പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഗര്‍ത്തലയിലെ മഹാരാജ ബിര്‍ ബിക്രം വിമാനത്താവളത്തിലെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ത്രിപുരയിലെ അഗര്‍ത്തലയില്‍ പ്രധാനമന്ത്രി രണ്ട് പ്രധാന വികസന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു

''ഹിറാ മാതൃകയുടെ അടിസ്ഥാനത്തില്‍ ത്രിപുര അതിന്റെ ബന്ധിപ്പിക്കല്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നു''

''റോഡ്, റെയില്‍, വ്യോമ, ജല ബന്ധിപ്പിക്കല്‍ പശ്ചാത്തലസൗകര്യങ്ങളിലെ മുമ്പൊന്നുമില്ലാത്ത നിക്ഷേപം ത്രിപുരയെ വ്യാപാരത്തിന്റേയും വ്യവസായത്തിന്റേയും ഒരു പുതിയ കേന്ദ്രമായും അതോടൊപ്പം ഒരു വ്യാപാര ഇടനാഴിയായും മാറ്റുന്നു''

''ഇരട്ട-എഞ്ചിന്‍ ഗവണ്‍മെന്റ് എന്നാല്‍ വിഭവങ്ങളുടെ ശരിയായ ഉപയോഗം എന്നാണ് അര്‍ത്ഥമാക്കുന്നത്, അതിനര്‍ത്ഥം സംവേദനക്ഷമതയും ജനങ്ങളുടെ ശക്തിയും വര്‍ദ്ധിപ്പിക്കുക, അതിനര്‍ത്ഥം സേവനത്തിന്റെയും പ്രതിജ്ഞകളങ്ങളുടെയും പൂര്‍ത്തീകരണവും അഭിവൃദ്ധിക്കുവേണ്ടിയുള്ള ഏകീകൃത പരിശ്രമവുമാണ്''

Posted On: 04 JAN 2022 5:42PM by PIB Thiruvananthpuram

മഹാരാജ ബിര്‍ ബിക്രം (എം.ബി.ബി) വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും ഒപ്പം മുഖ്യമന്ത്രി ത്രിപുര ഗ്രാമ സമൃദ്ധി യോജന, വിദ്യാജ്യോതി സ്‌കൂളുകളുടെ പ്രോജക്ട് മിഷന്‍ 100 (പദ്ധതി ദൗത്യം) തുടങ്ങിയ സുപ്രധാന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ത്രിപുര ഗവര്‍ണര്‍ സത്യദേവ് നരേന്‍ ആര്യ, ത്രിപുര മുഖ്യമന്ത്രി ശ്രീ ബിപ്ലബ് കുമാര്‍ ദേബ്, കേന്ദ്ര മന്ത്രിമാരായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ശ്രീമതി പ്രതിമ ഭൗമിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

''എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയും പ്രയത്‌നം (സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ്)'' എന്നിവയുടെ ചേതനയ്‌ക്കൊപ്പം എല്ലാവരെയും ഒപ്പം കൂട്ടി 21-ാം നൂറ്റാണ്ടിലെ ഇന്ത്യ മുന്നോട്ട് പോകുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ പിന്നാക്കം പോകുകയും ചില അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുകയും ചെയ്യുന്ന അസന്തുലിതമായ വികസനം നല്ലതല്ല. ഇതാണ് ത്രിപുരയിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശമനമില്ലാത്ത അഴിമതിയുടെയും സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് യാതൊരു കാഴ്ചപ്പാടോ ഉദ്ദേശമോ ഇല്ലാത്ത സര്‍ക്കാരുകളുടെയും കാലത്തെ ശ്രീ മോദി അനുസ്മരിച്ചു. ഇത്തരമൊരു സാഹചര്യത്തിന് ശേഷം, 'എച്ച്' എന്നത് ഹൈവേ, 'ഐ' എന്നത് ഇന്റര്‍നെറ്റ് വഴി, 'ആര്‍' എന്നത് റെയില്‍വേയും 'എ' എന്നാല്‍ വിമാനസര്‍വീസുകളും എന്ന് അര്‍ത്ഥമാക്കുന്ന ഹിറ എന്ന മന്ത്രവുമായി ഇപ്പോഴത്തെ ഭരണകൂടം ത്രിപുരയിലെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനായി രംഗത്തുവന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ഹിറാ മാതൃകയുടെ അടിസ്ഥാനത്തില്‍ ത്രിപുര അതിന്റെ ബന്ധിപ്പിക്കല്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിപുരയുടെ സംസ്‌കാരം, പ്രകൃതി ഭംഗി, ആധുനിക സൗകര്യങ്ങള്‍ എന്നിവയുടെ സമന്വയമാണ് ഈ വിമാനത്താവളമെന്ന് പുതിയ വിമാനത്താവളത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമഗതാഗതം വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ വിമാനത്താവളം വലിയ പങ്കുവഹിക്കും. ത്രിപുരയെ വടക്കുകിഴക്കിന്റെ കവാടമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റോഡ്, റെയില്‍, വ്യോമ, ജല ബന്ധിപ്പിക്കല്‍ പശ്ചാത്തല സൗകര്യങ്ങളില്‍ മുമ്പൊന്നുമില്ലാത്ത നിക്ഷേപം ലഭിക്കുന്നുണ്ട്. ഇത് ത്രിപുരയെ വ്യാപാരത്തിന്റേയും വ്യവസായത്തിന്റേയും ഒരു പുതിയ കേന്ദ്രമായും ഒരു വ്യാപാര ഇടനാഴിയായും മാറ്റുന്നു.
''ഒരു ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ഇരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന് സമമായി മറ്റൊന്നുമുണ്ടാവില്ല. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് എന്നാല്‍ വിഭവങ്ങളെ ശരിയായി ഉപയോഗിക്കുന്നു എന്നതാണ് അര്‍ത്ഥമാക്കുന്നത്, അതിനര്‍ത്ഥം സംവേദനക്ഷമതയും ജനങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നുവെന്നതുമാണ്, അത് അര്‍ത്ഥമാക്കുന്നത് സേവനത്തിന്റെയും പ്രതിജ്ഞകളുടെയും പൂര്‍ത്തീകരണവുമാണ്, എന്നത് വിവക്ഷിക്കുന്നത് അഭിവൃദ്ധിക്കുവേണ്ടിയുള്ള ഒരുമിച്ചുള്ള പരിശ്രമമെന്നതുമാണ്'' ് പ്രധാനമന്ത്രി പറഞ്ഞു
ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ത്രിപുരയുടെ റെക്കോര്‍ഡിനെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി, മുഖ്യമന്ത്രി ത്രിപുര ഗ്രാമസമൃദ്ധി യോജനയുടെ സമാരംഭത്തിനെ പ്രശംസിച്ചു. പദ്ധതികളെ ജനങ്ങളിലേക്കെത്തിക്കുകയും അതിന്റെ ഉള്‍ക്കൊള്ളല്‍ പൂരിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് വ്യക്തമാക്കിയ പദ്ധതിയുടെ സാക്ഷാത്കരമാണിത്.
ഈ പദ്ധതി ഗ്രാമീണ ജനവിഭാഗങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുതകുന്ന എല്ലാ വീട്ടിലും ടാപ്പ് വെള്ളം, പാര്‍പ്പിടം, ആയുഷ്മാന്‍ കവറേജ്, ഇന്‍ഷുറന്‍സ് പരിരക്ഷ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി), റോഡുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കും. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ)യുടെ പരിധി മെച്ചപ്പെടുത്തുന്നതിനായി നിര്‍വചനങ്ങളില്‍ മാറ്റം വരുത്താന്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത് 1.8 ലക്ഷം കുടുംബങ്ങള്‍ക്ക് നല്ല വീടുകള്‍ ലഭിക്കുന്നതിന് കാരണമായി, അതില്‍ 50,000 വീടുകള്‍ സംസ്ഥാനത്ത് ഇതിനകം കൈവശം വയ്ക്കാന്‍ നല്‍കുകയും ചെയ്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയെ ആധുനികമാക്കുന്ന യുവാക്കള്‍ക്ക് വൈദഗ്ധ്യം നേടുന്നതിനാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്ത് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക ഭാഷയില്‍ പഠിക്കുന്നതിനും ഇത് തുല്യ പ്രാധാന്യം നല്‍കുന്നു. ത്രിപുരയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ മിഷന്‍-100-ല്‍ നിന്നും വിദ്യാജ്യോതി സംഘടിതപ്രവര്‍ത്തനത്തില്‍ നിന്നും സഹായം ലഭിക്കാന്‍ പോകുകയാണ്, അദ്ദേഹം പറഞ്ഞു.
15-18 വയസ്സിനിടയിലുള്ള യുവാക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള സംഘടിതപ്രവര്‍ത്തനം യുവ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ഒരു തകര്‍ച്ചയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ഒഴിവാകും. ത്രിപുരയില്‍ ജനസംഖ്യയുടെ 80 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 65 ശതമാനം പേര്‍ക്ക് രണ്ട് ഡോസും പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. 15-18 വയസ്സിനിടയിലുള്ളവര്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കുകയെന്ന ലക്ഷ്യം ത്രിപുര ഉടന്‍ കൈവരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ബദല്‍ രാജ്യത്തിന് നല്‍കുന്നതില്‍ ത്രിപുരയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ നിര്‍മ്മിക്കുന്ന മുള ചൂലുകള്‍ക്കും മുള കുപ്പി ഉല്‍പന്നങ്ങള്‍ക്കും വന്‍ വിപണിയാണ് രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നത്. ഇതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് മുള വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് തൊഴിലോ സ്വയം തൊഴിലോ ലഭിക്കും. ജൈവകൃഷിയില്‍ സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ഏകദേശം 450 കോടി രൂപ ചെലവില്‍ 30,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചിരിക്കുന്ന ഏറ്റവും അത്യന്താധുനിക വിവരസാങ്കേതികവിദ്യ സംയോജിത ശൃംഖല സംവിധാനത്തിന്റെ പിന്തുണയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഏറ്റവും അത്യന്താധുനിക കെട്ടിടമാണ് മഹാരാജാ ബീര്‍ ബിക്രം വിമാനത്താവളത്തിലെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം.

നിലവിലുള്ള 100 ഹൈ/ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെ അത്യാധുനിക സൗകര്യങ്ങളോടും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടും കൂടി വിദ്യാജ്യോതി സ്‌കൂളുകളാക്കി മാറ്റുന്നതിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയാണ് പ്രോജക്ട് മിഷന്‍ 100 വിദ്യാജ്യോതി സ്‌കൂളുകള്‍ ലക്ഷ്യമിടുന്നത്. നഴ്‌സറി മുതല്‍ പന്ത്രണ്ടാം  ക്ലാസ്‌   വരെയുള്ള 1.2 ലക്ഷം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന പദ്ധതിക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപ ചെലവ് വരും.
ഗ്രാമതലത്തില്‍ പ്രധാന വികസന മേഖലകളിലെ സേവന വിതരണത്തിനുള്ള മാനദണ്ഡങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിടുന്നതാണ് മുഖ്യമന്ത്രി ത്രിപുര ഗ്രാമ സമൃദ്ധി യോജന. ഗാര്‍ഹിക ടാപ്പ് കണക്ഷനുകള്‍, ഗാര്‍ഹിക വൈദ്യുതി കണക്ഷനുകള്‍, എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകള്‍, എല്ലാ വീടുകള്‍ക്കും പ്രവര്‍ത്തനക്ഷമമായ ശൗച്യാലയങ്ങള്‍, എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍, സ്വയം സഹായ സംഘങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം തുടങ്ങിയവയാണ് ഈ യോജനയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള പ്രധാന മേഖലകള്‍.

***

DS/AK



(Release ID: 1787493) Visitor Counter : 219