട്.

28. ഐക്യരാഷ്ട്രസഭ 2023 നെ അന്താരാഷ്ട്ര മില്ലറ്റുകളുടെ(ചോളം,തിന) വര്‍ഷമായി പ്രഖ്യാപിച്ച കാര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. മില്ലറ്റുകളുടെ (ചോളം,തിന) ഈ അന്താഷ്ട്ര വര്‍ഷത്തെ കര്‍ഷകര്‍, സ്വയം സഹായ സംഘങ്ങള്‍, കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ (എ.ഫ്.പിഒ), ഭക്ഷ്യ വ്യവസായം, സാധാരണ പൗരന്മാര്‍ എന്നിവരോടൊപ്പം എന്റെ ഗവണ്‍മെന്റ് വിപുലമായി ആഘോഷിക്കും.

29. മഴവെള്ള സംരക്ഷണത്തിനായും എന്റെ ഗവണ്‍മെന്റ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണ്. മഴവെള്ള സംഭര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും രാജ്യത്തെ പരമ്പരാഗത ജലസ്രോതസ്സുകള്‍ പുനഃസ്ഥാപിക്കുന്നതിനുമായി പ്രത്യേക സംഘടിതപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന, അടല്‍ ഭുജല്‍ യോജന എന്നിവയ്ക്ക് കീഴിലുള്ള വിവിധ പദ്ധതികളുടെ സഹായത്തോടെ രാജ്യത്ത് ജലസേചന സൗകര്യങ്ങളോടുകൂടിയ അറുപത്തിനാല് ലക്ഷം ഹെക്ടര്‍ ഭൂമിയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഗവണ്‍മെന്റ് മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. 45,000 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന കെന്‍-ബെത്വ ബന്ധിത പദ്ധതിക്ക് അടുത്തിടെ അംഗീകാരം നല്‍കി. ബുന്ദേല്‍ഖണ്ഡിലെ ജലക്ഷാമം അവസാനിപ്പിക്കാന്‍ ഈ പദ്ധതി സഹായകമാകും.

ബഹുമാനപ്പെട്ട അംഗങ്ങളെ,

30. ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്ന പ്രധാനപ്പെട്ട പങ്ക് വര്‍ദ്ധിച്ചുവരികയാണ്. 2021-22 ല്‍ 28 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങള്‍ക്ക് 65,000 കോടി രൂപയുടെ സാമ്പത്തിക സഹായം ബാങ്കുകള്‍ നല്‍കിയിട്ടുണ്ട്. 2014-15ല്‍ നല്‍കിയ തുകയുടെ നാലിരട്ടിയാണിത്. വനിതാ സ്വയം സഹായ സംഘങ്ങളിലെ ആയിരക്കണക്കിന് അംഗങ്ങള്‍ക്ക് ഗവണ്‍മെന്റ് പരിശീലനം നല്‍കി അവരെ 'ബാങ്കിംഗ് സഖി' എന്ന പങ്കാളികളാക്കുകയും ചെയ്തു. ഈ സ്ത്രീകള്‍ ഗ്രാമങ്ങളിലെ വീടുകളില്‍ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നുമുണ്ട്.

31. സ്ത്രീശാക്തീകരണം എന്റെ ഗവണ്‍മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണനകളിലൊന്നാണ്. ഉജ്ജ്വല യോജനയുടെ വിജയത്തിന് നാമെല്ലാവരും സാക്ഷികളാണ്. നമ്മുടെ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും സംരംഭകത്വവും വൈദഗ്ധ്യങ്ങളും ''മുദ്ര'' പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. ''ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ'' (പെണ്‍മക്കളെ സംരക്ഷിക്കുക, പെണ്‍മക്കളെ പഠിപ്പിക്കുക) മുന്‍കൈ നിരവധി നല്ല ഫലങ്ങള്‍ നല്‍കുക മാത്രമല്ല, സ്‌കൂളുകളില്‍ ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ പ്രോത്സാഹജനകമായ പുരോഗതിയും ഉണ്ടാക്കി. ആണ്‍മക്കളേയും പെണ്‍മക്കളേയും തുല്യരായി പരിഗണിച്ചുകൊണ്ട്, എന്റെ ഗവണ്‍മെന്റ് സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുരുഷന്മാര്‍ക്ക് തുല്യമായി 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്തുന്നതിനുള്ള ബില്ലും അവതരിപ്പിച്ചു.

32. ഏകപക്ഷീയമായ ആചാരത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കികൊണ്ടാണ് ഗവണ്‍മെന്റ് തുടക്കം കുറിച്ചത്. മുസ്ലീം സ്ത്രീകള്‍ക്ക് മെഹ്റമിനൊപ്പം മാത്രം ഹജ്ജ് നിര്‍വഹിക്കാനുള്ള നിയന്ത്രണവും നീക്കിയിട്ടുണ്ട്. 2014-ന് മുമ്പ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള മൂന്ന് കോടിയോളം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നെങ്കില്‍, 2014 മുതല്‍ ഏന്റെ ഗവണ്‍മെന്റ് 4.5 കോടി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഇത് മുസ്ലീം പെണ്‍കുട്ടികളുടെ സ്‌കൂകളില്‍ നിന്നുളള കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയുന്നതിനും അവരുടെ പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി.

33. നമ്മുടെ പെണ്‍മക്കള്‍ക്കിടയില്‍ പഠന ശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ വിദ്യാഭ്യാസ നയത്തില്‍ ലിംഗ ഉള്‍ച്ചേര്‍ക്കല്‍ ഫണ്ടിനായി (ജന്‍ഡര്‍ ഇന്‍ക്ളൂഷന്‍ ഫണ്ട്) ഒരു വ്യവസ്ഥയും ഉണ്ടാക്കിയിട്ടുണ്ട്. നിലവിലുള്ള 33 സൈനിക് സ്‌കൂളുകളിലും പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത് സന്തോഷകരമായ കാര്യമാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ വനിതാ കേഡറ്റുകളുടെ പ്രവേശനത്തിനും ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് 2022 ജൂണില്‍ എന്‍.ഡി.എയില്‍ പ്രവേശിക്കും. എന്റെ ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനങ്ങളും പ്രോത്സാഹനവും കൊണ്ട്, വിവിധ പോലീസ് സേനകളിലെ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം 2014 നെ അപേക്ഷിച്ച് ഇരട്ടിയിലധികമായി.
ബഹുമാനപ്പെട്ട അംഗങ്ങളെ,

34. മഹാനായ സന്യാസി തിരുവള്ളുവര്‍ പറഞ്ഞുിട്ടുണ്ട്:
കാര്‍ക്ക കസദ്ദര്‍ കര്‍പ്പാവൈ കട്രാപിന്‍,
നീര്‍ക്ക അടാര്‍ക്ക ടാഗ.
അതായത്, ഒരു വ്യക്തി എന്താണോ പഠിച്ചത് അത് അവന്റെ സ്വഭാവത്തില്‍ പ്രതിഫലിക്കുന്നുവെന്നാണ്.

ആത്മനിര്‍ഭര്‍ ഭാരതിന്റെ ദൃഢനിശ്ചയത്തിനും സാധ്യതകള്‍ക്കും രൂപം നല്‍കുന്നതിനായി എന്റെ ഗവണ്‍മെന്റ് രാജ്യത്തുടനീളം ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ പ്രാദേശിക ഭാഷകളും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യന്‍ ഭാഷകളിലും ബിരുദ കോഴ്സുകളിലേക്കും സുപ്രധാനമായ പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന് ഊന്നല്‍ നല്‍കുന്നു. ഈ വര്‍ഷം 10 സംസ്ഥാനങ്ങളിലായി 19 എന്‍ജിനീയറിംഗ് കോളേജുകള്‍ ആറ് ഇന്ത്യന്‍ ഭാഷകളില്‍ പഠിപ്പിക്കാന്‍ തുടങ്ങും.

35. സ്‌കില്‍ ഇന്ത്യ മിഷന്റെ കീഴില്‍, രാജ്യത്തുടനീളമുള്ള രണ്ടു കോടി ഇരുപത്തിയഞ്ച് ലക്ഷത്തിലധികം യുവജനങ്ങളെ ഐ.ടി.ഐ(ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്)കള്‍, ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനുകള്‍, പ്രധാനമന്ത്രി കൗശല്‍ കേന്ദ്രങ്ങള്‍ എന്നിവയിലൂടെ വൈദഗ്ധ്യവല്‍ക്കരിച്ചിട്ടുണ്ട്. നൈപുണ്യത്തെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നതിന് യു.ജി.സി (യുണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്‍) ചട്ടങ്ങളിലും നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

36. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍, സ്‌കില്‍ ഇന്ത്യ മിഷന്റെ കീഴില്‍ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ആറ് പ്രത്യേക പരിശീലന പരിപാടികള്‍ക്കും സമാരംഭം കുറിച്ചു. ഇവ ആരോഗ്യമേഖലയെ സഹായിക്കുന്നുണ്ട്.

37. ഗോത്രവര്‍ഗ്ഗ യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനായി എല്ലാ ഗോത്രവര്‍ഗ്ഗ ഭൂരിപക്ഷ ബ്ലോക്കുകളിലേക്കും ഏകലവ്യ റസിഡന്‍ഷ്യല്‍ മോഡല്‍ സ്‌കൂളുകള്‍ വികസിപ്പിക്കുന്നുണ്ട്. ഈ വിദ്യാലയങ്ങള്‍ മൂന്നരലക്ഷത്തോളം ഗോത്രവര്‍ഗ്ഗ യുവജനങ്ങളെ ശാക്തീകരിക്കും.

ബഹുമാനപ്പെട്ട അംഗങ്ങളെ,

38. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ യുവശക്തിയുടെ സാദ്ധ്യതകള്‍ നമ്മള്‍ എല്ലാവരും കണ്ടതാണ്. അന്താരാഷ്ട്ര മത്സരത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിലൂടെ ഇന്ത്യ ഏഴ് മെഡലുകള്‍ നേടി. ടോക്കിയോ പാരാലിമ്പിക്സിലും 19 മെഡലുകള്‍ നേടി ഇന്ത്യന്‍ പാരാ അത്ലറ്റുകള്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. ഒളിമ്പിക്സിലും കായികരംഗത്തും ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് കേന്ദ്രഗവണ്‍മെന്റ് രാജ്യത്ത് നൂറുകണക്കിന് ഖേലോ ഇന്ത്യാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. പാരാ സ്പോര്‍ട്ട്സില്‍ ദിവ്യാംഗ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഗ്വാളിയോറില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്പോര്‍ട്സും ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുണ്ട്.

ബഹുമാനപ്പെട്ട അംഗങ്ങളെ,

39. ദിവ്യാംഗ ജനതയ്ക്ക് മാന്യമായ ജീവിതം, പ്രവേശനക്ഷമത, സമത്വം, എന്നിവ ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. സുഗമ്യ ഭാരത് അഭിയാന്‍ ഈ ദിശയില്‍, നമ്മുടെ ദേശീയ സംവേദനക്ഷമതയുടെ പ്രതീകമാണ്. ദിവ്യാംഗരുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതിനായി - സൗജന്യ സഹായ ഉപകരണങ്ങള്‍ നല്‍കുന്നത് മുതല്‍  കോക്ലിയര്‍   ഇംപ്ലാന്റ് ശസ്ത്രക്രിയ വരെ രാജ്യം നിരവധി പരിപാടികള്‍ നടപ്പിലാക്കുന്നുണ്ട്. ഈ പരിപാടികള്‍ക്ക് കീഴില്‍, ഇതുവരെ 25 ലക്ഷത്തിലധികം സഹായ ഉപകരണങ്ങള്‍ ദിവ്യാംഗ് ആളുകള്‍ക്ക് നല്‍കുകയും ഏകദേശം 4,000  കോക്ലിയര്‍   ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തുകയും ചെയ്തിട്ടുണ്ട്. ഈ ശ്രമങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി മദ്ധ്യപ്രദേശില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് റീഹാബിലിറ്റേഷനും ഗവണ്‍മെന്റ് സ്ഥാപിച്ചു. ദിവ്യാംഗ യുവജനളുടെ ഭാവിക്കായി 10,000 വാക്കുകളുള്ള ഇന്ത്യന്‍ ആംഗ്യഭാഷാ നിഘണ്ടുവും വികസിപ്പിച്ചെടുത്തിട്ടുണ്ട്.*
ബഹുമാനപ്പെട്ട അംഗങ്ങളെ,

40. നമ്മുടെ യുവാക്കളുടെ നേതൃത്വത്തില്‍ അതിവേഗം രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അനന്തമായ പുതിയ സാധ്യതകളുടെ ഉദാഹരണം കൂടിയാണ് നമ്മുടെ സ്റ്റാര്‍ട്ടപ്പ് വ്യവസായം. 2016 മുതല്‍, നമ്മുടെ രാജ്യത്ത് 56 വ്യത്യസ്ത മേഖലകളിലായി അറുപതിനായിരം പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിച്ചു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ വഴി ആറ് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2021-ല്‍, കൊറോണ കാലഘട്ടത്തില്‍, ഇന്ത്യയില്‍ 40-ലധികം യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, ഓരോന്നിനും ഏറ്റവും കുറഞ്ഞ വിപണി മൂല്യം 7,400 കോടി രൂപയാണ്.

41. എന്റെ ഗവണ്‍മെന്റിന്റെ നയങ്ങള്‍ കാരണം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും സ്മാര്‍ട്ട്‌ഫോണുകളും ഇന്ന് ഇന്ത്യയില്‍ ഏറ്റവും ചിലവു കുറഞ്ഞതാണ്. ഇത് നമ്മുടെ യുവതലമുറയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കുന്ന 5ജി മൊബൈല്‍ കണക്റ്റിവിറ്റിയില്‍ ഇന്ത്യയും മികച്ച വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അര്‍ദ്ധചാലകങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കു കാര്യമായ പ്രയോജനം ചെയ്യും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയില്‍ നിന്ന് നമ്മുടെ യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി ഗവണ്‍മെന്റ് നിരവധി നയപരമായ തീരുമാനങ്ങള്‍ എടുക്കുകയും നിരവധി പുതിയ മേഖലകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാര്‍ട്ട്-അപ്പ് ബൗദ്ധിക സ്വത്തവകാശ സംരക്ഷണ പരിപാടിയിലൂടെ ഗവണ്‍മെന്റ് പേറ്റന്റുകളുമായും വ്യാപാരമുദ്രകളുമായും ബന്ധപ്പെട്ട പ്രക്രിയകള്‍ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തല്‍ഫലമായി, ഈ സാമ്പത്തിക വര്‍ഷം ഏകദേശം 6,000 പേറ്റന്റുകള്‍ക്കും 20,000-ത്തിലധികം വ്യാപാരമുദ്രകള്‍ക്കും അപേക്ഷിച്ചു.

ബഹുമാനപ്പെട്ട അംഗങ്ങളെ,

എന്റെ ഗവണ്‍മെന്റിന്റെ നിരന്തരമായ ശ്രമങ്ങള്‍ കാരണം, ഇന്ത്യ വീണ്ടും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ജിഎസ്ടി വരുമാനം സ്ഥിരമായി ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ 48 ശതലക്ഷം ഡോളറിന്റെ ഒഴുക്ക് ഇന്ത്യയുടെ വളര്‍ച്ചാ ഗാഥയില്‍ ആഗോള നിക്ഷേപക സമൂഹത്തിനുള്ള വിശ്വാസത്തിന്റെ തെളിവാണ്. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇന്ന് 630 ബില്യണ്‍ ഡോളര്‍ കവിഞ്ഞിരിക്കുന്നു. നമ്മുടെ കയറ്റുമതിയും മുന്‍കാല റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് അതിവേഗം വളരുകയാണ്. 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍, നമ്മുടെ ചരക്ക്-കയറ്റുമതി 300 ശതലക്ഷം ഡോളറോ 22 ലക്ഷം കോടി രൂപയോ ഏതാണോ കൂടുതല്‍ അതാണ്. ഇത് 2020-ലെ സമാന കാലയളവിനേക്കാള്‍ ഒന്നര മടങ്ങ് കൂടുതലാണ്.

43. ഉല്‍പ്പാദന മേഖലയുടെ സാധ്യതകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി 1 ലക്ഷത്തി 97000 കോടി രൂപയിലധികം അടങ്കലുള്ള 14 പ്രധാന പിഎല്‍ഐ ( ഉല്‍പ്പാദന ബന്ധിത ആനുകൂല്യം ) പദ്ധതികള്‍ എന്റെ ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. ഈ പിഎല്‍ഐ പദ്ധതികള്‍ ഇന്ത്യയെ ആഗോള ഉല്‍പ്പാദന കേന്ദ്രമായി മാറ്റാന്‍ സഹായിക്കുക മാത്രമല്ല, 60 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പിഎല്‍ഐ പദ്ധതിയുടെ വിജയത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ് ആഭ്യന്തര മൊബൈല്‍ നിര്‍മാണ മേഖല. ഇന്ന് നമ്മുടെ യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവായി ഇന്ത്യ ഉയര്‍ന്നു.

ഇലക്ട്രോണിക്‌സ്, ടെക്‌നോളജി ഹാര്‍ഡ്വെയര്‍ മേഖലയില്‍ ആഗോള തലത്തില്‍ നമ്മുടെ രാജ്യത്തെ വളര്‍ത്തിയെടുക്കുന്നതിനായി, സിലിക്കണ്‍, കോമ്പൗണ്ട് സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍, ഡിസ്പ്ലേ എഫ്എബി, ചിപ്പ് ഡിസൈന്‍, അനുബന്ധ സംരംഭങ്ങള്‍ എന്നിവയ്ക്കായി 76,000 കോടി രൂപയുടെ പാക്കേജും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

45. പുതിയ മേഖലകള്‍ വികസിപ്പിക്കുന്നതിനൊപ്പം, ഞങ്ങളുടെ ഗവണ്‍മെന്റ് നൂറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഡൊമെയ്‌നുകളില്‍ നമ്മുടെ പരമ്പരാഗത ശക്തി പുനഃസ്ഥാപിക്കുകയാണ്. ഈ ദിശയില്‍, ഏകദേശം 4,500 കോടി രൂപ മുതല്‍മുടക്കില്‍ ഏഴ് മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈല്‍ മേഖലകള്‍ക്കും അപ്പാരല്‍ പാര്‍ക്കുകള്‍ക്കും എന്റെ ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ഇത് സംയോജിത ടെക്സ്റ്റൈല്‍ മൂല്യ ശൃംഖലയെ സുഗമമാക്കും. ഈ മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ ഇന്ത്യന്‍, വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുകയും ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.


ബഹുമാനപ്പെട്ട അംഗങ്ങളെ,

വന്‍കിട കമ്പനികള്‍ക്കൊപ്പം നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ഇന്ത്യയുടെ അഭിവൃദ്ധിയില്‍ നിര്‍ണായക പങ്കുണ്ട്. നമ്മുടെ എംഎസ്എംഇകള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലും ആത്മനിര്‍ഭര്‍ ഭാരതിന്റെ ചാലകവുമാണ്. എംഎസ്എംഇകളെ പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും കൊറോണ കാലയളവില്‍ മതിയായ വായ്പാ ലഭ്യത ഉറപ്പാക്കുന്നതിനുമായി, ഗ്യാരണ്ടിയുള്ള 3 ലക്ഷം കോടി രൂപയുടെ ഈടില്ലാത്ത വായ്പകള്‍ക്കായി ഗവണ്‍മെന്റ് ഒരു പദ്ധതി ആരംഭിച്ചു. ഈ പദ്ധതി 13 ലക്ഷത്തി 50000 എംഎസ്എംഇ യൂണിറ്റുകള്‍ക്ക് പുതുജീവന്‍ നല്‍കുകയും 1 കോടി 50 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്തതായി സമീപകാല പഠനങ്ങളില്‍ നിന്ന് വ്യക്തമാണ്. 2021 ജൂണില്‍ ഗവണ്‍മെന്റ് ക്രെഡിറ്റ് ഗ്യാരണ്ടി 3 ലക്ഷം കോടി രൂപയില്‍ നിന്ന് 4.5 ലക്ഷം കോടി രൂപയായി ഉയര്‍ത്തി.

എംഎസ്എംഇ മേഖലയുടെ വ്യാപ്തിയും അവസരങ്ങളും വിപുലീകരിക്കുന്നതിന് നിരവധി നയപരമായ തീരുമാനങ്ങളും എടുത്തിട്ടുണ്ട്. എംഎസ്എംഇകളുടെ പുതിയ നിര്‍വചനം ചെറുകിട വ്യവസായങ്ങളെ വിപുലീകരിക്കാന്‍ സഹായിക്കുന്നു. മൊത്ത, ചില്ലറ വ്യാപാരികള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്.

48. ഖാദിയുടെ വിജയവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ബാപ്പുവിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമര കാലത്ത് നാടിന്റെ ബോധത്തിന്റെ പ്രതീകമായിരുന്ന ഖാദി വീണ്ടും ചെറുകിട സംരംഭകരുടെ നെടുംതൂണായി മാറുകയാണ്. സര്‍ക്കാരിന്റെ ശ്രമങ്ങളോടെ, 2014 മുതല്‍ രാജ്യത്ത് ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.

ബഹുമാനപ്പെട്ട അംഗങ്ങളെ,

49. ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ അടിസ്ഥാനം, അടിസ്ഥാന സൗകര്യങ്ങളാണ്. സാമൂഹിക അസമത്വം പരിഹരിക്കാനുള്ള പാലമായാണ് എന്റെ ഗവണ്‍മെന്റ് അടിസ്ഥാന സൗകര്യങ്ങളെ കാണുന്നത്. അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, ഗുണപരമായ സ്വാധീനം ചെലുത്തുകയും വ്യവസായം ചെയ്യുന്നത് എളുപ്പമാക്കുകയും വേഗത്തിലുള്ള ഗതാഗതം സുഗമമാക്കുകയും മേഖലകളിലുടനീളം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


50. അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിന് പ്രധാനമന്ത്രി ഗതിശക്തി ദേശീയ കര്‍മപദ്ധതിക്കു കീഴില്‍ ഒരു സമന്വയത്തോടെ പ്രവര്‍ത്തിക്കാന്‍ എന്റെ ഗവണ്‍മെന്റ് വിവിധ മന്ത്രാലയങ്ങളെ സംയോജിപ്പിച്ചിരിക്കുന്നു. ഈ പദ്ധതി ഇന്ത്യയില്‍ ബഹു മാതൃകാ ഗതാഗതത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടാന്‍ പോകുന്നു. ഭാവിയില്‍, രാജ്യത്തെ റെയില്‍വേയും ദേശീയപാതകളും വ്യോമപാതകളും വേറിട്ടതും ഒറ്റപ്പെട്ടതുമായ അടിസ്ഥാന സൗകര്യങ്ങളല്ല, മറിച്ച് രാജ്യത്തിന് ഒരു സംയോജിത വിഭവമായിരിക്കും.

51. ഗ്രാമീണ മേഖലയിലെ റോഡുകളുടെയും വിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണം രാജ്യത്തിന് പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട സാധ്യതകള്‍ തുറന്നു. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ നേട്ടങ്ങള്‍ അഭിമാനിക്കാവുന്ന ഒന്നാണ്. 2020-21 വര്‍ഷത്തില്‍, ഗ്രാമപ്രദേശങ്ങളില്‍ പ്രതിദിനം 100 കിലോമീറ്ററിലധികം എന്ന തോതില്‍ 36,500 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു. കൂടാതെ ആയിരക്കണക്കിന് ആവാസ വ്യവസ്ഥകളെ എല്ലാ കാലാവസ്ഥാ റോഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

52. ഇന്ന്, ദേശീയപാതകളും രാജ്യത്തിന്റെ നീളവും വീതിയും കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് നിന്ന് തെക്കും ബന്ധിപ്പിക്കുന്നു. 2014 മാര്‍ച്ചില്‍ 90,000 കിലോമീറ്റര്‍ ദേശീയപാതകള്‍ ഉണ്ടായിരുന്നെങ്കില്‍, ഇന്ന് നമുക്ക് 1 ലക്ഷത്തി 40000 കിലോമീറ്ററിലധികം ദേശീയപാതകളുണ്ട്. ഭാരത്മാല പദ്ധതിക്ക് കീഴില്‍, 23 ഹരിത എക്‌സ്പ്രസ്വേകളും ഹരിത ഇടനാഴികളും ഉള്‍പ്പെടെ ഏകദേശം 6 ലക്ഷം കോടി രൂപ ചെലവഴിച്ച് 20,000 കിലോമീറ്ററിലധികം ഹൈവേകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.


53. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്വേയും പൂര്‍ത്തിയായി വരുന്നു; ഇന്ത്യയിലെ ഏറ്റവും നീളമേറിയതും വേഗതയേറിയതുമായ അതിവേഗ പാതയായിരിക്കും ഇത്. പണ്ഡര്‍പൂര്‍ ക്ഷേത്രത്തെ ബന്ധിപ്പിക്കുന്ന സന്ത് ജ്ഞാനേശ്വര്‍ മാര്‍ഗും സന്ത് തുക്കാറാം പാല്‍ഖി മാര്‍ഗും വീതികൂട്ടാന്‍ തുടങ്ങുന്നത് എന്റെ ഗവണ്‍മെന്റിന് ഒരു പ്രത്യേക പദവിയാണ്.

54. ഇന്ന്, ഒരു വശത്ത് രാജ്യത്തിന്റെ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസനത്തിനുള്ള വഴികള്‍ തുറക്കുമ്പോള്‍, മറുവശത്ത് അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് പുതിയ ശക്തി നല്‍കുന്നു. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ലഡാക്കിലെ ഉംലിംഗ് ലാ പാസില്‍ 19,000 അടി ഉയരത്തില്‍ ഗതാഗതയോഗ്യമായ ഒരു റോഡ് നിര്‍മ്മിച്ചു. ലഡാക്കിലെ ഡെംചോക്ക്, ഉത്തരാഖണ്ഡിലെ ജോലിംഗ് കോങ്, അരുണാചല്‍ പ്രദേശിലെ ഹുരി തുടങ്ങിയ ഏറ്റവും വിദൂര ഗ്രാമങ്ങള്‍ പോലും ആധുനിക റോഡുകളാല്‍ ബന്ധിപ്പിച്ചിരിക്കുന്നു.

55. എന്റെ ഗവണ്‍മെന്റ് ഇന്ത്യന്‍ റെയില്‍വേയെ അതിവേഗം നവീകരിക്കുകയാണ്. പുതിയ വന്ദേ ഭാരത് ട്രെയിനുകളും പുതിയ വിസ്റ്റാഡോം കോച്ചുകളും ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുതിയ തൂവലുകള്‍ ചേര്‍ത്തു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 24,000 കിലോമീറ്റര്‍ റെയില്‍പ്പാത വൈദ്യുതീകരിച്ചു. പുതിയ റെയില്‍വേ പാളങ്ങള്‍ സ്ഥാപിക്കല്‍, ഇരട്ട പ്പാതകള്‍ എന്നിവയും അതിവേഗം പുരോഗമിക്കുകയാണ്. ഗുജറാത്തിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷനും മധ്യപ്രദേശിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനും ഇപ്പോള്‍ ആധുനിക ഇന്ത്യയുടെ പുതിയ കാഴ്ചകള്‍ നല്‍കുന്നു. കശ്മീരിലെ ചെനാബ് നദിയില്‍ നിര്‍മിക്കുന്ന റെയില്‍വേ കമാന പാലവും ആകര്‍ഷണ കേന്ദ്രമായി മാറുകയാണ്.

56. ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും ജീവിത സൗകര്യം വര്‍ധിപ്പിച്ചുകൊണ്ട് പൊതുഗതാഗത മേഖലയിലും എന്റെ സര്‍ക്കാര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. 8 സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതിദിനം പ്രയോജനം ചെയ്യുന്ന പതിനൊന്ന് പുതിയ മെട്രോ റൂട്ടുകള്‍ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ ട്രെയിന്‍ ശൃംഖലയുള്ള നാല് രാജ്യങ്ങളില്‍ ഇന്ത്യയും ഇപ്പോള്‍ ഉള്‍പ്പെടുന്നു. ഇന്ത്യവര്‍ദ്ധിച്ചുവരുന്ന കഴിവിനെ പ്രതീകപ്പെടുത്തുന്ന തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിന്‍ സംവിധാനവും ഞങ്ങള്‍ രാജ്യത്ത് വികസിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ വരുന്ന രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്ത് 21 ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളുടെ നിര്‍മ്മാണത്തിനും ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്.

57. രാജ്യത്തെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാഗര്‍മാല പദ്ധതിക്കു കീഴില്‍ 80 ലധികം കണക്റ്റിവിറ്റി പദ്ധതികളും പുരോഗമിക്കുന്നു. ഇതുവരെ, 24 സംസ്ഥാനങ്ങളില്‍ നിലവിലുള്ള 5 ദേശീയ ജലപാതകളും 106 പുതിയ ജലപാതകളും ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു, ഇത് ദേശീയ ജലപാതകളുടെ എണ്ണം 111 ആയി ഉയര്‍ന്നു. ഇതില്‍ 23 ജലപാതകളും ചരക്ക് ഗതാഗതത്തിന് പ്രയോജനകരമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ 27,000-ലധികം സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകളും ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുണ്ട്.

ആദരണീയരായ അംഗങ്ങളേ,

58. സമീപകാലത്ത് ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ട പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു നാം സാക്ഷികളായിരിക്കുന്നു. നിരവധി പരിഷ്‌കരണനടപടികളില്‍നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് ഈ പ്രവര്‍ത്തനം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. തൊഴില്‍ മേഖലയിലെ പുതിയ പരിഷ്‌കരണങ്ങള്‍മുതല്‍ ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍വരെയും പാപ്പരത്തകോഡുവരെയും ഈ പരിഷ്‌കരണ പരമ്പരകള്‍ തടസ്സമില്ലാതെ പുരോഗമിക്കുകയാണ്. കഴിഞ്ഞവര്‍ഷംമാത്രം കേന്ദ്രത്തിനുകീഴിലും സംസ്ഥാനങ്ങള്‍ക്കുകീഴിലും പ്രവര്‍ത്തിക്കുന്ന നിരവധിവകുപ്പുകള്‍ക്കുകീഴില്‍ 26,000ത്തിലധികം ചട്ടങ്ങള്‍ പാലിക്കല്‍ ആവശ്യകതള്‍ കുറച്ചു. അനന്തമായി സാധ്യതകള്‍ തുറന്നുനല്‍കി ബഹിരാകാശരംഗത്തു സ്വകാര്യമേഖലയ്ക്കുകൂടി അവസരം നല്‍കിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം രൂപംനല്‍കിയ ഇന്‍-സ്‌പെയ്‌സ് ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട നടപടിയായിരുന്നു.

59. അതിവേഗം വളരുന്ന ഡ്രോണ്‍ സാങ്കേതികവിദ്യയെക്കുറിച്ചും അനുബന്ധ മേഖലകളിലെ സാധ്യതകളെക്കുറിച്ചും എന്റെ ഗവണ്‍മെന്റിന് അറിവുള്ളതും അതില്‍ സജീവമായി ഇടപെടല്‍ നടത്തി വരികയുമാണ്. ഈ ദിശയിലുള്ള നടപടിയായി ഗവണ്‍മെന്റ് 2021ലെ ഡ്രോണ്‍ നിയമങ്ങള്‍ ലളിതമാക്കുകയും രാജ്യത്ത് ഡ്രോണുകളും ഡ്രോണ്‍ യന്ത്രഭാഗങ്ങളും നിര്‍മിക്കുന്നതിന് ഒരു പിഎല്‍ഐ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഭാവിയിലെ ഈ നിര്‍ണായക സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് ഇത് സഹായിക്കും.

ആദരണീയരായ അംഗങ്ങളേ,

60. സുരക്ഷിതമായ ഒരു ഇന്ത്യയെ രൂപപ്പെടുത്തുന്നതിനായി എന്റെ ഗവണ്‍മെന്റ് അങ്ങേയറ്റത്തെ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചുവരികയാണ്. പ്രതിരോധമേഖലയിലെ, പ്രത്യേകിച്ച് പ്രതിരോധ സാമഗ്രി നിര്‍മാണത്തിലെ ഗവണ്‍മെന്റ് നയങ്ങളുടെ ഭാഗമായി രാജ്യം കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ്.

61. 2020-21ലെ സായുധസേന നവീകരണവുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ട നിര്‍ദ്ദേശങ്ങളുടെ 87 ശതമാനവും 'മെയ്ക്ക് ഇന്‍ ഇന്ത്യ' വിഭാഗത്തില്‍ നിന്നായിരുന്നു. അതുപോലെ തന്നെ 2020-21ല്‍ ആയുധ നിര്‍മാണവുമായി ബന്ധപ്പെട്ട 98 ശതമാനം കരാറുകളും 'മെയ്ക്ക് ഇന്‍ ഇന്ത്യ' വിഭാഗത്തിലായിരുന്നു നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് വാങ്ങാത്ത 209 സൈനിക ഉപകരണങ്ങളുടെ പട്ടിക നമ്മുടെ സായുധ സേനാവിഭാഗങ്ങള്‍ പുറത്തുവിട്ടിരുന്നു. തദ്ദേശീയമായി നിര്‍മിക്കുന്ന 2,800 പ്രതിരോധ ഉപകരണങ്ങളുടെയും പട്ടിക പ്രതിരോധ സ്ഥാപനങ്ങള്‍ പുറത്തുവിട്ടു.

62. 83 എല്‍സിഎ തേജസ് യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ടു. ഓര്‍ഡനന്‍സ് ഫാക്ടറികളെ ഏഴ് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികളും ഗവണ്‍മെന്റ് സ്വീകരിക്കുകയുണ്ടായി. അതുകൂടാതെ, പ്രതിരോധ മേഖലയില്‍ സ്വകാര്യ മേഖലയ്ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ പ്രതിരോധ മേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ത്തന്നെ വികസിപ്പിക്കുകയും രാജ്യത്ത് തന്നെ നിര്‍മിക്കുകയും വേണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ആദരണീയരായ അംഗങ്ങളേ,

63. നയതന്ത്ര ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിലൂടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള പരിതസ്ഥിതിയില്‍ ഇന്ത്യ അതിന്റെ സ്ഥാനം ശക്തമാക്കിയിരിക്കുന്നു. 2021 ഓഗസ്റ്റില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അധ്യക്ഷത വഹിച്ച ഇന്ത്യ പല നിര്‍ണായക തീരുമാനങ്ങളുമെടുത്തു. ഇന്ത്യയുടെ അധ്യക്ഷതയില്‍ ചരിത്രത്തില്‍ ആദ്യമായി സമുദ്ര സംബന്ധ സുരക്ഷയെക്കുറിച്ച് സുരക്ഷ കൗണ്‍സിലില്‍ ചര്‍ച്ച നടക്കുകയുണ്ടായി. ഈ സുരക്ഷാ കൗണ്‍സില്‍ ചരിത്രത്തിലാദ്യമായി വിഷയത്തില്‍ ഐകകണ്‌ഠ്യേന അധ്യക്ഷ പ്രസ്താവന അംഗീകരിക്കുകയും ചെയ്തു.

64. നമ്മുടെ അയല്‍രാജ്യമായ അഫ്്ഗാനിസ്ഥാനിലെ അരക്ഷിതാവസ്ഥയും അസമാധാനവും നമ്മുടെ കണ്‍മുമ്പിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ മാനുഷികത മുന്‍നിര്‍ത്തി ഇന്ത്യ ഓപ്പറേഷന്‍ ദേവി ശക്തി ആരംഭിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടത്തി. വെല്ലുവിളികളെ നേരിട്ട് നിരവധി പൗരന്‍മാരേയും അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞിരുന്ന ഹിന്ദുക്കളേയും സിക്കുകാരേയും വിമാനമാര്‍ഗം ഇന്ത്യയിലെത്തിച്ചു. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും നാം ഗുരു ഗ്രന്ഥ് സാഹിബിന്റെ രണ്ട് വിഗ്രഹങ്ങള്‍ ഇന്ത്യയില്‍ തിരികെയെത്തിച്ചു. മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഇന്ത്യ അഫ്ഗാനിസ്ഥാന് മരുന്നും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യുന്നു.

ആദരണീയരായ അംഗങ്ങളേ,

65. ലോകമാകെ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥ വ്യതിയാനം. ഈ വിഷയത്തില്‍ ഉത്തരവാദിത്തമുള്ള ശബ്ദമായി ഇന്ത്യ ഇന്ന് ആഗോളതലത്തില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. സിഒപി-26 ഉച്ചകോടിയില്‍ പങ്കെടുക്കവേ നമ്മുടെ ഗവണ്‍മെന്റ് ഇന്ത്യ 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 1 ബില്യണ്‍ ടണ്‍ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. 2070ഓടെ കാര്‍ബണ്‍ബഹിര്‍ഗമനം പൂര്‍ണമായും കുറയ്ക്കാനുള്ള പ്രയാണത്തിലാണ് രാജ്യം. ആഗോളതലത്തില്‍ ''ഹരിത ശൃംഖലായജ്ഞം- ഏകസൂര്യന്‍, ഏകലോകം, ഏകശൃംഖല'' എന്ന ആശയവുമായി ഇന്ത്യ രംഗത്ത് വന്നു കഴിഞ്ഞു. ആഗോളതലത്തില്‍ സൗരോര്‍ജ്ജ ശൃംഖലകളെ ബന്ധിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ശൃംഖലയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതിയോടുള്ള നമ്മുടെ പ്രതിബദ്ധതയ്ക്കുള്ള സാക്ഷ്യപത്രമാണ് പരിസ്ഥിതി സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ നടപടികളും ആശയങ്ങളും.

ആദരണീയരായ അംഗങ്ങളേ,

66. ഇന്ത്യയുടെ പൗരാണികതയും പാരമ്പര്യവും സംരക്ഷിക്കുകയും സമ്പന്നമാക്കുകയും ചെയ്യുക നമ്മുടെ കടമയാണെന്ന് എന്റെ ഗവണ്‍മെന്റ് വിശ്വസിക്കുന്നു. ധോലവീരയിലെ ഹാരപ്പന്‍ പ്രദേശവും തെലങ്കാനയില്‍ സ്ഥിതി ചെയ്യുന്ന 13ാം നൂറ്റാണ്ടിലെ കകാതിയ രുദ്രേശ്വര്‍ രാമപ്പ ക്ഷേത്രവും യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ സ്ഥാനം പിടിച്ചത് അഭിമാനകരമാണ്. പ്രയാഗ് രാജിലെ കുംഭമേളയ്ക്ക് ശേഷം കൊല്‍ക്കത്തയിലെ പ്രശസ്തമായ ദുര്‍ഗാ പൂജയും യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഇടം പിടിക്കുകയുണ്ടായി.

67. ഇന്ത്യയുടെ വിലമതിക്കാനാകാത്ത പൈതൃക സമ്പത്ത് രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരണമെന്ന കാര്യം ഗവണ്‍മെന്റിന്റെ മുന്‍ഗണനയിലുളളതാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് അപഹരിച്ചു കൊണ്ടുപോയ മാതാ അന്നപൂര്‍ണ ദേവീവിഗ്രഹം തിരികെക്കൊണ്ടുവന്ന് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സ്ഥാപിച്ചു. ഇതിന് സമാനമായി വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയുടെ പൈതൃക സ്വത്തുക്കള്‍ തിരികെ കൊണ്ടുവരികയാണ്.

68. പൈതൃകവും വിനോദസഞ്ചാരവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി ഇന്ത്യയിലെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു വരികയാണ്. ഗവണ്‍മെന്റ് ആരംഭിച്ച സ്വദേശ് ദര്‍ശന്‍, പ്രസാദ് പദ്ധതികള്‍ ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിയ്ക്കുന്നു.

69. ഗോവയുടെ 60ാമത് വിമോചനദിനത്തിന്റെ ഭാഗമായി നവീകരിച്ച ഫോര്‍ട്ട് അഗ്വാഡ ജയില്‍ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. ഗോവയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ പോരാടിയവര്‍ക്കായുള്ള സ്മാരകമായി ഇത് നിലകൊള്ളുന്നു.

ആദരണീയരായ അംഗങ്ങളേ,

70. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത്, 'ഏക ഭാരതം, ശ്രേഷ്ഠഭാരതം' എന്ന നമ്മുടെ പ്രതിജ്ഞ, ജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വികസനത്തിന്റെ ഒരു പുത്തന്‍ അധ്യായം രചിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. ഇത്രയുംകാലം അവഗണിക്കപ്പെട്ടിരുന്ന സംസ്ഥാനങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുംവേണ്ടി രാജ്യം സവിശേഷ ഇടപെടലുകള്‍ നടത്തുന്നു.

71. ജമ്മു കശ്മീരിലെയും ലഡാക്ക് മേഖലയിലെയും വികസനത്തിന്റെ നവയുഗത്തിന്റെ തുടക്കം ഇതിന്റെ മികച്ച ഉദാഹരണമാണ്. ജമ്മു കശ്മീരിന്റെ വ്യാവസായിക വികസനത്തിനായി ഏകദേശം 28,000 കോടി രൂപ ചെലവില്‍ എന്റെ ഗവണ്‍മെന്റ് ഒരു പുതിയ കേന്ദ്രമേഖലാപദ്ധതിക്കു തുടക്കമിട്ടു. കാസിഗുണ്ട്-ബനിഹാള്‍ തുരങ്കം കഴിഞ്ഞ വര്‍ഷമാണു ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ശ്രീനഗറിനും ഷാര്‍ജയ്ക്കുമിടയില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കും തുടക്കംകുറിച്ചു.

72. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവയില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കു മികച്ച അവസരങ്ങള്‍ ലഭ്യമാക്കുന്നതിനു നിരവധി സുപ്രധാനനടപടികളും സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ഏഴു മെഡിക്കല്‍ കോളേജുകളുടെയും രണ്ട് എയിംസുകളുടെയും പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇവയില്‍ ഒന്നു ജമ്മുവിലും മറ്റൊന്നു കശ്മീരിലുമാണ്. ഐഐടി ജമ്മു, ഐഐഎം ജമ്മു എന്നിവയുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുന്നു.

73. കേന്ദ്രഭരണപ്രദേശമായ ലഡാക്കില്‍ അടിസ്ഥാനസൗകര്യവികസനത്തിനും സാമ്പത്തികവികസനത്തിനും വേഗത വര്‍ധിപ്പിക്കുന്നതിനായി സിന്ധു അടിസ്ഥാനസൗകര്യവികസന കോര്‍പ്പറേഷനു രൂപംനല്‍കി. ലഡാക്കിന്റെ ഈ വികസന യാത്രയില്‍ സിന്ധു കേന്ദ്രസര്‍വകലാശാലയുടെ രൂപത്തില്‍ മറ്റൊരധ്യായംകൂടി ചേര്‍ക്കപ്പെടുകയാണ്.

ആദരണീയരായ അംഗങ്ങളേ,

74. അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സുസ്ഥിരവികസനത്തിന് എന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ സംസ്ഥാനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക അവസരങ്ങളും എല്ലാതലത്തിലും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു റെയില്‍-വിമാന സമ്പര്‍ക്കസംവിധാനം ഇനി ഒരു സ്വപ്നമല്ല. അവര്‍ക്കിപ്പോള്‍ അതു യഥാര്‍ത്ഥത്തില്‍ അനുഭവിക്കാനാകും. എന്റെ ഗവണ്‍മെന്റിന്റെ ശ്രമഫലമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയെല്ലാം തലസ്ഥാനങ്ങളെ ഇപ്പോള്‍ റെയില്‍വേ ഭൂപടത്തില്‍ കൊണ്ടുവരാനായതു രാജ്യത്തിന് അഭിമാനകരമാണ്.

75. ഇറ്റാനഗറിലെ ഹോളോങ്കിയില്‍ പുതിയ വിമാനത്താവളം സ്ഥാപിക്കുന്നു. ത്രിപുരയിലെ മഹാരാജാ ബീര്‍ ബിക്രം വിമാനത്താവളത്തില്‍ ആധുനിക ടെര്‍മിനല്‍ അടുത്തിടെ തുറന്നു. വടക്കുകിഴക്കന്‍ മേഖലയുടെ ഈ വികസനം ഇന്ത്യയുടെ വളര്‍ച്ചയുടെ ചരിത്രത്തിലെ ഒരു സുവര്‍ണ അധ്യായമായി മാറും. കുറച്ചുദിവസങ്ങള്‍ക്കുമുമ്പ്, ജനുവരി 21ന്, മേഘാലയ, മണിപ്പുര്‍, ത്രിപുര സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിച്ചതിന്റെ 50-ാം വാര്‍ഷികമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവേളയില്‍, ഈ സംസ്ഥാനങ്ങളുടെ യാത്ര, അവയുടെ വികസനത്തിനായുള്ള പുതിയ തീരുമാനങ്ങള്‍ക്കു നമ്മെ പ്രചോദിപ്പിക്കുന്നു.
 
76. വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള എന്റെ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ചരിത്രവിജയം നേടിയിരിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ്, കാര്‍ബി ആങ്ലോങ്ങില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്രഗവണ്‍മെന്റും അസം സംസ്ഥാന ഗവണ്‍മെന്റും കാര്‍ബി സംഘങ്ങളും ഒത്തുതീര്‍പ്പിലെത്തി. ഇതു മേഖലയില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതിയ അധ്യായത്തിനു തുടക്കമിട്ടു. എന്റെ ഗവണ്‍മെന്റിന്റെ കൂട്ടായശ്രമങ്ങളെത്തുടര്‍ന്നു രാജ്യത്തു നക്‌സല്‍ബാധിതജില്ലകളുടെ എണ്ണം 126ല്‍ നിന്ന് ഇന്ന് 70 ആയി കുറഞ്ഞു.

ആദരണീയരായ അംഗങ്ങളേ,
 
77. ഗവണ്‍മെന്റ് വകുപ്പുകള്‍ക്കു പൗരന്മാരോടുള്ള ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കാന്‍ എന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. തീര്‍പ്പുകല്‍പ്പിക്കാനുള്ള വിഷയങ്ങളില്‍ പരിഹാരത്തിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ എല്ലാ മന്ത്രാലയങ്ങളും പ്രത്യേക കര്‍മപരിപാടികള്‍ നടത്തുന്നു. കര്‍മ്മയോഗി ദൗത്യത്തിനു കീഴില്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കായി കാര്യക്ഷമതാരൂപവല്‍ക്കരണ കമ്മീഷന്‍ സ്ഥാപിച്ചു. കര്‍മ്മയോഗി ദൗത്യം സിവില്‍ സര്‍വീസ് ജീവനക്കാരുടെ ഔദ്യോഗികജീവിതത്തിനു സഹായകമാകും. മാത്രമല്ല, രാഷ്ട്ര നിര്‍മ്മാണത്തിന്റെ പുതിയ ഉത്തരവാദിത്വങ്ങള്‍ക്കായി അവരെ സജ്ജമാക്കുകയും ചെയ്യും.

78. നീതിനടപ്പാക്കല്‍ സുഗമവും ഏവര്‍ക്കും പ്രാപ്യവുമാക്കുന്നതിനു രാജ്യത്തു നിരവധി സുപ്രധാനനടപടികളും സ്വീകരിക്കുന്നുണ്ട്. ടെലി-നിയമപരിപാടിയിലൂടെ നിയമനടപടികള്‍ക്കുമുമ്പുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി ഒരു സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. പ്രശ്നപരിഹാരം വേഗത്തിലാക്കാന്‍, എന്റെ ഗവണ്‍മെന്റ് മധ്യസ്ഥതാബില്‍ 2021 രാജ്യസഭയില്‍ അവതരിപ്പിച്ചു.

ആദരണീയരായ അംഗങ്ങളേ,

79. ഇന്നു രാജ്യത്തിന്റെ നേട്ടങ്ങളും വിജയങ്ങളും, രാജ്യത്തിന്റെ കഴിവുകളും സാധ്യതകളും പോലെ പരിധികളില്ലാത്തതാണ്. ഈ നേട്ടങ്ങള്‍ ഒരു സ്ഥാപനത്തിന്റെയോ സംവിധാനത്തിന്റെയോ അല്ല. നമ്മുടെ രാജ്യത്തെ നൂറുകോടിയിലധികംവരുന്ന പൗരന്മാരുടെ കൂട്ടായ നേട്ടങ്ങളാണിവ. കോടിക്കണക്കിനു ജനങ്ങളുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഫലമാണിവ. നമ്മുടെ തീവ്രമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ദീര്‍ഘയാത്രയിലെ നാഴികക്കല്ലുകളാണ് ഈ നേട്ടങ്ങള്‍; ഒപ്പം മുന്നോട്ടുപോകാനുള്ള നമ്മുടെ പ്രചോദനവും.

80. 2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കും. ആ കാലത്തെ മഹത്തായതും ആധുനികവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാന്‍ നാം ഇപ്പോള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നമ്മുടെ കഠിനാധ്വാനം ഒടുവില്‍ മികച്ച ഫലം ലഭിക്കാനുതകുന്നു എന്നു നാം ഉറപ്പാക്കേണ്ടതുണ്ട്. ഈ യാത്രയില്‍ നമുക്കെല്ലാവര്‍ക്കും ഓഹരിയുണ്ട്; തുല്യ പങ്കാളിത്തമുണ്ട്.

81. എല്ലാ പാര്‍ലമെന്റ് അംഗങ്ങളും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ച രീതിയെ ഞാന്‍ അഭിനന്ദിക്കുന്നു. കൊറോണയുടെ വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇരുസഭകളും എല്ലാ മുന്‍കരുതലുകളോടെയും പ്രവര്‍ത്തിച്ചു. നിങ്ങള്‍ നമ്മുടെ കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും സാരഥികളാണ്. ഭാവിയിലും ഇതേ മനോഭാവത്തോടെ പ്രവര്‍ത്തിക്കണം.

82. നാം ഒന്നിച്ചു നമ്മുടെ മഹത്തായ ഭാരത്വര്‍ഷയെ അതിന്റെ മഹത്വത്തിന്റെ നെറുകയിലെത്തിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അതേ മനോഭാവത്തോടെ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെയേവരെയും അഭിനന്ദിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ അനല്‍പ്പമായ നന്ദി അറിയിക്കുന്നു!

ജയ് ഹിന്ദ്!

 



(Release ID: 1793964) Visitor Counter : 255