പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോവിഡ്-19 സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിമാരുമായുള്ള ആശയവിനിമയത്തിന്റെ സമാപനത്തിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ

Posted On: 13 JAN 2022 7:50PM by PIB Thiruvananthpuram

2022-ലെ ആദ്യ യോഗമാണിത്. ഒന്നാമതായി, നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ ലോഹ്റി ആശംസകൾ! മകരസംക്രാന്തി, പൊങ്കൽ, ഭോഗാലി ബിഹു, ഉത്തരായൻ, പൗഷ് ഉത്സവങ്ങൾക്ക് മുൻകൂറായി  ആശംസകൾ. 100 വർഷത്തെ ഏറ്റവും വലിയ മഹാമാരിയുമായുള്ള ഇന്ത്യയുടെ പോരാട്ടം ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഠിനാധ്വാനമാണ് നമ്മുടെ ഏക വഴി, വിജയമാണ് നമ്മുടെ ഏക പോംവഴി. 130 കോടി ഇന്ത്യയിലെ ജനങ്ങൾ തീർച്ചയായും നമ്മുടെ പരിശ്രമത്തിലൂടെ കൊറോണയിൽ നിന്ന് വിജയിക്കും. നിങ്ങളുടെ എല്ലാവരിൽ നിന്നും ഞാൻ കേട്ടതിൽ നിന്നും ഇതേ വിശ്വാസം ദൃശ്യമാണ്. ഒമി ക്രോണിന്റെ രൂപത്തിലുള്ള പുതിയ വെല്ലുവിളിയെക്കുറിച്ചും വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണത്തെക്കുറിച്ചും ആരോഗ്യ സെക്രട്ടറി നമ്മെ  വിശദമായി അറിയിച്ചിട്ടുണ്ട്. അമിത് ഷാ ജിയും തുടക്കത്തിൽ ചില വശങ്ങൾ അവതരിപ്പിച്ചു. ഇന്ന്, ഇന്ത്യയിലുടനീളമുള്ള മുഖ്യമന്ത്രിമാരും നിരവധി പ്രധാന കാര്യങ്ങൾ അവതരിപ്പിച്ചു.

 സുഹൃത്തുക്കളേ , 

ഒമിക്രോണിനെ കുറിച്ചുള്ള നേരത്തെയുള്ള ആശങ്കകൾ ഇപ്പോൾ പതുക്കെ നീങ്ങുകയാണ്. മുമ്പത്തെ വകഭേദങ്ങളേക്കാൾ പലമടങ്ങ് വേഗത്തിലാണ് ഒമിക്രോൺ വകഭേദം  ജനങ്ങളിലേക്ക് വ്യാപിക്കുന്നത്. അമേരിക്ക പോലുള്ള രാജ്യത്ത് ഒരു ദിവസം 14 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നമ്മുടെ ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും എല്ലാ സാഹചര്യങ്ങളും വിവരങ്ങളും നിരന്തരം പഠിക്കുന്നു. ഒരു കാര്യം വ്യക്തമാണ്, ജാഗ്രതയോടെയും കരുതലോടെയും വേണം, എന്നാൽ അതേ സമയം, പരിഭ്രാന്തി ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. ഈ ഉത്സവകാലത്ത് ജനങ്ങൾക്കിടയിലും ഭരണസംവിധാനത്തിലും ഉള്ള ജാഗ്രതാ തലത്തിൽ ഒരു കുറവും വരാതിരിക്കാൻ നാം ശ്രദ്ധിക്കണം. നേരത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച മുൻകരുതലും അനുകൂലവും കൂട്ടായ സമീപനവും ഇത്തവണത്തെ വിജയമന്ത്രമാണ്. കൊറോണ അണുബാധ എത്രത്തോളം പരിമിതപ്പെടുത്തുന്നുവോ അത്രയും കുറയും. ബോധവൽക്കരണ രംഗത്ത് ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള അറിവിന് ഊന്നൽ നൽകിക്കൊണ്ട് നമ്മുടെ മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങളും മനുഷ്യശേഷിയും വർദ്ധിപ്പിക്കുന്നത് തുടരേണ്ടതുണ്ട്.

സുഹൃത്തുക്കളേ ,

ലോകമെമ്പാടുമുള്ള ഭൂരിഭാഗം വിദഗ്‌ധരും പറയുന്നത്, ഏത് വകഭേദമായാലും , വാക്‌സിനേഷനാണ് കൊറോണയ്‌ക്കെതിരെ പോരാടാനുള്ള ഏറ്റവും ഫലപ്രദമായ ആയുധം. ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ ലോകമെമ്പാടും അവയുടെ മികവ് തെളിയിക്കുന്നു. പ്രായപൂർത്തിയായ ജനസംഖ്യയുടെ 92 ശതമാനം പേർക്കും വാക്സിനുകളുടെ ആദ്യ ഡോസ് ഇന്ന് ഇന്ത്യ നൽകിയിട്ടുണ്ട് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. രണ്ടാമത്തെ ഡോസിന്റെ കവറേജും രാജ്യത്ത് 70 ശതമാനത്തോളമെത്തി. നമ്മുടെ വാക്‌സിനേഷൻ കാമ്പെയ്‌ന് ഒരു വർഷം തികയാൻ ഇനിയും മൂന്ന് ദിവസങ്ങൾ ബാക്കിയുണ്ട്. 10 ദിവസത്തിനുള്ളിൽ ഇന്ത്യയും മൂന്ന് കോടിയോളം കൗമാരക്കാർക്ക് വാക്സിനേഷൻ നൽകി. ഈ വെല്ലുവിളിയെ നേരിടാനുള്ള ഇന്ത്യയുടെ കഴിവും നമ്മുടെ സന്നദ്ധതയും ഇത് കാണിക്കുന്നു. വാക്‌സിനുകൾ മതിയായ അളവിൽ ഇന്ന് സംസ്ഥാനങ്ങളിൽ ലഭ്യമാണ്. മുൻ‌നിര തൊഴിലാളികൾക്കും മുതിർന്ന പൗരന്മാർക്കും എത്രയും വേഗം മുൻകരുതൽ ഡോസ് നൽകപ്പെടുന്നുവോ അത്രയും നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനം കൂടുതൽ ശക്തമാകും. 100% വാക്സിനേഷനായി ‘ഹർ ഘർ ദസ്തക്’ കാമ്പെയ്‌ൻ നാം ശക്തമാക്കേണ്ടതുണ്ട്. ഇന്ന്, പ്രതികൂല കാലാവസ്ഥയ്ക്കിടയിലും വാക്സിനേഷൻ കാമ്പയിൻ വേഗത്തിലാക്കുന്ന തിരക്കിലായ നമ്മുടെ ആരോഗ്യ പ്രവർത്തകരെയും ആശാ സഹോദരിമാരെയും ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ ,

വാക്സിനേഷനെക്കുറിച്ചുള്ള ആശയക്കുഴപ്പം വ്യാപിപ്പിക്കുന്നതിനുള്ള ഒരു ശ്രമവും നാം  അനുവദിക്കരുത്. ‘വാക്‌സിൻ നൽകിയിട്ടും അണുബാധ ഉണ്ടാകുന്നു, അതുകൊണ്ട് എന്താണ് പ്രയോജനം’ എന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. മുഖാവരണം  കൊണ്ട് പ്രയോജനമില്ലെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരം കിംവദന്തികളെ ചെറുക്കേണ്ടത് അത്യാവശ്യമാണ്

സുഹൃത്തുക്കളേ !

കൊറോണയ്‌ക്കെതിരായ ഈ പോരാട്ടത്തിൽ നാം  ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കൊറോണയ്‌ക്കെതിരെ പോരാടുന്നതിൽ നമുക്ക്  രണ്ട് വർഷത്തെ പരിചയമുണ്ട്, കൂടാതെ രാജ്യവ്യാപകമായി തയ്യാറെടുപ്പും ഉണ്ട്. ഏതൊരു തന്ത്രവും ആവിഷ്കരിക്കു മ്പോൾ, സാധാരണക്കാരുടെ ഉപജീവനത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങൾ ഉണ്ടാകണമെന്നും സമ്പദ്‌വ്യവസ്ഥയുടെ വേഗത നിലനിർത്തണമെന്നും നാം ഓർക്കണം. ഇത് വളരെ അത്യാവശ്യമാണ്. അതിനാൽ, പ്രാദേശിക നിയന്ത്രണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നിടത്ത് പരമാവധി വേഗത്തിലുള്ള പരിശോധന ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും ആവശ്യമാണ്. ഇതുകൂടാതെ, ഹോം ഐസൊലേഷനിൽ പരമാവധി ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. അതിനാൽ, ഹോം ഐസൊലേഷനുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും പ്രോട്ടോക്കോളുകളും പിന്തുടരുന്നതും സാഹചര്യങ്ങൾക്കനുസരിച്ച് മെച്ചപ്പെടുത്തുന്നതും വളരെ പ്രധാനമാണ്. ഹോം ഐസൊലേഷനിൽ ട്രാക്കിംഗ് സംവിധാനവും ചികിത്സയും മികച്ചതാണ്, ആശുപത്രികളിൽ പോകേണ്ട ആവശ്യം കുറയും. അണുബാധ കണ്ടെത്തിയാൽ കൺട്രോൾ റൂമുമായാണ് ആളുകൾ കൂടുതലായി ബന്ധപ്പെടുന്നത്. അതിനാൽ, ശരിയായ പ്രതികരണവും തുടർച്ചയായ ട്രാക്കിംഗും രോഗിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

പല സംസ്ഥാന ഗവണ്മെന്റുകളും  ഈ ദിശയിൽ വളരെ നൂതനമായ ശ്രമങ്ങൾ നടത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ടെലിമെഡിസിനായി നിരവധി സൗകര്യങ്ങൾ കേന്ദ്ര ഗവണ്മെന്റ്  വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പരമാവധി ഉപയോഗം കൊറോണ ബാധിതരായ രോഗികൾക്ക് വളരെയധികം സഹായിക്കും. അവശ്യമരുന്നുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ, കേന്ദ്ര ഗവണ്മെന്റ് എല്ലാ സംസ്ഥാനങ്ങൾക്കും ഒപ്പമുണ്ട്. 5-6 മാസം മുമ്പ് നൽകിയ 23,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉപയോഗിച്ച് പല സംസ്ഥാനങ്ങളും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന് കീഴിൽ, രാജ്യത്തുടനീള മുള്ള മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും കുട്ടികൾക്കായി 800-ലധികം പ്രത്യേക പീഡിയാട്രിക് കെയർ യൂണിറ്റുകൾക്ക് അംഗീകാരം നൽകി, കൂടാതെ ഒന്നര ലക്ഷത്തോളം പുതിയ ഐസിയു, എച്ച്‌ഡിയു കിടക്കകൾ ഒരുങ്ങുന്നു. 5,000-ലധികം പ്രത്യേക ആംബുലൻസുകളും 950 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ സംഭരണ ​​​​ടാങ്കുകളും സജ്ജമാക്കി . അത്യാഹിത അടിസ്ഥാനസൗകര്യങ്ങളുടെ  ശേഷി വർദ്ധിപ്പിക്കുന്നതിന് അത്തരം നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഈ അടിസ്ഥാന സൗകര്യങ്ങൾ നാം വിപുലീകരിക്കേണ്ടതുണ്ട്.

കൊറോണയെ തോൽപ്പിക്കാൻ ഓരോ  വകഭേദങ്ങൾക്കും  മുൻപേ നാം  തയ്യാറെടുപ്പുകൾ നടത്തണം. ഓമിക്രോൺ  കൈകാര്യം ചെയ്യുന്നതിനൊപ്പം, സാധ്യമായ ഏതെങ്കിലും വകഭേദങ്ങളുടെ തയ്യാറെടുപ്പുകൾ നാം  ആരംഭിക്കേണ്ടതുണ്ട്. ഗവൺമെന്റുകൾ തമ്മിലുള്ള  പരസ്പര സഹകരണവും ഏകോപനവും കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന് ശക്തി പകരുന്നത് തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്, ഇത് നമ്മുടെ നാട്ടിലെ എല്ലാ വീട്ടിലും നടക്കുന്ന ഒരു ആചാരമാണ്. ആയുർവേദ ഉൽപന്നങ്ങളുടെ ഉപയോഗവും കഷായങ്ങൾ കുടിക്കുന്ന പാരമ്പര്യവും ഈ സീസണിൽ പ്രയോജനകരമാണ്, ആരും ഇതിനെ മരുന്നായി വിശേഷിപ്പിക്കുന്നില്ല. എന്നാൽ അതിന് അതിന്റെ പ്രയോജനമുണ്ട്. നമ്മുടെ വീടുകളിലെ പരമ്പരാഗത ഉൽപ്പന്നങ്ങളും അത്തരം സമയങ്ങളിൽ വളരെയധികം ഉപയോഗിക്കണമെന്ന് ഞാൻ നാട്ടുകാരോട് അഭ്യർത്ഥിക്കുന്നു. നമുക്കും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

സുഹൃത്തുക്കളേ ,

നിങ്ങൾ എല്ലാവരും സമയം ചെലവഴിച്ചു, നാമെല്ലാപേരും   നമ്മുടെ  ആശങ്കകൾ പങ്കുവെച്ചു. പ്രതിസന്ധി എത്ര വലുതാണെങ്കിലും; നമ്മുടെ തയ്യാറെടുപ്പ്, പോരാടാനുള്ള നമ്മുടെ ആത്മവിശ്വാസം, ചർച്ചകളിൽ നിന്ന് വിജയിക്കുവാനുള്ള ദൃഢനിശ്ചയം എന്നിവ സാധാരണ പൗരന് ആത്മവിശ്വാസം നൽകുന്നു. സാധാരണ പൗരന്മാരുടെ സഹകരണത്തോടെ, ഈ സാഹചര്യവും നാം വിജയകരമായി മറികടക്കും. നിങ്ങളുടെ സമയം ചെലവഴിച്ചതിന് എല്ലാവരോടും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.

ഒത്തിരി നന്ദി.

ND MRD

*****




(Release ID: 1789951) Visitor Counter : 141