ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19ന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയുമായി ചേർന്ന് കേന്ദ്ര ഗവണ്മെന്റ് പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ വിലയിരുത്തി
Posted On:
30 NOV 2021 2:03PM by PIB Thiruvananthpuram
കോവിഡ്-19 പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയുമായുള്ള ഉന്നതതല യോഗത്തിന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൻ അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളിൽ കോവിഡ്-19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ തിരിച്ചറിഞ്ഞതായുള്ള റിപ്പോർട്ടുകളെ തുടർന്ന് സ്വീകരിച്ച തയ്യാറെടുപ്പുകളും ന്യൂ ഡൽഹിയിൽ ഇന്ന് നടന്ന യോഗം വിലയിരുത്തി.
സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർ, MD-മാർ (NHM), സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
കോവിഡ്-19 ന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അടക്കമുള്ളവ സംസ്ഥാനങ്ങൾക്ക് നൽകിയതായി അറിയിച്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി, വിവിധ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവ വഴിയായി രാജ്യത്ത് എത്തുന്ന അന്താരാഷ്ട്ര യാത്രികർക്കു മേൽ പ്രത്യേക ശ്രദ്ധ നൽകാൻ സംസ്ഥാനങ്ങളെ ഓർമിപ്പിച്ചു. താഴെപ്പറയുന്നവയിൽ പ്രത്യേക കരുതൽ പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്:
* അന്താരാഷ്ട്ര യാത്രക്കാർക്ക് മേൽ ഫലപ്രദമായ നിരീക്ഷണം ഏർപ്പെടുത്തുക. 'അറ്റ്-റിസ്ക്' വിഭാഗത്തിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്നുമെത്തുന്ന അന്താരാഷ്ട്ര യാത്രികരുടെ പക്കൽ നിന്നും ഒന്നാം ദിവസവും, എട്ടാം ദിവസവും സാമ്പിളുകൾ ശേഖരിച്ഛ് പരിശോധിക്കുക
* പോസിറ്റീവായ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുള്ള INSACOG ലബോറട്ടറികളിലേക്ക് ഉടൻ ലഭ്യമാക്കുക. പോസിറ്റീവായ വ്യക്തികളുമായി സമ്പർക്കത്തിൽ ആയവരെ സംസ്ഥാന ഭരണകൂടങ്ങൾ തിരിച്ചറിയുകയും 14 ദിവസം ഇവർക്ക്മേൽ പ്രത്യേക നിരീക്ഷണം നടത്തുകയും വേണം.
* ആർ ടി പി സി ആർ അനുപാതം നിലനിർത്തിക്കൊണ്ടുതന്നെ ഓരോ ജില്ലയിലെയും പരിശോധനകൾ വർദ്ധിപ്പിക്കുക
* ഹോട്ട്സ്പോട്ട്കളെ കൃത്യമായി നിരീക്ഷിക്കുകയും പോസിറ്റീവായ എല്ലാ സാമ്പിളുകളും ജനതക ശ്രേണീകരണത്തിനായി ബന്ധപ്പെട്ട INSACOG ലബോറട്ടറികളിലേക്ക് കാലതാമസമില്ലാതെ അയയ്ക്കുകയും ചെയ്യുക
* ഗൃഹ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികളെ തുടർച്ചയായും, ഫലപ്രദമായും നിരീക്ഷിക്കുക. ഇവരിൽ അറ്റ്-റിസ്ക് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തിയ യാത്രക്കാരുടെ വീടുകളിൽ നേരിട്ട് സന്ദർശനം നടത്തുക. എട്ടാം ദിവസം നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആകുന്ന വ്യക്തികളുടെ ആരോഗ്യനിലയും സംസ്ഥാന ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷിക്കേണ്ടതാണ്.
* ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ വിപുലീകരണം ഉറപ്പാക്കൽ
* പോസിറ്റീവായ യാത്രക്കാരുടെ പട്ടിക സംബന്ധിച്ച് APHO-മാരുമായി സഹകരിച്ചു പ്രവർത്തിക്കുക. മെച്ചപ്പെട്ട നിരീക്ഷണത്തിനായി അവർക്ക് പിന്തുണ ലഭ്യമാക്കുക
* സംസ്ഥാന ഭരണകൂടം, BOI ഉദ്യോഗസ്ഥർ, APHO-മാർ, തുറമുഖ ആരോഗ്യ ഉദ്യോഗസ്ഥർ (PHOs), ലാൻഡ് ബോർഡർ ക്രോസ്സിംഗ് ഉദ്യോഗസ്ഥർ (LBCOs) എന്നിവർ തമ്മിലുള്ള സമയബന്ധിതവും മികച്ചതുമായ സഹകരണത്തിന്റെ ആവശ്യകതയും യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.
* അന്താരാഷ്ട്ര യാത്രക്കാർക്കുള്ള പുതിയ മാർഗനിർദേശങ്ങളുടെ മെച്ചപ്പെട്ട നടപ്പാക്കൽ ഉറപ്പാക്കുന്നതിനായി BOI, APHO, PHO അട്ക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇന്ന് തന്നെ യോഗങ്ങൾ ചേരണമെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇന്ന് അർദ്ധരാത്രി മുതലാണ് പുതുക്കിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരിക
* സംസ്ഥാന സർവെയ്‌ലൻസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രതിദിന നിരീക്ഷണം
* വാരാന്ത്യ വാർത്താ സമ്മേളനങ്ങൾ അടക്കമുള്ള രീതികളിലൂടെ തെളിവുകൾ, ശാസ്ത്രീയ അടിത്തറയുള്ള വിവരങ്ങൾ എന്നിവ പൊതുജനങ്ങളിലേക്ക് തുടർച്ചയായി എത്തിക്കുന്നതിന്റെ പ്രാധാന്യം യോഗം എടുത്തുപറഞ്ഞു
"ഹർ ഘർ ദസ്റ്റക്" പ്രതിരോധ കുത്തിവെപ്പ് പ്രചാരണം ഡിസംബർ 31 വരെ നീട്ടി. ഒന്നാംഘട്ട ഡോസ് 100 ശതമാനം പേർക്കും ലഭ്യമാക്കാനും, രണ്ടാംഘട്ട പ്രതിരോധകുത്തിവെപ്പ് ഇനിയും ശേഷിക്കുന്നവർക്ക് പൂർത്തിയാക്കാനും ഇതിൽ പ്രത്യേക പ്രാധാന്യം നൽകും. കോവിഡ്-19 പ്രതിരോധ കുത്തിവെപ്പിന്റെ വേഗതയും വ്യാപനവും വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
RTPCR, RAT പരിശോധനകളിലൂടെ ഒമിക്രോൺ വകഭേദത്തെ തിരിച്ചറിയാനാകുമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ അറിയിച്ചു. അതിനാൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും പോസിറ്റീവ് കേസുകൾ വേഗം തിരിച്ചറിയണമെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
***
(Release ID: 1776448)
Visitor Counter : 294
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu