പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തര്‍പ്രദേശിലെ സദ്ഗുരു സദഫല്‍ദേവ് വിഹംഗം യോഗ് സന്‍സ്ഥാന്റെ 98-ാം വാര്‍ഷിക ആഘോഷച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

Posted On: 14 DEC 2021 6:52PM by PIB Thiruvananthpuram

ഹര്‍ ഹര്‍ മഹാദേവ്!

ശ്രീ സദ്ഗുരു ചരണ്‍ കമലേഭ്യോ നമഃ!

വേദിയിലുള്ള ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍ ജി, ഉത്തര്‍പ്രദേശിലെ ഊര്‍ജ്ജസ്വലനായ കര്‍മ്മയോഗി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, സദ്ഗുരു ആചാര്യ ശ്രീ സ്വതന്ത്രദേവ് ജി മഹാരാജ്, സന്ത് പ്രവര്‍ ശ്രീ വിജ്ഞാന്‍ദേവ് ജി മഹാരാജ്, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഈ മണ്ഡലത്തിലെ എംപിയുമായ ശ്രീ മഹേന്ദ്ര നാഥ് പാണ്ഡേ ജി, ഇവിടെ നിന്നുള്ള നിങ്ങളുടെ പ്രതിനിധിയും യോഗിജി ഗവണ്‍മെന്റിലെ മന്ത്രിയുമായ ശ്രീ അനില്‍ രാജ്ഭര്‍ ജി, രാജ്യത്തും വിദേശത്തുമുള്ള എല്ലാ ഭക്തജനങ്ങളെ, സഹോദരീസഹോദരന്മാരെ, സുഹൃത്തുക്കളെ!

കാശിയുടെ ഊര്‍ജ്ജം ശാശ്വതമാണെന്നു മാത്രമല്ല, അത് പുതിയ മാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നു. ഇന്നലെ, കാശി മഹാദേവന്റെ പാദങ്ങളില്‍ മഹത്തായ 'വിശ്വനാഥധാം' അര്‍പ്പിച്ചു, ഇന്ന് 'വിഹംഗം യോഗ സന്‍സ്ഥാന്‍' ഈ അത്ഭുതകരമായ പരിപാടി സംഘടിപ്പിക്കുന്നു. ഈ ദിവ്യഭൂമിയില്‍, ദൈവം തന്റെ അനേകം ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനു സന്യാസിമാരെ ഉപകരണങ്ങളാക്കുന്നു. സന്യാസിമാരുടെ 'സാധന' അംഗീകാരം നേടുമ്പോള്‍, സന്തോഷകരമായ യാദൃച്ഛികതകള്‍ പിന്തുടരുന്നു.

അഖിലേന്ത്യ വിഹംഗം യോഗ സന്‍സ്ഥാന്റെ 98-ാം വാര്‍ഷികവും സ്വാതന്ത്ര്യ സമര കാലത്ത് സദ്ഗുരു സദഫല്‍ദേവ് ജി ജയിലില്‍ അടയ്ക്കപ്പെട്ടതിന്റെ നൂറാം വാര്‍ഷികവും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവും ഒരുമിച്ച് ആഘോഷിക്കുന്നതിന് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നു. ഈ യാദൃച്ഛികതകളോടൊപ്പം ഇന്ന് ഗീതാജയന്തിയുടെ ശുഭമുഹൂര്‍ത്തം കൂടിയാണ്. കുരുക്ഷേത്ര യുദ്ധക്കളത്തില്‍ സൈന്യങ്ങള്‍ മുഖാമുഖം നിന്ന ഈ ദിവസം, യോഗ, ആത്മീയത, പരമാര്‍ത്ഥം (സമ്മം ബോനം) എന്നിവയുടെ പരമമായ അറിവ് മനുഷ്യരാശിക്ക് ലഭിച്ചു. ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ വണങ്ങുമ്പോള്‍, ഗീതാജയന്തിയുടെ വേളയില്‍ നിങ്ങള്‍ക്കും എല്ലാ രാജ്യവാസികള്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.

സഹോദരീ സഹോദരന്മാരേ,
സദ്ഗുരു സദഫല്‍ദേവ് ജി സമൂഹത്തിന്റെ ഉണര്‍വിനായി ഒരു 'യാഗം' നടത്തി, 'വിഹംഗം യോഗ' ജനങ്ങളിലെത്തിക്കാനായി, ഇന്ന് ആ നിശ്ചയദാര്‍ഢ്യത്തിന്റെ വിത്ത് ഇത്ര വലിയ ആല്‍മരത്തിന്റെ രൂപത്തില്‍ നമ്മുടെ മുന്നിലുണ്ട്. 5101 യാഗകുണ്ഡങ്ങളുള്ള ലോകസമാധാന വേദ മഹായജ്ഞം എന്ന സഹ-യോഗ പരിശീലന ക്യാമ്പിന്റെ രൂപത്തില്‍ ആ വിശുദ്ധന്റെ ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണമാണ് ഇന്ന് നാം അനുഭവിക്കുന്നത്.

ഞാന്‍ സദ്ഗുരു സദാഫല്‍ദേവ് ജിയെ വണങ്ങുകയും അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യത്തെ വന്ദിക്കുകയും ചെയ്യുന്നു. ഈ പാരമ്പര്യം നിലനിറുത്തുകയും അതിന് ഒരു പുതിയ വികാസം നല്‍കുകയും ഇന്ന് മഹത്തായ ഒരു ആത്മീയ ഭൂമി നിര്‍മ്മിക്കുകയും ചെയ്യുന്ന ശ്രീ സ്വതന്ത്രദേവ് ജി മഹാരാജിനും ശ്രീ വിജ്ഞാനദേവ് ജി മഹാരാജിനും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. കാണാന്‍ അവസരം കിട്ടി. ഇത് തയ്യാറായാല്‍ കാശിക്ക് മാത്രമല്ല, ഇന്ത്യക്ക് തന്നെ വലിയ സമ്മാനമാകും.

സുഹൃത്തുക്കളെ,
പ്രതികൂല സാഹചര്യങ്ങള്‍ മാറ്റാന്‍ ഒരു സന്യാസി അല്ലെങ്കില്‍ ഒരു ശക്തി ഇവിടെ ഇറങ്ങുന്നു എന്നതിനാല്‍ നമ്മുടെ രാജ്യം വളരെ അത്ഭുതകരമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിലെ ഏറ്റവും വലിയ നേതാവിനെയാണ് ലോകം മഹാത്മാ എന്നു വിളിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിനിടയിലും ഇന്ത്യയില്‍ ആത്മീയ ബോധം പ്രവഹിക്കുന്നു. യോഗികളുടെ സംഘടന വാര്‍ഷിക ഉത്സവം അമൃത് മഹോത്സവമായി ആഘോഷിക്കുന്നതും ഇന്ത്യയിലാണ്.

സുഹൃത്തുക്കളെ,
തന്റെ ആത്മീയ ഗുരു സ്വാതന്ത്ര്യസമരത്തിന് ദിശാബോധം നല്‍കിയെന്ന് ഇവിടെ ഓരോ യോഗിയും അഭിമാനിക്കുന്നു.  നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആദ്യമായി ജയിലില്‍ അടയ്ക്കപ്പെട്ടവരില്‍ സന്ത് സദാഫല്‍ ദേവ് ജിയും ഉണ്ടായിരുന്നു. ജയില്‍വാസകാലത്ത് അദ്ദേഹം 'സ്വര്‍വേദ'ത്തിന്റെ ആശയങ്ങള്‍ പുറത്തെടുക്കുകയും മോചിതനായ ശേഷം അതിന് മൂര്‍ത്തമായ രൂപം നല്‍കുകയും ചെയ്തു.

സുഹൃത്തുക്കളെ,
നൂറുകണക്കിനു വര്‍ഷങ്ങളുടെ ചരിത്രത്തില്‍, നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ രാജ്യത്തെ ഒരുമയോടെ നിലനിറുത്തിയ ഇത്തരം നിരവധി വശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആത്മീയ ആചാരങ്ങള്‍ ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത നിരവധി സന്യാസിമാര്‍ ഉണ്ടായിരുന്നു. പക്ഷേ, അത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട രീതിയില്‍ രേഖപ്പെടുത്തിയില്ല. നമ്മള്‍ അമൃത് മഹോത്സവം ആഘോഷിക്കുമ്പോള്‍, ഈ സംഭാവന വെളിച്ചത്ത് കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ഇന്ന് രാജ്യം അതിന്റെ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സംഭാവനകളെ സ്മരിക്കുകയും യുവതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു. വിഹംഗം യോഗ സന്‍സ്ഥാനും ഇതില്‍ സജീവമായ പങ്കുവഹിക്കുന്നതില്‍ സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
ഭാവിയിലെ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ പാരമ്പര്യങ്ങളും അറിവും തത്ത്വചിന്തയും വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കാശി പോലുള്ള നമ്മുടെ ആത്മീയ സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് ഈ നേട്ടത്തിന് ഫലപ്രദമായ മാധ്യമമായി മാറാന്‍ കഴിയും. നമ്മുടെ സംസ്‌കാരത്തിലെ ഈ പുരാതന നഗരങ്ങള്‍ക്ക് ലോകത്തിനാകെ ദിശ പകരാന്‍ കഴിയും. ബനാറസ് പോലുള്ള നഗരങ്ങള്‍ ഇന്ത്യയുടെ വ്യക്തിത്വത്തിന്റെയും കലയുടെയും സംരംഭകത്വത്തിന്റെയും വിത്തുകള്‍ ഏറ്റവും ദുഷ്‌കരമായ സമയങ്ങളിലും സംരക്ഷിച്ചു. എവിടെ വിത്തുണ്ടോ അവിടെ നിന്ന് മരം വികസിക്കാന്‍ തുടങ്ങുന്നു. ഇന്ന് നമ്മള്‍ ബനാറസിന്റെ വികസനത്തെക്കുറിച്ച് പറയുമ്പോള്‍, അത് ഇന്ത്യയുടെ മുഴുവന്‍ വികസനത്തിന്റെ വഴികാട്ടിയായി മാറുന്നു.

സഹോദരീ സഹോദരന്മാരേ,
ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഇവിടെയുണ്ട്. നിങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. നിങ്ങളുടെ വിശ്വാസവും ഊര്‍ജ്ജവും പരിധിയില്ലാത്ത സാധ്യതകളും നിങ്ങള്‍ ഇവിടെ കൊണ്ടുവന്നു. നിങ്ങള്‍ കാശിയില്‍ നിന്ന് പോകുമ്പോള്‍, ഇവിടെ നിന്ന് പുതിയ ചിന്തകളും തീരുമാനങ്ങളും അനുഗ്രഹങ്ങളും അനുഭവങ്ങളും നിങ്ങള്‍ക്കൊപ്പം കൊണ്ടുപോകും. എന്നാല്‍ നിങ്ങള്‍ നേരത്തേ ഇവിടെ വന്നിരുന്ന നാളുകള്‍ ഓര്‍ക്കുക. ഈ പുണ്യസ്ഥലത്തിന്റെ ദുരവസ്ഥ ജനങ്ങളെ നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഇന്ന് ഈ സ്ഥിതി മാറുകയാണ്.

ഇന്ന്, രാജ്യത്തും വിദേശത്തുമുള്ള ആളുകള്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ മാറിയ അന്തരീക്ഷം അനുഭവപ്പെടുന്നു. വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലെത്താന്‍ അധികം സമയമെടുക്കില്ല. കാശി റിങ് റോഡ് പണിയും റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭാരവാഹനങ്ങളും മറ്റു വാഹനങ്ങളും നഗരത്തില്‍ പ്രവേശിക്കുന്നില്ല. ബനാറസിലേക്കുള്ള പല റോഡുകളും വീതികൂട്ടി. റോഡുമാര്‍ഗ്ഗം ബനാറസിലേക്ക് വരുന്നവര്‍ ഈ സൗകര്യം നിമിത്തമാണ് വ്യത്യാസം അറിയുന്നത്.

ബാബ വിശ്വനാഥന്റെ സന്ദര്‍ശനമായാലും മാ ഗംഗയുടെ ഘാട്ടുകളായാലും നിങ്ങള്‍ എവിടെ പോയാലും കാശിയുടെ തിളങ്ങുന്ന പ്രഭാവലയം പ്രകടമാണ്. വൈദ്യുത കമ്പികളുടെ ഭൂഗര്‍ഭ ശൃംഖല തയ്യാറാക്കുന്നു, കാശിയില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കപ്പെടുന്നു. വിശ്വാസത്തിനും വിനോദ സഞ്ചാരത്തിനുമൊപ്പം കലയും സംസ്‌കാരവും ഈ വികസനത്തില്‍ നിന്ന് പ്രയോജനം നേടുന്നു.

ട്രേഡ് ഫെസിലിറ്റേഷന്‍ സെന്റര്‍, രുദ്രാക്ഷ കണ്‍വെന്‍ഷന്‍ സെന്റര്‍, അല്ലെങ്കില്‍ നെയ്ത്തുകാര്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും വേണ്ടി നടത്തുന്ന പരിപാടികള്‍ എന്നിവയാകട്ടെ, ഇന്ന് കാശിയുടെ കഴിവുകള്‍ പുതിയ ശക്തി പ്രാപിക്കുന്നു. ആരോഗ്യരംഗത്തും, ആധുനിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും കാരണം ബനാറസ് ഒരു വലിയ മെഡിക്കല്‍ ഹബ്ബായി ഉയര്‍ന്നുവരുന്നു.

സുഹൃത്തുക്കളെ,
ഞാന്‍ കാശിയിലായാലും ഡല്‍ഹിയിലായാലും ബനാറസിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് എന്റെ ശ്രമം. ഇന്നലെ രാത്രി 12 മണിക്ക് ശേഷം, അവസരം ലഭിച്ചയുടന്‍ ഞാന്‍ കാശിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഇറങ്ങി. ഗൗഡോളിയയിലെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കാണേണ്ടതാണ്. ഞാന്‍ അവിടെ പലരോടും ഇടപഴകി. ബനാറസ് റെയില്‍വേ സ്റ്റേഷനും ഞാന്‍ മ്ണ്ട്വാദിഹില്‍ കണ്ടു. ഈ സ്റ്റേഷനും നവീകരിച്ചു. പഴമ നിലനിര്‍ത്തി പുതുമയെ സ്വീകരിച്ച ബനാറസ് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുന്നു.

സുഹൃത്തുക്കളെ,
ഈ വികസനം ബനാറസിലും ഇവിടെയെത്തുന്ന സഞ്ചാരികളിലും നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മള്‍ 2019-20 നെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, 2014-15 നെ അപേക്ഷിച്ച് ഇവിടെ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായി. 2019-20ല്‍ കൊറോണ കാലത്ത് മാത്രം 30 ലക്ഷത്തിലധികം യാത്രക്കാരുടെ സാന്നിധ്യം ബാബത്പൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തപ്പെട്ടു. ഇച്ഛാശക്തിയുണ്ടെങ്കില്‍ മാറ്റം സാധ്യമാണെന്ന് ഈ മാറ്റത്തിലൂടെ കാശി തെളിയിച്ചു.

നമ്മുടെ മറ്റു തീര്‍ഥാടന സ്ഥലങ്ങളിലും ഇതേ പരിവര്‍ത്തനം ദൃശ്യമാണ്. നേരത്തെ നിരവധി പ്രശ്നങ്ങളുണ്ടായിരുന്ന കേദാര്‍നാഥില്‍ ഇപ്പോള്‍ ഇതുവരെയില്ലാത്തത്ര ഭക്തര്‍ എത്തുന്നുണ്ട്. 2013ലെ നാശത്തിന് ശേഷം കേദാര്‍നാഥ് സന്ദര്‍ശിച്ചുവന്നത് വളരെക്കുറച്ച് ആളുകളാണ്. തല്‍ഫലമായി, വികസനത്തിനും തൊഴിലിനുമുള്ള നിരവധി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും യുവാക്കളുടെ സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജം വര്‍ധിക്കുകയും ചെയ്യുന്നു. വികസനത്തിന്റെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന ഈ വിശ്വാസം രാജ്യത്തുടനീളം ദൃശ്യമാണ്.

സുഹൃത്തുക്കളെ,
സദ്ഗുരു സഫല്‍ ദേവ് ജി സ്വര്‍വേദത്തില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്:
??? ??? ?? ??? ??, ??? ??? ???? ????

???? ???? ?????, ????? ??? ???????

അതായത്, എല്ലാവരോടും സ്‌നേഹം, എല്ലാവരോടും കരുണ, വിവേചനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം! ഇതാണ് ഇന്നത്തെ രാജ്യത്തിന്റെ പ്രചോദനം! ഇന്ന് രാജ്യത്തിന്റെ മന്ത്രം ഇതാണ് -- 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരിലും വിശ്വാസ്യത'. സ്വാര്‍ത്ഥതയ്ക്ക് അതീതമായി ഉയര്‍ന്ന്, 'എല്ലാവരുടെയും ബുദ്ധിമുട്ടുകള്‍' എന്ന ദൃഢനിശ്ചയത്തോടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്.

സുഹൃത്തുക്കളെ,
സ്വാതന്ത്ര്യസമരകാലത്ത് സദ്ഗുരു സ്വദേശിയുടെ ഒരു മന്ത്രം പറഞ്ഞു. ഇതേ ആവേശത്തില്‍ രാജ്യം ആത്മനിര്‍ഭര്‍ ഭാരത് മിഷന്‍ ആരംഭിച്ചു. പ്രാദേശിക കച്ചവടവും വ്യാപാരവും ഉല്‍പന്നങ്ങളും ശക്തിപ്പെടുത്തുന്നു. പ്രാദേശികം ആഗോളമാക്കുന്നു. ഗുരുദേവന്‍ സ്വര്‍വേദത്തില്‍ യോഗയുടെ പാതയായ വിഹംഗം യോഗയും നമുക്ക് കാണിച്ചുതന്നിരുന്നു. യോഗ ജനങ്ങളിലേക്കെത്തണമെന്നും ഇന്ത്യയുടെ യോഗ ശക്തി ലോകമെമ്പാടും യാഥാര്‍ഥ്യമാവണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഇന്ന് ലോകം മുഴുവന്‍ യോഗ ദിനം ആചരിക്കുന്നതും യോഗ പിന്തുടരുന്നതും കാണുമ്പോള്‍ സദ്ഗുരുവിന്റെ അനുഗ്രഹം സഫലമാകുന്നതായി നമുക്ക് തോന്നുന്നു.

സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ ഈ പുണ്യകാലത്ത് ഇന്ത്യയില്‍ സ്വരാജ് പോലെ തന്നെ പ്രധാനമാണ് ഇന്ന് സുരാജും (നല്ല ഭരണം). ഇവ രണ്ടിനുമുള്ള വഴികള്‍ ഇന്ത്യന്‍ വിജ്ഞാനത്തില്‍ നിന്ന്- ശാസ്ത്രത്തില്‍ നിന്നും ജീവിതശൈലിയില്‍ നിന്നും രീതികളില്‍ നിന്നും- മാത്രമേ ഉരുത്തിരിയുകയുള്ളൂ. വിഹംഗം യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ഷങ്ങളായി ഈ ആശയം മുന്നോട്ട് വയ്ക്കുന്നു. നിങ്ങളുടെ മുദ്രാവാക്യം ഇതാണ്- ''???? ???????? ?????'' (നാം തന്നെ പാതയിലൂടെ സഞ്ചരിക്കണം). വിശുദ്ധ പശുവുമായുള്ള ഈ ബന്ധം ശക്തിപ്പെടുത്തുന്നതിനായി, നമ്മുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായി 'ഗൗ-ധന്‍' മാറ്റിയെടുക്കാന്‍ രാജ്യത്ത് നിരവധി ശ്രമങ്ങള്‍ നടക്കുന്നു.

സുഹൃത്തുക്കളെ,
നമ്മുടെ 'ഗൗ-ധന്‍' നമ്മുടെ കര്‍ഷകര്‍ക്ക് പാല്‍ സ്രോതസ്സായിരിക്കുക മാത്രമല്ല, പുരോഗതിയുടെ മറ്റ് മാനങ്ങളിലും പശുവംശം സഹായകമാകണം എന്നതിനാണ് ഞങ്ങളുടെ ശ്രമം. ഇന്ന് ലോകം ആരോഗ്യ ബോധമുള്ളതായി മാറുകയും രാസവസ്തുക്കള്‍ ഉപേക്ഷിച്ച് ജൈവകൃഷിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. ചാണകം നമ്മുടെ രാജ്യത്ത് ജൈവകൃഷിക്ക് ഒരു വലിയ അടിത്തറയായിരുന്നു, അത് നമ്മുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റും. ഇന്ന് രാജ്യം ഗോബര്‍-ധന്‍ പദ്ധതിയിലൂടെ ജൈവ ഇന്ധനം പ്രോത്സാഹിപ്പിക്കുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എല്ലാറ്റിനുമുപരിയായി, പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്നു.

ഇനി രണ്ട് ദിവസം കഴിഞ്ഞ് 16ന് 'സീറോ ബജറ്റ്-നാച്ചുറല്‍ ഫാമിംഗ്' എന്ന മെഗാ ദേശീയ പരിപാടി നടക്കാനിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഇതില്‍ പങ്കാളികളാകും. ഡിസംബര്‍ 16 ന് നിങ്ങളെല്ലാവരും പ്രകൃതി കൃഷിയെ കുറിച്ച് കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ നേടണമെന്നും പിന്നീട് കര്‍ഷകരെ സന്ദര്‍ശിച്ച് അതിനെക്കുറിച്ച് പറയണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഈ ദൗത്യം ഒരു ബഹുജന പ്രസ്ഥാനമായി മാറണം, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കാനാകും.

സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവത്തില്‍ രാജ്യം നിരവധി പ്രമേയങ്ങളുമായി പ്രവര്‍ത്തിക്കുന്നു. സദ്ഗുരു സദാഫല്‍ ദേവ് ജിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിഹംഗം യോഗ സന്‍സ്ഥാന്‍ വളരെക്കാലമായി നിരവധി സാമൂഹ്യക്ഷേമ പ്രചരണങ്ങള്‍ നടത്തിവരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം, നൂറാമത് കണ്‍വെന്‍ഷനില്‍ എല്ലാ യോഗികളും ഇവിടെ ഒത്തുകൂടും. രണ്ട് വര്‍ഷത്തെ ഈ കാലയളവ് വളരെ പ്രധാനപ്പെട്ട സമയമാണ്.

ഇത് മനസ്സില്‍ വെച്ചുകൊണ്ട്, ചില തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ നിങ്ങളോടെല്ലാം അഭ്യര്‍ത്ഥിക്കുന്നു. ഈ ദൃഢനിശ്ചയങ്ങള്‍ സദ്ഗുരുവിന്റെ ദൃഢനിശ്ചയങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും രാജ്യത്തിന്റെ ആഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ആയിരിക്കണം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആക്കം കൂട്ടുകയും ഒരുമിച്ച് നിറവേറ്റുകയും ചെയ്യേണ്ട ദൃഢനിശ്ചയങ്ങളാകാം.

നമ്മുടെ പെണ്‍മക്കളെ പഠിപ്പിക്കുകയും നമ്മുടെ പെണ്‍മക്കളെ നൈപുണ്യ വികസനത്തിനായി സജ്ജരാക്കുകയും വേണം എന്നതാണ് അത്തരത്തിലുള്ള ഒരു ദൃഢനിശ്ചയം. പാവപ്പെട്ട ഒന്നോ രണ്ടോ പെണ്‍മക്കളുടെ നൈപുണ്യ വികസനത്തിന്റെ ഉത്തരവാദിത്തം അവരുടെ കുടുംബത്തോടൊപ്പം, കഴിവുള്ളവരും ഏറ്റെടുക്കണം.

മറ്റൊരു ദൃഢനിശ്ചയം ജലം സംരക്ഷിക്കുക എന്നതാണ്. നമ്മുടെ നദികളും ഗംഗയും എല്ലാ ജലസ്രോതസ്സുകളും വൃത്തിയായി സൂക്ഷിക്കണം. ഇക്കാര്യത്തില്‍, നിങ്ങളുടെ സ്ഥാപനത്തിന് പുതിയ പ്രചരണങ്ങള്‍ ആരംഭിക്കാവുന്നതാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, രാജ്യം പ്രകൃതി കൃഷിക്ക് ഊന്നല്‍ നല്‍കുന്നു. ലക്ഷക്കണക്കിന് കര്‍ഷക സഹോദരീസഹോദരന്മാരെ പ്രചോദിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെയധികം സഹായിക്കാനാകും.

നമ്മുടെ ചുറ്റുമുള്ള വൃത്തിയിലും ശുചിത്വത്തിലും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പൊതുസ്ഥലത്തും മാലിന്യം വിതറാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൈവനാമത്തില്‍, സമൂഹത്തിനാകെ പ്രയോജനപ്പെടുന്ന ഏതെങ്കിലും തരത്തിലുള്ള സേവനം നിങ്ങള്‍ തീര്‍ച്ചയായും ചെയ്യണം.

ഈ വിശുദ്ധ അവസരത്തിലും വിശുദ്ധരുടെ അനുഗ്രഹത്താലും ഈ ദൃഢനിശ്ചയങ്ങള്‍ തീര്‍ച്ചയായും പൂര്‍ത്തീകരിക്കപ്പെടുമെന്നും പുതിയ ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

ഈ ബോധ്യത്തോടെ, എല്ലാവര്‍ക്കും വളരെ നന്ദി.

ഈ സുപ്രധാന അവസരത്തില്‍ നിങ്ങളുടെ ഇടയില്‍ വരാനും ഈ പുണ്യസ്ഥലം സന്ദര്‍ശിക്കാനും എനിക്ക് അവസരം ലഭിച്ചതില്‍ ബഹുമാനപ്പെട്ട സ്വാമിജിയോട് ഞാന്‍ നന്ദിയുള്ളവനാണ്. എല്ലാവരോടും ഒരിക്കല്‍ കൂടി എന്റെ നന്ദി അറിയിക്കുന്നു.

ഹര്‍ ഹര്‍ മഹാദേവ്!

ഒത്തിരി നന്ദി!

****


(Release ID: 1782460) Visitor Counter : 174