ഊര്‍ജ്ജ മന്ത്രാലയം

കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ വിനിയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി (അൺ അലോക്കേറ്റഡ് പവർ) സ്വന്തം ഉപഭോക്താക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് മാത്രം ഉപയോഗിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു

Posted On: 12 OCT 2021 11:09AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഒക്ടോബർ 12, 2021

ചില സംസ്ഥാനങ്ങൾ ഉപഭോക്താക്കൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാതെ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുന്ന കാര്യം കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങൾ പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വൈദ്യുതി വിതരണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച്, കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ (CGS) 15% വൈദ്യുതി "അൺ അലോക്കേറ്റഡ് പവർ " ആയി സൂക്ഷിക്കുന്നു. ഇത് ആവശ്യമുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാർ അനുവദിക്കും.

ഉപഭോക്താക്കൾക്ക് വൈദ്യുതിയെത്തിക്കാനുള്ള ഉത്തരവാദിത്തം വിതരണ കമ്പനികൾക്കാണ്. വിതരണ കമ്പനികൾ സ്വന്തം ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുകയും ചെയ്യരുത്.

ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി "അൺ അലോക്കേറ്റഡ് പവർ" ഉപയോഗിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അധിക വൈദ്യുതി ഉണ്ടെങ്കിൽ, ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് പുനർവിന്യസിക്കാൻ കഴിയുന്ന തരത്തിൽ കേന്ദ്ര സർക്കാരിന് വിവരം നൽകാനും സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഏതെങ്കിലും സംസ്ഥാനം തങ്ങളുടെ ഉപഭോക്താക്കൾക്ക് സേവനം നൽകാതെ ഉയർന്ന നിരക്കിൽ പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി വിൽക്കുന്നുവെന്ന് കണ്ടെത്തിയാൽ, അത്തരം സംസ്ഥാനങ്ങളുടെ "അൺ അലോക്കേറ്റഡ് പവർ" പിൻവലിക്കുകയും മറ്റ് ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് അനുവദിക്കുകയും ചെയ്യും.

 
 
RRTN/SKY
 


(Release ID: 1763278) Visitor Counter : 174