പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗത്തിനു തുടക്കംകുറിച്ചുകൊണ്ടു പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പരിഭാഷ
Posted On:
27 JAN 2022 6:31PM by PIB Thiruvananthpuram
ബഹുമാന്യരേ,
പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയിലേക്ക് നിങ്ങളേവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.
ഇന്ത്യയും മധ്യേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം അര്‍ത്ഥവത്തായ 30 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നമ്മുടെ സഹകരണം നിരവധി വിജയങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഇപ്പോള്‍, ഈ നിര്‍ണായകഘട്ടത്തില്‍, വരുംവര്‍ഷങ്ങളിലും നേട്ടങ്ങള്‍ കൊയ്യുന്നതിനുള്ള കാഴ്ചപ്പാടുകള്‍ എങ്ങനെയാകണമെന്നു നാം തീരുമാനിക്കേണ്ടതുണ്ട്.
മാറുന്ന ലോകത്ത്, നമ്മുടെ ജനങ്ങളുടെ, പ്രത്യേകിച്ച് യുവതലമുറയുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ കാഴ്ചപ്പാട്.
ബഹുമാന്യരേ,
ഉഭയകക്ഷിതലത്തില്‍, എല്ലാ മധ്യേഷ്യന്‍ രാജ്യങ്ങളുമായും ഇന്ത്യക്ക് അടുത്ത ബന്ധമാണുള്ളത്.
ബഹുമാന്യരേ,
ഇന്ത്യയുടെ ഊര്‍ജ സുരക്ഷയിലെ സുപ്രധാന പങ്കാളിയായി മാറിയിരിക്കുകയാണ് കസാഖിസ്ഥാന്‍. അടുത്തിടെ കസാഖിസ്ഥാനില്‍ നിരവധി ജീവനും സമ്പത്തിനും നഷ്ടമുണ്ടായതില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു.
ഉസ്‌ബെക്കിസ്ഥാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സഹകരണത്തില്‍ ഞങ്ങളുടെ സംസ്ഥാന ഗവണ്‍മെന്റുകളും സജീവപങ്കാളികളാണ്. ഇതില്‍ എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തും ഉള്‍പ്പെടുന്നു.
വിദ്യാഭ്യാസമേഖലയിലും ഉയര്‍ന്ന മേഖലകളെക്കുറിച്ചുള്ള ഗവേഷണത്തിലും കിര്‍ഗിസ്ഥാനുമായി ഞങ്ങള്‍ക്ക് സജീവ പങ്കാളിത്തമുണ്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നു.
സുരക്ഷാമേഖലയില്‍ താജിക്കിസ്ഥാനുമായി ഞങ്ങള്‍ക്കു ദീര്‍ഘകാല സഹകരണമുണ്ട്. ഞങ്ങള്‍ അതു ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
പ്രാദേശിക സമ്പര്‍ക്കസംവിധാന മേഖലയില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ ഇന്ത്യന്‍ വീക്ഷണത്തിന്റെ പ്രധാന ഭാഗമാണ്. ഇത് അഷ്ഗാബത്ത് കരാറിലെ നമ്മുടെ പങ്കാളിത്തത്തില്‍നിന്നു വ്യക്തമാണ്.
ബഹുമാന്യരേ,
പ്രാദേശികസുരക്ഷയുടെ കാര്യത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരേ ആശങ്കയും ലക്ഷ്യങ്ങളുമാണുള്ളത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളില്‍ നാമേവരും ആശങ്കാകുലരാണ്.
ഈ സാഹചര്യത്തില്‍, പ്രാദേശികസുരക്ഷയ്ക്കും സ്ഥിരതയ്ക്കും നമ്മുടെ പരസ്പരസഹകരണം അതീവപ്രാധാന്യമര്‍ഹിക്കുന്നു.
ബഹുമാന്യരേ,
ഇന്നത്തെ ഉച്ചകോടിക്ക് പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണുള്ളത്.
ഒന്നാമതായി, പ്രാദേശിക സുരക്ഷയ്ക്കും സമൃദ്ധിക്കും ഇന്ത്യയും മധ്യേഷ്യയും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് വ്യക്തമാക്കല്‍.
ഇന്ത്യയുടെ വീക്ഷണകോണില്‍ നിന്ന്, സംയോജിതവും സുസ്ഥിരവുമായ വിപുലീകരിച്ച അയല്‍പക്കത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദു മധ്യേഷ്യയാണെന്ന് ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
രണ്ടാമത്തെ ലക്ഷ്യം, നമ്മുടെ സഹകരണത്തിനു ഫലപ്രദമായ ഒരു ഘടന നല്‍കുക എന്നതാണ്. ഇതു വിവിധ തലങ്ങളിലും വിവിധ പങ്കാളികള്‍ക്കിടയിലും പതിവ് ഇടപെടലുകളുടെ ഒരു ചട്ടക്കൂട് സ്ഥാപിക്കും.
നമ്മുടെ സഹകരണത്തിനായി വികസന രൂപരേഖ സൃഷ്ടിക്കുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം.
ഇതിലൂടെ അടുത്ത 30 വര്‍ഷത്തേക്ക് പ്രാദേശിക സമ്പര്‍ക്കസംവിധാനത്തിനും സഹകരണത്തിനും സംയോജിത സമീപനം സ്വീകരിക്കാന്‍ നമുക്ക് കഴിയും.
ബഹുമാന്യരേ,
ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗത്തിലേക്ക് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
- ND-
(Release ID: 1793088)
Visitor Counter : 205
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada