പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം

Posted On: 06 DEC 2021 8:10PM by PIB Thiruvananthpuram

ശ്രേഷ്ഠരേ,

എന്റെ പ്രിയ സുഹൃത്ത്, പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, 21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലേക്ക് ഞാന്‍ അങ്ങയെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. താങ്കളുടെ പ്രതിനിധി സംഘത്തെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.  കൊറോണ കാലത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് നിങ്ങളുടെ രണ്ടാമത്തെ വിദേശ സന്ദര്‍ശനമാണെന്ന് എനിക്കറിയാം.  ഇന്ത്യയുമായുള്ള താങ്കളുടെ അടുപ്പവും വ്യക്തിപരമായ പ്രതിബദ്ധതയും ഇന്ത്യ-റഷ്യ ബന്ധത്തിന്റെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുന്നു; അതിന് ഞാന്‍ താങ്കളോട് വളരെ നന്ദിയുള്ളവനാണ്.

കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ഗതിവേഗം മാറിയിട്ടില്ല. നമ്മുടെ പ്രത്യേകവും സവിശേഷാവകാശ തന്ത്രപരവുമായ പങ്കാളിത്തം തുടര്‍ച്ചയായി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വാക്സിന്‍ പരീക്ഷണങ്ങളിലും ഉല്‍പ്പാദനത്തിലും, മാനുഷിക സഹായത്തിലോ, അല്ലെങ്കില്‍ പരസ്പരം പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിലോ - കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച സഹകരണവും കണ്ടു.

ശ്രേഷ്ഠരേ,

2021 നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് പല തരത്തില്‍ പ്രധാന്യമുള്ളതാണ്.  ഈ വര്‍ഷം 1971 ലെ സമാധാന ഉടമ്പടിയുടെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അഞ്ച് പതിറ്റാണ്ടുകളും നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ രണ്ട് പതിറ്റാണ്ടുകളും അടയാളപ്പെടുത്തുന്നു. കഴിഞ്ഞ 20 വര്‍ഷമായി നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയുടെ പ്രധാന ചാലകശക്തി നിങ്ങളാണ് എന്നതിനാല്‍ ഈ പ്രത്യേക വര്‍ഷത്തില്‍ വീണ്ടും നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആഗോള തലത്തില്‍ അടിസ്ഥാനപരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് ഭൗമ-രാഷ്ട്രീയ സമവാക്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഈ വ്യതിയാനങ്ങള്‍ക്കിടയില്‍ ഇന്ത്യ-റഷ്യ സൗഹൃദം സ്ഥിരമായി നിലകൊള്ളുന്നു. ഇരു രാജ്യങ്ങളും യാതൊരു മടിയും കൂടാതെ പരസ്പരം സഹകരിക്കുക മാത്രമല്ല, പരസ്പരം സംവേദനക്ഷമതയില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും ചെയ്തിട്ടുണ്ട്.  ഗവണ്‍മെന്റുകള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ സവിശേഷവും വിശ്വസനീയവുമായ മാതൃകയാണിത്.

ശ്രേഷ്ഠരേ,

നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിനും 2021 സവിശേഷമാണ്. നമ്മുടെ വിദേശ, പ്രതിരോധമന്ത്രിമാര്‍ തമ്മിലുള്ള സംഭാഷണ ത്തിന്റെ ഉദ്ഘാടന യോഗമായിരുന്നു ഇന്നത്തേത്.  ഇത് നമ്മുടെ പ്രായോഗിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു പുതിയ സംവിധാനം ആരംഭിച്ചു.

അഫ്ഗാനിസ്ഥാനിലും മറ്റ് പ്രാദേശിക പ്രശ്നങ്ങളിലും നമ്മള്‍ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്.  ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറം, വ്‌ലാഡിവോസ്റ്റോക്ക് ഉച്ചകോടി എന്നിവയില്‍ ആരംഭിച്ച പ്രാദേശിക പങ്കാളിത്തം ഇന്ന് റഷ്യയും ഇന്ത്യയിലെ ഗവണ്‍മെന്റും തമ്മിലുള്ള യഥാര്‍ത്ഥ സഹകരണമായി മാറുകയാണ്.

സാമ്പത്തിക മേഖലയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള ഒരു ദീര്‍ഘകാല കാഴ്ചപ്പാടും നാം സ്വീകരിക്കുന്നു.  2025-ഓടെ 30 ശതകോടി ഡോളര്‍ വ്യാപാരവും 50 ശതകോടി ഡോളര്‍ നിക്ഷേപവും നാം ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങളിലെത്താന്‍ നമ്മുടെ വ്യവസായ സമൂഹങ്ങളെ നാം പ്രാപ്തമാക്കണം.

വിവിധ മേഖലകളിലുള്ള നമ്മുടെ ഇന്നത്തെ കരാറുകള്‍ അതിനെ കൂടുതല്‍ സുഗമമാക്കും.  ഇന്ത്യയില്‍ നിര്‍മിക്കൂ പദ്ധതിക്കു കീഴിലുള്ള സഹ-വികസനത്തിലൂടെയും സഹ ഉല്‍പ്പാദനത്തിലൂടെയും നമ്മുടെ പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ബഹിരാകാശ, സിവില്‍ ആണവ മേഖലകളിലെ നമ്മുടെ സഹകരണവും നന്നായി പുരോഗമിക്കുകയാണ്.

നാം-ല്‍ നിരീക്ഷകനായതിനും ഐഒആര്‍ഒ-യില്‍ ഒരു സംഭാഷണ പങ്കാളിയായതിനും റഷ്യയെ അഭിനന്ദിക്കുന്നു. ഈ രണ്ട് വേദികളിലും റഷ്യയുടെ സാന്നിധ്യത്തെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.  പ്രാദേശികവും ആഗോളവുമായ എല്ലാ വിഷയങ്ങളിലും ഇന്ത്യയ്ക്കും റഷ്യയ്ക്കും ഒരേ വീക്ഷണങ്ങളുണ്ട്. ഇന്നത്തെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിക്കും.

 ശ്രേഷ്ഠരേ,

ഒരിക്കല്‍ കൂടി, ഞാന്‍ താങ്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു, നിങ്ങളുടെ പ്രതിനിധി സംഘത്തെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത്രയും തിരക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലും നിങ്ങള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തി; അത് ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ഇന്നത്തെ ചര്‍ച്ച നമ്മുടെ ബന്ധത്തിന് വലിയ പ്രാധാന്യമുള്ളതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 ഒരിക്കല്‍ കൂടി ഞാന്‍ വളരെയധികം  നന്ദി പറയുന്നു.

****


(Release ID: 1778740) Visitor Counter : 224