പ്രധാനമന്ത്രിയുടെ ഓഫീസ്
ആഭ്യന്തര വാക്സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
ഇന്ത്യ 100 കോടി വാക്‌സിനേഷൻ നാഴികക്കല്ല് പിന്നിടുന്നതിന് കാരണമായ വാക്സിൻ നിർമ്മാതാക്കളുടെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു
കഴിഞ്ഞ ഒന്നര വർഷത്തിനിടെ പഠിച്ച മികച്ച സമ്പ്രദായങ്ങൾ രാജ്യം സ്ഥാപനവൽക്കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഉദ്ബോധിപ്പിച്ചു
വാക്‌സിൻ നിർമ്മാതാക്കൾ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെയും ചലനാത്മക നേതൃത്വത്തെയും പ്രശംസിച്ചു
ഗവണ്മെന്റും വ്യവസായവും തമ്മിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സഹകരണത്തെ അഭിനന്ദിച്ചു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക് കല്യാൺ മാർഗിൽ ആഭ്യന്തര വാക്സിൻ നിർമ്മാതാക്കളുമായി ആശയവിനിമയം നടത്തി.
Posted On:
23 OCT 2021 7:41PM by PIB Thiruvananthpuram
100 കോടി പ്രതിരോധ കുത്തിവയ്പ്പുകളുടെ നാഴികക്കല്ല് രാജ്യം മറികടക്കാൻ കാരണമായ വാക്സിൻ നിർമ്മാതാക്കളുടെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഇന്ത്യയുടെ വിജയ ചരിത്രത്തിൽ അവർ വലിയ പങ്ക് വഹിച്ചുവെന്നും പറഞ്ഞു. അവരുടെ ആത്മവിശ്വാസത്തെയും പകർച്ചവ്യാധിയുടെ സമയത്ത് അവരുടെ കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.
കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ പഠിച്ച മികച്ച സമ്പ്രദായങ്ങൾ രാജ്യം സ്ഥാപനവൽക്കരിക്കേണ്ടതുണ്ടെന്ന് ഉദ്‌ബോധിപ്പിച്ച പ്രധാനമന്ത്രി, ആഗോള നിലവാരത്തിന് അനുസൃതമായി നമ്മുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്താനുള്ള അവസരമാണിതെന്നും പറഞ്ഞു. വാക്‌സിനേഷൻ യജ്ഞത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ വാക്സിൻ നിർമ്മാതാക്കൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനുകൾ വികസിപ്പിക്കുന്നതിൽ തുടർച്ചയായ മാർഗനിർദേശവും പിന്തുണയും നൽകുന്നതിൽ പ്രധാനമന്ത്രിയുടെ വീക്ഷണത്തെയും ചലനാത്മക നേതൃത്വത്തെയും ആഭ്യന്തര വാക്‌സിൻ നിർമ്മാതാക്കൾ അഭിനന്ദിച്ചു. ഗവണ്മെന്റും വ്യവസായവും തമ്മിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സഹകരണത്തെ അവർ പ്രശംസിക്കുകയും, ഈ ഉദ്യമത്തിലുടനീളം നിയന്ത്രണ പരിഷ്കാരങ്ങൾ, ലളിതമായ നടപടിക്രമങ്ങൾ, സമയബന്ധിതമായ അംഗീകാരങ്ങൾ, മുന്നോട്ട് വന്ന് പിന്തുണയ്ക്കുന്നതുമായ സ്വഭാവം എന്നിവയെ പ്രശംസിക്കുകയും ചെയ്തു. രാജ്യം പഴയ മാനദണ്ഡങ്ങളാണ് പാലിച്ചിരുന്നെതെങ്കിൽ കാര്യമായ കാലതാമസം ഉണ്ടാകുമായിരുന്നെന്നും ഇതുവരെ നാം നേടിയ വാക്സിനേഷൻ അളവിൽ എത്താൻ കഴിയുമായിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ഗവണ്മെന്റ് കൊണ്ടുവന്ന നിയന്ത്രണ പരിഷ്കാരങ്ങളെ ശ്രീ അദാർ പൂനാവാല പ്രശംസിച്ചു. മഹാമാരിയുടെ കാലഘട്ടത്തിലുടനീളം പ്രധാനമന്ത്രിയുടെ നേതൃത്വത്തെ ശ്രീ. സൈറസ് പൂനാവാല പ്രശംസിച്ചു. കോവാക്‌സിൻ എടുത്തതിനും അതിന്റെ വികസന സമയത്ത് നൽകിയ തുടർച്ചയായ പിന്തുണക്കും പ്രചോദനത്തിനും ഡോ. കൃഷ്ണ എല്ല പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയിൽ ഡിഎൻഎ അധിഷ്ഠിത വാക്സിനിനെക്കുറിച്ച് സംസാരിച്ചതിന് പ്രധാനമന്ത്രിയോട് പങ്കജ് പട്ടേൽ നന്ദി പറഞ്ഞു. വാക്സിനേഷൻ നാഴികക്കല്ല് നേടാൻ രാജ്യത്തെ സഹായിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ ശ്രീമതി മഹിമ ദത്ല അഭിനന്ദിച്ചു. ഡോ. സഞ്ജയ് സിംഗ് വാക്‌സിൻ വികസന മേഖലയിലെ നവീകരണത്തിന്റെയും സംയോജനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഈ ശ്രമത്തിലുടനീളം ഗവണ്മെന്റും വ്യവസായവും തമ്മിലുള്ള സഹകരണത്തെ ശ്രീ. സതീഷ് റെഡ്ഡി അഭിനന്ദിച്ചു. പകർച്ചവ്യാധിയുടനീളം ഗവണ്മെന്റ് തുടർച്ചയായ ആശയവിനിമയത്തെ ഡോ. രാജേഷ് ജെയിൻ പ്രശംസിച്ചു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ശ്രീ സൈറസ് പൂനാവാല & ശ്രീ അഡാർ പൂനാവാല , ഡോ. കൃഷ്ണ എല്ല & മിസ്. സുചിത്ര എല്ല, ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ്; ശ്രീ. പങ്കജ് പട്ടേൽ & ഡോ. ഷെർവിൽ പട്ടേൽ, സൈഡസ് കാഡില; ശ്രീമതി മഹിമ ദാറ്റ്‌ല & മിസ്റ്റർ നരേന്ദർ മണ്ടേല, ബയോളജിക്കൽ ഇ. ലിമിറ്റഡ്; ഡോ. സഞ്ജയ് സിംഗ് & മിസ്റ്റർ സതീഷ് രാമൻലാൽ മേത്ത, ജെനോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്; ശ്രീ.സതീഷ് റെഡ്ഡി & ശ്രീ.ദീപക് സപ്ര, ഡോ. റെഡ്ഡീസ് ലാബ്, ഡോ. രാജേഷ് ജെയിൻ, ശ്രീ. ഹർഷിത് ജെയിൻ, പനേഷ്യ ബയോടെക് ലിമിറ്റഡ് എന്നിവർ ആശയവിനിമയത്തിൽ പങ്കെടുത്തു. കേന്ദ്ര ആരോഗ്യ മന്ത്രി , ആരോഗ്യ സഹ മന്ത്രി , രാസവസ്തു, വളം സഹ മന്ത്രി തുടങ്ങിയവരും ആശയവിനിമയത്തിൽ സന്നിഹിതരായിരുന്നു.
(Release ID: 1766028)
Visitor Counter : 216
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada