പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തര്‍പ്രദേശിലെ നോയ്‌ഡ അന്താരാഷ്ട്രവിമാനത്താവളത്തിനു പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു
''ഈ വിമാനത്താവളം ഈ മേഖലയെ മുഴുവന്‍ ദേശീയ ഗതിശക്തി പദ്ധതിയുടെ കരുത്തുറ്റ പ്രതീകമാക്കും''
''ഈ വിമാനത്താവളം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ആയിരക്കണക്കിനുപേര്‍ക്കു പുതിയ തൊഴിലേകും''
''ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളെത്തുടര്‍ന്ന്, രാജ്യത്തിന്ന് ഏറ്റവുമധികം പരസ്പരബന്ധം പുലര്‍ത്തുന്ന മേഖലയായി ഉത്തര്‍പ്രദേശ് മാറി''
''ഖുര്‍ജ കരകൗശലവിദഗ്ധര്‍, മീററ്റ് കായിക വ്യവസായം, സഹാറന്‍പുര്‍ ഫര്‍ണിച്ചര്‍, മൊറാദാബാദിലെ പിച്ചള വ്യവസായം, ആഗ്ര പാദരക്ഷ, പേഡ വ്യവസായം എന്നിവയ്ക്ക് വരാന്‍പോകുന്ന അടിസ്ഥാനസൗകര്യങ്ങളില്‍നിന്നു മികച്ച പിന്തുണ ലഭിക്കും''
''മുന്‍ഗവണ്‍മെന്റുകളാല്‍ കപടസ്വപ്നങ്ങള്‍ കാണപ്പെട്ട ഉത്തര്‍പ്രദേശ് ദേശീയതലത്തില്‍ മാത്രമല്ല, അന്താരാഷ്ട്രതലത്തിലും സ്വന്തം മുദ്ര പതിപ്പിക്കുന്നു''
''അടിസ്ഥാനസൗകര്യങ്ങള്‍ ഞങ്ങള്‍ക്കു 'രാജ്‌നീതി'യുടെ (രാഷ്ട്രീയം) ഭാഗമല്ല, മറിച്ച് രാഷ്ട്രനീതിയുടെ (ദേശീയനയം) ഭാഗമാണ്''
Posted On:
25 NOV 2021 3:45PM by PIB Thiruvananthpuram
ഉത്തര്‍പ്രദേശിലെ നോയ്‌ഡ അന്താരാഷ്ട്രവിമാനത്താവളത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തറക്കല്ലിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ജനറല്‍ വി കെ സിങ്, ശ്രീ സഞ്ജീവ് ബലിയാന്‍, ശ്രീ എസ് പി സിങ് ബാഗല്‍, ശ്രീ ബി എല്‍ വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യ ഇന്ന് ഏറ്റവും മികച്ച ആധുനിക അടിസ്ഥാന സൗകര്യങ്ങളിലൊന്നു കെട്ടിപ്പടു ക്കുകയാണെന്നു സദസിനെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ''മെച്ചപ്പെട്ട റോഡുകള്‍, മികച്ച റെയില്‍ശൃംഖല, മികച്ച വിമാനത്താവളങ്ങള്‍ എന്നിവ അടിസ്ഥാനസൗകര്യവികസനപദ്ധതികള്‍ മാത്രമല്ല. അവ ഈ മേഖലയെ മാറ്റിമറിക്കുകയും ജനജീവിതത്തെ പൂര്‍ണമായി പരിവര്‍ത്തനത്തിനു വിധേയമാക്കുകയും ചെയ്യുന്നു''- അദ്ദേഹം പറഞ്ഞു.
നോയ്‌ഡ അന്താരാഷ്ട്ര വിമാനത്താവളം ഉത്തരേന്ത്യയുടെ വിതരണശൃംഖലാകവാടമായി മാറുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ വിമാനത്താവളം ഈ മേഖലയെ മുഴുവന്‍ ദേശീയ ഗതിശക്തി പദ്ധതിയുടെ കരുത്തുറ്റ പ്രതീകമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാനസൗകര്യവികസനത്തിലെ സാമ്പത്തികപ്രതിസന്ധികളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, വിമാനത്താവള നിര്‍മ്മാണ സമയത്തു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നു വ്യക്തമാക്കി. വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആയിരക്കണക്കിനാള്‍ക്കാരുടെ ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ''ഈ വിമാനത്താവളം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ആയിരങ്ങള്‍ക്കു പുതിയ തൊഴില്‍ നല്‍കും''.
സ്വാതന്ത്ര്യംലഭിച്ച് ഏഴുപതിറ്റാണ്ടുകള്‍ക്കുശേഷം, എക്കാലവും അര്‍ഹമായത്, ഇതാദ്യമായി ഉത്തര്‍പ്രദേശിനു ലഭിച്ചുതുടങ്ങിയെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളെത്തുടര്‍ന്ന്, രാജ്യത്തിന്ന് ഏറ്റവുമധികം പരസ്പരബന്ധം പുലര്‍ത്തുന്ന മേഖലയായി ഉത്തര്‍പ്രദേശ് മാറിയിരിക്കുന്നു. ഇന്ത്യയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമയാന മേഖലയില്‍ നോയ്ഡ അന്താരാഷ്ട്രവിമാനത്താവളം ഒരു പ്രധാനപങ്കുവഹിക്കും. വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, കേടുപാടുകള്‍ തീര്‍ക്കല്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പ്രധാനകേന്ദ്രമാകും നോയ്‌ഡയെന്നും അദ്ദേഹം പറഞ്ഞു. 40 ഏക്കറില്‍ അറ്റകുറ്റപ്പണി, കേടുപാടുതീര്‍ക്കല്‍, സമ്പൂര്‍ണ പരിശോധന എന്നിവയ്ക്കുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി അദ്ദേഹം അറിയിച്ചു. ഇതു നൂറുകണക്കിനു യുവാക്കള്‍ക്കു തൊഴില്‍നല്‍കും. വിദേശത്തുനിന്ന് ഈ സേവനങ്ങള്‍ ലഭിക്കുന്നതിനായി ഇന്ത്യയിന്ന് ആയിരക്കണക്കിനുകോടിരൂപയാണു ചെലവഴിക്കുന്നത്.
വരാനിരിക്കുന്ന സംയോജിത വിവിധോദ്ദേശ്യ കാര്‍ഗോ ഹബ്ബിനെക്കുറിച്ച് അഭിപ്രായപ്പെട്ട അദ്ദേഹം, ഉത്തര്‍പ്രദേശ് പോലെയുള്ള കരബന്ധിതമേഖലയില്‍ വിമാനത്താവളം വളരെയേറെ ഉപയോഗപ്പെടുമെന്നും പറഞ്ഞു. അലിഗഢ്, മഥുര, മീററ്റ്, ആഗ്ര, ബിജ്നോര്‍, മൊറാദാബാദ്, ബറേലി തുടങ്ങിയ വ്യാവസായികകേന്ദ്രങ്ങളില്‍ ഈ ഹബ് സേവനമേകും. ഖുര്‍ജ കരകൗശലവിദഗ്ധര്‍, മീററ്റ് കായിക വ്യവസായം, സഹാറന്‍പുര്‍ ഫര്‍ണിച്ചര്‍, മൊറാദാബാദിലെ പിച്ചള വ്യവസായം, ആഗ്ര പാദരക്ഷ, പേഡ വ്യവസായം എന്നിവയ്ക്ക് വരാന്‍പോകുന്ന അടിസ്ഥാനസൗകര്യങ്ങളില്‍നിന്നു മികച്ച പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഗവണ്‍മെന്റുകള്‍ ഇല്ലായ്മയിലും ഇരുട്ടിലും തളച്ചിട്ട ഉത്തര്‍പ്രദേശ്, മുന്‍ഗവണ്‍മെന്റുകളാല്‍ കപടസ്വപ്നങ്ങള്‍ കാണപ്പെട്ട ഉത്തര്‍പ്രദേശ്, ദേശീയതലത്തില്‍ മാത്രമല്ല, അന്താരാഷ്ട്രതലത്തിലും സ്വന്തം മുദ്ര പതിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെയും കേന്ദ്രത്തിലെയും മുന്‍ ഗവണ്‍മെന്റുകള്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ വികസനം എങ്ങനെ അവഗണിച്ചുവെന്നു ജെവാര്‍ വിമാനത്താവളത്തെ ഉദാഹരണമാക്കി പ്രധാനമന്ത്രി വിവരിച്ചു. രണ്ടുപതിറ്റാണ്ടിനുമുമ്പ് ഉത്തര്‍പ്രദേശിലെ ബിജെപി ഗവണ്‍മെന്റാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍ പിന്നീട് ഈ വിമാനത്താവളം ഡല്‍ഹിയിലെയും ലക്‌നോവിലെയും മുന്‍ ഗവണ്‍മെന്റുകളുടെ കലഹത്തെത്തുടര്‍ന്നു വര്‍ഷങ്ങളോളം തടസ്സപ്പെട്ടു. നേരത്തെ ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന ഗവണ്‍മെന്റ് അന്നത്തെ കേന്ദ്രഗവണ്‍മെന്റിനു കത്തെഴുതുകയും ഈ വിമാനത്താവളപദ്ധതി മാറ്റിവയ്ക്കണമെന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശ്രമഫലമായി, ഇന്നു നാം കാണുന്നത് അതേ വിമാനത്താവളത്തിന്റെ ഭൂമിപൂജയാണ്.
''അടിസ്ഥാനസൗകര്യങ്ങള്‍ ഞങ്ങള്‍ക്കു രാഷ്ട്രീയത്തിന്റെ ഭാഗമല്ല, മറിച്ച് രാഷ്ട്രനീതിയുടെ (ദേശീയനയം) ഭാഗമാണ്. പദ്ധതികള്‍ സ്തംഭിക്കാതിരിക്കാനും അനിശ്ചിതത്വത്തിലാകാതിരിക്കാനും വഴിതെറ്റാതിരിക്കാനും ഞങ്ങള്‍ ശ്രദ്ധിക്കുന്നു. നിശ്ചിതസമയത്തിനുള്ളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു.''- പ്രധാനമന്ത്രി പറഞ്ഞു.
സ്വാര്‍ത്ഥതാല്‍പ്പര്യത്തിനാണു നമ്മുടെ രാജ്യത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നതെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ഇത്തരക്കാര്‍ ചിന്തിക്കുന്നതു സ്വാര്‍ത്ഥതാല്‍പ്പര്യത്തെക്കുറിച്ചാണ്; അവരുടെയും അവരുടെ കുടുംബത്തിന്റെയും വികസനത്തെക്കുറിച്ചുമാത്രമാണ്. ഞങ്ങള്‍ രാജ്യത്തിനാണു പ്രഥമപരിഗണനയേകുന്നത്. കൂട്ടായ പരിശ്രമം-എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം-കൂട്ടായ പ്രയത്‌നം എന്നതാണു നമ്മുടെ നിലപാട്''- പ്രധാനമന്ത്രി പറഞ്ഞു.
ഗവണ്‍മെന്റ് അടുത്തിടെ ആരംഭിച്ച സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. 100 കോടി വാക്സിന്‍ ഡോസ് എന്ന നാഴികക്കല്ല്, 2070-ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യം നേടുക, ഖുശിനഗര്‍ വിമാനത്താവളം, ഉത്തര്‍പ്രദേശിലെ 9 മെഡിക്കല്‍ കോളേജുകള്‍, മഹോബയിലെ പുതിയ അണക്കെട്ടും ജലസേചനപദ്ധതികളും, ഝാന്‍സിയിലെ പ്രതിരോധ ഇടനാഴിയും അനുബന്ധപദ്ധതികളും, പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ, ജന്‍ജാതീയ ഗൗരവദിനാഘോഷം, ഭോപ്പാലിലെ ആധുനിക റെയില്‍വേ സ്റ്റേഷന്‍, മഹാരാഷ്ട്രയിലെ പന്ധര്‍പുരിലെ ദേശീയപാത തുടങ്ങി ഇന്നു തറക്കല്ലിട്ട നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള കാര്യങ്ങളെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. ''ചില രാഷ്ട്രീയപാര്‍ട്ടികളുടെ സ്വാര്‍ത്ഥനയങ്ങള്‍ക്കു നമ്മുടെ രാജ്യസ്‌നേഹത്തിനും ദേശസേവനത്തിനും മുന്നില്‍ നിവര്‍ന്നുനില്‍ക്കാനാകില്ല'' എന്നും പ്രധാനമന്ത്രി പറഞ്ഞു.
****
(Release ID: 1775050)
Visitor Counter : 201
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada