യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ യുവതയ്ക്ക് ആവശ്യമായ നൈപുണ്യങ്ങൾ നൽകി അവരെ ആഗോള തൊഴിൽ വിപണിക്ക് സജ്ജമാക്കുകയാണ് തങ്ങളെന്ന് ശ്രീ അനുരാഗ് ഠാക്കൂർ

Posted On: 06 JAN 2022 2:06PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി, ജനുവരി 06, 2021

പരീക്ഷണ അടിസ്ഥാനത്തിൽ നടക്കുന്ന NYKS-ഇൻറ്റെ യൂത്ത് വോളണ്ടിയേഴ്സ് ഓൺലൈൻ പരിശീലന പരിപാടിയ്ക്ക് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ഇന്ന് തുടക്കമിട്ടു. UNITAR-ഇൻറ്റെ ഡിഫീറ്റ് - NCD പാർട്ണർഷിപ്പ്, UNICEF, NYKS എന്നിവയുമായി ചേർന്നാണ് യുവജനകാര്യ-കായിക മന്ത്രാലയം പരിശീലനം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ മൊത്തത്തിലുള്ള ഏകോപനം ഭാരത സർക്കാരിന്റെ കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ നിർവഹിക്കും.

ഇന്ത്യൻ യുവതയ്ക്ക് ആവശ്യമായ നൈപുണ്യങ്ങൾ നൽകി അവരെ ആഗോള തൊഴിൽ വിപണിക്ക് സജ്ജമാക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്ന് ശ്രീ അനുരാഗ് ഠാക്കൂർ ചടങ്ങിൽ അഭിപ്രായപ്പെട്ടു. സ്റ്റാർട്ടപ്പുകൾക്ക് വളർച്ച സൗകര്യങ്ങൾ ഒരുക്കാനും, യുവാക്കൾക്കിടയിൽ സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കാനും ഉതകുന്ന ശക്തമായ ഒരു സംവിധാനം ആവശ്യമാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

230 ദശലക്ഷത്തോളം ആണ് ഇന്ത്യയിലെ യുവാക്കളുടെ ഏകദേശ എണ്ണം. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് കുതിപ്പേകാൻ സഹായിക്കുന്ന പരിധികളില്ലാത്ത ശേഷിയാണ് യുവജനങ്ങൾക്ക് ഉള്ളത്.

പരിശീലനത്തിൽ പങ്കെടുക്കുന്ന യുവാക്കളുടെ വ്യക്തിത്വ വികസനം, ഉപജീവന മാർഗങ്ങൾ എന്നിവയിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന മാറ്റങ്ങൾ സൃഷ്ടിക്കാൻ UNITAR ഉം മന്ത്രാലയവും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് ശ്രീ ഠാക്കൂർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യൻ യുവാക്കളെ ശാക്തീകരിക്കുന്നതിനൊപ്പം സമാന ചിന്താഗതിക്കാരായ, പ്രചോദിതരായ ഒരുപറ്റം യുവാക്കളുടെ ഒരു ശൃംഖല രൂപപ്പെടുത്താനും ഉണ്ടാകുന്ന ഒരു പ്രധാന ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
12 മുതൽ 15 ദിവസം വരെ നീണ്ടുനിൽക്കുന്ന പരിശീലനം വിദ്യാർഥികൾക്ക് തനിയെ പൂർത്തീകരിക്കാൻ സാധിക്കും. വിർച്വൽ റിയാലിറ്റി പോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട സംവേദന സംവിധാനങ്ങൾ എന്നിവ അടങ്ങിയതാണ് ഈ ഓൺലൈൻ പരിശീലനം. പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്ന പരിപാടിയിൽ 100 വോളണ്ടിയർമാർ പങ്കെടുക്കുന്നുണ്ട്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ലഭ്യമാക്കിയിട്ടുള്ള പരിശീലനം ഭാവിയിൽ പ്രാദേശിക ഭാഷകളിലും നൽകുന്നതാണ്.


അവശ്യ ജീവിത നൈപുണ്യങ്ങൾ, വ്യക്തിത്വ വികസനം, രാഷ്ട്ര നിർമ്മാണം, പൗര ബോധത്തോടെ ഉള്ള പ്രവർത്തനങ്ങൾ, സാമൂഹികസേവനം, സാമൂഹിക മുന്നേറ്റങ്ങൾ, ശാക്തീകരണ സംവിധാനങ്ങൾ തുടങ്ങിയവയിൽ 1.4 ദശലക്ഷം മുതൽ രണ്ട് ദശലക്ഷം വരെ വരുന്ന യുവാക്കൾക്ക് പരിശീലനം നൽകാൻ ഈ മുന്നേറ്റം ലക്ഷ്യമിടുന്നു.

 
RRTN

(Release ID: 1788018) Visitor Counter : 217